പ്രേമിച്ചത് ആനിയെയല്ല, ആ കാലുകളെ...
രജി ആര്‍ നായര്‍
Posted on: 13 Feb 2015
ഹോട്ടല്‍ ഡൈനിങ് ഹാളിലിരിക്കുമ്പോള്‍ ഹാഫ് ഡോറിനടിയില്‍ മിന്നിമറയുന്ന രണ്ടു കാലുകള്‍ കണ്ടു. ആ കാലുകളോളം സുന്ദരമാണ് ബാക്കി ശരീരമെങ്കില്‍ കടന്നുപോയ പെണ്ണ് ഒരു ബ്യൂട്ടിക്വീന്‍ ആയിരിക്കുമെന്ന് തോന്നി. വേഗം ഫിംഗര്‍ ബോളില്‍ കൈമുക്കി ,നാപ്കിനില്‍ കൈതുടച്ചു. ഹാഫ് ഡോര്‍ തള്ളിത്തുറന്നു പുറത്തു കടന്നു. ആരുമില്ല.
ഹോട്ടലുടമ മാര്‍ഗരറ്റ് ചിരിച്ചുകൊണ്ടു മുന്നില്‍നില്‍ക്കുന്നു. ജെയിംസ് അവരുടെ മുന്നിലെത്തി. ''എന്തിനാണ് ആഹാരം കഴിക്കാതെ പുറത്തു ചാടിയത്?''''ഐ േസാ എ ലവ്‌ലി പെയര്‍ ഓഫ് ലെഗ്‌സ്. ആരാണാ കുട്ടി?''
''ആനി. ആനി ഡിസൂസ''
''ഓഹോ''
''ജെയിംസ് ആനിയെ പ്രേമിച്ചെന്നു തോന്നുന്നല്ലോ''
''ആനിയെയല്ല, ആ കാലുകളെ''
(യന്ത്രം- മലയാറ്റൂര്‍)
സംശയിക്കാം, ആരെങ്കിലും പ്രേമിക്കുമോ രണ്ടു കാലുകളെ മാത്രമായി? സംശയിക്കേണ്ട, അങ്ങനെയൊക്കെയുണ്ട് ആണിനും പെണ്ണിനുമിടയില്‍. ആദ്യെത്ത മനുഷ്യന്‍തൊട്ടിങ്ങോട്ട് തുടങ്ങിയതാണ് ആകര്‍ഷണത്തിന്റെ ഈ രസതന്ത്രം. ഒരു േനാക്ക്, ഒരു വാക്ക്, ചിരി, എന്തിന് കനത്തു തഴച്ചൊരു മേല്‍മീശയില്‍പ്പോലും വീണുപോയേക്കാം മനസ്സ്. എന്നാലും എന്താണിങ്ങനെ?
എന്തോ ഒന്നുണ്ട്. അല്ലെങ്കില്‍ എന്തിനാണിങ്ങനെ പരസ്പരം കൊതിക്കുന്നത്? ആണും പെണ്ണും ആകര്‍ഷിക്കപ്പെടുന്നതിന്റെ രഹസ്യങ്ങള്‍ അജ്ഞാതം. കാറ്റ്, ഏതോ കരയിലേക്ക് കയറുപൊട്ടിച്ചതുപോലെ പാഞ്ഞു പോകുന്നതിന്റെ രഹസ്യം ആര്‍ക്കറിയാം! കാലമെത്ര കഴിഞ്ഞാലും സ്ത്രീ പുരുഷാകര്‍ഷണം തീരുന്നേയില്ലല്ലോ..