അധ്യാത്മരാമായണം: ഭക്തിയുടെ അമരകാവ്യം

ഡോ. പി.വി. കൃഷ്ണന്‍ നായര്‍ Posted on: 10 Aug 2015

രാമായണം ജീവിതസാരാമൃതം

പണ്ഡിതന്മാര്‍ നിരീക്ഷിച്ചതുപോലെ ഇന്ത്യ ഇന്നോളം കണ്ട സാംസ്‌കാരികവിപ്ലവങ്ങളില്‍വെച്ച് ഏറ്റവും സര്‍വതലസ്പര്‍ശിയും സ്ഥലകാലവ്യാപ്തിയുള്ളതുമായിരുന്നു ഭക്തിപ്രസ്ഥാനം. സാമൂഹികം, നൈതികം, ആത്മീയം, സംവേദനപരം, സൗന്ദര്യാത്മകം എന്നിങ്ങനെ ജീവിതത്തിന്റെ മുഖ്യതലങ്ങളെ മുഴുവനും അത് പുതുക്കിപ്പണിതു. ഭക്തി മനുഷ്യന്റെ മൗലികവാസനയെ തൃപ്തിപ്പെടുത്തുന്നു. അജ്ഞേയതയുടെ നടുവിലാണ് ജീവിതമെന്ന പ്രതിഭാസം. ഐന്ദ്രിയപരിതൃപ്തിക്കപ്പുറം ബുദ്ധിക്കതീതമായ എന്തോ ഉണ്ട് എന്ന തോന്നല്‍ മനുഷ്യനെ അനശ്വരതയെ സ്വപ്നംകാണാന്‍ പ്രേരിപ്പിക്കുന്നു.

ബൃഹദാരണ്യകോപനിഷത്ത് മോക്ഷം, ആത്മസാക്ഷാത്കാരം തുടങ്ങിയ വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട് അതു വിവരിക്കുന്നുണ്ട്. ഭക്തി, കര്‍മം, ജ്ഞാനം എന്ന് മൂന്നു സരണികള്‍ പ്രതിജനഭിന്നരായ മനുഷ്യരില്‍ തെളിഞ്ഞുവന്നു. ഇവ പരസ്പരഭിന്നങ്ങളല്ല. ഒന്നിന് ഊനംവന്നാല്‍ എല്ലാം വികലം. ജ്ഞാനകര്‍സമന്വിതമായ ഭക്തിയാണ് സര്‍വോത്തമം എന്നു സിദ്ധാന്തിച്ച ഒരു ആചാര്യനായിരുന്നു രാമാനുജാചാര്യര്‍. ജ്ഞാനത്തിന് ആദിശങ്കരന്‍ പരമപ്രാധാന്യം നല്‍കി. കര്‍മകാണ്ഡത്തിലാണ് മീമാംസകര്‍ മേന്മകണ്ടത്. നാരദന്‍, ശാണ്ഡില്യന്‍, രാമാനുജന്‍, രാമാനന്ദന്‍ തുടങ്ങിയവര്‍ ഭക്തിയാണ് സര്‍വപ്രധാനമെന്നു സിദ്ധാന്തിച്ചു. എന്നാല്‍, ഒന്നുമില്ലാത്തവന്റെ മാര്‍ഗമായി ഭക്തിമാര്‍ഗത്തെ കണ്ടവരാണ് കബീറും നാനാക്കും നാമദേവനും തുക്കാറാമും സൂറും തുളസീദാസുമെല്ലാം. ഭക്തിപ്രസ്ഥാനത്തിന് സാര്‍വജനീനത നല്‍കിയവരില്‍ പ്രമുഖനാണ് രാമാനന്ദന്‍. ആ രാമാനന്ദന്‍ രചിച്ചതാണ് സംസ്‌കൃതത്തിലെ അധ്യാത്മരാമായണം എന്നാണ് പണ്ഡിതമതം. വ്യാസന്‍ രചിച്ചതാണ് ആ ഗ്രന്ഥം എന്നഭിപ്രായപ്പെടുന്ന വിദ്വാന്മാരുമുണ്ട്.

അധ്യാത്മരാമായണം ഭക്തിമാര്‍ഗത്തെ ദാര്‍ശനികരീത്യാ സമര്‍ഥിക്കുന്ന കൃതിയാണ്. തത്ത്വവിചാരംകൊണ്ടും ഭക്തിപ്രകടനംകൊണ്ടും സുന്ദരമാണ് അധ്യാത്മരാമായണം. ശ്രീപരമേശ്വരന്‍ പാര്‍വതീദേവിക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഈ കൃതി രചിക്കപ്പെട്ടത്. 4310 ശ്ലോകങ്ങള്‍, 66 സര്‍ഗങ്ങള്‍, ഏഴു കാണ്ഡങ്ങള്‍. പലപ്പോഴും ഹൃദയസ്പര്‍ശിയായ വേദാന്തഗ്രന്ഥമായും ഭക്തിശാസ്ത്രമായും അധ്യാത്മരാമായണം ഉയര്‍ന്നുനില്‍ക്കുന്നു. വാല്മീകിരാമായണം ആദര്‍ശവാനായ ഉത്തമമനുഷ്യനായി രാമനെ വര്‍ണിക്കുമ്പോള്‍ അധ്യാത്മരാമായണം മനുഷ്യനെ ഈശ്വരനാക്കി ഉയര്‍ത്തുന്നു. അധ്യാത്മരാമായണത്തില്‍ രാമനെന്നാല്‍ സാക്ഷാല്‍ പരമാത്മാവെന്നാണര്‍ഥം. പരമാത്മാവിന്നധീനവും വിശ്വസൃഷ്ടിക്കു കാരണവും ത്രിഗുണാത്മികയുമായ മൂലപ്രകൃതിയെയാണ് സീത എന്നുപറയുന്നത്. അധ്യാത്മരാമായണത്തില്‍ പ്രകൃതിപുരുഷതത്ത്വങ്ങളെയാണ് സീതാരാമന്മാരായി ചിത്രീകരിക്കുന്നത്. ധര്‍മനിഷ്ഠയും ജീവകാരുണ്യവും ആത്മനിയന്ത്രണവുമാണ് ജീവിതത്തിന്റെ വിജയസ്തംഭങ്ങളെന്ന് ഈ ഗ്രന്ഥം വിളംബരംചെയ്യുന്നു.




Buy Ramayanam

 

ga