ശ്രീരാമന്റെ ക്രോധം

ഡോ. എം.എം.ബഷീര്‍ Posted on: 03 Aug 2015

യുദ്ധത്തില്‍ വിജയിച്ച ശ്രീരാമചന്ദ്രനോട്, ആര്‍ക്കുവേണ്ടിയാണോ താങ്കള്‍ യുദ്ധംചെയ്തത് ആ വൈദേഹിയെ കാണാന്‍ സന്മനസ്സുകാട്ടണം എന്ന് ഹനുമാന്‍ അറിയിച്ചു.

മുങ്ങിക്കുളിച്ച് ദിവ്യാംഗരാഗവും ദിവ്യഭൂഷയുമണിഞ്ഞ സീതയെ കൊണ്ടുവരാന്‍ വിഭീഷണനോട് രാമന്‍ ആവശ്യപ്പെടുന്നു. കുളിക്കാതെതന്നെ ഭാര്യക്ക് ഭര്‍ത്താവിനെ കാണാം എന്നു സീത. ഭവതിയുടെ ഭര്‍ത്താവായ രാജരാജന്‍ പറഞ്ഞതുപോലെചെയ്യൂ എന്ന് വിഭീഷണന്‍. ആള്‍ക്കാരെ തള്ളിമാറ്റേണ്ടതില്ല, അവര്‍ എന്റെ ആള്‍ക്കാര്‍; അവര്‍ സീതയെ കണ്ടുകൊള്ളട്ടെ എന്നു ശ്രീരാമന്‍.

സീതയെ കാണുന്തോറും രാമന്റെ അരിശം കൂടിക്കൂടിവന്നു; തീയില്‍ നെയ്യൊഴിക്കുന്നതുപോലെ. വാനരന്‍മാരും രാക്ഷസന്‍മാരും കേള്‍ക്കെ രാമന്‍ പറഞ്ഞു: ''അപമാനത്തെ മായ്ച്ചുകളയാന്‍ മനുഷ്യനു ചെയ്യാന്‍ കഴിയുന്നതെന്തോ അതു ഞാന്‍ ചെയ്തിരിക്കുന്നു; രാവണനെ കൊന്ന് നിന്നെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. ഒരുകാര്യം നീ മനസ്സിലാക്കണം മിത്രവീര്യത്താല്‍ ഞാന്‍ ചെയ്ത ഈ യുദ്ധം നിനക്കുവേണ്ടിയല്ല. ഇച്ചെയ്തത് കീര്‍ത്തികേട്ട എന്റെ വംശത്തിന് ഇളപ്പം വരാതിരിക്കാനും ദുഷ്‌പേരേല്ക്കാതിരിക്കാനും നീതിപാലിക്കാനുമാണ്. ചാരിത്രസംശയത്തില്‍പ്പെട്ട് എന്റെമുന്നില്‍ നില്ക്കുന്ന നീ നേത്രരോഗിക്കു ദീപംപോലെ എനിക്ക് അഹിതയാണെന്ന് നീയറിയുക. ഇതാ ഞാന്‍ നിനക്കു വിടനല്കുന്നു. ഇഷ്ടമുള്ളിടത്തു പൊയ്‌ക്കൊള്ളുക.''

ഇത്ര കഠിനമായി സംസാരിക്കാന്‍ ശ്രീരാമചന്ദ്രന് സാധിച്ചതെങ്ങനെയെന്ന് സീത അന്തംവിട്ടുപോകുന്നു! അദ്ദേഹം വീണ്ടും പറയുന്നു: ''അന്യഗൃഹത്തില്‍ പാര്‍ത്ത പെണ്ണിനെ കുലീനനായ ഒരുവന്‍ എങ്ങനെയാണു സ്വീകരിക്കുക? കുലവമ്പോതുന്ന ഞാന്‍ ദുഷ്ടന്റെ കണ്ണില്‍പ്പെട്ട നിന്നെ, അയാളുടെ ഗൃഹത്തില്‍ പാര്‍ത്തവളായ നിന്നെ എങ്ങനെയാണു കൈക്കൊള്ളുക? എന്തിനുവേണ്ടിയാണോ നിന്നെ വീണ്ടെടുത്തത് ആ ഖ്യാതി എനിക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എനിക്കു നിന്നില്‍ ഒരാസക്തിയുമില്ല. ഇഷ്ടംപോലെ എവിടെവേണമെങ്കിലും പൊയ്‌ക്കൊള്ളുക.''

രാമന്റെ ക്രൂരമായ വാക്കുകള്‍കേട്ട് സീത ഈന്തല്‍ പൊട്ടിച്ചീന്തുന്നതുപോലെ വിറപൂണ്ട് കണ്ണീര്‍വാര്‍ത്തുവെന്ന് വാല്മീകി രേഖപ്പെടുത്തുന്നു. രാമന്‍ പ്രാകൃതനെപ്പോലെ, പ്രാകൃതയായ സ്ത്രീയോടു സംസാരിക്കുന്നതുപോലെ സംസാരിച്ചു എന്നു കുറ്റപ്പടുത്തുന്നവരുണ്ട്. സീതയുടെ വാക്കുകളിലൂടെ വാല്മീകി അങ്ങനെതന്നെ വ്യക്തമാക്കുന്നുമുണ്ട്. എന്താണിവിടെ സംഭവിച്ചത്? രാമന്റെ മഹത്ത്വത്തിന് ഇടിവുസംഭവിക്കുന്ന ഇത്തരം മനോഭാവം തുറന്നുപ്രകടിപ്പിക്കാന്‍ കവി തയ്യാറായതതെന്തുകൊണ്ട്? സത്യത്തില്‍ മനുഷ്യമനസ്സിന്റെ നിഗൂഢവും അജ്ഞാതവുമായ ലോകങ്ങളെ കവി കാട്ടിത്തരികയാണു ചെയ്യുന്നത്. പുരുഷന്‍ സ്വന്തം സ്ത്രീയെ സംബന്ധിച്ച് എക്കാലത്തും എവിടെയും സ്വാര്‍ഥനും സങ്കുചിതനുമാണ്. സ്വന്തം ഭാര്യയെ മറ്റൊരുവന്‍ സൂക്ഷിച്ചുനോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാണ് ഭര്‍ത്താക്കന്‍മാരില്‍ അധികംപേരും എന്നകാര്യം ആര്‍ക്കാണറിയാത്തത്.

ഫ്രോയിഡ്, ഹാവ്‌ലോക്ക് എല്ലിസ് തുടങ്ങിയവരുടെ മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ രാമന്റെ മനോഭാവത്തെ വിശകലനംചെയ്യാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവുമോ? പുരുഷന്റെ മനസ്സുകളില്‍ അവന്‍പോലുമറിയാതെ ഒരു 'രാമന്‍ഭര്‍ത്താവ്' ഒളിച്ചിരിക്കുന്നുവെന്നതല്ലേ ശരി? പതിവ്രതയാണെന്നു ബോധ്യമുണ്ടെങ്കില്‍പ്പോലും മറ്റൊരുവന്റെ വീട്ടില്‍ പാര്‍ത്തവളെ സംശയത്തോടുകൂടിമാത്രമേ ഭര്‍ത്താവിനു നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. സാര്‍വലൗകികവും സാര്‍വജനീനവുമായ ഒരു മഹാസത്യത്തെ ശ്രീരാമചന്ദ്രനിലൂടെ വെളിപ്പടുത്തുന്ന മഹാകവി മനുഷ്യമനസ്സറിഞ്ഞവന്‍തന്നെ!



Buy Ramayanam

 

ga