പ്രതിക്കൂട്ടില്‍ ദശരഥനും കൈകേയിയും

തുറവൂര്‍ വിശ്വംഭരന്‍ Posted on: 31 Jul 2015

രാമായണം ജീവിതസാരാമൃതം

കൈകേയിയെ വിവാഹംചെയ്തതിലും വരം കൊടുത്തതിലും ദശരഥന്‍ അപരിഹാര്യമായി പശ്ചാത്തപിച്ചു. രാജാവും രാജകുടുംബവും കുടുംബാംഗങ്ങളോടുള്ളതിനെക്കാള്‍ പ്രജകളോടാണു ബന്ധപ്പെട്ടിരിക്കുന്നത്. കുടുംബത്തിലെ ഒരു വ്യക്തി സ്വാര്‍ഥതാപ്രേരണയാല്‍, രാജാവിനെയും പാരമ്പര്യ പ്രജാപരിപാലനനിയമത്തെയും അതിലംഘിക്കുമ്പോള്‍ അത് രാജ്യദ്രോഹവും പ്രജാനിന്ദയുമാണ്. കൈകേയിയുടെ അമ്മ രാജാവായ അശ്വപതിയെ ദുശ്ശാഠ്യംമൂലം നിന്ദിച്ചപ്പോള്‍ അദ്ദേഹം അവരെ നാടുകടത്തുകയാണുണ്ടായത്. രാജധര്‍മമാണ് രാജാവിനു മുഖ്യം; അല്ലാതെ ഭര്‍തൃധര്‍മമല്ല. ഭര്‍തൃധര്‍മം രാജധര്‍മത്തിനു വിരുദ്ധമല്ലെങ്കില്‍ മാത്രമേ രാജാവതു സ്വീകരിക്കാവൂ. രാജാവിനെയും പ്രജകളെയും പാരമ്പര്യത്തെയും സ്വപുത്രനുവേണ്ടി നിരാകരിച്ച കൈകേയി കഠിനമായ ശിക്ഷയാണര്‍ഹിക്കുന്നത്. മൂത്തപുത്രന്‍ കൗസല്യയില്‍ ജനിച്ചതോടുകൂടി ദശരഥദത്തമായ വരങ്ങള്‍ അപ്രസക്തമായി. അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ എം.എല്‍.എ.യുടെയും എം.പി.യുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും അധികാരവും സ്വയം നഷ്ടപ്പെടുന്നതുപോലെയാണിത്.

സത്യവതിയിലുണ്ടാകുന്ന മൂത്തപുത്രന് രാജ്യം ലഭിക്കണമെന്ന ദാശരാജാവിന്റെ ദുരാഗ്രഹം ശന്തനു ആദരിക്കുകയുണ്ടായില്ല. ഭീഷ്മര്‍ ഇടപെട്ടാണ് അതു പിന്നീട് വഷളാക്കിയത്. സത്യവതിയില്‍ ശന്തനുവിന് ജനിച്ച പുത്രന്മാര്‍ പ്രജാപരിപാലനധര്‍മം അനുഷ്ഠിക്കാതെ അന്തരിക്കുകയാണുണ്ടായത്. ഭീഷ്മരുടെ രാജ്യത്യാഗവും ദാമ്പത്യത്യാഗവും ത്യാഗത്തിന്റെ പൊരുളറിയാത്ത, ഒരു യുവാവിന്റെ കുലംമുടിച്ച സാഹസികതയായിരുന്നു.

തന്റെ മൂത്തപുത്രന്‍, ഭീഷ്മര്‍ അവകാശിയായി ഉണ്ടായിരുന്നതുകൊണ്ടാണ് ശന്തനു ദാശരാജാവിനെ അനുകൂലിക്കാഞ്ഞത്. ആ രാഷ്ട്രീയബുദ്ധി, ധര്‍മബോധം എന്തുകൊണ്ടാണ് ദശരഥനു തോന്നാഞ്ഞത്?

കൈകേയിയെ എതിര്‍ത്തില്ലെങ്കിലും രാമനോട് കാട്ടില്‍ പോകരുതെന്നും തന്നെ കാരാഗൃഹത്തിലടച്ചിട്ട് രാജ്യം വാഴണമെന്നും ദശരഥന്‍ അപേക്ഷിച്ചു. രാമന്‍ അച്ഛന്റെ വരവാഗ്ദാനം പാലിക്കുകയല്ല; അച്ഛന്റെ വാക്കുകള്‍ നിരസിക്കുകയാണു ചെയ്തത്. കാമാസക്തിയുടെ അന്ധതകൊണ്ട് ധര്‍മബോധത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ ദശരഥന്റെ വാക്കുകള്‍ രാമന്‍ അന്തഃസ്മിതത്തോടെ തള്ളിക്കളയുകയായിരുന്നു. അച്ഛന്റെ അകാലകാമത്തിന് കാമുകിയിലേക്കുള്ള വഴിയില്‍ വിളക്കുപിടിച്ചുകൊടുക്കുകയല്ല പുത്രധര്‍മം. ഇതാണ് ഭീഷ്മരും രാമനും തമ്മിലുള്ള വ്യത്യാസം.



Buy Ramayanam

 

ga