
രാമായണകഥ ഇന്ത്യയിലും പരിസരപ്രദേശങ്ങളിലും അതതിടങ്ങളിലെ കവികളുടെ ഭാവനയ്ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൊണ്ട് കഥയുടെ മൂലസ്വരൂപം ആവശ്യമായിവരുമ്പോള്‍ വാല്മീകിരാമായണംതന്നെയാണ് ആശ്രയം. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്, തന്റെ കാലത്തിനും ഭാവനയ്ക്കും ഭാവത്തിനും ലക്ഷ്യത്തിനുമനുസരിച്ച് മാറ്റിയെഴുതിയിട്ടുള്ളതാണ്. സംസ്‌കൃതത്തിലെ അധ്യാത്മരാമായണം ഒരു ഉത്കൃഷ്ടമായ രചനയുമല്ല. എങ്കിലും വാല്മീകിയുടെ സര്‍ഗകൃത്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ എഴുത്തച്ഛന്‍ ഗ്രഹിച്ചതുപോലെ തുളസീദാസന്‍പോലും ഗ്രഹിച്ചിട്ടില്ല. 'നാന്മരനേരായരാമായണം' എന്ന എഴുത്തച്ഛന്റെ പ്രയോഗത്തില്‍നിന്ന് അത് വ്യക്തമാണ്. വേദങ്ങളും രാമായണവും തമ്മിലുള്ള ഈ രക്തബന്ധത്തിന്റെ സ്പന്ദസാമ്യം, നമ്മെ എല്ലാവരെയും രാമായണത്തിന്റെ ശ്രീകോവിലിലേക്ക് കൈപിടിച്ച് നടത്തിച്ച പൂര്‍വഗുരുനാഥനായ കുട്ടികൃഷ്ണമാരാര്‍പോലും ഗൗനിച്ചില്ല. അതിനാല്‍, രാമായണത്തിലേക്ക് രാജപാത തുറക്കുന്നതിനുമുമ്പ് വാല്മീകി ആരെന്നറിയേണ്ടത് കാവ്യാത്മകവും ദാര്‍ശനികവുമായ ആവശ്യമാണ്.
എന്തായിരുന്നിരിക്കും വാല്മീകിയുടെ വിദ്യാഭ്യാസയോഗ്യത? അന്ന് വിദ്യാഭ്യാസത്തിന് ലഭിക്കാവുന്ന പാഠ്യഗ്രന്ഥങ്ങള്‍ ഏതൊക്കെ ആയിരുന്നിരിക്കണം? വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ചാര്‍വാകവീക്ഷണങ്ങള്‍, ശൂല്ബസൂത്രങ്ങള്‍, ഷഡ്ദര്‍ശനങ്ങളുടെ പ്രാചീനരൂപങ്ങള്‍, ഭൗതികവും ആധ്യാത്മികവുമായ മറ്റുഗ്രന്ഥങ്ങള്‍ ഉള്‍െപ്പടെ ബൃഹത്തായൊരു വിദ്യാഭ്യാസപദ്ധതി, ലോകത്തെ മുഴുവനും കാവ്യമായിക്കണ്ട, രോമകൂപങ്ങളില്‍ വികാരങ്ങള്‍ ജ്വലിച്ചുനിന്ന യുവവാല്മീകിക്ക് പഠിക്കാനുണ്ടായിരുന്നു. ആ പഠനകാലമാണ് കവിയുടെ വല്മീകവാസകാലം. ലൗകികജീവിതത്തിന്റെ സുഖവിഭ്രമങ്ങളില്‍പ്പെട്ടുഴലാതെ പഠനത്തിന്റെയും മനനത്തിന്റെയും നിദിദ്ധ്യാസത്തിന്റെയും നിബിഡമായ ഏകാന്തതയില്‍ സര്‍വസാമൂഹികബന്ധങ്ങളും ഊതിക്കെടുത്തിക്കളഞ്ഞിട്ട് ഒളിഞ്ഞിരുന്ന കാലമാണ് പ്രതീകത്തിന്റെ ഭാഷയില്‍ വല്മീകമെന്ന് കല്പിച്ചത്. അതിന് കവിയെ പ്രേരിപ്പിച്ചത് ലൗകിക ജീവിതത്തിന്റെ കാമപ്പെരുപ്പങ്ങളുടെ വനത്തില്‍െവച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ നാരദനായിരുന്നു.
നാം ആഗ്രഹിക്കുന്ന ഭോഗവസ്തുക്കളെല്ലാം സ്വന്തമാക്കിയാലും ഇല്ലെങ്കിലും നാം കണ്ടുകഴിഞ്ഞു, മനസ്സിലെ കാമമാണ് കള്ളനും കൊള്ളക്കാരനും. ഇതാണ് കളവിന്റെയും കൊള്ളയുടെയും തത്ത്വശാസ്ത്രം. യുവത്വം തന്നില്‍ തളിരും പൂവുമണിഞ്ഞ കാലത്ത് ലൗകികസുഖങ്ങളില്‍ മുങ്ങിക്കുളിച്ചുകിടന്ന ഭാവിയിലെ ഋഷികവിയെ നാരദന്‍ അനാസക്തിയുടെ നിത്യശാന്തിയിലേക്ക്, നിഷ്‌കാമതയുടെ സര്‍ഗാത്മകമായ നിസ്സംഗതയിലേക്ക് നയിക്കുകയായിരുന്നു. ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന കാമവസ്തുക്കളിലേക്ക് പായുന്ന ആഗ്രഹങ്ങളെ പെരുപ്പിച്ച് വലയുന്നതിനെയാണ് കളവും കൊള്ളയുമായി പുരാവൃത്തത്തിന്റെ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നത്.