ലക്ഷണമൊത്ത ദുരന്തനായകന്‍
രാമായണം യഥാര്‍ഥത്തില്‍ രാവണായനം കൂടിയാണ്. സ്വന്തം ദുരന്തത്തിലേക്ക് സ്വയം നടന്നുനീങ്ങിയ ധീരനായ യാത്രികനായിരുന്നു രാവണന്‍. ''നിന്‍ തിരുവടിതന്നെ മര്‍ത്യനായ് പിറന്നിനി പംക്തികന്ധരന്‍ തന്നെ കൊല്ലണം ദയാനിധേ'' എന്ന ബ്രഹ്മാവിന്റെ അപേക്ഷയനുസരിച്ചാണ് വിഷ്ണുവിന്റെ രാമാവതാരം. രാവണനിഗ്രഹം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് രാമായണകഥ തന്നെ. അപ്പോള്‍ രാമനെപ്പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന കഥാപാത്രമാണ് രാവണന്‍. രാമന്‍ ധര്‍മ മൂര്‍ത്തിയാണെങ്കില്‍ രാവണന്‍ അധര്‍മമൂര്‍ത്തിയാണെന്നാണ് വെപ്പ്. പക്ഷേ, ഒരു ദുരന്തനായകനുവേണ്ട എല്ലാ ലക്ഷണങ്ങളുമൊത്ത കഥാപാത്രമായി രാവണനെ കണക്കാക്കുന്നതില്‍ യാതൊരു തെറ്റുമില്ല. പൂര്‍ണമായും ധര്‍മത്തിന്റെയോ അധര്‍മത്തിന്റെയോ പക്ഷത്ത് നിര്‍ത്താന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ഇല്ലായെന്നുതന്നെ പറയാം. ''പാലസ്ത്യതനയാനം രാവണന്‍ തന്നാലിപ്പോള്‍ ത്രൈലോക്യം തന്നെ നശിച്ചു'' എന്നാണ് ദേവന്മാരുടെ പരാതി. അപ്പോള്‍ അത്രമേല്‍ ശക്തനും വീരശൂരപരാക്രമശാലിയുമാണ് രാവണന്‍ എന്നര്‍ഥം. കൈലാസമെടുത്ത് അമ്മാനമാടിയതും കുബേരനില്‍നിന്ന് വിമാനം നേടിയതും അങ്ങനെ രാവണന്റെ പരാക്രമങ്ങള്‍ എത്രയെത്ര! അത്രമേല്‍ ഉന്നതത്തില്‍ വര്‍ത്തിക്കുന്ന ആ കഥാപാത്രം രാമസായകമേറ്റ് മരിക്കണം എന്ന ഇച്ഛ നടപ്പാക്കുകയായിരുന്നു. സഹോദരിയായ ശൂര്‍പ്പണഖയില്‍നിന്ന് രാമവൃത്താന്തം കേള്‍ക്കുമ്പോള്‍ രാവണന്‍ ചിന്തിച്ചുറപ്പിക്കുന്നു.

വിദ്വോഷ ബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുള്ളൂ
ഭക്തി കൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.
തുടര്‍ന്ന് ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള രാവണന്റെ കരുനീക്കങ്ങള്‍ വളരെ ബുദ്ധിപൂര്‍വമായിരുന്നു.
''മര്‍ത്യനായ് പിറന്നെന്നെക്കൊല്ലുവാന്‍
ഭവിച്ചതു സത്യസങ്കല്പനായ ഭഗവാന്‍
താനെങ്കിലോ, പിന്നെ
യവ്വണ്ണമെല്ലെന്നാക്കുവാനാളാരെടോ?'' എന്ന് മാരീചനോട് ചോദിക്കുന്നിടത്ത് രാവണനെന്ന ജ്ഞാനിയെ തന്നെയാണ് നമുക്ക് കാണാന്‍ സാധിക്കുക. ലോകത്തില്‍ നല്ലതെല്ലാം തനിക്ക് അവകാശപ്പെട്ടതാണെന്ന നീതിബോധമാണ് രാവണന്റെ സ്വഭാവത്തിലെ കറുത്തവശം.
''ശിരസ്സിമമലിഖിതമിഹ മരണസമയം ദൃഢം
ചിന്തിച്ചുകണ്ടാലതിനില്ല ചഞ്ചലം'' എന്ന ധൈര്യത്തോടെ ആ വിധി ഏറ്റുവാങ്ങാന്‍ സ്വയം വഴിയൊരുക്കുന്ന രാവണന്‍ നമ്മുടെ ആദരവ് പിടിച്ചുപറ്റാതിരിക്കില്ല. സഹോദരന്മാരായ കുംഭകര്‍ണനും വിഭീഷണനും വരാനിരിക്കുന്ന ആപത്ത് ചൂണ്ടിക്കാണിച്ചിട്ടും രാവണന്‍ കുലുങ്ങുന്നില്ല. ചന്ദ്രഹാസമിളക്കി ഭീഷണിപ്പെടുത്തി വിഭീഷണനെ രാമന് സഹായിയായി വിട്ടുകൊടുക്കുകയാണ് രാവണന്‍ ചെയ്തത്. മുത്തച്ഛനായ മാല്യവാന്റെ ഹിതോപദേശവും രാവണന്‍ ചെവിക്കൊണ്ടില്ല. മക്കളും സഹോദരനുമൊക്കെ മരണത്തിന് കീഴടങ്ങുന്നതും മണ്ഡോദരിയെ വാനരന്മാര്‍ ഉപദ്രവിക്കുന്നതും ലങ്കാനാരിമാരെല്ലാം മരിച്ചവരെച്ചൊല്ലി രാവണനെ പഴിപറഞ്ഞ് കരയുന്നതുമൊക്കെ നിസ്സഹായനായി രാവണന് കണ്ടുനില്‍ക്കേണ്ടിവന്നു. ഏഴുദിവസംനീണ്ട, രാമനുമായുള്ള പോരാട്ടത്തിനൊടുവില്‍ വീരോചിതമായ രീതിയില്‍ രാമാസ്ത്രമേറ്റ് രാവണന്‍ ഭൂമിയില്‍ മരിച്ചുവീണു. ജീവിതംപോലെതന്നെ മരണംകൊണ്ടും രാവണന്‍ തന്റെ മഹത്ത്വത്തിന് മാറ്റുകൂട്ടി.