രാമായണം
ജീവിതസാരാമൃതം
രാമാഭിഷേകവിഘ്‌നത്തിന് അഞ്ചുപേരാണ് കാരണക്കാര്‍: ദശരഥന്‍, കൈകേയി, മന്ഥര, അശ്വപതി, യുധാജിത്. ഇവരില്‍ ഒന്നാമന്‍ ദശരഥനും രണ്ടാമന്‍ അശ്വപതിയുമാണ്. കൈകേയിയില്‍ ജനിക്കുന്ന പുത്രന് രാജ്യാവകാശം കൈമാറ്റംചെയ്യാമെന്ന് ഉറപ്പുകൊടുക്കാന്‍ ദശരഥന്‍ അധികാരിയല്ല. പാരമ്പര്യനിയമം അതനുശാസിക്കുന്നില്ല. പട്ടമഹിഷിയുടെ മൂത്തപുത്രനാണ് രാജ്യാവകാശം. രാജ്യാവകാശമെന്നാല്‍ പ്രജാപരിപാലനത്തിനുള്ള ദുഷ്‌കരമായ ചുമതല. രാജ്യത്തിന് രാജാവും പ്രജകളും അവകാശം. അവകാശമെന്ന സങ്കല്പം യൂറോപ്പില്‍നിന്നുള്ള ഇറക്കുമതിച്ചരക്കാണ്. രഞ്ജിപ്പിക്കുന്നവനാണ് രാജാവ്. പ്രജാധര്‍മവും രാജധര്‍മവുമനുസരിച്ച് പ്രജകളെ പരസ്പരം രഞ്ജിപ്പിച്ചു നിലനിര്‍ത്തുക. അനുരഞ്ജനത്തോടെ ജീവിക്കുന്ന ഭൂവിഭാഗം രാജ്യം. അനുരഞ്ജനത്തിന്റെ നിയമങ്ങള്‍ ഋഷിപ്രോക്തമാണ്. പ്രപഞ്ചോത്പത്തിയുടെയും ജീവോത്പത്തിയുടെയും കാരണങ്ങള്‍ കണ്ടുപിടിച്ച് പുരുഷാര്‍ഥങ്ങള്‍ക്ക് രൂപംനല്‍കിയവരാണ് ഋഷിമാര്‍. രാജാവും മന്ത്രിസഭയും ഉദ്യോഗസ്ഥപ്രമാണിമാരുംകൂടി നിര്‍മിക്കുന്നതല്ല നിയമങ്ങള്‍.
ഈ യാഥാര്‍ഥ്യങ്ങള്‍ അറിയാമായിരുന്ന ദശരഥന്‍ രാജ്യത്തിന്റെ അവകാശം പാരമ്പര്യത്തിനു വിരുദ്ധമായി, കൈമാറ്റംചെയ്യാമെന്നു സമ്മതിക്കുന്നത് സനാതനധര്‍മത്തിന്റെ ലംഘനമാണ്. രണ്ടു ഭാര്യമാര്‍ ഹസ്തരൊക്കം അദ്ദേഹത്തിന്റെ അന്തഃപുരത്തില്‍ ഹാജരുണ്ട്. പുത്രനെയാണു വേണ്ടതെങ്കില്‍ അദ്ദേഹത്തിന് ഒരു ക്ഷത്രിയകുമാരനെ ദത്തെടുക്കാം. ക്ഷത്രിയകുമാരന്മാരൊന്നടങ്കം മരിച്ചുപോയിരിക്കാനിടയില്ലല്ലോ. ഡല്‍ഹൗസി പ്രഭുവിന്റെ ദത്തപഹാരനയം അന്നു നടപ്പിലുണ്ടായിരുന്നില്ല. ദശരഥന്‍ മടുത്തെങ്കില്‍ കൗസല്യക്കോ കൈകേയിക്കോ രാജ്യപരിപാലനം നിര്‍വഹിക്കാമായിരുന്നു. ഇന്ത്യയുടെ പില്കാലചരിത്രത്തില്‍ പ്രഭാവതി ഗുപ്തരാജ്യഭരണം നടത്തിയത് നാം കണ്ടിട്ടുണ്ട്. അവര്‍ പണിയിച്ച രാമഹരിക്ഷേത്രമാണ് മഹാനായ ബാബര്‍ പൊളിച്ച് പള്ളിയാക്കിയത്.
കൈകേയിയുടെ പുത്രന് രാജ്യാവകാശം കൊടുക്കാമെന്ന് ദശരഥന്‍ ഏറ്റുരച്ച വാക്ക് അശ്വപതി സ്വീകരിക്കാന്‍പാടില്ലായിരുന്നു. ദശരഥന് അതിനുള്ള അര്‍ഹതയും അധികാരവുമില്ലെന്ന് അശ്വപതിക്കും അറിയാമായിരുന്നിരിക്കണം. 'ഈശാവാസ്യമിദം സര്‍വം' എന്ന ഉപനിഷത് തത്ത്വം അദ്ദേഹം പഠിക്കാതിരിക്കാന്‍ തരമില്ല. ഭാവിയില്‍ അശനിപാതം വരാനിരിക്കുന്ന രാഷ്ട്രീയപ്രതിസന്ധിയുടെ അപരിഹാര്യത ഈ രണ്ട് നീതിമാന്മാര്‍ ചേര്‍ന്നാണ് ആനന്ദത്തോടെ സൃഷ്ടിച്ചെടുത്തത്. ഇതിന്റെ സാക്ഷികളാണ് കൈകേയിയും യുധാജിത്തും. അശ്വപതിയെ മരണം ആശീര്‍വദിച്ചു. മന്ഥര പ്രത്യേക വ്യക്തിയല്ല; കൈകേയിയുടെ മനസ്സില്‍ അവസരംകാത്തുകിടന്ന തമോമൂര്‍ത്തിയാണ്.
കൈകേയിയിലും അദ്ദേഹത്തിന് പുത്രന്‍ ജനിച്ചില്ല. പുത്രകാമേഷ്ടി ദശരഥനെ അനുഗ്രഹിക്കുകയല്ല ചെയ്തത്, നിഗ്രഹിക്കുകയായിരുന്നു. കൈകേയി ആദ്യം പ്രസവിച്ചാല്‍ മതിയായിരുന്നു. കൈകേയീദശരഥന്മാരുടെ വിവാഹത്തിന്റെ കര്‍മപത്രത്തില്‍ സനാതനധര്‍മത്തിന്റെ കൈയൊപ്പ് പതിഞ്ഞില്ലെന്നാണ് ഇതിന്റെ അര്‍ഥം.