വടകര:'ഓത്തുപള്ളിയിലന്ന് നമ്മള് പോയിരുന്ന കാലം...' ഗൃഹാതുരത്വത്തോടെ മലയാളി ഇന്നും ഓര്‍ക്കുന്ന ഈ രാഘവസംഗീതം വടകരയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. മറ്റൊന്നും കൊണ്ടല്ല. രാഘവന്‍ മാസ്റ്റര്‍ക്കൊപ്പം രണ്ട് വടകരക്കാര്‍ കൂടി ഈ ഗാനത്തിന് വേണ്ടി കൈകോര്‍ത്തിട്ടുണ്ട്. പാട്ടെഴുതിയത് വടകരയുടെ പ്രിയപ്പെട്ട കവി പി.ടി. അബ്ദുറഹ്മാന്‍, പാടിയതാകട്ടെ മറ്റൊരു പ്രിയ കവി വി.ടി. കുമാരന്റെ മകന്‍ വി.ടി. മുരളി. മുരളി കൂടുതല്‍ സിനിമാഗാനങ്ങളൊന്നും പാടിയിട്ടില്ല. പക്ഷേ, ഈ ഒരു ഗാനം മാത്രം മതി വി.ടി. മുരളിയെന്ന ഗായകനെ മലയാളികള്‍ തിരിച്ചറിയാന്‍. ഒരു പക്ഷേ, മുരളിക്ക് മാത്രം ലഭിച്ച ബഹുമതി ആയിരിക്കാം ഇത്. ഇതിനു പിന്നില്‍ രാഘവന്‍ മാസ്റ്ററുടെ ഈണമാണെന്ന് മുരളി പറയുന്നു.
1979-ല്‍ പുറത്തിറങ്ങിയ 'തേന്‍തുള്ളി' എന്ന ചിത്രത്തിലെ ഗാനമാണിത്. ഗാനങ്ങള്‍ ഒരുക്കാന്‍ രാഘവന്‍മാസ്റ്ററും പി.ടി.യും വി.ടി. മുരളിയുമെല്ലാം ദിവസങ്ങളോളം വടകരയില്‍ സംഗമിച്ചിട്ടുണ്ട്. ഒടുവില്‍ ഗാനം പുറത്തിറങ്ങിയപ്പോള്‍ അത് മലയാള സിനിമാഗാന ചരിത്രത്തില്‍ സ്വന്തമായി ഒരു ഇടം നേടി. നാടന്‍ പദപ്രയോഗങ്ങള്‍ വരികളായപ്പോള്‍ അതിന് മനോഹരമായ ഈണം നല്‍കി ആ പദങ്ങളെ കൂടുതല്‍ മധുരമുള്ളതാക്കി മാറ്റിയെന്നതാണ് രാഘവന്‍ മാസ്റ്ററുടെ മഹിമയായി കണക്കാക്കുന്നത്. 'തേന്‍തുള്ളി' എന്ന ചിത്രത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചതും വടകര സ്വദേശിയാണ്.
ആകാശവാണിയിലാണ് വി.ടി. മുരളി രാഘവന്‍ മാസ്റ്ററുമായി പരിചയപ്പെടുന്നത്. ആ പരിചയം മുരളിയെ സിനിമാഗാന മേഖലയിലേക്കെത്തിച്ചു. കുറേ നാടകങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ ഒന്നിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ബാല്യകാലസഖി എന്ന ചിത്രത്തിലെ ഒരു ഗാനവും മുരളി ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും മുരളി തന്റെ ഗുരുവിനെ കണ്ടിരുന്നു.