രാമായണം
ജീവിതസാരാമൃതം
പ്രൗഢമായ മനുഷ്യഭാവങ്ങളെയും ഗഹനങ്ങളായ ആശയങ്ങളെയും സമന്വയിപ്പിക്കാന്വേണ്ട പരിപാകം മലയാളഭാഷ കൈവരിച്ചിരിക്കുന്നു എന്ന വിളംബരമാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം. തന്റെ പ്രതിഭയ്ക്ക് ഇണങ്ങുന്നതരത്തില് മൂലകൃതിയെ രൂപപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. അനുപദതര്ജമ വേണ്ടസ്ഥലത്ത് അതുതന്നെ എഴുത്തച്ഛന് ചെയ്തു. സുന്ദരകാണ്ഡം ഇതിന് തെളിവുനല്കുന്നു. കേരളീയസംസ്‌കാരം ജീര്ണിച്ച് നീചത്തിലേക്ക് താഴുന്നു എന്നുവന്ന ഒരു ദശാസന്ധിയില് അതിനെ പ്രത്യുദ്ധരിക്കാന് അവതാരംകൊണ്ട ജന്മമായിരുന്നു തുഞ്ചത്ത് എഴുത്തച്ഛന്റേത്. ഇത്രമാത്രം ശാന്തവും ഘനഗംഭീരവും വിശുദ്ധോദാരവും ആത്മാവിന്റെ അഗാധതയില്‌നിന്ന് ഉയരുന്നതും ആദ്യന്തം ഇടറാത്തതും ആത്മശക്തിയെ പ്രദ്യോദിപ്പിക്കുന്നതുമായ ഒരു ശബ്ദം മലയാളി അതിനുമുമ്പ് കേട്ടിരുന്നില്ല എന്ന വിമര്ശകമതം അര്‍ഥദീപ്തമാണ്.
വാല്മീകിരാമായണത്തെ മാറ്റിവെച്ച് അധ്യാത്മരാമായണത്തെ പരിഭാഷയ്ക്ക് തിരഞ്ഞെടുക്കാന് എന്തായിരിക്കും കാരണം? കാരണം അദ്ദേഹത്തിന്റെ ലക്ഷ്യം ആധ്യാത്മികജ്ഞാനം വളര്ത്തലായിരുന്നു. സദാചാരനിഷ്ഠമായ ജീവിതത്തെക്കുറിച്ച് ജനതയെ ബോധവാന്മാരാക്കുകയായിരുന്നു. സമസ്തജനതയെയും ഭക്തരും സംസ്‌കാരചിത്തരുമാക്കി മാറ്റുകയായിരുന്നു. ഭക്തിയില് എഴുത്തച്ഛന് വാചാലനാണല്ലോ. എന്നാല്, ഭക്തിയെ കാവ്യപ്രവാഹത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് അധ്യാത്മരാമായണത്തില് അദ്ദേഹം ചെയ്തത്.
അമൂര്ത്ത ആശയങ്ങളെ കവിതയില് അലിയിച്ചുചേര്ക്കാന് എഴുത്തച്ഛന് കഴിഞ്ഞു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്, എത്രയെത്ര മധുരോദാത്ത ലോകോക്തികള്: 'താന്താന് നിരന്തരം ചെയ്യുന്ന കര്മങ്ങള് താന്താനനുഭവിച്ചീടുകെന്നേ വരൂ, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമാമായുസ്സുമോര്ക്കനീ, പാന്ഥര് പെരുവഴിയമ്പലംതന്നിലേ താന്തരായ്ക്കൂടി വിയോഗം വരുംപോലെ...' ജീവിതത്തിന്റെ ക്ഷണികത, ജീവിതവിശുദ്ധിയുടെ ആവശ്യകത, മൃത്യുവിന്റെ അനിവാര്യത, ഭക്തിയുടെ മേന്മ ഇവയെക്കുറിച്ചെല്ലാം അധ്യാത്മരാമായണം ധനികദരിദ്ര ഭേദമില്ലാതെ പഠിപ്പിക്കുന്നു. കഠോരമായ ധര്മനിഷ്ഠയോടൊപ്പം ഋഷിസഹജമായ സംയമനവും തുഞ്ചത്താചാര്യന് ദീക്ഷിച്ചു.
അനുഗൃഹീത മുഹൂര്ത്തത്തില് കവിപ്രതിഭ ഉണരുകയും ഏതോ അലൗകികമായ ശക്തിയാല് ആവിഷ്ടമായെന്നപോലെ സ്വച്ഛന്ദമായ കവിതയിലൂടെ ആവിഷ്‌കാരസാഫല്യം നേടുകയും ചെയ്തു. അത് അധ്യാത്മരാമായണം വായനക്കാര്ക്ക് അനുഭവപ്പെടുന്നുണ്ടുതാനും. അതാണ് അധ്യാത്മരാമായണത്തിന്റെ സര്ഗാത്മകത. തുഞ്ചത്തെഴുത്തച്ഛന് ഉജ്ജ്വലമായ ഇതിഹാസകാവ്യങ്ങളിലൂടെ അതിസൂക്ഷ്മമായും ഗഹനമായും ഉദാത്തമായും നിര്വഹിച്ച സാംസ്‌കാരികദൗത്യം ആവര്ത്തിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.