ഉടല്‍പൂണ്ട ധര്‍മംപോലെ വിളങ്ങുന്ന ശ്രീരാമദേവന്‍ അയോധ്യാനാഥനായി പ്രജാഹിതരതനായി വാണരുളി. വസിഷ്ഠന്‍ തുടങ്ങിയ ബ്രഹ്മര്‍ഷിമാരും ജ്ഞാനവൃദ്ധരായ അമാത്യന്മാരും അഗ്നിതേജസ്സാര്‍ന്ന പുരോഹിതന്മാരും രാമസദസ്സിനെ അലങ്കരിച്ചു. യജ്ഞവേദിയിലെ അഗ്നിത്രയംപോലെ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാര്‍ രാമനെ പരിസേവിച്ചു. പുരാണജ്ഞന്മാരും തപഃസ്വധ്യായനിരതരുമായ മഹര്‍ഷീശ്വരന്മാര്‍ പുണ്യകഥകള്‍ പറഞ്ഞ് ഏവരെയും ആനന്ദിപ്പിച്ചുകൊണ്ടിരുന്നു. ഏതോ കഥ പറയുന്നതിനിടയില്‍ ശ്രീരാമദേവന്‍ പെട്ടെന്നു ചോദിച്ചു: 'നാട്ടിലും നഗരത്തിലും എന്തൊക്കെ വര്‍ത്തമാനങ്ങള്‍? എന്നെപ്പറ്റി പ്രജകള്‍ എന്തു പറയുന്നു? എന്റെ വീരസോദരന്മാരെപ്പറ്റി എന്തു പറയുന്നു?'

ശ്രീരാമചന്ദ്രന്റെ ചോദ്യംകേട്ട് ഭദ്രന്‍ പറഞ്ഞു: 'മഹാരാജന്‍, എല്ലാവരും അങ്ങയെ വാഴ്ത്തിപ്പാടുന്നു. രാവണനെ പോരില്‍വെന്ന കഥ വര്‍ണിച്ചു വര്‍ണിച്ച് അവര്‍ നേരം പോക്കുന്നു.' 'ഭദ്ര, നീ പറഞ്ഞതൊക്കെ കേട്ടു. നീ എല്ലാം പറഞ്ഞുകഴിഞ്ഞോ? നന്മയും തിന്മയും ഒന്നും മറച്ചുവയ്ക്കാതെ പറയണം. കേള്‍ക്കട്ടെ.' ഭദ്രന്‍ പറഞ്ഞു: 'തിരുമേനി വീണ്ടും വീണ്ടും ചോദിക്കുന്നതുകൊണ്ടു മാത്രം പറയുകയാണ്. അപ്രിയം തോന്നരുതേ, അവിടുത്തെ അത്ഭുതകര്‍മങ്ങള്‍ വാഴ്ത്തുന്നതിനിടയില്‍ ദേവിയുടെ കാര്യത്തില്‍ അവര്‍ ചില ശങ്കകള്‍ ഉന്നയിക്കുന്നു. 'ദേവിയെ മഹാദുഷ്ടനായ രാവണന്‍ മടിയിലെടുത്തുവെച്ചു കൊണ്ടുപോയി. അശോകവനികയില്‍ അടിമയെപ്പോലെ പാര്‍പ്പിച്ചു. എന്നിട്ടും ശങ്കകൂടാതെ തിരിയെ സ്വീകരിച്ചു. ഇങ്ങനെയാണെങ്കില്‍ മറ്റൊരാളുടെ ഭവനത്തില്‍ ഏറെനാള്‍ പാര്‍ത്താലും നമുക്കും നമ്മുടെ ഭാര്യമാരെ പൊറുപ്പിക്കേണ്ടി വരുമല്ലോ. രാജാവ് കാണിക്കുന്നതല്ലേ പ്രജകള്‍ക്കു മാതൃക?' ഇങ്ങനെ ചിലര്‍ കുറേശ്ശെ മന്ത്രിക്കുന്നുണ്ട്.'
പെട്ടെന്ന് രാമന്റെ മുഖം വാടി. 'ഇതു ശരിയോ, ഇക്കേട്ടതു ശരിയോ?' എന്ന് ചുറ്റുമിരുന്ന മിത്രങ്ങളോട് ഉത്കണ്ഠയോടെ ചോദിച്ചു.
'പ്രഭോ, വാസ്തവമാണ്' അവര്‍ പറഞ്ഞു. താപത്തില്‍ മുങ്ങിയ ആ പരന്തപന്‍ സദസ്യരെ മുഴുവന്‍ പറഞ്ഞയച്ച് ചിന്താധീനനായി കുറേ നേരം ഇരുന്നു. അനന്തരം മൂന്നു സോദരന്മാരെയും കൂട്ടിക്കൊണ്ടുവരാന്‍ ഭൃത്യന്മാരെ നിയോഗിച്ചു. അവര്‍ എത്തി. സാഗരത്തില്‍ മറയുന്ന സൂര്യനെപ്പോലെയും വാടിത്തളര്‍ന്ന താമരപ്പൂ പോലെയും വിഷണ്ണമായ ആ തിരുമുഖം കണ്ട് അവര്‍ വല്ലാതെ പരിഭ്രാന്തരായി. കുടുകുടെ ഒഴുകുന്ന കണ്ണീരോടെ രാമന്‍ അനുജന്മാരെ ഓരോരുത്തരെയായി ആലിംഗനം ചെയ്തു. 'പ്രാണാധികപ്രിയരായ എന്റെ അനുജന്മാരെ, നിങ്ങള്‍ അതിബുദ്ധിമാന്മാരാണ്. നിങ്ങള്‍ ഗാഢമായി ആലോചിച്ച് ഇതിനു പരിഹാരമുണ്ടാക്കണം.' സീതയെപ്പറ്റി കേട്ട കഥ, രാമന്‍ അവരോടു പറഞ്ഞു: 'എന്റെ സീത പതിവ്രതാരത്‌നമാണെന്നുള്ളതിനെപ്പറ്റി എനിക്കു സംശയമില്ല. അന്ന് അഗ്നിദേവന്‍ തന്നെ പ്രത്യക്ഷനായി പറഞ്ഞതാണ് സീത നിര്‍ദോഷയാണെന്ന്. വായുദേവനും അങ്ങനെ തന്നെ പറഞ്ഞു. അര്‍ക്കചന്ദ്രന്മാരും ദേവഗന്ധര്‍വന്മാരും പറഞ്ഞു, നിങ്ങള്‍ ഇതൊക്കെ കണ്ടതാണല്ലോ. കേട്ടതുമാണ്. പക്ഷേ, നാട്ടുകാര്‍ക്കു ശങ്കയുണ്ടെങ്കില്‍ അത് അവഗണിക്കാന്‍ പാടില്ല. മഹാത്മാക്കള്‍ക്ക് സദ്യശസ്സ് സര്‍വധനത്തിലും വലുതാണ്. ദുഷ്‌കീര്‍ത്തി നേടിയവനെ ദേവന്മാരും നിന്ദിക്കും. ചീത്തപ്പേരില്ലാതാക്കാന്‍ എന്റെ പ്രാണനെയും നിങ്ങളെത്തന്നെയും ത്യജിക്കാന്‍ ഞാന്‍ ഒരുക്കമാണ്. പിന്നെയാണോ ഈ ജനകപുത്രി? പ്രിയകുമാരന്മാരെ, എന്നെ ഈ കൊടിയ ദുഃഖത്തില്‍ നിന്നു കരയേറ്റുക.'
അനുജന്മാര്‍ ഒരക്ഷരവും പറയാതെ പരസ്പരം നോക്കി നിന്നതേയുള്ളൂ. രാമന്‍ തുടര്‍ന്നു-'ശരി, ഞാന്‍ തീരുമാനം ചെയ്തുകഴിഞ്ഞു. ലക്ഷ്മണാ, സുമന്ത്രരോടു പറയൂ നാളെ കാലത്ത് തേര്‍ കൊണ്ടുവരാന്‍. അതില്‍ സീതയെക്കയറ്റി അയോധ്യയുടെ അതിര്‍ത്തിക്കപ്പുറം വിടൂ. അവിടെ ഗംഗയുടെ മറുകരെ, തമസയുടെ തീരത്ത്. വാല്മീകി മഹര്‍ഷിയുടെ പാവനമായ ആശ്രമമുണ്ട്. ആശ്രമപ്രാന്തത്തില്‍ സീതയെ ഉപേക്ഷിച്ചിട്ടു പോരൂ. നിനക്കു സ്വസ്തി. നീ ഒന്നും മറുത്തു പറയേണ്ട; ഒന്നും ചിന്തിക്കയും വേണ്ട. പോയിവരൂ. എന്നോടു സീതയെപ്പറ്റി അനുനയവാക്കുകളൊന്നും പറയില്ലെന്ന് എന്റെ കാല്‍തൊട്ടു സത്യം ചെയ്യൂ-നിങ്ങളെല്ലാവരും. മറുത്തു പറയുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ശത്രുക്കളായി കാണും. അങ്ങനെ ആകട്ടെ, ഇന്നുതന്നെ അവള്‍ എന്നോട് അപേക്ഷിക്കയും ചെയ്തിരുന്നു. ഗംഗാതീരത്തുള്ള പുണ്യാശ്രമങ്ങള്‍ കാണണമെന്ന്.'
ഇത്രയും പറഞ്ഞശേഷം രാമന്‍ നെടുവീര്‍പ്പോടെ അകത്തളത്തിലേക്കു പോയി.
നിയോഗപ്രകാരം ലക്ഷ്മണന്‍ സുമന്ത്രരോടു കാര്യങ്ങള്‍ പറഞ്ഞു. സുമന്ത്രര്‍ പൂമെത്ത വിരിച്ച പള്ളിത്തേര്‍ കൊണ്ടുവന്നു. സൗമിത്രി അന്തഃപുരത്തിലെത്തി സീതാദേവിയെ വന്ദിച്ചുകൊണ്ടു പറഞ്ഞു: 'ദേവി ആഗ്രഹിച്ചപ്രകാരം ഗംഗാതീരത്തുള്ള പുണ്യാശ്രമങ്ങള്‍ കാണാന്‍ ജ്യേഷ്ഠന്‍ സമ്മതിച്ചിരിക്കുന്നു. എന്നെയാണ് അതിന് നിയോഗിച്ചിരിക്കുന്നത്.'
വൈദേഹിക്ക് ആ വാക്കുകള്‍ കേട്ടപ്പോള്‍ ദേഹത്തില്‍ കുളിര്‍കോരിയിട്ടു. രത്‌നാഭരണങ്ങളും പട്ടുവസ്ത്രങ്ങളുമെടുത്ത് ദേവി യാത്രയ്‌ക്കൊരുങ്ങി. ദേവി പറഞ്ഞു: 'കുമാരാ, ഇവയൊക്കെ എന്തിനെടുത്തെന്നോ? മുനിപത്‌നിമാര്‍ക്ക് ഇവ ദാനംചെയ്യണമെന്നാണ് എന്റെ ആഗ്രഹം.'
'നല്ലത്.' എന്നു മാത്രം പറഞ്ഞ് ലക്ഷ്മണന്‍ ദേവിയെ രഥത്തിലേറ്റി.
'കുമാരാ, എന്തൊക്കെയോ അമംഗളങ്ങള്‍ കാണുന്നുണ്ട്. എന്റെ വലംകണ്ണു തുടിക്കുന്നു; ദേഹം വിയര്‍ക്കുന്നു. വല്ലാത്ത ഒരുത്കണ്ഠ എന്നെ പിടികൂടിയിരിക്കുന്നു. ആര്യപുത്രന് എന്റെ ഈ യാത്രയെപ്പറ്റി അപ്രീതിയൊന്നുമുണ്ടായിട്ടില്ലല്ലോ. ശ്വശ്രുക്കളില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടോ? എനിക്കു വലിയ അധൈര്യം തോന്നുന്നു.'
തള്ളിപ്പെരുകിവരുന്ന അഴലിനെ ഉള്ളിലൊതുക്കിക്കൊണ്ട് 'എല്ലാം ശുഭംതന്നെ' എന്നു മാത്രം പറഞ്ഞ് ലക്ഷ്മണന്‍ മൗനം ഭജിച്ചു.
കുതിരകള്‍ വായുവേഗത്തില്‍ കുതിച്ചു. സായാഹ്നമാകാറായപ്പോള്‍ രഥം ഗംഗാതീരത്തെത്തി. ഗംഗാതീര്‍ഥം കണ്ടപ്പോള്‍ ലക്ഷ്മണന്റെ ദുഃഖം ചിറപൊട്ടി പുറപ്പെട്ടു. ധീരനായ കുമാരന്‍ പൊട്ടിക്കരയുകതന്നെചെയ്തു. ധര്‍മജ്ഞയായ സീത വല്ലാതെ പരിഭ്രമിച്ചു. 'കുമാരാ, എന്താണിങ്ങനെ ഈ ഹര്‍ഷപ്രദമായ വേളയില്‍ കേഴുന്നത്? ഞാന്‍ എത്ര ആഗ്രഹിച്ചതാണ് ഈ പരിപാവനസ്ഥാനം ഒന്നുകൂടി കാണാന്‍. ജ്യേഷ്ഠന്റെ അടുത്തുനിന്ന് രണ്ടു ദിവസത്തേക്കു വേര്‍പെട്ടു നില്ക്കുന്നതിനാലാണോ അനുജന് ഈ ദുഃഖം? ജീവാധിപ്രിയതമനായ രഘുവരന്റെ വേര്‍പാടില്‍ ഞാന്‍പോലും ഇത്രയേറെ ദുഃഖിക്കുന്നില്ലല്ലോ. അനുജന്‍ എന്തുകൊണ്ടാണ് ഇങ്ങനെ ബാലിശത്വം കാട്ടുന്നത്? നമുക്കു ഗംഗ കടക്കാം. എനിക്ക് മാമുനിമാരുടെ ആശ്രമം കാട്ടിത്തരൂ. അവര്‍ക്ക് വസ്ത്രാദികള്‍ ദാനംചെയ്തശേഷം ഒരു രാത്രി അവരോടൊപ്പം ശാന്തമായി പാര്‍ക്കണം. പിറ്റേന്ന് അയോധ്യയിലേക്കു നമുക്കു മടങ്ങാം. പദ്മപത്രാക്ഷനും രമ്യശീലനുമായ രാമനെക്കാണാന്‍ എനിക്കും തിടുക്കമായി.'
സീതയുടെ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ കണ്ണു തുടച്ചു. അനന്തരം തോണിക്കാരനെ വിളിച്ചു. തോണി എത്തി. സീതയും ലക്ഷ്മണനും തോണിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ സുമന്ത്രര്‍ രഥത്തിലിരുന്നുകൊണ്ടു പറഞ്ഞു: 'അല്പനേരംകൂടി നില്‍ക്കണേ!'
ലക്ഷ്മണന്‍ അതു കേട്ടതായി ഭാവിക്കാതെ തോണിക്കാരനോടു തോണി നീക്കാന്‍ പറഞ്ഞു.
അവര്‍ ഭാഗീരഥിയുടെ മറുകരയിലെത്തി. ആസന്നമാകാന്‍ പോകുന്ന ഭയങ്കര മുഹൂര്‍ത്തത്തെപ്പറ്റി ഓര്‍മിച്ച് ലക്ഷ്മണന്റെ ഇടനെഞ്ചു വീണ്ടും പൊട്ടി. കുമാരന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു: 'അമ്മേ ദേവീ, എന്നോടു ക്ഷമിക്കണമേ! ധീമാനായ ജ്യേഷ്ഠന്‍ എന്റെ ഉള്ളില്‍ ക്രൂരമായ ഒരമ്പ് തറച്ചുവിട്ടിരിക്കുന്നു. ഇക്ഷണം മരണം എന്നെ അനുഗ്രഹിച്ചെങ്കില്‍ നന്നായിരുന്നു. സര്‍വലോകനിന്ദ്യമായ ഈ കര്‍മം എങ്ങനെ നിര്‍വഹിക്കുമെന്ന് ഞാനറിയുന്നില്ല. ശോഭനശീലേ, എന്നോടു പൊറുക്കേണമേ.'
ഇത്രയും പറയുമ്പോഴേക്ക് സൗമിത്രി ദീനനായി ഭൂമിയില്‍ പതിച്ചുകഴിഞ്ഞു. മൃത്യുവാഞ്ഛയോടെ കേഴുന്ന ലക്ഷ്മണകുമാരനെക്കണ്ട് സീതാദേവി സംഭ്രമിച്ചു. 'അനുജാ, എന്താണിത്? എന്തു സംഭവിച്ചു? എല്ലാം തുറന്നുപറയൂ. എന്താണ് ഈ അഴലിന്റെ കാരണം? ഞാന്‍ ആജ്ഞാപിക്കുന്നു. സത്യം പറയൂ.'
ദേവിയുടെ കല്പന കേട്ടപ്പോള്‍ കുമാരന് തെല്ലൊരാശ്വാസമായി. ധാരധാരയായി കണ്ണീരൊഴുക്കിക്കൊണ്ട് ലക്ഷ്മണന്‍ പറഞ്ഞു, 'ദേവീ, നാട്ടിലും നഗരത്തിലും അവിടുത്തെപ്പറ്റി ആളുകള്‍ അപവാദം പറയുന്നതായി ജ്യേഷ്ഠനറിഞ്ഞിരിക്കുന്നു. പൗരാപവാദഭീതനായ അദ്ദേഹത്തിന് അത് ഇടിവെട്ടേറ്റപോലെ ഞെട്ടലുണ്ടാക്കി. ജ്യേഷ്ഠന്‍ എന്നോടാജ്ഞാപിച്ചു, നിര്‍ദോഷയായ എന്റെ ജ്യേഷ്ഠത്തിയെ ഉപേക്ഷിക്കാന്‍. ഗംഗാതീരത്തുള്ള പുണ്യാശ്രമങ്ങളുടെ പ്രാന്തത്തില്‍ ഗര്‍ഭിണിയായ ദേവിയെ ഉപേക്ഷിച്ചുപോരാന്‍ അവിടുന്ന് എന്നോടു കല്പിച്ചു. ഇവിടെ അച്ഛന്‍തിരുമേനിയുടെ സുഹൃത്തും ബ്രഹ്മര്‍ഷിവര്യനുമായ വാല്മീകിയുടെ പുണ്യാശ്രമമുണ്ട്. ആ മഹാത്മാവിന്റെ പാദഛായയില്‍ ദേവിക്ക് സുഖമായി വാഴാം. ഇവിടെ, ഏകാഗ്രചിത്തയായി, വ്രതാനുഷ്ഠാനങ്ങളോടെ, രാമനെ തന്നെ ചിന്തിച്ചുകൊണ്ടു വസിക്കാം. ദേവിക്ക് പരമമായ ശ്രേയസ്സുണ്ടാകും.'
ലക്ഷ്മണകുമാരന്റെ ദാരുണമായ വാക്കുകള്‍ കേട്ട് സീത ഭൂമിയില്‍ വിണു. കുറേനേരം കരഞ്ഞു. പിന്നെ മെല്ലെ എഴുന്നേറ്റിരുന്നു. 'ലക്ഷ്മണാ, എന്റെ ഈ ശരീരം ബ്രഹ്മാവു സൃഷ്ടിച്ചതുതന്നെ ദുഃഖം സഹിക്കാന്‍ മാത്രമായിട്ടാണ്.1 പൂര്‍വജന്മത്തില്‍ ഞാന്‍ എന്തു മഹാപാപമാണാവോ ചെയ്തത്? ഞാന്‍ ആര്‍ക്കോ ഭാര്യാവിയോഗം വരുത്തിയിട്ടുണ്ടാവാം. പണ്ട് ദണ്ഡകാരണ്യത്തില്‍ പതിചരണ ശുശ്രൂഷമാത്രം വ്രതമാക്കി ഞാന്‍ ജീവിച്ചു. അന്ന് ഒട്ടും ദുഃഖം എനിക്ക് അനുഭൂതമായില്ല. സൗമ്യനായ ലക്ഷ്മണാ, ഇപ്പോള്‍ ഞാനിതെങ്ങനെ സഹിക്കും? ഈ ആശ്രമങ്ങളില്‍ ഒറ്റയ്ക്കു താമസിക്കാന്‍ വിധിക്കപ്പെട്ട ഞാന്‍ ആരോട് എന്റെ ദുഃഖം പറയും? എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചതെന്തിനെന്ന് ചോദിക്കുന്ന ഋഷിമാരോട് ഞാന്‍ എന്തു മറുപടി പറയും? ഈ തീര്‍ഥത്തില്‍ ജീവന്‍ ത്യജിക്കാനും ഇപ്പോള്‍ എനിക്കു വയ്യല്ലോ. എന്റെ ഭര്‍ത്താവിന്റെ വംശം അതോടെ ഇല്ലാതാകുമല്ലോ. ഭവാന്‍ കല്പന അനുസരിക്കൂ. പോയി അമ്മമാരോട് എന്റെ കുശലാന്വേഷണമറിയിക്കൂ. എന്റെ വാക്കുകളായിട്ട് മഹാഭാഗനായ ശ്രീരാമനോടിങ്ങനെ പറയൂ. 'പ്രഭോ, ഈ ജനകാത്മജ പരിശുദ്ധയാണെന്ന വാസ്തവം അങ്ങേയ്ക്കറിയാമല്ലോ. അപവാദഭയംകൊണ്ടാണ് അവിടുന്നെന്നെ വെടിഞ്ഞത്. അവിടുത്തെ കീര്‍ത്തി സംരക്ഷിക്കേണ്ടത് എന്റെയും ധര്‍മമാണ്, ഞാനതിനെ രക്ഷിക്കും.'
ഇത്രയുംകൂടി പറയൂ: 'അനുജന്മാരെ എന്നപോലെ പൗരന്മാരെ കരുതുക. ധര്‍മം ജയിക്കട്ടെ. എന്റെ ശരീരത്തിന്റെ നിലനില്പിനെപ്പറ്റി എനിക്ക് അശേഷം വ്യഥയില്ല. കുമാരാ, പൂര്‍ണഗര്‍ഭിണിയായ എന്നെ നന്നായി നോക്കിയശേഷം നീ ധൈര്യമായി പോകൂ.'
ഈ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ ദീനചേതനനായി വെറുംനിലത്തു തലയിട്ടുരുട്ടിക്കൊണ്ട് അല്പനേരം കിടന്നു. പിന്നെ എഴുന്നേറ്റ് ദേവിയെ പ്രദക്ഷിണം ചെയ്തു. പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: 'അവിടുത്തെ പാദമല്ലാതെ ആ രൂപം ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. രാമനെ പിരിഞ്ഞ ഈ തിരുവുടല്‍ ഞാനെങ്ങനെ നോക്കിക്കാണും?' വീണ്ടും കാല്‍ക്കല്‍വീണ് നമസ്‌കരിച്ച ശേഷം തോണിയില്‍ കയറി ഉടന്‍തന്നെ തോണി തുഴയാന്‍ കല്പിക്കുകയും ചെയ്തു. അക്കരെയെത്തി ശോകഭാരത്താല്‍ ചേതനയറ്റവനെപ്പോലെ രഥത്തില്‍ കയറി ഇരുന്നു. കുതിരകള്‍ അതിവേഗം പാഞ്ഞു. അനാഥയെപ്പോലെ ഗംഗാതീരത്തു ചുറ്റിത്തിരിയുന്ന സീതാദേവിയെ വീണ്ടും വീണ്ടും ലക്ഷ്മണന്‍ തിരിഞ്ഞുനോക്കി. ലക്ഷ്മണന്റെ തേര്‍ കണ്ണില്‍നിന്നു മറയുംവരെ ദുഃഖപരായണയായ സീതയും നോക്കിനിന്നു. പിന്നീട് കേഴുന്ന മയില്‍പ്പേടയെ പോലെ നാഥനെ വിളിച്ച് അവള്‍ ഉറക്കെക്കരഞ്ഞു.
ആശ്രമസവിധത്തില്‍ നിന്നു കേഴുന്ന സീതാദേവിയെ ചില മുനികുമാരന്മാര്‍ കണ്ടു. അവര്‍ വേഗം ഉഗ്രധീമാനായ വാല്മീകി മഹര്‍ഷിയുടെ അടുക്കല്‍ച്ചെന്നു വിവരം പറഞ്ഞു: 'ഭഗവന്‍, ദേവതയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ശോകതപ്തയായി അവിടെ നില്ക്കുന്നു. അനാഥയാണെന്നും തോന്നുന്നു. രക്ഷിക്കണേ!'
മുനിപുംഗവന്‍ അല്പനേരം കണ്ണടച്ചു ധ്യാനിച്ചു. ഉള്‍ക്കണ്ണുകൊണ്ട് എല്ലാം കണ്ട മുനി അത് ജനകപുത്രിയും ദശരഥസ്‌നുഷയും ശ്രീരാമപത്‌നിയുമായ സീതാദേവിയാണെന്നും ശ്രീരാമനാല്‍ പരിത്യക്തയാണെന്നും അറിഞ്ഞു. അര്‍ഘ്യവുമെടുത്തുകൊണ്ട് അങ്ങോട്ടുചെന്ന് വൈദേഹിയോടു പറഞ്ഞു: 'വത്സേ, നിന്റെ വാസ്തവമെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു. നീ നിര്‍ദോഷയാണെന്നും എനിക്കറിയാം. എന്റെ ശിഷ്യകള്‍ അനേകം ഈ ആശ്രമത്തില്‍ വസിക്കുന്നുണ്ട്. അവര്‍ നിന്നെ സ്വപുത്രിയെപ്പോലെ സംരക്ഷിക്കും. ഇതാ അര്‍ഘ്യം. ദുഃഖമൊതുക്കൂ. സ്വന്തം വീട്ടിലെത്തിയതുപോലെ വിചാരിച്ചുകൊള്ളൂ.'
അമൃതമയമായ ഈ വാക്കുകള്‍ കേട്ട് രോമാഞ്ചംപൂണ്ട സീത മുനിപാദത്തില്‍ നമസ്‌കരിച്ചു. കൈകൂപ്പിക്കൊണ്ട് മുനിയെ അനുഗമിച്ചു.
സീതയുമായി നടന്നുവരുന്ന ബ്രഹ്മര്‍ഷിയെക്കണ്ട് മുനിവനിതകള്‍ ഓടി എത്തി. അവരോടു മഹര്‍ഷി കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞശേഷം സീതയെ വിശ്വാസപൂര്‍വം ഏല്പിച്ചു. ഒരു കാര്യവും രണ്ടാംവട്ടം പറയാത്ത മുനി ജാനകീദേവിയെ ശുശ്രൂഷിക്കുന്ന കാര്യം വീണ്ടും വീണ്ടും പറഞ്ഞേല്പിച്ചശേഷം തന്റെ ആശ്രമത്തിലേക്കെഴുന്നെള്ളി.
വാല്മീകി മഹര്‍ഷിയുടെയും ശിഷ്യഗണങ്ങളുടെയും സവിശേഷമായ സംരക്ഷണത്തില്‍ സീത ആശ്രമജീവിതം നയിച്ചു. യമനിയമാദികള്‍ ശീലിച്ച് ദേവിയും മുനികുമാരിയെപ്പോലെ കഴിഞ്ഞു വന്നു. ഗര്‍ഭം പൂര്‍ത്തിയായപ്പോള്‍ സീത രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു. ബലേന്ദുതുല്യരായ രണ്ട് ആണ്‍കുട്ടികള്‍. അന്ന് സംഗതിവശാല്‍ ശത്രുഘ്‌നകുമാരനും ആശ്രമത്തിലെത്തിയിരുന്നു. അങ്ങനെ ശ്രീരാമചന്ദ്രന്റെ പ്രതിനിധിയായി ഒരാളെങ്കിലും അവിടെ ഉണ്ടാവാനിടവരുകയും ചെയ്തു.
മഹര്‍ഷി കുട്ടികള്‍ക്ക് ഭൂതരക്ഷ ചെയ്തു. ഒരു കുട്ടിയെ മന്ത്രപൂതമായ കുശയാല്‍ സ്പര്‍ശിച്ചു. 'ഇവന്റെ പേര്‍ 'കുശ'നെന്നായിരിക്കും' മുനി പറഞ്ഞു. മറ്റേ കുട്ടിയെ ലവത്താല്‍2 തലോടി 'ഇവന്റെ പേര്‍ 'ലവന്‍' എന്നായിരിക്കും. ഈ കുമാരന്മാര്‍ ലോകമെങ്ങും പുകഴാര്‍ന്നവരായിത്തീരും.'
മഹര്‍ഷി അവരെ മുനികുമാരന്മാരെപ്പോലെ വളര്‍ത്തി. എങ്കിലും അവരിലുള്ള ക്ഷാത്രതേജസ്സ് ഇടയ്ക്കിടെ പ്രകാശിച്ചുകൊണ്ടിരുന്നു. മഹര്‍ഷി ശ്രീരാമകഥ മുഴുവന്‍ കാവ്യമായി രചിച്ചത് കുമാരന്മാരെ അഭ്യസിപ്പിച്ചു തുടങ്ങി. അവര്‍ ആ കാവ്യത്തെ തന്ത്രീലയസമന്വിതം മാര്‍ഗവിധാനത്തോടുകൂടി പാടി ശ്രോതാക്കളെ രസിപ്പിച്ചു.
ഇക്കാലത്താണ് ശ്രീരാമഭദ്രന്‍ അശ്വമേധയാഗം കഴിക്കാനായി തീരുമാനിച്ചത്. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കാശ്യപന്‍ തുടങ്ങിയ അശ്വമേധപ്രയോഗജ്ഞരായ മഹര്‍ഷിമാരെല്ലാം മഹാരാജാവിനെ അനുഗ്രഹിക്കാന്‍ സന്നദ്ധരായി. സുഗ്രീവാദി വാനരശ്രേഷ്ഠന്മാര്‍ക്കും ധാര്‍മികദ്വിജവരന്മാര്‍ക്കും തപോനിധികള്‍ക്കും ആളയച്ചു. വാദ്യമേളക്കാരും നൃത്തവിശാരദന്മാരും എത്തിച്ചേര്‍ന്നു. ഗോമതീതീരത്തെ നൈമിശാരണ്യത്തില്‍ വിശാലമായ യജ്ഞശാല തീര്‍ത്തു.
ലക്ഷണമൊത്ത അശ്വത്തെ വിട്ടുകഴിഞ്ഞു. അശ്വസംരക്ഷണത്തിനു ലക്ഷ്മണനെയും ചുമതലപ്പെടുത്തി. ദാനത്തിനുള്ള സ്വര്‍ണം, വെള്ളി, രത്‌നം, വസ്ത്രം, ഇവയെല്ലാം കുന്നുപോലെ കൂട്ടി. ധനാര്‍ഥിക്കു ധനം, രത്‌നാര്‍ഥിക്ക് രത്‌നം, വസ്ത്രാര്‍ഥിക്കു വസ്ത്രം-ഇങ്ങനെ ദാനംചെയ്യപ്പെട്ടു. 'ആശ്ചര്യം, ആശ്ചര്യം! ഇത്തരത്തിലൊരു മഹാധ്വരം ഒരിക്കലും ഒരിടത്തും നടന്നിട്ടില്ല എന്ന് മാമുനീശ്വരന്മാര്‍ അത്ഭുതം കൂറി.
ആ സമയം ഭഗവാന്‍ വാല്മീകി സ്വശിഷ്യന്മാരോടുകൂടി എഴുന്നള്ളി വന്നു. രാജരാജേശ്വരനായ ദാശരഥി മഹര്‍ഷിയെ യഥാവിധി പൂജിച്ച് സാഷ്ടാംഗം നമസ്‌കരിച്ചു. മുനീന്ദ്രന്‍ സന്തോഷിച്ച് തന്റെ രണ്ടു ശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞു. 'നിങ്ങള്‍ സന്തുഷ്ടിയോടെ രാമായണം ശ്രദ്ധിച്ചു പാടണം.3 ഋഷീവാടങ്ങളിലും ബ്രാഹ്മണാലയങ്ങളിലും രാജവീഥികളിലും രാജമന്ദിരങ്ങളിലും നടന്നു പാടണം. ശ്രീരാമചന്ദ്രന്റെ യജ്ഞം നടക്കുന്നിടത്തും വിശേഷിച്ച് ഋത്വിക്കുകളുടെ മുന്നിലും പാടണം. ദിവസം ഇരുപതു സര്‍ഗം വീതം മാത്രമേ പാടാവൂ. ഒരുപക്ഷേ ശ്രീരാമന്‍, 'ആരുടെ പുത്രന്മാരാണ് നിങ്ങള്‍?' എന്നു ചോദിച്ചാല്‍ 'ഞങ്ങള്‍ വാല്മീകിയുടെ ശിഷ്യന്മാരാണ്' എന്നു മാത്രം മറുപടി പറഞ്ഞാല്‍ മതി.'
ആ മുനികുമാരന്മാര്‍ മുനിയുടെ വാക്കുകളെ, അശ്വിനീദേവന്മാര്‍ ഭാര്‍ഗവനീതിസംഹിതയെ എവ്വണ്ണമോ അവ്വണ്ണം സ്മരിച്ചുകൊണ്ടു യാത്രയായി.
പ്രഭാതത്തിലെഴുന്നേറ്റ് സ്‌നാനാദികള്‍ നിര്‍വഹിച്ച് കുമാരന്മാര്‍ പാടാനാരംഭിച്ചു. മധുരമായ ആ ഗാനം രാഘവന്‍െ കാതുകളിലും അമൃതംപോലെ പതിച്ചു. ദേവന്റെ കൗതുകമുണര്‍ന്നു. ഇരുപതു സര്‍ഗവും പാടിക്കഴിഞ്ഞപ്പോള്‍ ദാശരഥി ചോദിച്ചു: 'കുമാരന്മാരേ, ആരാണ് ഈ കാവ്യം രചിച്ചത്? ഇത് എത്രയുണ്ട്? ഇത് അതിമഹത്തരമായിരിക്കുന്നുവല്ലോ?' അവര്‍ പറഞ്ഞു: 'പ്രഭോ, ഭഗവാന്‍ വാല്മീകി രചിച്ചതാണീ കാവ്യം. അവിടുന്ന് ഋഷിവാടത്തില്‍ എഴുന്നെള്ളിയിരുപ്പുണ്ട്. ആകെ ഇരുപത്തിനാലായിരം ശ്ലോകങ്ങളുണ്ട്. അവിടുത്തേക്കു ശ്രദ്ധയുണ്ടെങ്കില്‍ ഓരോ ദിവസവും കര്‍മാവസാനത്തില്‍ കാവ്യം കേള്‍ക്കാന്‍ ദയയുണ്ടാകണം.'
'അപ്രകാരമാകട്ടെ' എന്നു സമ്മതിച്ചുകൊണ്ട് ഓരോ ദിവസവും കര്‍മശാലയിലെഴുന്നെള്ളി രഘുവരന്‍ ഋഷിസത്തമന്മാരോടൊപ്പം ആ മധുരഗാനം കേട്ടു. ആനന്ദകരമായിരുന്നു ആ അനുഭവം. സുകുമാരന്മാരായ ആ ഗായകന്മാര്‍ സീതാപുത്രന്മാരാണെന്ന് മനസ്സിലായതോടെ രാമന്റെ ഹൃദയം വികാരതരളമായിത്തീര്‍ന്നു. അദ്ദേഹം സചിവമുഖ്യന്മാരെ വിളിച്ച് പരിഷന്മധ്യത്തില്‍വെച്ച് ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ അതിവേഗം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെല്ലണം. സീത വീതകല്മഷയും സംശുദ്ധയും ആണെങ്കില്‍ മുനീന്ദ്രന്റെ അനുവാദത്തോടെ ശുദ്ധികര്‍മം അനുഷ്ഠിക്കട്ടെ. വൈദേഹിയുടെ ഹൃദയഗതിയും മനസ്സിലാക്കുക. വിശ്വാസം വരുന്ന പക്ഷം നാളെ പ്രഭാതത്തില്‍ ജനകാത്മജ പരിഷന്മധ്യത്തില്‍വെച്ചുതന്നെ ശപഥം ചെയ്യട്ടെ.' ശ്രീരാമന്റെ അത്ഭുതജനകമായ വാക്കു കേട്ട് ദൂതന്മാര്‍ അതിവേഗം വാല്മീകിയുടെ ആശ്രമത്തിലേക്കു കുതിച്ചു. അവര്‍ മൃദുവും മധുരവുമായ രാജസന്ദേശത്തെ മുനിയുടെ മുന്നില്‍ സമര്‍പ്പിച്ചു. മഹാതേജസ്വിയായ മുനി ആ വാക്കുകള്‍ കേട്ട് സന്തുഷ്ടനായി പറഞ്ഞു: 'നന്ന്, പതിദേവതയായ സീത അപ്രകാരം ചെയ്യും. നിങ്ങള്‍ പോയി വിവരം രഘൂത്തമനെ അറിയിക്കൂ.'
ദൂതന്മാര്‍ മടങ്ങിച്ചെന്ന് രാമനോട് വൃത്താന്തമെല്ലാം പറഞ്ഞു. പ്രഹൃഷ്ടനായ രാഘവന്‍, സീതാശപഥം കാണാന്‍ അവനീന്ദ്രന്മാരും അമാത്യന്മാരും സന്നിഹിതരാകണമെന്ന് അഭ്യര്‍ഥിച്ചു. അവരെല്ലാവരും ഏകകണ്ഠമായി 'നന്ന്, നന്ന്' എന്ന് ഉച്ചത്തില്‍ പറഞ്ഞു. രാഘവന്റെ ധര്‍മനിഷ്ഠയെ പ്രശംസിച്ചുകൊണ്ട് അവര്‍ പിരിഞ്ഞുപോയി.
പിറ്റേന്നു പ്രഭാതത്തില്‍ രഘുപതി യജ്ഞശാലയില്‍ സന്നിഹിതനായി. വസിഷ്ഠന്‍ തടങ്ങിയ മുനിശ്രേഷ്ഠന്മാരും ബ്രാഹ്മണോത്തമരും പ്രജാപ്രമുഖരും വൈശ്യശൂദ്രന്മാരും എല്ലാവരും ആസനസ്ഥരായി. സദസ്സ് നിശ്ശബ്ദം. സദസ്യര്‍ ശിലാപ്രതിമകള്‍പോലെ ഉറച്ചിരുന്നു. മാമുനിമാരുടെ എഴുന്നള്ളത്തായി. കൃതാഞ്ജലിയായി, അവനമ്രമുഖിയായി പുറകില്‍ സീത. ബ്രഹ്മാവിനെ അനുഗമിക്കുന്ന വേദമാതാവെന്നപോലെ അവള്‍ കാണപ്പെട്ടു. ശോകാകുലയായ ദേവിയെ കണ്ടമാത്രയില്‍ ജനങ്ങള്‍ നിയന്ത്രണം കൈവിട്ട്, 'ദേവീ നല്ലത്, ദേവീ നല്ലത് നല്ലത്' എന്നിങ്ങനെ ആര്‍ത്തുതുടങ്ങി. മഹര്‍ഷിപുംഗവന്‍ സഭാമധ്യത്തില്‍ നിന്നുകൊണ്ട് ശ്രീരാമചന്ദ്രനെ നോക്കിപ്പറഞ്ഞു: 'അല്ലയോ ദശരഥപുത്രാ, സുവ്രതയും ധര്‍മചാരിണിയുമായ സീത ഇതാ അങ്ങയുടെ മുന്നില്‍ വന്നിരിക്കുന്നു. ലോകാപവാദഭീരുവായ അങ്ങയ്ക്ക് സീത ഉറപ്പു നല്കും. അവള്‍ ഇരട്ടപെറ്റുണ്ടായ ഈ ധീരകുമാരന്മാര്‍ അങ്ങയുടെ പുത്രന്മാരാണ് പ്രചേതസ്സിന്റെ പത്താമത്തെ പുത്രനായ ഞാനീ പറയുന്നത് സത്യം. ബഹുവര്‍ഷങ്ങള്‍ തപസ്സുചെയ്തിട്ടുള്ള ഞാന്‍ അസത്യം ചിന്തിക്കുകയാകട്ടെ, പറയുകയാകട്ടെ ചെയ്യുകയില്ല. സീത നിഷ്‌കല്മഷമാണ്; പഞ്ചേന്ദ്രിയങ്ങളിലും മനസ്സിലും നിഷ്‌കളങ്ക. ലോകാപവാദംകൊണ്ട് കലുഷമായ മനസ്സോടുകൂടി അങ്ങുപേക്ഷിച്ച ഇവള്‍ വിശുദ്ധയാണെന്ന് അങ്ങയ്ക്ക് ഞാന്‍ ഉറപ്പു നല്കുന്നു.'
മാമുനിയുടെ വാക്കുകള്‍ കേട്ട് ശ്രീരാമന്‍ ജനമധ്യത്തില്‍ നില്ക്കുന്ന സീതയെ നോക്കിക്കൊണ്ടു പറഞ്ഞു: 'എനിക്ക് തികച്ചും വിശ്വാസമായി പണ്ട് വാനോരുടെ മുന്നില്‍വെച്ച് ഇവളുടെ വിശുദ്ധി തെളിയിക്കപ്പെട്ടതാണ്. എന്നിട്ടും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നത് ലോകാപവാദംകൊണ്ടാണ്. അത്ര വലുതാണ് ലോകാപവാദം. അവിടുന്ന് എന്നോടു കഷമിക്കണം! ഈ കുശീലവന്മാര്‍ എന്റെ തനയന്മാരാണെന്നും ഞാനറിയുന്നു. ഇനി അവള്‍ ജനതാമധ്യത്തില്‍ വെച്ച് ശപഥം ചെയ്ത് ഏവര്‍ക്കും സന്തോഷമരുളട്ടെ.'
ശ്രീരാമനിശ്ചയമറിഞ്ഞ് ഇന്ദ്രാദികളായ സര്‍വദേവന്മാരും അംബരമധ്യത്തില്‍ അണിനിരന്നു. രഘുവരന്‍ ആകാശത്തെ അലംകരിക്കുന്ന ദേവഗണത്തെയും ആദിത്യന്മാരെയും രുദ്രന്മാരെയും മരുത്തുക്കളെയും വിശ്വദേവകളെയും നോക്കിക്കൊണ്ടു പറഞ്ഞു: 'മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട എനിക്കു പൂര്‍ണ വിശ്വാസം വന്നുകഴിഞ്ഞു. എങ്കിലും ജനമധ്യത്തില്‍വെച്ച് സീത ശപഥം ചെയ്ത് നമുക്കു സമ്മോദമേകട്ടെ.' അപ്പോള്‍ കുളിര്‍കാറ്റ് ദിവ്യഗന്ധത്തോടെ മനോരമമായി വീശി. എല്ലാവരുടെയും ഹൃദയം കുളിര്‍ത്തു.
കാഷായവസ്ത്രധാരിണിയായ സീത അപ്പോള്‍ കൈകൂപ്പിക്കൊണ്ട് അധോമുഖിയായി ഭൂമിദേവിയില്‍ ദൃഷ്ടി പതിപ്പിച്ചുകൊണ്ടു പറഞ്ഞു: 'ദേവീ, വസുന്ധരേ, ശ്രീരാമദേവനൊഴികെ മറ്റൊരാളെയും ഞാന്‍ സ്മരിച്ചിട്ടില്ലെങ്കില്‍ എനിക്കവിടുന്നു മാര്‍ഗം കാട്ടിത്തരണേ.4 ശ്രീരാമചന്ദ്രനെയൊഴികെ മറ്റൊരാളെ ഞാന്‍ ത്രികരണങ്ങളാലും അറിയുന്നില്ലെങ്കില്‍, മാധവീദേവീ, എനിക്കു മാര്‍ഗം കാട്ടിത്തരണേ!'
ഈ സന്ദര്‍ഭത്തില്‍ അവിടെ ഒത്ഭുതം നടന്നു. അമിതവിക്രമന്മാരായ നാഗങ്ങളാല്‍ വഹിക്കപ്പെട്ട ദിവ്യരത്‌നപ്രഭാമയമായ ഒരു സിംഹാസനം ഭൂതലത്തില്‍ നിന്നുയര്‍ന്നുവന്നു. സ്വരൂപമാര്‍ന്ന ഭൂമിദേവി മൈഥിലിയെ അഭിനന്ദിച്ചുകൊണ്ടും, ദേവിയെ ആലിംഗനം ചെയ്തുകൊണ്ടും സിംഹാസനത്തില്‍ എടുത്തിരുത്തി ക്ഷണത്തില്‍ രസാതലത്തിലേക്ക് മറഞ്ഞു. ഭൂപ്രവേശം ചെയ്ത സീതയെ ദേവന്മാര്‍ തോരാത്ത പുഷ്പവൃഷ്ടികൊണ്ടനുഗ്രഹിച്ചു. 'ഇത് രാജര്‍ഷിയായ ജനകന്റെ മകള്‍ക്കു യോജിച്ചതു തന്നെ' എന്ന് അവര്‍ പ്രശംസിച്ചു.
യജ്ഞശാലയിലുള്ള താപസന്മാരും രാജാക്കന്മാരും ഈ അത്ഭുതം കണ്ട് 'ഹാ, ഹാ' രവം പുറപ്പെടുവിച്ചു. ചിലര്‍ സംമോഹിതരായി നിശ്ചേഷ്ടരായി ഇരുന്നുപോയി. ചിലര്‍ രാമന്റെ മുഖത്ത് മിഴിച്ചുനോക്കി. അവിടെ ആ തിരുമുഖത്തുനിന്ന് ധാരധാരയായി കണ്ണീരൊഴുകിക്കൊണ്ടിരുന്നു. ഒരക്ഷരം ഉരിയാടാനാകാതെ കുറേനേരം ഇരുന്നശേഷം ഭ്രാന്തനെപ്പോലെ കോപതാപങ്ങളോടെ പുലമ്പി 'അഭൂതപൂര്‍വമായ ശോഭാകാരമാണ് ഇപ്പോള്‍ എന്റെ ഹൃദയത്തെ മഥിക്കുന്നത്. ഉടലാണ്ട ശ്രീയെപ്പോലെയുള്ള സീത എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. പണ്ട് ആഴിക്കക്കരെ ലങ്കയില്‍ അപ്രത്യക്ഷയായ സീതയെ ഞാന്‍ വീണ്ടെടുത്തു. പിന്നെയാണോ ഈ ഭൂമിയില്‍നിന്ന് വീണ്ടെടുക്കാന്‍ വയ്യാത്തത്! ദേവീ, വസുധേ, എന്റെ സീതയെ തിരിച്ചുതന്നേക്കൂ. ഇല്ലെങ്കില്‍ എന്റെ ക്രോധം കാണേണ്ടിവരും. എന്റെ ശ്വശ്രുവാണ് ദേവി എന്ന് എനിക്കറിയാം. പണ്ട് ജനകമഹാരാജാവ് കലപ്പകൊണ്ടു നിലമുഴുതപ്പോള്‍ സീതയെ നല്കിയത് മറ്റാരുമല്ലെന്ന് എനിക്കറിയാം. ആ സീതയെ, എന്റെ പത്‌നിയെ തിരിച്ചുതന്നേക്കൂ. അല്ലെങ്കില്‍ എനിക്കും നിന്നിലൊരു രന്ധ്രം കാട്ടിത്തരൂ. പാതാളത്തിലോ സ്വര്‍ഗത്തിലോ എവിടെയായാലും അവളോടൊന്നിച്ചു ഞാന്‍ വസിച്ചുകൊള്ളാം. അവളെ മടക്കിത്തരൂ. മൈഥിലീ നഷ്ടത്താല്‍ ഞാന്‍ ഉന്മത്തനായിരിക്കുന്നു. മൈഥിലിയെ മടക്കിത്തരാത്തപക്ഷം ഈ കാടും മലയുമുള്‍പ്പെട്ട ഭൂമിയെ ഞാന്‍ തകര്‍ത്തു തരിപ്പണമാക്കും. സമുദ്രം വറ്റിക്കും.'
കോപവും താപവും ആവേശിച്ച രാഘവന്‍ ഇങ്ങനെ ഓരോന്നു പ്രലപിക്കവേ, ബ്രഹ്മാവ് ദേവന്മാരാല്‍ സമാവൃതനായി അവിടെ എത്തി. ബ്രഹ്മാവ് പറഞ്ഞു: 'അല്ലയോ സുവ്രത, അങ്ങ് എന്താണിങ്ങനെ അജ്ഞനെപ്പോലെ അഴലില്‍പ്പെട്ടുഴലുന്നത്? അങ്ങ് ആരാണെന്ന് ഓര്‍മിച്ചുനോക്കൂ. ഒന്നും ഞാന്‍ വിശേഷാല്‍ ഓര്‍മിപ്പിക്കേണ്ടതായിട്ടില്ല. അവിടുത്തെ വൈഷ്ണവമായ ജന്മം സ്മരിക്കുക. സാധ്വിയായ സീത പരിശുദ്ധയാണ്. സ്വാര്‍ജിതമായ തപോബലത്താല്‍ ദേവി നാഗലോകത്തില്‍ സസുഖം വര്‍ത്തിക്കുന്നു. സ്വര്‍ഗത്തില്‍ വെച്ച് വീണ്ടും നിങ്ങള്‍ക്ക് സംഗമിക്കാന്‍ സാധിക്കുമല്ലോ. ഈ മഹാസദസ്സില്‍വെച്ച് ഞാന്‍ പറയുന്നത് വേണ്ടവണ്ണം ധരിക്കണേ!'
താല്‍ക്കാലികമായ മായയില്‍പ്പെട്ട ശ്രീരാമദേവന്‍ ബ്രഹ്മാവിന്റെ വാക്കുകള്‍ കേട്ട് താപം വെടിഞ്ഞ് പൂര്‍വാധികം തേജസ്വിയായി വാല്മീകി മഹര്‍ഷിയോടു പറഞ്ഞു, 'ഭഗവാന്‍, ശേഷം കഥാഭാഗവും കേള്‍ക്കാന്‍ എനിക്കു കൊതിയുണ്ട്. നാളെ മുതല്‍ കുമാരന്മാര്‍ ഗാനം പുനരാരംഭിക്കട്ടെ.'
പിന്നെ സംഭവങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങി. ധര്‍മദേവ നിശ്ചയമനുസരിച്ച് സഹോദരനായ ലക്ഷ്മണനെ രാമന്‍ പരിത്യജിച്ചു. അപ്പോള്‍ ആ വീരന്‍ സരയൂ നദീതീരത്തെത്തി. പ്രാണവായുവിനെ ബന്ധിച്ച് ശ്വാസമടക്കിനിന്നു. ലക്ഷ്മണന്റെ ശരീരം ബ്രഹ്മത്തില്‍ ലയിച്ചു. പിന്നെ, ബ്രഹ്മര്‍ഷിമാരുടെ വാക്കനുസരിച്ചുകൊണ്ട് ലവകുശന്മാരെ കിരീടധാരികളായി അഭിഷേകം ചെയ്തു. കോസലത്തിന്റെ ദക്ഷിണഭാഗം കുശന്നും ഉത്തരഭാഗം ലവന്നും നല്കി.
എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച രഘുവരന്‍ വെള്ളവസ്ത്രം ധരിച്ച് കൈയില്‍ ദര്‍ഭപ്പുല്ലുമെടുത്ത് അരമനയില്‍ നിന്നിറങ്ങി. വേദങ്ങള്‍ അകമ്പടി സേവിച്ചു. ഗായത്രിയും വഷട്കാരവും ഓംകാരവും ദേവീരൂപത്തില്‍ അനുഗമിച്ചു. ബന്ധുമിത്രാദികളും പ്രജകളും കൂടെത്തന്നെയുണ്ട്. വാനരന്മാരും പിന്നാലെ കൂടി.
ശ്രീരാമന്‍ നേരെ സരയൂ തീരത്തെത്തി. നക്ഷത്രരൂപം പൂണ്ട മഹാത്മാക്കള്‍ തേജസ്വികളായി ആകാശത്തു വിളങ്ങി. ദേവഗന്ധര്‍വന്മാര്‍ ബ്രഹ്മദേവന്റെ നേതൃത്വത്തില്‍ ആകാശത്തില്‍ പ്രഹൃഷ്ടചിത്തരായി നോക്കിനിന്നു. രാമന്‍ മെല്ലെ സരയുവിലേക്കിറങ്ങിയിറങ്ങി അപ്രത്യക്ഷനയി. ഭരത ശത്രുഘ്‌നന്മാരും രാമനോടൊപ്പം അപ്രത്യക്ഷരായി. എല്ലാവരും വിഷ്ണുതേജസ്സില്‍ ലയിച്ചു.
1.മാമികേയം തനൂര്‍നൂനം സൃഷ്ടാ ദുഃഖായ ലക്ഷ്മണ
ധാത്രാ യസ്യാസ്തഥാമേ ളദ്യ ദുഃഖമൂര്‍ത്തിഃ പ്രദൃശ്യതേ.
2. ലവം=രാമച്ചം
3.ശുശ്രാവതത്താല ലയോപപന്നം
സര്‍ഗാന്വിതം സുസ്വരശബ്ദയുക്തം
തന്ത്രീലയവ്യഞ്ജന യോഗയുക്തം
കുശീലവാഭ്യാം പരിഗീയമാനം
4.'വിവരം ദാതുമര്‍ഹതി' എന്നു മൂലം. വിവരം എന്നതിനു രന്ധ്രം എന്നര്‍ഥം.