രാമായണം ജീവിതസാരാമൃതം
ഭര്‍ത്താവിനൊപ്പം വനവാസമനുഷ്ഠിക്കുമ്പോള്‍പ്പോലും രമ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും അനസൂയാദേവി നല്കിയ ദിവ്യ അംഗരാഗവും ധരിച്ച് ഏറ്റവും സുന്ദരിയായി വിളങ്ങിയ സീതാദേവി പിന്നീട് രാമനാല്‍ കാട്ടിലുപേക്ഷിക്കപ്പെടുന്നു. കാട്ടിലുപേക്ഷിക്കപ്പെട്ട ഗര്‍ഭിണിയായ ഒരു സ്ത്രീ! അവള്‍ക്ക് വാല്മീകി അഭയം നല്‍കുന്നു. എങ്കിലും കാനനത്തില്‍ ഇരട്ടക്കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന അമ്മയ്ക്ക് ജീവിതം എത്ര ദുര്‍ഘടമായിരിക്കും.
കാട്ടുമൃഗങ്ങളുടെ ശല്യം ഏതുനിമിഷവും ഉണ്ടാകാവുന്ന വനത്തില്‍ രണ്ട് കുസൃതിക്കുട്ടികളെ കണ്ണിലെണ്ണയൊഴിച്ചു നോക്കിയല്ലാതെ എങ്ങനെ വളര്‍ത്തും? ആ കുഞ്ഞുങ്ങള്‍ക്കായി ആഹാരം പാകംചെയ്യാന്‍ വിറകു ശേഖരിക്കണ്ടേ? ധാന്യവും കിഴങ്ങുകളും ശേഖരിക്കുകയോ കൃഷിചെയ്യുകയോ വേണ്ടേ? തികച്ചും അപരിചിതമായ എത്രയോ കാര്യങ്ങള്‍ ആ അമ്മ മരവുരിയുടുത്തുകൊണ്ട്, ഒരു സാധാരണ കാട്ടുസ്ത്രീയായി ജിവിച്ചുകൊണ്ട് ചെയ്തിരിക്കണം.
കുട്ടികള്‍ വളരുന്നതു കൊട്ടാരത്തിലായിരുന്നെങ്കില്‍ അവര്‍ അഭ്യസിക്കുമായിരുന്ന അസ്ത്രശസ്ത്രവിദ്യകളും സംഗീതവും കാവ്യങ്ങളുമൊക്കെ അവരെ പഠിപ്പിക്കാനും മാതാവുമാത്രം. എങ്കിലും ഇവയിലൊന്നും കൊട്ടാരത്തില്‍ വളരുന്ന കുട്ടികളെക്കാള്‍ ഒട്ടും മോശമല്ലായിരുന്നു ലവകുശന്മാര്‍! കലങ്ങിയ കണ്ണുകളോടെ, ഉപേക്ഷിച്ച ഭര്‍ത്താവിനെ ഓര്‍മിച്ചുകൊണ്ട് കര്‍മങ്ങളിലേര്‍പ്പെടാതെ സീതാമാതാവ് കാട്ടില്‍ കഴിഞ്ഞിരുന്നുവെങ്കില്‍, കൊട്ടാരത്തെ മുഴുവന്‍ മയക്കിക്കൊണ്ടു രാമായണഗീതം ആലപിക്കുന്ന കൗമാരക്കാരായ കുമാരന്മാര്‍ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. കാനനത്തില്‍ തന്റെ ജീവിതദൗത്യം ഏറ്റവും ഭംഗിയായി പൂര്‍ത്തിയാക്കിക്കൊണ്ട്, ലവകുശന്മാര്‍ക്ക് കൗമാരപ്രായമാകുന്ന കാലംവരെ മാതാവും പിതാവുമായി വര്‍ത്തിക്കാന്‍, സീതയ്ക്ക് സാധിച്ചു.
ഗാര്‍ഗീദേവിയുടെ ചോദ്യങ്ങള്‍ യാജ്ഞവല്ക്യ മഹര്‍ഷിയെപ്പോലും വലയ്ക്കുന്നത് കുഞ്ഞുന്നാളിലേ കണ്ടുനിന്നിട്ടുള്ള സീതയ്ക്ക് രാജര്‍ഷിയായ പിതാവ് ജനകന്റെ ശിക്ഷണത്തില്‍ ഭൗതികതയുടെ മായയെക്കുറിച്ചും കര്‍മസന്ന്യാസത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നിരിക്കണം. തന്റെ പിതാവിന്റെ സദസ്സിലെത്തിയിരുന്ന എത്രയോ ഋഷിവര്യന്മാരുടെ ശുശ്രൂഷയ്ക്കായി കുട്ടിക്കാലത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സീത, തന്റെ കാനനജീവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍ ആത്മീയതയുടെ ഉയര്‍ന്ന തലങ്ങളിലേക്കെത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും കര്‍മങ്ങളില്‍ എങ്ങനെ അതുല്യമായ ഉയരങ്ങള്‍ കീഴടക്കാമെന്നു നമ്മെ പഠിപ്പിക്കുകയാണ് സീതാമാതാവ്.