ഹിന്ദിയിലെ എഴുത്തച്ഛന്റെ മാനസം

ഡോ. പി.വി. കൃഷ്ണന്‍ നായര്‍ Posted on: 09 Aug 2015

രാമായണം
ജീവിതസാരാമൃതം


ഹിന്ദിയിലെ ശ്രേഷ്ഠനായ രാമഭക്തകവിയാണ് തുളസീദാസ്. തുളസീദാസിന്റെ പ്രസിദ്ധകൃതിയാണ് രാമചരിതമാനസം. തുളസീദാസിന്റെയും തുഞ്ചത്ത് എഴുത്തച്ഛന്റെയും ജീവിതകാലം 16ാം നൂറ്റാണ്ടാണ്. എഴുത്തച്ഛനും അദ്ദേഹത്തിന്റെ ജീവിതകാലവും ഒരാമുഖം എന്ന പ്രസിദ്ധഗ്രന്ഥം ഡോ. എല്‍.ഡി. ബാര്‍നെറ്റ് ആരംഭിക്കുന്നതുതന്നെ അവര്‍ തമ്മിലുള്ള സാമ്യത്തെ പരാമര്‍ശിച്ചുകൊണ്ടാണ്. 1589ല്‍ ജനിച്ച തുളസീദാസ് തന്റെ 42ാം വയസ്സില്‍ രാമായണഗ്രന്ഥം എഴുതിത്തുടങ്ങിയെന്ന് കരുതപ്പെടുന്നു. ഭാരതവര്‍ഷം എന്താകാന്‍ ആഗ്രഹിച്ചുവോ അത് തുളസീരാമായണത്തിലൂടെ സാധിച്ചു എന്നാണ് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയത്. ഞാന്‍ തുളസീദാസരാമായണത്തെ ഭക്തിമാര്‍ഗഗ്രന്ഥങ്ങളില്‍ അത്യുത്തമമെന്ന് കരുതി ആരാധിക്കുന്നുവെന്ന് മഹാത്മജി പ്രഖ്യാപിച്ചു. മദന്‍മോഹന്‍മാളവ്യയുടെ അഭിപ്രായത്തില്‍ രാമചരിതമാനസം വെറുമൊരു കാവ്യമല്ല. ഗൃഹസ്ഥജീവിതത്തിന്റെ ആദര്‍ശമാണ് ആര്യസംസ്‌കാരത്തിന്റെ സര്‍വോത്തമാദര്‍ശം. രാമഭക്തിസാഹിത്യത്തെ തുളസീദാസ് ധന്യമാക്കി. രാമചരിതമാനസത്തിലെ രാമന്‍ നീതിബോധത്തിന്റെയും പക്വമായ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും സ്ഥാപകനും സംരക്ഷകനുമാണ്. ഇന്നത്തെ ഉത്തരേന്ത്യയിലെ ജനജീവിതം തുളസീദാസിന്റെ സൃഷ്ടിയത്രേ. രാമചരിതമാനസ വിവര്‍ത്തകന്റെ ഭാഷയില്‍ തുളസീദാസന്റെ പ്രതിഭാ പ്രപഞ്ചത്തില്‍ എല്ലാമെല്ലാം രാമനില്‍ സമന്വിതമാണ്. അദ്ദേഹത്തിന്റെ കാവ്യസാധന ഭക്തിസാധനയാണ്, ഭക്തിസാധനയാകട്ടെ സമന്വയസാധനയും. തുളസീദാസന്റെ സമന്വയ സാധന ഭാരതത്തിന്റെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ത്തിട്ടുള്ള വിശ്വതോമുഖത്വം തന്നെ. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും തുളസീദാസപ്രതിഭയിലൂടെ രാമാത്മകമായി ഏകത്വം നേടുന്നു. രാമനാണ് തുളസീദാസിന്റെ ജീവിതാദര്‍ശം. വ്യക്തിയും സമൂഹവും അവ തമ്മിലെ ബന്ധവും വ്യക്തിയുടെ മോക്ഷവും സമൂഹത്തിന്റെ സുവ്യവസ്ഥയും സ്ത്രീയും പുരുഷനും സ്ത്രീപുരുഷ ബന്ധവും ഭൂതവും ഭാവിയും എല്ലാമെല്ലാം രാമനില്‍ ഒതുങ്ങുന്നു. ഈ ദര്‍ശനമാണ് തുളസീദാസന്റെ ജീവിതാവബോധത്തിന്റെ മര്‍മം. വാല്മീകി രാമായണത്തിന്റെയോ അധ്യാത്മ രാമായണത്തിന്റെയോ വിവര്‍ത്തകനല്ല തുളസീദാസ്. സംവാദങ്ങളുടെ ഒരു സമന്വയമാണ് തുളസീരാമായണം. ഉമാമഹേശ്വര സംവാദമാണ് ഈ കൃതിയുടെ സുഷുമ്‌നാനാഡി. ഭരദ്വാജയാജ്ഞവല്ക്യ സംവാദവും രാമഭരത സംവാദവും തുളസീദാസിന്റെ മൂല്യബോധത്തിന് പോഷകമാണ്. ആപത്തിലെ കൂട്ടുകാര്‍ വിദ്യ, വിനയം, വിവേകം, ധൈര്യം, സുകൃതം, സത്യവ്രതം, ഈശ്വരവിശ്വാസം എന്നിവയാണെന്ന് തുളസീദാസ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഭാവഗാംഭീര്യം, ആധ്യാത്മികത, ദര്‍ശനങ്ങളുടെ തെളിമ, നൈതികമേന്മ, രസപ്രകര്‍ഷം, ഉദാത്തമായ പാത്രസൃഷ്ടി, സൗന്ദര്യസംവര്‍ധകമായ പ്രകൃതിചിത്രീകരണം ഇതെല്ലാം തുളസീദാസരാമായണത്തിന്റെ മേന്മകളാണ്.





Buy Ramayanam

 

ga