ധാര്‍മികരാഷ്ട്രീയത്തിന്റെ ആത്മബലി

തുറവൂര്‍ വിശ്വംഭരന്‍ Posted on: 27 Jul 2015

രാമന്റെ സ്വഭാവത്തിന് വാല്മീകി കല്പിച്ചിരിക്കുന്ന വിശിഷ്ടഗുണങ്ങളുടെ ചക്രവാളം ഒരിക്കലും, ഒരു ഇടപെടലിലും ഭഗവാന്‍ അതിലംഘിക്കുന്നില്ല. ഇത് ഭാവപരമായ പരിമിതിയല്ലേ എന്നുതോന്നാം. അല്ല, ലൗകികാലൗകിക ലോകങ്ങളില്‍ വിഹരിക്കുന്ന ഒരാളുടെ സ്വഭാവത്തിലെ ഗുണങ്ങളാണ് വാല്മീകിയുടെ രാമായണത്തില്‍നിന്ന് പ്രസരിക്കുന്നത്. രാമന്റെ സ്വാഭാവമാഹാത്മ്യം മറ്റൊരു ചരിത്രപുരുഷനിലോ നായകനിലോ ഭരണാധിപനിലോ നാം കാണുന്നില്ല. േഹാമറിന്റെ ഇലിയഡ്ഡിലെ കഥാനായകനായ അക്കിലീസിനോട് രാമനെ ഉപമിച്ചുനോക്കുമ്പോള്‍ നമുക്കത് മനസ്സിലാകും. മാസിഡോണിയക്കാരന്‍ അലക്‌സാണ്ടര്‍ക്കും ചരിത്ര പുരുഷന്മാര്‍കൂടിയായ ഷേക്‌സ്പിയര്‍കഥാപാത്രങ്ങള്‍ക്കും രാമന്റെ താഴ്‌വരയിലാണ് സ്ഥാനം.

രാമന്റെ സാമൂഹികമായ ആദ്യത്തെ ഇടപെടല്‍ താടകാവധത്തിലാണ്. അതില്‍ ഭാവിയില്‍ പൂര്‍ണതപ്രാപിക്കാനിരിക്കുന്ന രാമനിലെ ഭരണാധിപനെയും പ്രായോഗിക രാഷ്ട്രീയക്കാരനെയും നീതിമാനായ അനാസക്തനെയും നിര്‍ദാക്ഷിണ്യനായ ധര്‍മപരിരക്ഷകനെയും നിര്‍ഭയനായ ദണ്ഡനപ്രയോക്താവിനെയും കാണാം. ആയിരം ആനയുടെ ബലമാണ് താടകയ്ക്ക്. ഒരു പുരുഷനോ സ്ത്രീക്കോ ദുഷ്ടത എത്ര കുമിഞ്ഞുകുലച്ചുലഞ്ഞാലും ആയിരം ആനയുടെ ബലം ലഭിക്കില്ല. ഇത് സര്‍വര്‍ക്കും അറിയാവുന്നൊരു വാസ്തവമാകയാല്‍ വാല്മീകിക്കും അറിയാമായിരിക്കണമല്ലോ. രാക്ഷസിക്കുള്ള ആയിരം ആനയുടെ ബലത്തിന് ധ്വന്യാത്മകമായ മറ്റ് അര്‍ഥമുണ്ടെന്നുവരുന്നു. ഒരു രാഷ്ട്രീയനേതാവിന് അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ബലംമാത്രമല്ല ഉള്ളത്. ആയിരക്കണക്കിനുവരുന്ന അനുയായികളുടെ സമര്‍പ്പിത ബലത്തിന്റെ ആനപ്പുറത്തിരുന്നാണ് അയാളുടെ പര്യടനം. ഇത്തരം പര്യടനം നടത്തുന്ന നേതാക്കന്മാരെയാണ് നരവാഹനന്മാരെന്ന് ഇതിഹാസഭാഷയില്‍ വര്‍ണിക്കുന്നത്. താടക രാക്ഷസന്മാരുടെ വനിതാനേതാവായിരുന്നു. അവളുടെ ബലത്തിന്റെ വൈദ്യുതബന്ധം ലങ്കയിലെ രാവണന്റെ പവര്‍ഹൗസുമായി നേരിട്ട് സമന്വയിക്കപ്പെട്ടിരുന്നു. രാവണനിഗ്രഹത്തിനാണ് രാമാവതാരം.

താടകവധത്തില്‍ രാവണന്റെ സിംഹാസനത്തിന്റെ ദംഷ്ട്രയാണ് ഇളകിയത്. സമൂഹത്തിലേക്കിറങ്ങി ആദ്യം ചെയ്ത കര്‍മംതന്നെ രാവണനുള്ള രാമന്റെ പരോക്ഷമായ താക്കീതാണ്. വിശ്വാമിത്രന്റെ യാഗരക്ഷ ഭഗവാന്‍ ഭാവിയില്‍ അനുഷ്ഠിക്കാന്‍ പോകുന്ന പ്രജാപരിപാലനയജ്ഞത്തിന്റെ സൂചകമാണ്. യാഗം ഹോമകുണ്ഡത്തില്‍ ദ്രവ്യങ്ങള്‍ പുകച്ചുനീറ്റിക്കളയുന്ന അന്ധവിശ്വാസമല്ല. അത് ധാര്‍മികരാഷ്ട്രീയത്തിന്റെ അനുഷ്ഠാതാവ് നിഷ്‌കാമമായി ചെയ്യുന്ന ആത്മബലിയാണ്. അതിനാല്‍ യാഗരക്ഷ ധര്‍മരക്ഷയും ലോകരക്ഷയുമാണ്.





Buy Ramayanam

 

ga