വായിക്കുന്നവളെ കണ്ടു സന്തോഷിക്കുന്നവരായി രണ്ടു കൂട്ടരേയുള്ളൂ ലോകത്തില്‍ - നല്ല അധ്യാപകരും പിന്നെ അമ്മമാരും. ഭര്‍ത്താക്കന്മാരും അമ്മായിയമ്മമാരും വീട്ടുവേലക്കാരും എന്തിന് മക്കള്‍ പോലും വായിക്കുന്ന പെണ്ണില്‍ പൊതുവെ കുറ്റബോധമേ ഉളവാക്കാറുള്ളൂ.

ബുദ്ധിയുള്ള സ്ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന് മലയാള സാഹിത്യം ഏറെയൊന്നും അന്വേഷിച്ചിട്ടില്ല. കെ. സുരേന്ദ്രന്റെ 'മരണം ദുര്‍ബലം' അതിനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമമായിരുന്നു. രാജലക്ഷ്മിയുടെ പല രചനകളിലും ബുദ്ധിയുള്ളവളുടെ പ്രണയജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ കാണാം. എന്നാല്‍ രാജലക്ഷ്മിയെ മലയാളി ഇനിയും ശരിക്ക് വായിച്ചെടുത്തിട്ടില്ല എന്നതാണ് സത്യം. ബുദ്ധിയുള്ള ഒരു സ്ത്രീയുമായി അര്‍ത്ഥവത്തായി സംവദിക്കാനുള്ള തന്റെ ഇനിയും നടക്കാത്ത മോഹത്തെപ്പറ്റിയുള്ള എം. മുകുന്ദന്റെ വെളിപ്പെടുത്തലില്‍ പുരുഷനായ മലയാളി കഥാകൃത്തിന്റെ, ഒരേറ്റുപറച്ചില്‍ കാണാന്‍ കഴിയും. അയാളുടെ ജീവിതത്തില്‍ മാത്രമല്ല, കലയിലും അതേറെയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. പുരുഷന്റെ അപാരമായ ലൈംഗികതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ ഒന്നിലധികം സ്ത്രീകള്‍ കൂടിയേ തീരൂ എന്നും സ്ത്രീക്കു പക്ഷേ, ഒരു പുരുഷന്‍ തന്നെ ധാരാളം മതിയാവുമെന്നുമൊക്കെ അളന്നുമുറിച്ച അജ്ഞതകള്‍ അനര്‍ഗളം പ്രവഹിക്കുന്നതും നമ്മുടെ സാഹിത്യകാരന്മാരില്‍ നിന്നുതന്നെയാണല്ലോ.
ലൈംഗികതയുടെ വിപരീതധ്രുവത്തിലാണ് സ്ത്രീയുടെ ബുദ്ധിപരമായ ചോദനകളെ, തന്റെ നോവലുകളില്‍ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വിസ്തരിച്ച് കൈകാര്യം ചെയ്തിട്ടുള്ള, ഡി.എച്ച്. ലോറന്‍സ് പോലും പ്രതിഷ്ഠിച്ചത്. 'ബ്ലൂസ്റ്റോക്കിംഗ്' (Blue Stocking) എന്ന പരിഹാസപ്പേരുമുണ്ടായിരുന്നു സ്ത്രീ ബുദ്ധിജീവിക്ക്. പത്തൊമ്പതാം നൂറ്റാണ്ടിലെ ശരീര ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിരുന്നത് അത്തരം സ്ത്രീകളുടെ ഊര്‍ജമത്രയും ചിന്തയ്ക്കുവേണ്ടി ചെലവഴിക്കപ്പെടുന്നതിനാല്‍ അവരുടെ ഗര്‍ഭപാത്രം ചുരുങ്ങിപ്പോകും എന്നാണ്. പുരുഷന്റെ ബുദ്ധി പുളിയിട്ടു തേച്ച ഓട്ടുവിളക്കുപോല്‍ അവനെ തിളക്കുമ്പോള്‍, സ്ത്രീയുടെ ബുദ്ധി കരിമംഗലം പോലെ അവളുടെ ശോഭയ്ക്ക് മങ്ങലുണ്ടാക്കുമെന്ന് കരുതപ്പെട്ടു. അതുകൊണ്ടാണ് ആദ്യകാല സ്ത്രീവാദചിന്തകയായ മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റിനെ (Mary Wollstonecraft) 'പെറ്റിക്കോട്ടിട്ട കഴുതപ്പുലി' എന്ന് അക്കാലത്തെ 'പുരുഷസിംഹങ്ങള്‍' ആക്ഷേപിച്ചത്.
സ്ത്രീകള്‍ ജനപ്രിയ വാരികത്താളുകളിലെ നീണ്ടുപോവുന്ന തൊലിപ്പുറ പ്രണയകഥകളും ശുഷ്‌കതയില്‍ അവയെ അതിശയിക്കുന്ന ടി.വി. സീരിയലുകളും മദ്ധ്യവര്‍ഗമനസ്സുകളില്‍ ഉപഭോഗാസക്തിയുടേയും അതുവഴി അഴിമതിയുടേയും കറുത്ത വിത്തുകള്‍ വിതയ്ക്കുന്ന വനിതാമാസികകളും നോവലുകളും മാത്രം വായിച്ചാല്‍ മതിയാവും എന്നും അതിനുമപ്പുറമുള്ള അവളുടെ ഏതു വായനയും സ്ത്രീപുരുഷ ബന്ധങ്ങളെ അനാവശ്യമായി സങ്കീര്‍ണമാക്കും എന്നുമൊക്കെയാണ് പൊതുവെയുള്ള ധാരണ. വികലവും സ്ത്രീവിരുദ്ധവുമാണ് ഈ പൊയ്ധാരണ.
ഭരിക്കപ്പെടുന്നവരുടെ അറിവ് ആപല്‍ക്കരമാണ്. അവരുടെ സ്വയംതിരിച്ചറിവ് പ്രത്യേകിച്ചും എന്ന് അധികാരമോഹികളായ എല്ലാ ഭരണവര്‍ഗവും വിശ്വസിക്കുന്നു. അധികാരം കൈയാളുന്ന പുരുഷനും അതില്‍പ്പെടും. അതാണ് അറിവുള്ള സ്ത്രീയെ അയാള്‍ ഭയപ്പെടുന്നത്. ഒരു തരത്തില്‍, അയാളും ദയ അര്‍ഹിക്കുന്നുണ്ട്. മനുഷ്യലോകത്തിന്റെ മറുപകുതിയുമായി കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി ഇടപെടാന്‍ അയാളെ പഠിപ്പിക്കാത്തത് സമൂഹത്തിന്റെ ഈ പൊതുബോധം തന്നെയാണ്. അയാളും, സ്ത്രീയോളമില്ലെങ്കിലും, പുരുഷാധിപത്യസംസ്‌കാരത്തിന്റെ ഒരു വികൃതനിര്‍മിതി തന്നെയാണ് എന്നതത്രെ കൗതുകകരമായ സംഗതി. സ്ത്രീ സ്ത്രീയായിക്കൊണ്ടുതന്നെ വായിക്കാത്തിടത്തോളം കാലം അവള്‍ ശരീരംകൊണ്ടുമാത്രം സ്ത്രീയും മനസ്സുകൊണ്ട് പുരുഷാധിപത്യമൂല്യങ്ങള്‍ അതേപടി സ്വാംശീകരിച്ചവളും ആയിരിക്കും എന്ന് അമേരിക്കന്‍ സ്ത്രീവാദ വിമര്‍ശകയായ ജൂഡിത്ത് ഫെറ്റേര്‍ലി (Judith Fetterley) തന്റെ The Resisting Reader (ചെറുക്കുന്ന വായനക്കാരി) എന്ന പ്രശസ്തമായ കൃതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് അവളെ ദ്വന്ദ്വവ്യക്തിത്വത്തിലേക്കും അതുവഴി മനോരോഗത്തിലേക്കും നയിക്കുമെന്നും. പ്രായമാകുംതോറും സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദരോഗപ്രവണതയ്ക്കും ചപലഭാവങ്ങള്‍ക്കും ക്രൗര്യങ്ങള്‍ക്കുമൊക്കെ പിന്നില്‍ അവളെ ഗൗനിക്കാത്ത ഒരു സംസ്‌കാരം സമ്മാനിക്കുന്ന ഈ വലുതായ അശാന്തിയുണ്ട്!.
ഇവിടെയാണ് ഒരു സ്ത്രീപഷവായനയുടെ പ്രസക്തി. സ്വയം ശാക്തീകരിക്കാന്‍ സ്ത്രീ ഈയൊരു ദൗത്യം ഏറ്റെടുത്തേ പറ്റൂ. രാമായണവും ശാകുന്തളവും ചെമ്മീനും മറ്റും ഇരയെ നശിപ്പിച്ച് വേട്ടക്കാരനെ കൊണ്ടാടുന്ന കൃതികളും കൂടിയാണെന്ന (മറ്റുതരത്തില്‍ അവയ്ക്ക് മഹത്ത്വമില്ലെന്നല്ല) തിരിച്ചറിവ് ഓരോ പെണ്ണിരയ്ക്കുമുണ്ടാവണം. തന്നില്‍നിന്നൊളിച്ചോടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കള്ളവായനയെവിട്ട് തന്നിലെ തന്നെ തിരിനീട്ടി തെളിയിക്കുന്ന, സാധൂകരിക്കുന്ന ധീരവും സത്യസന്ധവുമായ വായനാരീതികളിലേക്ക് അവള്‍ എത്തിച്ചേരണം. കൃതികളിലെ, പലപ്പോഴും ഗൂഢമായ, പുരുഷാധിപത്യ തന്ത്രങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും അവള്‍ പ്രാപ്തി നേടണം. സ്ത്രീ രചനകളിലെ, പുരുഷന്‍ അപ്രിയമെന്നു തിരസ്‌കരിക്കുന്ന പൊള്ളുന്ന സത്യങ്ങളോട് ഹൃദയപൂര്‍വം സംഘംചേരാനും അവള്‍ക്കു കഴിയണം.
അപ്പോള്‍ കൂട്ടിലെ പെണ്‍കിളി ആകാശത്തെ അറിയും. ആ ഉയരങ്ങളില്‍ തന്നോടൊപ്പം പറന്നെത്തുന്നവനുമായി മാത്രം ഒത്തു പറക്കും. അവളില്‍ അപ്പോള്‍ ഉണര്‍ന്നുവരുന്ന ജീവിതത്തിന്റെ പാട്ടിന് ലോകം എത്രയോ കാലമായി കാതോര്‍ത്തിരിക്കുന്ന ഒരു അപൂര്‍വതാളമുണ്ടാവും. പുതിയ സ്ത്രീയും പുതിയ പുരുഷനും ചേര്‍ന്ന് നമ്മുടെ പ്രണയസങ്കല്പങ്ങളെ, സൗഹൃദ സങ്കല്പങ്ങളെ അടിമുടി മാറ്റിയെഴുതും. ചങ്ങലമുറുക്കുന്ന വായനയും ചിറകുനല്‍കുന്ന വായനയുമുണ്ട് എന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിയുന്നിടത്താണ് ഈ മാറ്റം തുടങ്ങുക.