കിഷ്‌കിന്ധാകാണ്ഡം-5

കിഷ്‌കിന്ധാ കാണ്ഡത്തില്‍ സീതാന്വേഷണത്തില്‍ തളര്‍ന്ന വാനരന്മാര്‍ മരണശയ്യയൊരുക്കി മഹേന്ദ്ര പര്‍വതത്തില്‍ കഴിയുമ്പോള്‍ അവിടെ ഒരു ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന പക്ഷിരാജനായ സമ്പാതി പുറത്തുവരുന്നു. പണ്ട് സഹോദരനായ ജടായുവുമൊത്ത് സൂര്യ മണ്ഡലത്തില്‍ പറന്നെത്തിയ ആ ഗൃദ്ധ്രരാജന്‍ സൂര്യതാപമേറ്റ് സഹോദരന്റെ ചിറക് കരിയുമെന്നായപ്പോള്‍ അവനെ രക്ഷിക്കാന്‍ തന്റെ ചിറകുകള്‍ക്കുള്ളിലൊളിപ്പിച്ച സഹോദരസ്‌നേഹം എങ്ങനെയാണ് വര്‍ണിക്കാനാവുക. അന്ന് ചിറക് കരിഞ്ഞ് വീണുപോയതാണ് ഈ പര്‍വതപ്രാന്തത്തില്‍. പറന്നിരതേടാന്‍ മാര്‍ഗമില്ല. സഹോദരനെക്കുറിച്ചൊരു വിവരവുമില്ല. മരണാസന്നരായിക്കിടക്കുന്ന വാനരന്മാരെക്കണ്ട് സന്തോഷിച്ച് ദൈവം കൊണ്ടുതന്ന ഭക്ഷണമാണിത് എന്ന് വിചാരിച്ച് കഴിയുമ്പോഴാണ് രാമകാര്യാര്‍ഥം മരിച്ച സഹോദരനെക്കുറിച്ച് സമ്പാതി അറിയുന്നത്. വാനരഭാഷിതം കേട്ട സമ്പാതിക്ക് കൂടുതല്‍ അറിയണമെന്നായി. അംഗദന്‍ തങ്ങളുടെ കഥ വിസ്തരിച്ചുതന്നെ പറഞ്ഞുകേള്‍പ്പിക്കുന്നു.
ഇഷ്ട സഹോദരനായ ജടായുവൃത്താന്തമറിഞ്ഞ സമ്പാതി അവന് ഉദകക്രിയ ചെയ്യാന്‍ വാനരസഹായം തേടുന്നു. പ്രതിവിധിയായി ലങ്കാനഗരത്തില്‍ അശോകവനികയില്‍ രാക്ഷസികളുടെ നടുവില്‍ കഴിയുന്ന സീതാദേവിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുന്നു. ദൂരദൃഷ്ടിയുള്ള ഗൃദ്ധ്രനാകയാല്‍ തനിക്കതു കാണാമെന്നും അവിടേക്ക് നൂറുയോജന ദൂരമാണുള്ളതെന്നും സമുദ്രം കടക്കുവാന്‍ കെല്പുള്ളവന് ദേവിയെക്കണ്ട് മടങ്ങാന്‍ കഴിയുമെന്നും പ്രത്യാശയുണര്‍ത്തുന്ന മൊഴി കേട്ടപ്പോള്‍ ഉണര്‍ന്ന കപീന്ദ്രന്മാര്‍ പിന്നെ ആ വഴിക്കായി ചിന്ത.
അനന്തരം തന്റെ കഥ സമ്പാതി അറിയിക്കുന്നു. ഒപ്പം നിശാകരതാപസന്‍ എന്നമുനി അറിയിച്ച കാര്യങ്ങളും. എല്ലാ ദുഃഖങ്ങള്‍ക്കും കാരണം ദേഹമാണെന്നും ആ ദേഹമുണ്ടാകുന്നത് കര്‍മസംഭവം കൊണ്ടാണെന്നും പറഞ്ഞ മുനി മനുഷ്യ വംശോല്പത്തി ചരിത്രവും ജീവന്റെ വികാസ പരിണാമങ്ങളും വിശദമായി അറിയിക്കുന്നത് വിസ്മയത്തോടെയേ ഗ്രഹിക്കാനാവൂ. പൗരാണിക ഭാരതം ശാസ്ത്രീയമായ അറിവുകളില്‍ എത്ര സമ്പന്നമായിരുന്നുവെന്ന് രാമായണം വ്യക്തമാക്കുന്നു.
ശുഭകരമായ ഔദാര്യത്തിന്റെ ഫലശ്രുതിയിലേക്ക് കടന്നുചെല്ലുവാനുള്ള വഴി തുറന്നുകൊടുത്തത് സമ്പാതിയാണ്. തുടര്‍ന്ന് പ്രത്യാശയോടെ സമുദ്ര ലംഘനത്തെക്കുറിച്ചുള്ള പര്യാലോചനകളില്‍ ആരു കടല്‍ ചാടിക്കടക്കും എന്നോര്‍ത്ത് തര്‍ക്കിച്ചുനില്‍ക്കെ, ജഗത്പ്രാണനന്ദനനായ മാരുതിക്കതിന് കഴിയുമെന്ന് ജാംബവാന്‍ ഹനുമാന്റെ പൂര്‍വകഥയോര്‍മിപ്പിച്ച് തറപ്പിച്ച് പറയുന്നു. വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്ന് സിംഹനാദത്തോടെ ഹനുമാന്‍ മാഹേന്ദ്രപര്‍വതത്തില്‍ നിന്ന് കുതിച്ച് സമുദ്രലംഘനത്തിന് ഒരുങ്ങുന്ന കഥപറഞ്ഞാണ് തത്ത വിശ്രമിക്കുന്നത്.
തുടര്‍ന്ന് സുന്ദരകാണ്ഡം.