
തീരുന്നില്ല, പക്ഷേ മാറുന്നുണ്ട് ആകര്‍ഷണത്തിന്റെ രഹസ്യങ്ങള്‍. ഒരിക്കല്‍ നിങ്ങള്‍ കണ്ടുമോഹിച്ചതെന്താണ?് ഓര്‍മ്മയിലുണ്ടോ അത്? ''വൃത്തിയും അഴകുമുള്ള കാല്‍വിരലുകള്‍. ഞാന്‍ നോക്കിനിന്നിട്ടുണ്ട് പലപ്പോഴും.'' എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം മനസ്സില്‍തൊട്ടു പറഞ്ഞു. ''എല്ലാം തികഞ്ഞ കാല്‍വിരലുകള്‍ എന്നല്ല ഉദ്ദേശിച്ചത്. ഉള്ളത് വൃത്തിയായി, ഭംഗിയായിരിക്കണം. എന്നാല്‍ അമിതാലങ്കാരങ്ങള്‍ വേണ്ട. കാല്‍വിരലുകളില്‍ ഒരാളുടെ സ്വഭാവമറിയാം''
ആകര്‍ഷണം കാല്‍വിരലിനോടാണ്. പക്ഷേ പ്രേമിച്ചതെങ്ങനെയാണ്? 'നീ എന്നെ പ്രേമിച്ചില്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ലെടാ' എന്ന് അവള്‍ പറഞ്ഞ ആ നിമിഷം എനിക്ക് പ്രേമം തോന്നി. അതുവരെ ഞാന്‍ അവളെ േപ്രമിച്ചിരുന്നില്ല. നല്ല തന്റേടം, സ്വന്തമായി അഭിപ്രായം..ഇതൊക്കെ വേണം പെണ്ണിന്. ഒപ്പം നല്ല ഹ്യൂമര്‍െസന്‍സും. എന്നാലും ആദ്യം കാണുമ്പോള്‍ ബാഹ്യസൗന്ദര്യംതന്നെയാണ് ശ്രദ്ധിക്കുന്നത്. ചരമ കോളത്തിലായാല്‍പ്പോലും സുന്ദരിയായ സ്ത്രീ മരിച്ചതിലായിരിക്കും എനിക്ക് സങ്കടം!''
സൗന്ദര്യം, അതിലാണ് കാര്യം. പക്ഷേ എന്താണ് സൗന്ദര്യം? അത് ഓരോ മനുഷ്യനും ഓരോന്ന്. പല നാട്ടില്‍ പലത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം. ശരിതന്നെ. എന്നാല്‍ ചില കണ്ണുകള്‍ക്കുമുന്നില്‍, ഒരു ചിരിക്കുമുന്നില്‍, എന്തിന് നീണ്ടുവിടര്‍ന്നൊരു നാസികയില്‍നിന്നുപോലും കെണ്ണടുക്കാനാവാതെ നിന്നുപോവാറുണ്ടല്ലോ! അപ്പോള്‍ എന്താണ് ഈ ആകര്‍ഷണം? അത് ആണിന് പെണ്ണിനോടോ, പെണ്ണിന് ആണിനോടോ?
ഒറ്റശ്വാസത്തില്‍ പറയാം. ആണിന് പെണ്ണിനോടുതന്നെ. അല്ലെങ്കില്‍ എന്തിനാണ് അവന്‍ കണ്ണുകളില്‍ ആരാധനപൂത്ത് ചുറ്റിത്തിരിയുന്നത്? അടിമുടി നോക്കുന്നത്? കാല്‍പാദങ്ങളാണ് ചിലര്‍ക്കിഷ്ടം. കാല്‍വണ്ണകള്‍ കണ്ടുകൊതിച്ചവരുണ്ട്. അടിവയറിലും മാറിടത്തിലും അധരങ്ങളിലും എന്തിന് അളകങ്ങളില്‍വരെ അവളെ കാണുന്നവന്‍. അവനറിയുമോ ആരാണ് സ്ത്രീ എന്ന്?
''സത്യത്തില്‍ പുരുഷന്‍ വെറും മോഹി മാത്രമാണ്. സ്ത്രീയാണ് സെലക്ഷന്‍ നടത്തുന്നത്.'' യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥി ശിഖ ഒന്നും മറച്ചുവെക്കാതെ പറഞ്ഞു. ''സ്വന്തം നിലനില്‍പ്, കുഞ്ഞുങ്ങളുടെ ഭാവി, അതിനു പറ്റിയ ആള്‍. അതാണ് പലപ്പോഴും അവളുടെ നോട്ടം. സ്വഭാവം േനാക്കിയാണെന്നൊക്കെ പറയാം. അതളക്കാന്‍ പ്രത്യേക വഴിയൊന്നുമില്ലല്ലോ. ചുമ്മാ പറയാം അത്രതന്നെ!''
കുടവയര്‍, കഷണ്ടി, െവടിക്കല ഇതു മൂന്നുമായിരുന്നത്രേ പണ്ട് പുരുഷന്റെ യോഗ്യത. വെറുതേയിരുന്ന് ഉണ്ണാനുള്ള വക സൂചിപ്പിക്കുന്ന കുടവയര്‍, അലസജീവിതത്തിന്റെ കഷണ്ടി, നായാട്ടിന്റെ പാടായി വെടിക്കല. മതി, ഇത്രയും മതി എന്നു സ്ത്രീ കരുതിയത്രേ. അങ്ങനെയെങ്കില്‍ അവള്‍ അഞ്ജനകണ്ണെഴുതി, ആലിലതാലി ചാര്‍ത്തി കാത്തിരുന്നതെന്തിന്? എന്തിനാണ് ഇത്രയും അണിഞ്ഞൊരുങ്ങുന്നത്? ആണിനുകാണാനല്ലെങ്കില്‍! ഈ അണിഞ്ഞൊരുങ്ങലിന് ആദിയും അന്തവുമില്ലതാനും. എന്താണ് അവന് ഇഷ്ടമാകുന്നതെന്ന് പറയാനാവില്ലല്ലോ..
മുടി മാത്രമെടുക്കാം. സ്വന്തം മുടി പോരാഞ്ഞ് ഭംഗിയുള്ള കൃത്രിമത്തലമുടികള്‍ അണിയുന്നവരുണ്ട്. അയ്യായിരം വര്‍ഷം മുേന്നതന്നെ. ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ആദ്യം തലമൊട്ടയടിച്ചു, പിന്നെ മുടി അണിഞ്ഞു. േറാമാക്കാര്‍ മൊട്ടയടിക്കാതെത്തന്നെ മുടിവെച്ചു. 18-ാം നൂറ്റാണ്ടില്‍ വേറൊരു ഫാഷന്‍ വന്നു. കൃത്രിമ തലമുടിവെച്ച് മുടിക്ക് ഉയരം കൂട്ടല്‍. ഈ സ്ത്രീകള്‍ വാതിലില്‍ തടഞ്ഞുപോയി. മുടിക്ക് വാതിലിനേക്കാള്‍ ഉയരം. ഒടുക്കം വാതിലുകളുടെ ഉയരം കൂട്ടി! ആണിനെ മോഹിപ്പിക്കാന്‍ അത്രയും േവണമായിരുന്നോ?
മുടി അത്രമേല്‍ മോഹിപ്പിക്കുമോ? എന്താണു സംശയം. പുരുഷന്‍ മോഹിതനാവാതിരിക്കാനാണല്ലോ പല മതങ്ങളും സ്ത്രീയുടെ മുടി മൂടിവെച്ചത്. എന്നിട്ടും വാതില്‍വിടവിലൂെട കണ്ട അവളുടെ മുടിത്തുമ്പിനെപ്പോലും അവന്‍ സ്‌നേഹിച്ചു, ആരാധിച്ചു.. അവന്‍ മുടിയില്‍ വിരലോടിക്കുേമ്പാഴെല്ലാം അത് അവസാനിക്കരുതേ എന്നവള്‍ പ്രാര്‍ത്ഥിച്ചു..