മോഹം കൊണ്ട് ഞാന്‍....

Posted on: 13 Feb 2015

ആണിനെ എങ്ങിനെ നോക്കണം

സിക്‌സ് പാക്കൊക്കെ സിനിമയില്‍. കൂള്‍ ഗൈസിനെയാണ് ഞങ്ങള്‍ക്കിഷ്ടം.'' േറഡിയോ ജോക്കി സ്വാതി. ''കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നവരെയാണ് ആണ്‍പിള്ളേര്‍ക്കും േവണ്ടത്. അയ്യോ, എനിക്ക് അമ്മയോടു ചോദിക്കണം എന്നു പറയുന്ന പെണ്‍കുട്ടിയോട് അവന് ആകര്‍ഷ
ണമൊന്നുമില്ല.''

കൂട്ടത്തില്‍ ശ്രദ്ധ കിട്ടാന്‍ പലതാണ് മാര്‍ഗ്ഗങ്ങള്‍. ഒരു ടോട്ടല്‍ കൂള്‍െനസ്സാണ് പ്രധാനം. ഹ്യുമര്‍െസന്‍സിനും മാര്‍ക്കറ്റുണ്ട്. വസ്ത്രധാരണത്തില്‍ പലരും 'കെയര്‍ഫുളി കെയര്‍ലെസ്'. അല്‍പം ജാഡയിട്ട് പെണ്‍പിള്ളേരെ വീഴ്ത്തുന്നവരുണ്ട്. ''പെണ്‍പിള്ളേര്‍ക്ക് ഈ ജാഡ അധികസമയം സൂക്ഷിക്കാന്‍ പറ്റുന്നില്ല. ഇഷ്ടമുള്ളവനോട് അവള്‍ അറിയാതെ ചോദിച്ചുപോവും. 'എന്താ എന്നെ മൈന്‍ഡ് ചെയ്യാത്തത്? '' സ്വാതിക്ക് സ്വവര്‍ഗ്ഗത്തെയോര്‍ത്ത് അല്‍പം നിരാശ. കണ്ണോ കാതോ കവിളോ ചുണ്ടോ കണ്ട മാത്രയില്‍ വീണുപോകുന്ന ആണും പെണ്ണും സ്വാതിയുടെ അറിവിലില്ല.

അപ്പോഴും കളിച്ചും ചിരിച്ചും നടക്കുന്ന കൂട്ടത്തില്‍ ഏതോ ഒരുവള്‍ മനസ്സില്‍ കയറിപ്പറ്റി. അവന്‍ അതറിഞ്ഞപ്പോള്‍ ആദ്യം തോന്നിയതെന്താണ്? ''സത്യം പറയാലോ, അതുവരെ സംസാരിച്ചതൊക്കെ എനിക്കിഷ്ടമുള്ള വിഷയംതെന്നയായിരുന്നു. എന്നാലും പിന്നെപിന്നെ അവള്‍ എെന്നപ്പറ്റി പറയുന്നതു കേള്‍ക്കാനായി ഇഷ്ടം.'' അതുകഴിഞ്ഞപ്പോ ഒന്നു തൊടാന്‍ തോന്നി. എന്നിട്ടും ജാടയിട്ടുനോക്കി, കൂളാവാന്‍ നോക്കി.. പറ്റുന്നില്ല'' ഇതു പറഞ്ഞ മിഥുന്‍ പുതിയ തലമുറതന്നെ. പക്ഷേ, കൈവിട്ടുപോയി. ഒന്നുറപ്പ്, ഏതു തലമുറയിലും ആണ്‍പെണ്‍ ചേര്‍ച്ചയിലെ ഇഴയടുപ്പങ്ങള്‍ ഇത്തിരി പൈങ്കിളിതന്നെ.

ചോക്‌ലേറ്റ് എന്ന സിനിമയിലെ ഒരു സീന്‍. മകളോട് പെണ്ണുകാണാന്‍ ചെറുക്കനെ അങ്ങോട്ടയക്കട്ടെ എന്നു േചാദിക്കുന്ന അച്ഛന്‍. അവളുടെ മറുപടി ഇതാ.'' കാണുന്നതില്‍ വിരോധമില്ല. പക്ഷേ, എന്റെ കണ്‍സപ്റ്റ് അറിയാമല്ലോ. മമ്മൂട്ടിയെയും േമാഹന്‍ലാലിനെയും പോലെയായില്ലെങ്കിലും അത്യാവശ്യം രണ്ടുപേരു വന്നാ ഇടിച്ചിടാന്‍ പറ്റണം. നാലെണ്ണമടിച്ചാലും നാക്കുകുഴയാതെ നഗരം നഗരം മഹാസാഗരം എന്ന പാട്ടുപാടാന്‍ പറ്റണം.''. എന്തു തോന്നുന്നു? മര്യാദരാമന്മാര്‍ക്ക് മാര്‍ക്കറ്റില്ലാതാവുകയാണോ?

'' ഹാരി പോര്‍ട്ടറും േചതന്‍ഭഗതും വായിച്ചു നടക്കുന്നവന്മാരെ എനിക്കിഷ്ടമല്ല. സെന്‍സിബിളും പൊളിറ്റിക്കലുമായവരേ എന്നെ ആകര്‍ഷിക്കുന്നുള്ളൂ.'' നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി പുതിയ കാലത്തെ ബുദ്ധിയുള്ള പെണ്‍കുട്ടികളുടെ പ്രതിനിധിയായി. ''കുറച്ചു വര്‍ഷം മുമ്പുവരെ മദ്യപിക്കുന്ന പെണ്‍കുട്ടികളെ ഒരാണും അംഗീകരിച്ചിരുന്നില്ല. ഇന്ന് പുതിയ തലമുറയ്ക്ക് അതിനാവുന്നുണ്ട്.'' തനിപെണ്ണത്തം വിട്ട് പെണ്ണും മുരടന്‍ ആണത്തം വിട്ട് ആണും പരസ്പരം നോക്കുന്നു.ശരീരമല്ല, മെറ്റന്തൊക്കെയോ അവരെ മോഹിപ്പിക്കുന്നുണ്ട്.
എന്തായിരിക്കാം മോഹിപ്പിക്കുന്നത്. അവസാനവാക്കില്ല അതിന്. മനസ്സിലേക്ക് നോക്കൂ, കാണാം.

കണ്ണില്‍ വീഴുന്നവന്‍

അടുപ്പമുള്ള ആണിനും പെണ്ണിനുമിടയ്ക്ക് എപ്പോഴുമുണ്ട് ആ ആകര്‍ഷണത്തിന്റെ കടല്‍. ചെറിയൊരു നോട്ടം മതി, അതില്‍ തീപടരും. എന്നാലും എന്താണ് മനസ്സിലേക്ക് തീേകാരി ഇടുന്നത്? ശരീരം? ''ചില അവയവങ്ങള്‍ക്ക് ഇത്തിരി മുഴുപ്പ് കൂടിയതിന്റെ പേരില്‍ മാത്രം അരാധകരെ കിട്ടുന്ന സ്ത്രീകളുണ്ട്. അവള്‍ വാ തുറന്നാല്‍ വിഡ്ഡിത്തം പറയുന്നവളായാലും ശരി.'' അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ലൈല പ്രതിഷേധിച്ചു. ആണ്‍മനസ്സില്‍ എപ്പോഴുമുണ്ട് അങ്ങനെയും ചില ആകര്‍ഷണങ്ങള്‍. അതു പ
ക്ഷേ മാറിടത്തോടു മാത്രമാണോ? കണ്ണിനോടുപോലുമില്ലേ?

കണ്ണില്‍ നോക്കുന്നവന്‍ അതില്‍ വീണുപോവണമെന്നാണ് പെണ്ണിന്റെ ആഗ്രഹം. ഇറ്റലിയിലെ കൊട്ടാരത്തിലെ സ്ത്രീകള്‍ വിഷത്തക്കാളിയില്‍നിന്നെടുത്ത നീര് കണ്ണിലൊഴിക്കുമായിരുന്നത്രേ. കൊല്ലാനല്ല. സ്‌േനഹിക്കാന്‍. കൃഷ്ണമണികള്‍ വികസിച്ച്, പ്രേമിക്കുന്നവനു മുന്നില്‍ അവള്‍ കൂടുതല്‍ ആകര്‍ഷണീയയാവാന്‍..

ഈജിപ്തുകാര്‍ക്ക് കണ്‍പോളകളില്‍ ചായം തേക്കുന്നത് നിര്‍ബന്ധമായിരുന്നു. ഓര്‍മ്മയില്ലേ ക്ലിയോപാട്രയെ? അവര്‍ രണ്ടു ചായം തേച്ചു. മുകളില്‍ കടുംനീല. താഴെ പച്ച. ഉരിയാടാന്‍പോലുമാവാതെ ആ കണ്ണിണകളില്‍ നോക്കിനിന്ന മാര്‍ക്ക് ആന്റണി യുദ്ധം പോലും മറന്നുപോയിട്ടുണ്ടാവും. ഗ്രീസിലെത്തുമ്പോള്‍ കഥ മാറി. കണ്ണുകള്‍ അതേ പടിയിട്ടു അവര്‍. ചായം തൊടാതെ. അവളുടെ പുരുഷന് അതായിരുന്നു ഇഷ്ടം. പക്ഷേ, റോമാക്കാര്‍, അവര്‍ മോഹിച്ചത് നിറമുളള കണ്ണുകള്‍. കണ്ണില്‍ ചായം തേക്കാത്ത സ്ത്രീ ഉപ്പില്ലാത്ത ഭക്ഷണം പോലെയാണെന്നുവരെ എഴുതിക്കളഞ്ഞു റോമന്‍ നടകകൃത്ത് പ്ല്യൂട്ടസ്.

''സ്വപ്‌നജീവികളായിരുന്നു ഞങ്ങളുടെ തലമുറ. മനസ്സിലുള്ളത് പറയാത്തവര്‍. പറയാതെ മനസ്സിലാക്കണമെന്നായിരുന്നു ശാഠ്യം.' സിനിമാ- നാടക പ്രവര്‍ത്തക സജിതാ മഠത്തില്‍ ഓര്‍മ്മയില്‍ എണ്‍പതുകളിലേക്കു പോയി. കലാലയകാലം. സമരങ്ങളുടെ കാലം. വിപ്ലവത്തിന്റെ കാലം. ''അന്നും ഇന്നും എഴുത്തുകാരും വേറിട്ടു ചിന്തിക്കുന്നവരുമൊക്കെയായിരുന്നു എന്റെ അട്രാക്്ഷന്‍.ആണിന്റെ ശരീരം േനാക്കുന്നത് തെറ്റായ കാര്യമല്ലെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്.''

രണ്ടു കാലങ്ങള്‍ക്കിടയില്‍ എന്തൊക്കെ മാറി? വേണുനാഗവളളി സ്‌െറ്റെലില്‍നിന്ന് മാറി നായകന്‍ സോമനും സുകുമാരനുമായി. മുഖത്ത് ചെറിയൊരു നിരാശയുള്ളവന്‍ കാമുകന്റെ കുപ്പായത്തില്‍ പാകം! പിന്നെചുവടുമാറ്റി മമ്മൂട്ടിയായി, േമാഹന്‍ലാലായി. ആകാരസൗഷ്ടവം, ആചാരമര്യാദ എല്ലാം ചേരുംപടി. പിന്നെയാണ് കാര്യങ്ങള്‍ ൈകവിട്ടുപോയത്. ദിലീപിന്റെ തമാശകളില്‍ വീണവര്‍തന്നെ ജോണ്‍ എബ്രഹാമിന്റെ സിക്‌സ് പാക്ക് തേടിപ്പോയി. പൃഥ്വിരാജിന്റെ പൗരുഷമോ ഫഹദ് ഫാസിലിന്റെ കൂള്‍നെസ്സോ... ഏതുവേണം; സംശയം ബാക്കിയായി.

ഇത്തിരി തടിയൊക്കെ വേണ്ടെ

എത്ര ആത്മീയമായി ആരാധിക്കുമ്പോഴും പുരുഷന്റേയും സ്ത്രീയുടേയും ഉള്ളിലുണ്ട് ലൈംഗികാകര്‍ഷണത്തിന്റെ വിത്തുകള്‍. അല്ലെങ്കില്‍ ശരീരത്തിന്റെ അളവുകള്‍ എന്തിനു കാര്യമാക്കണം? ആണുങ്ങള്‍ക്കാണെങ്കില്‍ നല്ല തണ്ടും തടിയും. പെണ്ണിനാണെങ്കില്‍ തണ്ടു വേണ്ട, തടി മാത്രം മതി. പഴയ കേരളത്തിന്റെ ആണ്‍പെണ്‍ ആകര്‍ഷണം ചുരുക്കിയെഴുതിയാല്‍ ഇങ്ങനെ. മസില്‍മാന്‍ ജയന്‍ മലയാളിപ്പെണ്‍കൊടി കളുടെ ഹീറോ ആയിരുന്ന കാലം. ജയഭാരതി, ശ്രീവിദ്യ, കെ ആര്‍ വിജയ..അന്നത്തെ ആണ്‍ താല്‍പര്യങ്ങള്‍ ഇങ്ങനെ. ശരീരത്തിലേക്കായിരുന്നു നോട്ടം എന്നാണോ അര്‍ത്ഥം?

''അങ്ങനെ ഉറപ്പിച്ചു പറയാന്‍ വയ്യ. ശരീരം നോക്കുന്നുണ്ട്, ശരിയാണ്. പക്ഷേ മുഖമാണ് പ്രധാനം. ചെറിയൊരു മീശ, വെളുത്ത നിറം, നല്ല തഴുകുന്ന ചിരി..ഇതിലൊക്കെയാ അന്നത്തെ പെണ്ണുങ്ങള്‍ വീണത്. ജയനേക്കാള്‍ മുന്നില്‍ പ്രേംനസീര്‍ എത്തിയത് വെറുതെയാണോ?'' അറുപതു പിന്നിട്ട ഗീത സുബ്രഹ്മണ്യം കണ്ണിറുക്കി ചിരിച്ചു. എസ് എന്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറാണ് ആള്‍. ഇപ്പോഴും സുന്ദരി. ''പക്ഷേ ചില ആണുങ്ങളുടെ േനാട്ടം കണ്ടാല്‍ അറിയാം അതു മുഖത്തേക്കല്ല വേറെ എവിടേക്കോ ആണെന്ന്.'' ഗീത ഗൗരവത്തിലായി.

അതില്‍ ഓരോ നാട്ടിലുമുണ്ട് വ്യത്യാസങ്ങള്‍. മലയാളിപുരുഷന് കൊഴുത്ത ശരീരമുള്ള പെണ്ണിനോട് ഇപ്പോഴുമുണ്ടല്ലോ ഒരിഷ്ടം. ഷക്കീലയുടെ സിനിമകള്‍ അവനെ ആകര്‍ഷിച്ചു വലച്ചിട്ടില്ലേ? എന്നാലും എല്ലാ നാട്ടിലും ഒരുപോലെയല്ല ഈ തടിയളവുകള്‍. ചീനന് മെലിഞ്ഞവളെയാണ് ഇഷ്ടം. ആഫ്രിക്കക്കാരന് മലര്‍ന്ന ചുണ്ടുള്ളവളെ. അമേരിക്കക്കാരന്‍ അരക്കെട്ട് ഒതുങ്ങിയവളെ േനാട്ടമിട്ടു. ചെറിയ സ്തനങ്ങള്‍ ചില യൂേറാപ്യന്‍ രാജ്യങ്ങളിലെ പുരുഷനെ ആകര്‍ഷിച്ചു. ഇവിടെയോ, തടി കുറച്ച്, അരക്കെട്ട് സീറോ സൈസാക്കി ബോളിവുഡിലെ സുന്ദരികള്‍. ഇപ്പോള്‍ പതുക്കെ മലയാളിപ്പെണ്‍കുട്ടികളും. മനസ്സിലേക്കു നോക്കുേമ്പാഴും ശരീരമാണല്ലോ വഴി.

''നോട്ടം ശരീരത്തിലേക്കുതന്നെ. പക്ഷേ, അത് ആകര്‍ഷണംകൊണ്ടല്ല. മലയാളിയുടെ അടക്കിവെച്ച ൈലംഗിക തൃഷ്ണകൊണ്ടാണ്. ദാരിദ്ര്യമുള്ളവന്‍ ഭക്ഷണത്തോടു കാണിക്കുന്ന ഒരാര്‍ത്തി. ഇപ്പോഴാണ് ആ ദാരിദ്ര്യം മാറിത്തുടങ്ങിയത്. അതോടെ മെലിഞ്ഞവരും സുന്ദരികളായി.''നടന്‍ ജോയ് മാത്യു പറഞ്ഞുതുടങ്ങി. ഇടയ്ക്ക് സ്വതസിദ്ധമായ ഫലിതം. കുടുംബകലഹമുണ്ടാക്കരുത് എന്ന് മുന്നറിയിപ്പ്. ''എല്ലാവരും സുന്ദരി എന്നു പറയുന്ന ആരോടും എനിക്ക് ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ ഇന്റലക്ച്വല്‍ ആയ പെണ്ണിനോട് ചിലപ്പോള്‍ പ്രേമംവെര തോന്നും. രൂപത്തിലല്ല കാര്യം. പെരുമാറ്റത്തിലാണ്. പിന്നെ, കിടപ്പറയില്‍ ലൈറ്റണച്ചാല്‍ ഐശ്വര്യാ റായിയായാലെന്ത്, വിരൂപറാണിയായാലെന്ത്? ''

പ്രകാശമുള്ള സമയമാണല്ലോ ജീവിതത്തില്‍ കൂടുതലും. അതുെകാണ്ടാവാം ശരീരത്തിന്റെ കുഞ്ഞുകിലുക്കങ്ങള്‍പോലും മറ്റൊരാളുടെ കണ്ണില്‍ വീഴുന്നത്. അതില്‍ അവളുടെ മനസ്സുടക്കുന്നത്. ആത്മാവ് ശരീരത്തില്‍ ചിതറിവീഴുന്ന നിമിഷങ്ങള്‍. ആകര്‍ഷണം രതിവരെ നീളുന്ന അപൂര്‍വരാഗങ്ങള്‍. അല്ലെങ്കിലും ആത്മാവും ശരീരവും അന്യരാവുന്നതെങ്ങനെ? ആരവങ്ങള്‍ രണ്ടിലും ഒരുപോലെ. ''അയാളുടെ പിന്‍കഴുത്ത് കാണുമ്പോഴെല്ലാം എനിക്ക് ഉമ്മ വെക്കാന്‍ തോന്നുമായിരുന്നു. അടുത്തടുത്തിരിക്കുമ്പോള്‍ അങ്ങനെ െചയ്തുപോവുമോ എന്നായിരുന്നുപേടി. മാറാത്ത ആ ഇഷ്ടത്തിന്റെ പേരില്‍ ഞാന്‍ അയാളോടൊപ്പമായിരിക്കാന്‍ ആഗ്രഹിച്ചു, എപ്പോഴും '' എഴുത്തുകാരിയായ രാധിക ജീവിതത്തിലെ എക്കാലത്തേയും ആകര്‍ഷണത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ.

തീരാത്ത രഹസ്യങ്ങള്‍

തീരുന്നില്ല, പക്ഷേ മാറുന്നുണ്ട് ആകര്‍ഷണത്തിന്റെ രഹസ്യങ്ങള്‍. ഒരിക്കല്‍ നിങ്ങള്‍ കണ്ടുമോഹിച്ചതെന്താണ?് ഓര്‍മ്മയിലുണ്ടോ അത്? ''വൃത്തിയും അഴകുമുള്ള കാല്‍വിരലുകള്‍. ഞാന്‍ നോക്കിനിന്നിട്ടുണ്ട് പലപ്പോഴും.'' എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം മനസ്സില്‍തൊട്ടു പറഞ്ഞു. ''എല്ലാം തികഞ്ഞ കാല്‍വിരലുകള്‍ എന്നല്ല ഉദ്ദേശിച്ചത്. ഉള്ളത് വൃത്തിയായി, ഭംഗിയായിരിക്കണം. എന്നാല്‍ അമിതാലങ്കാരങ്ങള്‍ വേണ്ട. കാല്‍വിരലുകളില്‍ ഒരാളുടെ സ്വഭാവമറിയാം''

ആകര്‍ഷണം കാല്‍വിരലിനോടാണ്. പക്ഷേ പ്രേമിച്ചതെങ്ങനെയാണ്? 'നീ എന്നെ പ്രേമിച്ചില്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ലെടാ' എന്ന് അവള്‍ പറഞ്ഞ ആ നിമിഷം എനിക്ക് പ്രേമം തോന്നി. അതുവരെ ഞാന്‍ അവളെ േപ്രമിച്ചിരുന്നില്ല. നല്ല തന്റേടം, സ്വന്തമായി അഭിപ്രായം..ഇതൊക്കെ വേണം പെണ്ണിന്. ഒപ്പം നല്ല ഹ്യൂമര്‍െസന്‍സും. എന്നാലും ആദ്യം കാണുമ്പോള്‍ ബാഹ്യസൗന്ദര്യംതന്നെയാണ് ശ്രദ്ധിക്കുന്നത്. ചരമ കോളത്തിലായാല്‍പ്പോലും സുന്ദരിയായ സ്ത്രീ മരിച്ചതിലായിരിക്കും എനിക്ക് സങ്കടം!''

സൗന്ദര്യം, അതിലാണ് കാര്യം. പക്ഷേ എന്താണ് സൗന്ദര്യം? അത് ഓരോ മനുഷ്യനും ഓരോന്ന്. പല നാട്ടില്‍ പലത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം. ശരിതന്നെ. എന്നാല്‍ ചില കണ്ണുകള്‍ക്കുമുന്നില്‍, ഒരു ചിരിക്കുമുന്നില്‍, എന്തിന് നീണ്ടുവിടര്‍ന്നൊരു നാസികയില്‍നിന്നുപോലും കെണ്ണടുക്കാനാവാതെ നിന്നുപോവാറുണ്ടല്ലോ! അപ്പോള്‍ എന്താണ് ഈ ആകര്‍ഷണം? അത് ആണിന് പെണ്ണിനോടോ, പെണ്ണിന് ആണിനോടോ?
ഒറ്റശ്വാസത്തില്‍ പറയാം. ആണിന് പെണ്ണിനോടുതന്നെ. അല്ലെങ്കില്‍ എന്തിനാണ് അവന്‍ കണ്ണുകളില്‍ ആരാധനപൂത്ത് ചുറ്റിത്തിരിയുന്നത്? അടിമുടി നോക്കുന്നത്? കാല്‍പാദങ്ങളാണ് ചിലര്‍ക്കിഷ്ടം. കാല്‍വണ്ണകള്‍ കണ്ടുകൊതിച്ചവരുണ്ട്. അടിവയറിലും മാറിടത്തിലും അധരങ്ങളിലും എന്തിന് അളകങ്ങളില്‍വരെ അവളെ കാണുന്നവന്‍. അവനറിയുമോ ആരാണ് സ്ത്രീ എന്ന്?

''സത്യത്തില്‍ പുരുഷന്‍ വെറും മോഹി മാത്രമാണ്. സ്ത്രീയാണ് സെലക്ഷന്‍ നടത്തുന്നത്.'' യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥി ശിഖ ഒന്നും മറച്ചുവെക്കാതെ പറഞ്ഞു. ''സ്വന്തം നിലനില്‍പ്, കുഞ്ഞുങ്ങളുടെ ഭാവി, അതിനു പറ്റിയ ആള്‍. അതാണ് പലപ്പോഴും അവളുടെ നോട്ടം. സ്വഭാവം േനാക്കിയാണെന്നൊക്കെ പറയാം. അതളക്കാന്‍ പ്രത്യേക വഴിയൊന്നുമില്ലല്ലോ. ചുമ്മാ പറയാം അത്രതന്നെ!''

കുടവയര്‍, കഷണ്ടി, െവടിക്കല ഇതു മൂന്നുമായിരുന്നത്രേ പണ്ട് പുരുഷന്റെ യോഗ്യത. വെറുതേയിരുന്ന് ഉണ്ണാനുള്ള വക സൂചിപ്പിക്കുന്ന കുടവയര്‍, അലസജീവിതത്തിന്റെ കഷണ്ടി, നായാട്ടിന്റെ പാടായി വെടിക്കല. മതി, ഇത്രയും മതി എന്നു സ്ത്രീ കരുതിയത്രേ. അങ്ങനെയെങ്കില്‍ അവള്‍ അഞ്ജനകണ്ണെഴുതി, ആലിലതാലി ചാര്‍ത്തി കാത്തിരുന്നതെന്തിന്? എന്തിനാണ് ഇത്രയും അണിഞ്ഞൊരുങ്ങുന്നത്? ആണിനുകാണാനല്ലെങ്കില്‍! ഈ അണിഞ്ഞൊരുങ്ങലിന് ആദിയും അന്തവുമില്ലതാനും. എന്താണ് അവന് ഇഷ്ടമാകുന്നതെന്ന് പറയാനാവില്ലല്ലോ..

മുടി മാത്രമെടുക്കാം. സ്വന്തം മുടി പോരാഞ്ഞ് ഭംഗിയുള്ള കൃത്രിമത്തലമുടികള്‍ അണിയുന്നവരുണ്ട്. അയ്യായിരം വര്‍ഷം മുേന്നതന്നെ. ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ആദ്യം തലമൊട്ടയടിച്ചു, പിന്നെ മുടി അണിഞ്ഞു. േറാമാക്കാര്‍ മൊട്ടയടിക്കാതെത്തന്നെ മുടിവെച്ചു. 18-ാം നൂറ്റാണ്ടില്‍ വേറൊരു ഫാഷന്‍ വന്നു. കൃത്രിമ തലമുടിവെച്ച് മുടിക്ക് ഉയരം കൂട്ടല്‍. ഈ സ്ത്രീകള്‍ വാതിലില്‍ തടഞ്ഞുപോയി. മുടിക്ക് വാതിലിനേക്കാള്‍ ഉയരം. ഒടുക്കം വാതിലുകളുടെ ഉയരം കൂട്ടി! ആണിനെ മോഹിപ്പിക്കാന്‍ അത്രയും േവണമായിരുന്നോ?

മുടി അത്രമേല്‍ മോഹിപ്പിക്കുമോ? എന്താണു സംശയം. പുരുഷന്‍ മോഹിതനാവാതിരിക്കാനാണല്ലോ പല മതങ്ങളും സ്ത്രീയുടെ മുടി മൂടിവെച്ചത്. എന്നിട്ടും വാതില്‍വിടവിലൂെട കണ്ട അവളുടെ മുടിത്തുമ്പിനെപ്പോലും അവന്‍ സ്‌നേഹിച്ചു, ആരാധിച്ചു.. അവന്‍ മുടിയില്‍ വിരലോടിക്കുേമ്പാഴെല്ലാം അത് അവസാനിക്കരുതേ എന്നവള്‍ പ്രാര്‍ത്ഥിച്ചു..

പ്രേമിച്ചത് ആനിയെയല്ല, ആ കാലുകളെ...

ഹോട്ടല്‍ ഡൈനിങ് ഹാളിലിരിക്കുമ്പോള്‍ ഹാഫ് ഡോറിനടിയില്‍ മിന്നിമറയുന്ന രണ്ടു കാലുകള്‍ കണ്ടു. ആ കാലുകളോളം സുന്ദരമാണ് ബാക്കി ശരീരമെങ്കില്‍ കടന്നുപോയ പെണ്ണ് ഒരു ബ്യൂട്ടിക്വീന്‍ ആയിരിക്കുമെന്ന് തോന്നി. വേഗം ഫിംഗര്‍ ബോളില്‍ കൈമുക്കി ,നാപ്കിനില്‍ കൈതുടച്ചു. ഹാഫ് ഡോര്‍ തള്ളിത്തുറന്നു പുറത്തു കടന്നു. ആരുമില്ല.

ഹോട്ടലുടമ മാര്‍ഗരറ്റ് ചിരിച്ചുകൊണ്ടു മുന്നില്‍നില്‍ക്കുന്നു. ജെയിംസ് അവരുടെ മുന്നിലെത്തി. ''എന്തിനാണ് ആഹാരം കഴിക്കാതെ പുറത്തു ചാടിയത്?''''ഐ േസാ എ ലവ്‌ലി പെയര്‍ ഓഫ് ലെഗ്‌സ്. ആരാണാ കുട്ടി?''
''ആനി. ആനി ഡിസൂസ''
''ഓഹോ''
''ജെയിംസ് ആനിയെ പ്രേമിച്ചെന്നു തോന്നുന്നല്ലോ''
''ആനിയെയല്ല, ആ കാലുകളെ''
(യന്ത്രം- മലയാറ്റൂര്‍)

സംശയിക്കാം, ആരെങ്കിലും പ്രേമിക്കുമോ രണ്ടു കാലുകളെ മാത്രമായി? സംശയിക്കേണ്ട, അങ്ങനെയൊക്കെയുണ്ട് ആണിനും പെണ്ണിനുമിടയില്‍. ആദ്യെത്ത മനുഷ്യന്‍തൊട്ടിങ്ങോട്ട് തുടങ്ങിയതാണ് ആകര്‍ഷണത്തിന്റെ ഈ രസതന്ത്രം. ഒരു േനാക്ക്, ഒരു വാക്ക്, ചിരി, എന്തിന് കനത്തു തഴച്ചൊരു മേല്‍മീശയില്‍പ്പോലും വീണുപോയേക്കാം മനസ്സ്. എന്നാലും എന്താണിങ്ങനെ?

എന്തോ ഒന്നുണ്ട്. അല്ലെങ്കില്‍ എന്തിനാണിങ്ങനെ പരസ്പരം കൊതിക്കുന്നത്? ആണും പെണ്ണും ആകര്‍ഷിക്കപ്പെടുന്നതിന്റെ രഹസ്യങ്ങള്‍ അജ്ഞാതം. കാറ്റ്, ഏതോ കരയിലേക്ക് കയറുപൊട്ടിച്ചതുപോലെ പാഞ്ഞു പോകുന്നതിന്റെ രഹസ്യം ആര്‍ക്കറിയാം! കാലമെത്ര കഴിഞ്ഞാലും സ്ത്രീ പുരുഷാകര്‍ഷണം തീരുന്നേയില്ലല്ലോ..

രജി ആര്‍ നായര്‍



love

 

ga
Valentines Ecards