രാമായണ സാഗരം

തയ്യാറാക്കിയത്: എം.സുരേഷ് ബാബു, വര: മദനന്‍ Posted on: 15 Jul 2015

ഹിമാലയത്തെപ്പോലെയും സാഗരത്തെപ്പോലെയും ആകാശത്തെപ്പോലെയും അദ്ഭുതപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ് രാമായണവും. ഭാരതീയ സംസ്‌കാരത്തിന്റെ സിരാവ്യൂഹങ്ങളിലൂടെ ഈ ഇതിഹാസം യുഗങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ആത്മാവില്‍ നിരന്തരം സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. നാനാത്വത്തില്‍ അധിഷ്ഠിതമായ ഒരു ജനതയെ കവിതയുടെയും കഥയുടെയും പട്ടുനൂലില്‍ കൊരുത്തുനിര്‍ത്തുന്നു.... മാത്രമല്ല, മറുനാടുകളുടെ സംസ്‌കാരത്തിലേക്ക് പുതിയപുതിയ ഭാവങ്ങളില്‍ വഴിമാറി ഒഴുകുകയും ചെയ്യുന്നു...

''മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാ ദേക-
മവധീഃ കാമമോഹിതം''

തമസാ നദീതീരത്ത് കളനാദം പൊഴിച്ചുകൊണ്ട് രസിക്കുന്ന രണ്ട് ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിന്റെ നേര്‍ക്ക് വൃക്ഷങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന ഒരു വേടന്‍ അമ്പെയ്തു. അമ്പുതറച്ച് ചോര വാര്‍ന്നൊഴുകുന്ന ദേഹത്തോടെ നിലത്തുവീണു പിടയ്ക്കുന്ന ആണ്‍പക്ഷിയെ നോക്കിക്കൊണ്ട് പിട കരുണമായി കൂകി. ആ കാഴ്ചകണ്ടു കരളലിഞ്ഞ മഹര്‍ഷി വാല്മീകിയുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് സ്വയമൊഴുകിവന്ന വരികളാണിത്. ആദികാവ്യമായ രാമായണത്തിന്റെ പിറവിക്ക് നിദാനമായ ഈ പദ്യത്തിന് രണ്ടര്‍ഥമാണുള്ളത്. ''എടോ വേടാ, ഈ ക്രൗഞ്ചപക്ഷിയിണയില്‍ കാമമോഹിതമായ ഒന്നിനെ അമ്പെയ്തുകൊന്ന നീ അല്പായുസ്സായിപ്പോട്ടെ' എന്ന് ഒരര്‍ഥം. മാ നിഷാദ എന്ന വാക്കിന് ലക്ഷ്മീദേവിയുടെ ഇരിപ്പിടമെന്ന അര്‍ഥമെടുത്ത്, അല്ലയോ മാ നിഷാദാ (ശ്രീരാമാ) കാമഭ്രാന്തനായ രാവണനെ വധിച്ച അങ്ങ് ആചന്ദ്രതാരം വിജയിച്ചരുളുക എന്ന് മറ്റൊരര്‍ഥം.

അങ്ങനെ ഹൃദയത്തില്‍ തറച്ച ശോകം ശ്ലോകമായി മാറിയപ്പോള്‍ ഉണ്ടായത് എക്കാലത്തെയും മികച്ച ഇതിഹാസകാവ്യം! രാമായണം നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ പ്രഥമ സ്രോതസ്സാണ്. ആഖ്യാനവും സംഹിതയും ഇതിഹാസവും കാവ്യവുമാണ് രാമായണം. ധര്‍മാര്‍ഥകാമങ്ങളെ പ്രതിപാദിക്കുന്നതും വേദസമാനവുമാണിത്. വേദം നിഷേധിക്കപ്പെട്ട ശൂദ്രജാതിക്കു സമര്‍പ്പിക്കപ്പെട്ട സാഹിത്യവിഭാഗമായിരുന്നു ഇതിഹാസ പുരാണങ്ങള്‍. രാമായണം പഠിച്ചാല്‍ ശൂദ്രന്‍പോലും മഹത്ത്വം നേടുമെന്നാണ് ഫലശ്രുതി. അതുകൊണ്ട് രാമായണത്തിനും വേദതുല്യത കല്പിക്കപ്പെട്ടിട്ടുണ്ട്.

ഓരോ പാദത്തിലും എട്ടക്ഷരംവീതമുള്ള, നാലു പാദത്തോടുകൂടിയ, പദ്യത്തിലാകെ 32 അക്ഷരം വരുന്ന 'അനുഷ്ടുപ്പ്' ശ്ലോകങ്ങളായിട്ടാണ് ശ്രീരാമകഥ മുഴുവനും വാല്മീകി രചിച്ചത്. ആകെ ഇരുപതിനായിരം ശ്ലോകങ്ങള്‍: നൂറ് ഉപാഖ്യാനങ്ങള്‍, അഞ്ഞൂറു സര്‍ഗങ്ങള്‍. സീതാരാമന്മാരുടെയും രാവണന്റെയും ബന്ധവിശേഷങ്ങളുടെ കഥ വാല്മീകി കാണ്ഡങ്ങള്‍ എന്നു വിളിക്കുന്ന ആറു ഗ്രന്ഥഖണ്ഡങ്ങളില്‍ പറഞ്ഞുതീര്‍ത്തു. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയാണ് കാണ്ഡങ്ങള്‍. ഉത്തരകാണ്ഡം കൂടി ചേര്‍ന്നാല്‍ ഇത് ഏഴാകും.

ആര്യസംസ്‌കാരത്തിന്റെയും നാഗരികതയുടെയും സമ്പൂര്‍ണവും സ്പഷ്ടവുമായ ചിത്രം നല്‍കുന്ന പ്രഥമ മഹാകാവ്യമാണ് രാമായണം. രാമായണത്തോടൊന്നിച്ചാരംഭിക്കുന്ന സംസ്‌കൃതസാഹിത്യം വൈദികസാഹിത്യത്തില്‍ നിന്ന് വിഭിന്നവുമാണ്. വൈദികസാഹിത്യം ആധ്യാത്മികവും മതപരവുമായ ആശയങ്ങളാണ് പ്രതിപാദിച്ചിരുന്നതെങ്കില്‍ രാമായണം മനുഷ്യനെ പല പരിതസ്ഥിതികളിലും ഭാവങ്ങളിലുമാണ് ചിത്രീകരിക്കുന്നത്. മനുഷ്യന്റെ ആന്തരികമായ വികാരങ്ങളും വിചാരങ്ങളും അവയുടെ പ്രേരണയനുസരിച്ച് അവന്‍ ചെയ്യുന്ന പ്രവൃത്തികള്‍; ആ പ്രവൃത്തികള്‍ സമൂഹനന്മയ്ക്കും നാശത്തിനും ഹേതുക്കളായി ഭവിക്കുന്നത്- ഇതാണ് രാമായണത്തില്‍ പ്രതിപാദിക്കുന്നത്.

നമ്മുടെ പൂര്‍വികന്മാരുടെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വജ്ഞാനത്തിന്റെയും മതത്തിന്റെയും ആദര്‍ശങ്ങളുടെയും ആചാരങ്ങളുടെയും സത്യസന്ധമായ ചിത്രമതു നല്‍കുന്നു. പൗരാണിക ഭാരതീയ ജനതയുടെ വിജയങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും ശരിയായ ചിത്രം നമുക്കു ലഭിക്കുന്നത് രാമായണത്തില്‍ നിന്നുമാണ്.

രാമായണത്തിലെ പ്രധാന രസം 'കരുണ'മാണെന്ന് ആനന്ദവര്‍ധനാചാര്യന്‍ 'ധ്വന്യാലോക' ത്തില്‍ അഭിപ്രായപ്പെടുന്നു. ശൃംഗാരം, കരുണം, ഹാസ്യം, രൗദ്രം, ഭയാനകം, വീരം എന്നീ ആറു രസങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ട് രാമായണത്തില്‍ സൂചിപ്പിക്കുന്നുണ്ട് കവി.

ശ്രീരാമന്റെ കാലഘട്ടത്തിലെ ജീവിതത്തെപ്പറ്റി വിപുലമായ വിജ്ഞാനസമ്പത്താണ് വാല്മീകി നല്‍കുന്നത്. അന്നത്തെ സാമൂഹികജീവിതം, കുടുംബജീവിതം, വിവാഹം, വിദ്യാഭ്യാസം, യുദ്ധതന്ത്രം, ആശ്രമങ്ങളിലെ ജീവിതം, സാന്മാര്‍ഗിക നിയമങ്ങള്‍, മതപരവും തത്ത്വജ്ഞാനപരവുമായ ആശയങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ആഹാരവും വസ്ത്രധാരണവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതം, വ്യക്തിചരിത്രങ്ങള്‍, ദക്ഷിണേന്ത്യയിലെ മറ്റു വര്‍ഗങ്ങളുടെ ജീവിതരീതികള്‍, പ്രകൃതിവിഭവങ്ങളുടെ സമ്പത്തും സമൃദ്ധിയും, നക്ഷത്രങ്ങളുടെ ചലനങ്ങള്‍, ഋതുഭേദങ്ങള്‍, ഭാരതത്തിന്റെയും ചുറ്റുപാടുമുള്ള ലോകത്തിന്റെയും ഭൂമിശാസ്ത്രപരവും ഭൗതികവുമായുള്ള വിഭവങ്ങള്‍.. ഇവയെല്ലാം വാല്മീകി തന്റെ ഇതിഹാസത്തിന്റെ വിപുലമായ കലവറയില്‍ സമര്‍ഥമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പ്രധാനമായി മൂന്ന് വര്‍ഗങ്ങളുടെ കഥകള്‍ രാമായണത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ട്- ആര്യന്മാരുടെയും വാനരന്മാരുടെയും രാക്ഷസന്മാരുടെയും. രാമായണത്തില്‍ വര്‍ണിക്കപ്പെടുന്ന ആര്യസംസ്‌കാരത്തിന്റെ വിഹാരരംഗം അഫ്ഗാനിസ്ഥാന്‍തൊട്ട് ബിഹാര്‍വരെ പരന്നുകിടക്കുന്ന ഉത്തരഭാരതത്തിന്റെ ഹൃദയഭൂമിയാണ്. വാനരന്മാര്‍ ദക്ഷിണാപഥത്തിലും രാക്ഷസന്മാര്‍ ലങ്കയിലും വാണു. രാമായണത്തിലെ ഭൂവിഭാഗങ്ങളുടെ സ്ഥിതിയെപ്പറ്റി ഇന്നും ഗവേഷകര്‍ക്കിടയില്‍ ഏകകണ്ഠതയില്ല. ലങ്ക വിന്ധ്യനിലാകാമെന്ന് ഃ.ഒ സങ്കാലിയും മധ്യപ്രദേശത്താണെന്ന് ഖ.* ഘോഷും ദണ്ഡകാരണ്യം മഹാരാഷ്ട്രയിലാണ് എന്ന് ഭണ്ഡാര്‍ക്കറും വാദിക്കുന്നു.

വിവിധ പ്രകൃതികളോടുകൂടിയ വിഭിന്ന സാഹോദര്യങ്ങളുടെ സമഗ്രമായ ചിത്രീകരണമാണ് രാമായണം തെളിയിക്കുന്നത്. രാമന്റെയും ലക്ഷ്മണാദികളായ സഹോദരന്മാരുടെയും കഥാതലം ഒന്ന്; രാവണ വിഭീഷണാദികളുടെ സാഹോദര്യം മറ്റൊന്ന്; ബാലി സുഗ്രീവ സാഹോദര്യം മറ്റൊന്ന്; ജടായു സമ്പാതിമാരുടെ സാഹോദര്യം വേറൊന്ന്. പല ഗവേഷകന്മാരും രാമായണത്തില്‍ ദര്‍ശിച്ച ആര്യ-ക്ഷത്രിയ -വാനരചരിതങ്ങളുടെ സമ്മേളനത്തിന് സാഹോദര്യത്തിന്റെ പരിവേഷം ചാര്‍ത്തുമ്പോഴെ അതു സാഹിത്യപരമായ ശ്രേഷ്ഠതയ്ക്കു ഹേതുവാകുന്നുള്ളൂവെന്ന് അഭിപ്രായപ്പെടുന്നു.

വാല്മീകിയെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിയല്ല; എല്ലാ കലകളും മനുഷ്യസേവനത്തിനുള്ളതാണ്; മനുഷ്യനെ കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ളതാണ്; കൂടുതല്‍ മെച്ചമായ രീതിയില്‍ ജീവിക്കുന്നതിന് അവനെ സഹായിക്കുന്നതിനുള്ളതാണ്. കവിതയുടെ നേരിയ ചലനങ്ങള്‍ വാല്മീകിയുടെ മനസ്സിലുണര്‍ത്തിയത് സര്‍വാശ്ലേഷിയായ കരുണരസാനുഭൂതിയാണ്. ഈ കരുണരസം വിശ്വവ്യാപകമാക്കിയതിന്റെ ഫലമാണ് രാമായണമെന്ന വിശ്വോത്തര കാവ്യം. പില്‍ക്കാലങ്ങളിലെ കവികള്‍ക്കെല്ലാം അതു മഹത്തായ മാതൃകയായി പരിണമിച്ചു. വാല്മീകിയോട് ബ്രഹ്മാവ് പറഞ്ഞ വാക്കുകള്‍ സഫലമായിത്തീരുകയും ചെയ്തു:
''യാവത്സ്ഥാസ്യന്തി ഗിരയഃ സരിതശ്ച
മഹീതലേ
താവത് രാമായണകഥാ ലോകേഷു
പ്രചരിഷ്യതി''
(ഈ ഭൂമിയില്‍ പുഴകളും പര്‍വതങ്ങളും നിലനില്‍ക്കുന്നിടത്തോളം കാലം രാമായണം ലോകം മുഴുവനും പ്രചരിക്കും.)

രാമായണകഥ ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിയാവുന്നതാണെന്നു മാത്രമല്ല, അതിലെ കഥാപാത്രങ്ങള്‍ ഭാരതീയരുടെ മനസ്സില്‍ ആദര്‍ശ സാക്ഷാത്കാരങ്ങളായി തലമുറകളിലൂടെ നിലനില്‍ക്കുകയുമാണ്. രാമനും സീതയും ലക്ഷ്മണനും ഭരതനും ഹനുമാനുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗങ്ങളായി കഴിഞ്ഞു. നന്മതിന്മകളുടെ പ്രതീകങ്ങളായി രാമരാവണന്മാര്‍ ഭാരതീയരുടെ മനസ്സില്‍ ശാശ്വതപ്രതിഷ്ഠ നേടിയിട്ട് നൂറ്റാണ്ടുകള്‍ നിരവധിയായി. വാല്മീകിയുടെ ഉദാത്തവും ഉജ്ജ്വലവുമായ പ്രതിഭയില്‍നിന്ന് ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം കാലത്തെ അതിജീവിച്ച് ഇന്നും സജീവമായി നിലനില്‍ക്കുന്നവയാണ്.
വൈദികസാഹിത്യത്തില്‍ അനേകം രാമകഥാപാത്രങ്ങളുടെ പേരുകള്‍ കാണുന്നുണ്ട്. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഒരു സ്ഥലത്ത് ഇക്ഷ്വാകുവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ഋഗ്വേദത്തിലെ ഒരു ദാനസ്തുതിയില്‍ മറ്റു രാജാക്കന്മാരോടൊപ്പം ദശരഥനെയും പ്രശംസിച്ചു കാണുന്നു.

'ചത്വാരിംശദ്ദശരഥസ്യ ശോണാഃ
സഹസ്രസ്യാഗ്രേ ശ്രേണിം നയന്തി'-
(ദശരഥന്റെ തവിട്ടുനിറമുള്ള 40 കുതിരകള്‍ ആയിരം കുതിരകളുടെ സംഘത്തിന് നേതൃത്വം നല്‍കുന്നു).

വൈദിക സാഹിത്യത്തില്‍നിന്ന് രാമനാമമുള്ള അനേകം വ്യക്തികളെപ്പറ്റിയറിയാനാകും. ഋഗ്വേദം, ഐതരേയ ബ്രാഹ്മണം, ശതപഥ ബ്രാഹ്മണം ജൈമിനിയോപനിഷത്ത് എന്നിവയിലെല്ലാം 'രാമന്‍' എന്ന പേര് ഒരു രാജാവ്, ബ്രാഹ്മണന്‍, പുത്രന്‍ തുടങ്ങിയ വിവിധാര്‍ഥങ്ങളില്‍ ആണ് പ്രയോഗിച്ചുകാണുന്നത്. വിഭിന്നരായ ഈ 'രാമന്‍'മാരില്‍ നിന്ന് അതിപ്രാചീനമായ വൈദികകാലം മുതല്‍തന്നെ രാജാക്കന്മാരിലും ബ്രാഹ്മണരിലും 'രാമന്‍' എന്ന പേര് പ്രചാരത്തിലുണ്ടായിരുന്നുവെന്നു മാത്രമേ നമുക്ക് ഊഹിക്കാനാവൂ. തൈത്തിരീയ ബ്രാഹ്മണം, ശതപഥ ബ്രാഹ്മണം, ബൃഹദാരണ്യകോപനിഷത്ത്, കൗഷീതകീ ഉപനിഷത്ത് ശാംഖായനാരണ്യകം തുടങ്ങിയവയിലെല്ലാം 'ജനകന്‍' എന്നനാമം പലതവണ കാണുന്നുണ്ട്.

രാമായണത്തിലെ മറ്റു കഥാപാത്രങ്ങളെക്കാള്‍ ജനകനെ സംബന്ധിച്ചാണ് വൈദികസാഹിത്യത്തില്‍ കൂടുതല്‍ പരാമര്‍ശുമുള്ളത്.
െൈവദിക സാഹിത്യത്തില്‍, വിഭിന്നരായ രണ്ടു സീതമാരെപ്പറ്റിയുള്ള സൂചന ലഭിക്കുന്നുണ്ട്. ഒന്നാമത്തെ സീത കൃഷിയുടെ അധിഷ്ഠാനദേവത ആണ്. ആ ദേവിയെപ്പറ്റിയുള്ള പ്രസ്താവന ഋഗ്വേദം മുതല്‍ ഉള്ള വൈദികസാഹിത്യങ്ങളിലെല്ലാം അനേകം സ്ഥലങ്ങളിലായി വരുന്നുണ്ട്. രണ്ടാമത്തെ സീതയെപ്പറ്റിയുള്ള അറിവ് നമുക്ക് തൈത്തിരീയ ബ്രാഹ്മണത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതു കൂടാതെ 'സീത' എന്ന പദം 'കലപ്പച്ചാല്‍' എന്ന അര്‍ഥത്തില്‍ വൈദികസാഹിത്യത്തില്‍ പലപ്രാവശ്യം പ്രയോഗിച്ചിട്ടുമുണ്ട്. കൃഷിയുടെ അധിഷ്ഠാനദേവത ആയ സീതയുടെ മഹത്വം വാല്മീകിരാമായണത്തെയും സ്വാധീനിച്ചിട്ടുണ്ട്. രാമായണത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമായ യാതൊരു പ്രസ്താവനയുമില്ലെങ്കിലും അയോനിജയായ സീതയുടെ ജനനവും തിരോധാനവും സംബന്ധിച്ച് ലഭിക്കുന്ന വൃത്താന്തം മിക്കവാറും വൈദികസാഹിത്യത്തിലുള്ള സീതയുടെ വ്യക്തിത്വത്തിന്റെ സ്വാധീനമുണ്ടായിരുന്നിരിക്കാം. വൈദികസാഹിത്യത്തില്‍ രാമായണത്തിലെ ചില കഥാപാത്രങ്ങളുടെ പേരുകള്‍ ഉണ്ടെങ്കിലും ഇവരുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള ഏതെങ്കിലും സൂചന നല്‍കുകയോ, ഇവരെ സംബന്ധിച്ച് രാമായണ കഥാവസ്തുവില്‍ എന്തെങ്കിലും സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. ജനകനെയും സീതയെയും പറ്റി പലപ്രാവശ്യം പറഞ്ഞിട്ടും രണ്ടുപേരും തമ്മിലുള്ള പിതൃപുത്രീബന്ധം എങ്ങുംതന്നെ സൂചിപ്പിച്ചിട്ടില്ല. വൈദികകാലത്ത് രാമായണം രചിച്ചിരുന്നു എന്നതിന്റെ സൂചന വിശാലമായ വൈദികസാഹിത്യത്തില്‍ നിന്നെങ്ങുംതന്നെ ലഭിക്കുന്നില്ല. അനേകം ഇതിഹാസ പുരുഷന്മാരുടെ പേരുകള്‍ക്കൊപ്പം രാമായണ കഥാപാത്രങ്ങളുടെ പേരുകളും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്നു മാത്രമേ നമുക്ക് ഊഹിക്കാനാവൂ.

പ്രാചീനകാലം മുതല്‍ ബൗദ്ധന്മാര്‍ രാമായണകഥ സ്വന്തമാക്കുകയും ജാതകസാഹിത്യത്തില്‍ അതിനു സ്ഥാനം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാചീന ബൗദ്ധസാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച മൂന്നു ജാതകങ്ങള്‍ ഉണ്ട്. ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവയാണവ. ദശരഥ ജാതകത്തിലുള്ള രാമകഥാരൂപമാണ് രാമായണകഥയുടെ മൂലരൂപമെന്ന് അനേകം വിദ്വാന്മാര്‍ കരുതുന്നു. അനാമകജാതകം ക്രി.വ. മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്- ഹുയി ചീനഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതില്‍ രാമന്റെയും സീതയുടെയും വനവാസം, സീതാഹരണം, ജടായുവൃത്താന്തം, ബാലി-സുഗ്രീവ യുദ്ധം, സേതുബന്ധനം, സീതയുടെ അഗ്‌നിപരീക്ഷ ഇവയുടെയെല്ലാം സൂചന ലഭിക്കുന്നുണ്ട്. പിന്നീട് ബൗദ്ധന്മാരില്‍ രാമകഥയോടുള്ള പ്രീതികുറയാന്‍ തുടങ്ങിയതോടെ അവദാനശതകം, ദിവ്യാവദാനം, ആര്യശൂരജാതകമാല, കല്പദ്രുമാവദാനം, രത്‌നാവദാനമാല, ദ്വാവിംശതി അവദാനം ഇവയില്‍ എങ്ങുംതന്നെ രമാകഥ സംബന്ധിച്ച വിവരങ്ങളില്ല.

ബൗദ്ധന്മാരെപ്പോലെ ജൈനന്മാരും രാമായണകഥ സ്വന്തമാക്കിയിട്ടുണ്ട്. ബൗദ്ധന്മാര്‍ മഹാത്മാബുദ്ധനെ രാമന്റെ അവതാരമായി കണക്കാക്കുന്നു. ജൈനന്മാരാകട്ടെ രാമായണ കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ മതത്തില്‍ ശ്രേഷ്ഠമായ ഒരു സ്ഥാനംനല്‍കുന്നു. രാമനെയും ലക്ഷ്മണനെയും രാവണനെയും ജൈനമതാവലംബികളായി കരുതുക മാത്രമല്ല മൂന്നുപേരെയും ജൈനന്മാരുടെ ത്രിഷഷ്ടിമഹാപുരുഷന്മാരുടെ കൂട്ടത്തില്‍പെടുത്തിയിട്ടുമുണ്ട്. 24 തീര്‍ഥങ്കരന്മാര്‍. 12 ചക്രവര്‍ത്തിമാര്‍, 9 ബലദേവന്മാര്‍. 9 വാസുദേവന്മാര്‍, 9 പ്രതിവാസുദേവന്മാര്‍ എന്നിവരടങ്ങിയതാണ്. ത്രിഷഷ്ടി മഹാപുരുഷന്മാര്‍. ഇവരുടെ ജീവചരിത്രങ്ങള്‍ ജൈനമതത്തില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും സ്ഥാനമാണ് വഹിക്കുന്നത്. രാമനും ലക്ഷ്മണനും രാവണനും യഥാക്രമം എട്ടാമത്തെ ബലദേവനും വാസുദേവനും പ്രതിവാസുദേവനും ആണെന്ന് കരുതപ്പെടുന്നു.

കാശ്മീരി രാജാവായ പ്രവരസേനന്‍ മാറാത്തീ പ്രാകൃതത്തില്‍ എഴുതിയ സേതുബദ്ധനം എന്ന കാവ്യം വാല്മീകീകൃതമായ യുദ്ധകാണ്ഡത്തിലെ കഥാവസ്തുവിന്റെ അലങ്കാരശൈലിയിലുള്ള വര്‍ണനകളാല്‍ വ്യത്യസ്തമാകുന്നു. 15 സര്‍ഗങ്ങളുള്ള സേതുബന്ധനത്തിന്റെ രചനാകാലം ക്രി.വ. 6-ാം ശതകമാണെന്ന് അനുമാനിക്കുന്നു. 'കാമിനീകേളി' എന്ന് 10-ാം സര്‍ഗത്തില്‍ രാക്ഷസികളുടെ സംഭോഗവര്‍ണനയുണ്ടെന്നുള്ളതാണ് സേതുബന്ധനത്തിന്റെ പ്രത്യേകത.

ഭട്ടികാവ്യം അഥവാ രാവണവധം കച്ഛില്‍ 6-ാംമത്തെയോ 7-ാമത്തെയോ ശതകത്തിലാണ് രചിച്ചത്. ഇതിലെ 22 സര്‍ഗങ്ങളില്‍ വ്യാകരണ നിയമങ്ങളുടെ നിരൂപണത്തോടൊപ്പം വാല്മീകിരാമായണത്തിലെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ കാഥാവസ്തു വര്‍ണിക്കപ്പെട്ടിരിക്കുന്നു.

ക്രി.വ. എട്ടാം ശതകത്തില്‍ രചിച്ചതെന്ന് കരുതുന്ന ജാനകീഹരണത്തിലെ കഥാവസ്തു രാമായണത്തിലെ ആദ്യത്തെ ആറ് കാണ്ഡങ്ങളിലെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അഹല്യ ശിലയായി തീരുന്നതൊഴിച്ച് കഥയില്‍ യാതൊരു പരിവര്‍ത്തനങ്ങളും വരുത്തിയിട്ടില്ല. ഇതിന്റെ 20 സര്‍ഗങ്ങളില്‍ ശൃംഗാരവര്‍ണനയ്ക്ക് നല്ല സ്ഥാനം നല്‍കിയിട്ടുണ്ടെന്നതാണ് ആ കൃതിയുടെ ഏറ്റവും വലിയ സവിശേഷത.

ഗൗഢീയ പാലവംശത്തിലെ യുവരാജാവായ ഹരിവര്‍ഷന്റെ പ്രേരണകൊണ്ട് അഭിനന്ദന്‍ ക്രി.വ. 9-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തിലാണ് രാമചരിതം രചിച്ചത്. 36 സര്‍ഗങ്ങളിലായി രാമലക്ഷ്മണന്മാരുടെ പ്രസ്രവണ പര്‍വത്തിലെ വര്‍ഷാനിവാസം മുതല്‍ കുംഭനികുംഭവധം വരെയുള്ള വര്‍ണനയാണുള്ളത്.

ആര്യ-ദ്രാവിഡ ഭാഷാസാഹിത്യത്തില്‍ വാല്മീകിയുടെ രാമായണത്തെ ആധാരമാക്കി നിരവധി കൃതികളാണ് പിറവിയെടുത്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, സിംഹള, കശ്മീരി, ആസാമി, ബംഗാളി, ഒറിയ, ഹിന്ദി, മറാഠി, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലാണ് രാമായണകഥകള്‍ പ്രചരിച്ചിരിക്കുന്നത്.

ദ്രാവിഡഭാഷകളിലെ രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കാവ്യഗ്രന്ഥം കമ്പരുടെ രാമായണം ആണ്. ക്രി.വ. 12-ാം ശതകത്തിലാണിത് രചിച്ചത്. വാല്മീകി രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണിക്കുകയും അനേകം പുതിയ വൃത്താന്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് രാമായണത്തിന്റെ ഉത്തരകാണ്ഡം ഓട്ടക്കൂതനാണ് രചിച്ചത്.

തെലുങ്ക് സാഹിത്യത്തില്‍ രാമായണകഥയെ സംബന്ധിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് രംഗനാഥന്റെ ദ്വിപദ രാമായണം. 14-ാം ശതകത്തിലാണ് രചിച്ചത്. ഇത് രംഗനാഥ രാമായണമെന്ന പേരില്‍ പ്രസിദ്ധമാണ്. ജനപ്രീതി നേടിയ ദ്വിപദം എന്ന ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണത്തിന് തെലുങ്കിലെ സാധാരണ ജനങ്ങളുടെയിടയില്‍ വളെരയേറെ പ്രചാരമുണ്ട്. എങ്കിലും മൊല്ല വിരചിതമായ രാമായണത്തിനാണ് ഇതിലും കൂടുതല്‍ പ്രചാരം. തെലുങ്കുരാമ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ കൃതി തിക്കണ്ണ വിരചിതമായ നിര്‍വചനോത്തര രാമായണമാണ്. പതിന്നാലാം നൂറ്റാണ്ടിലെ ഭാസ്‌കര രാമായണമാണ് ഏറ്റവും കൂടുതല്‍ കലാത്മകവും സാഹിത്യപരവുമായി കരുതുന്നത്.

ദക്ഷിണ തിരുവിതാംകൂറിലെ രാമനെന്ന കവി 14-ാം ശതകത്തില്‍ രചിച്ചതാണ് രാമചരിതം. മലയാളസാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സുരക്ഷിതവുമായ ഗ്രന്ഥം ഇതാണ്. ഈ കൃതിയുടെ യഥാര്‍ഥ പേര് ഇരാമചരിതം എന്നാണ്. 15-ാം ശതകത്തില്‍ കണ്ണശ്ശപ്പണിക്കര്‍ രചിച്ച കണ്ണശ്ശ രാമായണം വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം മാത്രമാണ്. പുനം നമ്പൂതിരി രാമായണം ശംബു മണിപ്രവാള ശൈലിയില്‍ എഴുതിയിട്ടുണ്ട്. മലയാളികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ രാമായണം തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്. രാജാ വീരകേരളവര്‍മയുടെ കേരളവര്‍മ രാമായണം എന്ന കൃതി വാല്മീകി രാമായണത്തിന്റെ സ്വതന്ത്ര തര്‍ജമയാണ്.
കന്നഡ ഭാഷയില്‍ 11-ാം ശതകം മുതല്‍ ജൈനരാമകഥാ സാഹിത്യസൃഷ്ടി ഉണ്ടായിത്തുടങ്ങിയിരുന്നു. ആ ജൈനരാമ സാഹിത്യത്തെക്കാള്‍ ബ്രാഹ്മണ-കന്നഡ രാമസാഹിത്യമാണ് ആധുനികമായിട്ടുള്ളത്. 16-ാം ശതകത്തില്‍ തോരവെ നിവാസിയായ നരഹരി എഴുതിയ തോരവെ രാമായണമാണ് കന്നഡത്തില്‍ ഏറെ പ്രസിദ്ധം.

സിംഹള സാഹിത്യത്തില്‍ സീതാത്യാഗത്തിന്റെ കഥകള്‍ക്കാണ് പ്രാധാന്യം. സിംഹള രാമകഥയില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്. ബാലി ലങ്കാദഹനം നടത്തി സീതയെ രാമന്റെ അടുത്തെത്തിക്കുന്നു.

18-ാം ശതകത്തില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ചതാണ് കശ്മീരി രാമായണം. ഇതില്‍ ദശരഥന്റെ യാഗം മുതല്‍ സീതയുടെ ഭൂമിപ്രവേശവും രാമന്റെ സ്വര്‍ഗാരോഹണവും വരെയുള്ള മുഴുവന്‍ കഥയും കൂടുതലും വാല്മീകി രാമായണം അനുസരിച്ചുള്ളതാണ്.
ഭാരതത്തിലെ പ്രാദേശിക ആര്യഭാഷകളിലെ അതിപ്രാചീനമായ രാമസാഹിത്യം ആസാമി, ബംഗാളി, ഒറിയ എന്നീ ഭാഷകളില്‍ സുരക്ഷിതമാണ്. ആസാമിയില്‍ മാധവ കന്ദളിയുടെയും ബംഗാളില്‍ കൃത്തിവാസന്റെയും ഒറിയയില്‍ ബാലരാമദാസന്റെയും രാമായണങ്ങളാണ് ഏറെ പ്രസിദ്ധം.

കൃത്തിവാസന്‍െ ശ്രീരാമപാഞ്ചാലിയും രഘുനന്ദന ഗോസ്വാമിയുടെ രാമരസായനവും ബംഗാളി സാഹിത്യത്തിലെ സര്‍വശ്രേഷ്ഠങ്ങളാണ്. ഒറിയ സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥാകാരന്‍ 15-ാം ശതകത്തിലെ സിദ്ധേശ്വര പരിഡാ ആണ്.
ഹിന്ദി സാഹിത്യത്തില്‍ തുളസീദാസന്റെ രാമചരിതമാനസമാണ് ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത.് രാമായണകഥയുടെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ രാമചരിതമാനസത്തിലും തുളസീദാസന്റെ അന്യകൃതികളിലും യാതൊരു പ്രധാന പരിവര്‍ത്തനവും കാണുന്നില്ല. അധ്യാത്മ രാമായണത്തെപ്പോലെ രാമചരിതമാനസവും ശിവപാര്‍വതി സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തുളസീദാസന്റെ സമകാലീന കവികളില്‍ രാമസാഹിത്യത്തിന്റെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ അഗ്രദാസനും നാഭാദാസനും പ്രമുഖരാണ്.
മറാഠി സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥ ഏകനാഥകൃതമായ ഭാവാര്‍ഥരാമായണമാണ്. 16-ാം ശതകത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. മറാഠി രാമസാഹിത്യത്തിന്റെ ഒരു പ്രത്യേകത സീതാസ്വയംവരം എന്ന പേരിലുള്ള കൃതികളുടെ ബാഹുല്യമാണ്.
രാമദാസന്‍, വാമനന്‍, ആനന്ദതനയന്‍, നാഗേഷ് എന്നിവരെല്ലാം വ്യത്യസ്തങ്ങളായ സീതാസ്വയംവരത്തിന്റെ രചയിതാക്കളാണ്. നിലവില്‍ മറാഠി സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കൃതി ശ്രീധരന്‍ രചിച്ച രാമവിജയമാണ്.

ുജറാത്തി സാഹിത്യത്തില്‍ 19-ാം ശതകത്തിലെ ഗിരിധരദാസന്‍ രചിച്ച രാമായണമാണ് ഏറെ ശ്രേഷ്ഠം. ആധുനികകാലത്ത് യോഗവാസിഷ്ഠം, അധ്യാത്മരാമായണം, രാമചരിതമാനസം തുടങ്ങിയവ ഗുജറാത്തിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഉര്‍ദുവിനെക്കാള്‍ പാര്‍സി രാമകഥാസാഹിത്യമാണ് കൂടുതല്‍ പ്രാചീനം. അക്ബറുടെ ആജ്ഞാനുസരണം അല്‍ബദായൂനി വാല്മീകി രാമായണം 1584-89 ല്‍ പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഗിരിധരദാസന്‍ വാല്മീകിരാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയും മുള്ളാമസീഹ തന്റെ രാമായണമസീഹി രചിക്കുകയും ചെയ്തിട്ടുണ്ട്.

രാമായണം വിദൂരങ്ങളില്‍

ഭാരതത്തില്‍ മാത്രമല്ല സമീപദേശങ്ങളിലെ സംസ്‌കാരത്തിലും സാഹിത്യത്തിലും രാമായണത്തിന് മഹത്തായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രാമായണകഥയുടെ ഒരു ധാര വടക്കോട്ട് വ്യാപിച്ചതിന്റെ തെളിവുകള്‍ തിബത്തി-ഖോത്താനി രാമായണങ്ങളില്‍നിന്നാണ് ലഭിക്കുന്നത്.

ടിബറ്റ് ഭാഷയിലെ രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാ സംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തുപ്രതികള്‍ ടിബറ്റില്‍ ലഭിച്ചിട്ടുണ്ട്. ക്രി.വ. ഒമ്പതാം ശതകത്തിലെയാണെന്നു കരുതുന്ന ഖോത്താനിയിലെ രാമകഥ, ടിബറ്റ് രാമായണത്തോട് വളരെയധികം യോജിക്കുന്നത്.

ഇന്‍ഡൊനീഷ്യയില്‍ രാമായണകഥ പ്രാചീനകാലം മുതല്‍ തന്നെ അറിയപ്പെടുന്നുണ്ട്. പിന്നീട് ജാവയിലും മലയായിലും വിശ്രുതമായ രാമസാഹിത്യസൃഷ്ടി നടന്നിട്ടുണ്ട്. ഇന്‍ഡൊനീഷ്യയിലെ ഏറ്റവും പ്രാചീനവും രാമസംബന്ധവുമായ സാഹിത്യസൃഷ്ടി രാമായണകവിതയാണ്. അത് 10-ാം ശതകത്തിലേതാണെന്ന് കരുതുന്നു.

ജാവയില്‍നിന്ന് ലഭിച്ച ഒരു പ്രാചീന ഉത്തരകാണ്ഡത്തില്‍ വാല്മീകിയുടെ ഉത്തരകാണ്ഡത്തിലെ കഥ ഗദ്യരൂപത്തില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ 101 ശ്ലോകങ്ങള്‍ അടങ്ങിയ ചരിതരാമായണവും ലഭിച്ചിട്ടുണ്ട്. രാമായണകവിതയുടെ പ്രാചീന പരമ്പരകൂടാതെ ഇന്‍ഡൊനീഷ്യയില്‍ രാമകഥയ്ക്ക് ഒരു ആധുനികരൂപവും പ്രചാരത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധുനിക കാലത്തും സുമാത്രയിലും ജാവയിലും രാമകഥാസംബന്ധങ്ങളായ നാടകങ്ങള്‍ അഭിനയിക്കുന്നുണ്ട്. ജാവയിലെ നാടകസാഹിത്യം മിക്കവാറും സേരത്തുകാണ്ഡത്തെയും രാമകേലിംഗത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബാലിയിലെ 'വായാംഗ വോംഗ' എന്ന നാടകത്തിലെ മുഴുവന്‍ സര്‍ഗങ്ങളും രാമായണത്തിലെ രംഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്നു. രാമകഥയുടെ ഈ ആധുനികരൂപം ഇന്‍ഡൊനീഷ്യയില്‍നിന്ന് ഇന്‍ഡോ-ചൈന, സയാം, ബര്‍മ എന്നീ സ്ഥലങ്ങള്‍വരെ വ്യാപിച്ചിട്ടുണ്ട്.

ഖ്‌മേര്‍ സാഹിത്യത്തിലെ ഏറ്റവും കലാപരമായ സൃഷ്ടി 'രാമകേര്‍ത്തി'യാണ്. അതിന്റെ രചയിതാവും രചനാകാലവും അജ്ഞാതമാണ്. കഥാവസ്തു വിശ്വാമിത്രയാഗവര്‍ണന മുതല്‍ ഇന്ദ്രജിത്തിന്റെ വര്‍ണന വരെയാണ്. സയാം ദേശത്ത് രാമകഥ രാമകിയേന (രാമകീര്‍ത്തി) എന്ന പേരില്‍ പ്രസിദ്ധമാണ്. താരതമ്യേന പ്രാചീനമായ കാലം മുതല്‍ അവിടത്തെ നാടകങ്ങളില്‍ രാമകഥയ്ക്ക് മഹത്തായ സ്ഥാനം ഉണ്ടായിട്ടുണ്ട്. ആദികാല നാടകങ്ങളിലെ ഖോന, രസം എന്നീ വര്‍ഗങ്ങളില്‍ രാമായണകഥ മാത്രമാണ് വിഷയം. 18-19 ശതകങ്ങളില്‍ ഥോനബുരി, ഫുത്തായോത്ത്ഫാ, ഫുത്താലെ ഉത്ത്‌ലാ തുടങ്ങിയ കവികള്‍ 'രാമകീയേന' എന്ന പേരില്‍ മഹാകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്.

ബര്‍മയിലെ രാമകഥാ സാഹിത്യം വളരെ ആധുനികമാണ്. സയാമിലെ രാമകഥയുടെ അടിസ്ഥാനത്തില്‍ യുത്തോ എ.ഡി-1800-ല്‍ 'രാമയാഗന' രചിച്ചു. അത് ബര്‍മയില്‍ ഏറ്റവും മഹത്തായ കാവ്യമായി കരുതപ്പെടുന്നു. അവിടത്തെ ഭാഷയില്‍ യാമവ്യേ എന്നു പറയുന്ന രാമനാടകം വളരെ ജനപ്രീതി നേടിയതാണ്. ഇതില്‍ അഭിനയിക്കുന്നവര്‍ വളരെ വിലപിടിപ്പുള്ള മുഖം ധരിക്കുകയും അഭിനയദിവസം ഈ മുഖങ്ങളുടെ പൂജ നടത്തുകയും ചെയ്യുന്നുവെന്നത് എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്.

സംസ്‌കൃതഭാഷയില്‍ രചിച്ച മറ്റ് പ്രധാന രാമായണങ്ങള്‍ /ബ്രാക്കറ്റില്‍ ശ്ലോകസംഖ്യ


മഹാരാമായണം (3,50,000 ശ്ലോകങ്ങള്‍), സംവൃത രാമായണം (24,000), ലോമശരാമായണം (32,000), അഗസ്ത്യ രാമായണം (16,000), മഞ്ജുള രാമായണം (1,20,000), സൗപത്മരാമായണം (62,000), രാമായണമഹാമാല (62,000), സൗഹാര്‍ദ രാമായണം (40,000), സൗര്യരാമായണം (62,000), ചാന്ദ്രി രാമായണം (75,000), ദുരന്ത രാമായണം (61,000), ദേവ രാമായണം (1,00,000),
സുനബ്രഹ്മ രാമായണം (32,000) ഇവയെല്ലാംതന്നെ വാല്മീകി രാമായണത്തിലെ പ്രധാന കഥയോ ഉപകഥയോ മറ്റോ എടുത്ത് വികസിപ്പിച്ച് രചിച്ചിട്ടുള്ളവയാണ്.



Buy Ramayanam

 

ga