നൂറ്റാണ്ടിന്റെ നദീതീരത്തെ അവസാനഭാഷണം

ശ്രീകാന്ത് കോട്ടക്കല്‍ Posted on: 20 Oct 2013

രണ്ടാഴ്ച മുമ്പാണ് കെ.രാഘവന്‍ മാസ്റ്ററെ ആദ്യമായിക്കണ്ടത്. നൂറാംവയസ്സിലേക്കു പ്രവേശിക്കുന്ന അദ്ദേഹത്തെക്കുറിച്ച് 'മാതൃഭൂമി'യുടെ വാരാന്തപ്പതിപ്പിനുവേണ്ടി മുഖാമുഖത്തിനാണ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ താളഭംഗങ്ങളില്ലാത്ത തന്റെ ജീവിതത്തിന്റെ ശ്രുതിപ്പെട്ടി പൂട്ടി രാഘവന്‍മാസ്റ്റര്‍ പോയി എന്നറിഞ്ഞപ്പോള്‍ ആദ്യത്തെ കാഴ്ച അവസാനത്തേതുമായിരുന്നുവെന്ന് വിഷാദത്തോടെ മനസ്സിലാകുന്നു.

ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് 'മാതൃഭൂമി'ക്കുവേണ്ടി ഒരു മുഖാമുഖത്തിന് അദ്ദേഹം സമ്മതിച്ചത്. പോയ ഒരാഴ്ചമുഴുവനും താന്‍ ആസ്പത്രിയിലായിരുന്നുവെന്നും അതുകൊണ്ട് വയ്യ എന്നും ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞ മാസ്റ്റര്‍ പിന്നീട് ഒരാഴ്ചകഴിഞ്ഞ് വിളിച്ച് നിര്‍ബന്ധിച്ചപ്പോഴാണ് വരാന്‍ പറഞ്ഞത്. സംഭാഷണത്തിനിടെ അദ്ദേഹം പറയുകയുംചെയ്തു; 'മാതൃഭൂമിയാണെന്ന് പറഞ്ഞതുകൊണ്ടുമാത്രം സമ്മതിച്ചതാണ് കേട്ടോ. അത്ര പഴയ ബന്ധമാണ്, മറക്കാന്‍ പറ്റില്ല'.

ഒരു സായന്തനത്തില്‍നടന്ന ആ സംഭാഷണത്തില്‍ മുഴുവന്‍ രാഘവന്‍ മാസ്റ്റര്‍ ഏറ്റവും വിനീതനായും ഒരുപാട് ഓര്‍മകളാല്‍ വലയംചെയ്യപ്പെട്ട വലിയ ഒരു കാലമായുമാണ് അനുഭവപ്പെട്ടത്. ആ ഓര്‍മകളില്‍ ഒരുതരത്തിലുള്ള ഇടര്‍ച്ചകളുമില്ലാതെ, സ്വര്‍ണത്തുമ്പികളെപ്പോലെ സ്വരങ്ങളും കിന്നരജന്മങ്ങളായ വയലാര്‍ രാമവര്‍മയും പി.ഭാസ്‌കരനും ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയും ഒ.എന്‍.വി.യും അഗസ്റ്റിന്‍ ജോസഫ് മകന്‍ യേശുദാസും പാലിയത്തെ ജയചന്ദ്രനും കെ.പി.ഉദയഭാനുവും സ്വരസ്വരൂപിണികളായ എസ്.ജാനകിയും വാണിജയറാമും പി.ലീലയും സുശീലയും ജാനമ്മ ഡേവിഡും ജിക്കിയും അക്ഷരപുരുഷന്മാരായ ഉറൂബും അക്കിത്തവും തിക്കോടിയനുമെല്ലാമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകളുടെ ആല്‍ബത്തില്‍ ഒരുതുള്ളിപോലും കാലത്തിന്റെയോ മറവിയുടെയോ കറ വീണിരുന്നില്ല. എല്ലാം അദ്ദേഹത്തിന് ഓര്‍മയുണ്ട്, ആ ഓര്‍മകളിലെല്ലാം സ്‌നേഹത്തിന്റെ പരാഗങ്ങളും.

സംസാരത്തിലും സ്വപ്രകൃതത്തിലുമെല്ലാം 'താനൊന്നുമല്ല എല്ലാം എങ്ങനെയൊക്കെയോ സംഭവിച്ചു' എന്ന ഭാവമായിരുന്നു രാഘവന്‍ മാസ്റ്ററുടെത്, യഥാര്‍ഥ ജീനിയസ്സുകളായ എല്ലാ വലിയ മനുഷ്യരുടെയുംപോലെ. എങ്ങനെയാണ് താന്‍ അനശ്വരമായ ഈണങ്ങള്‍ സൃഷ്ടിച്ചതെന്നോ അവ എവിടെനിന്നാണ് ഉറന്നുവന്നത് എന്നോ അദ്ദേഹത്തിന് അളന്നുതൂക്കിപ്പറയാന്‍ സാധിച്ചതേയില്ല. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോഴെല്ലാം വടക്കെ മലബാറിന്റെ നാടന്‍ ഈണത്തില്‍ മാഷ് പറയും 'എങ്ങനെയാന്ന് പറയാനാവൂല. അതെല്ലം അങ്ങനെയങ്ങ് ചെയ്യാന്‍ പറ്റി. അല്ലാണ്ട് എന്താ പറയാ'.

തലശ്ശേരിയുടെയും കണ്ണൂരിന്റെയും നാട്ടുമണ്ണില്‍ വിളഞ്ഞ വാക്കുകളായിരുന്നു രാഘവന്‍ മാസ്റ്ററുടെ സംസാരത്തില്‍ നിറയെ. മലയാളസിനിമാസംഗീതത്തില്‍ നിറയെ നാടന്‍ശീലുകള്‍ നിറച്ച സംഗീതസംവിധായകന്‍ വാക്കിലും വിചാരത്തിലും കാഴ്ചയിലുമെല്ലാം തനി നാടനായിരുന്നു. 'എന്റെ ജീവിതം തന്നെയാണ് എന്റെ സംഗീതം' എന്ന് രാഘവന്‍ മാസ്റ്റര്‍ പറയാതെ പറയുന്നതുപോലെ.

സംസാരത്തിനിടെ ഏതെങ്കിലും വ്യക്തികളെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ ഒരു പരാതിയും മാഷ് പറഞ്ഞതേയില്ല. കടന്നുപോന്ന ജീവിതത്തെക്കുറിച്ച് ഒരു പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എല്ലാകാര്യത്തിലും സംതൃപ്തനാണെന്നു പറഞ്ഞ അദ്ദേഹം എന്തും നന്നായി കൈകാര്യംചെയ്താല്‍ നന്നാവും എന്നും ഇല്ലെങ്കില്‍ മോശമാവും എന്നും തന്റെ സര്‍ഗാത്മകവീക്ഷണത്തെ സംക്ഷിപ്തമാക്കിപ്പറഞ്ഞു. ഒന്നിനെയും വിധിക്കാന്‍ താനാളല്ല എന്ന മട്ടായിരുന്നു സംഭാഷണത്തിലുടനീളം.

തിരിച്ചുപോരുമ്പോള്‍ സ്വന്തം കിടപ്പുമുറിയില്‍, സന്ധ്യാപ്രകാശത്തില്‍ക്കുളിച്ച്, ഓര്‍മകളാല്‍ മൂടിപ്പുതച്ചിരിക്കുകയായിരുന്നു രാഘവന്‍ മാസ്റ്റര്‍. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് മൂളുന്നതുപോലെ തോന്നി, ഏതൊക്കെയോ രാഗങ്ങള്‍ തുന്നുന്നതുപോലെ. തുഴഞ്ഞുതുഴഞ്ഞ് നൂറ്റാണ്ടിന്റെ നദികടന്ന് കരയ്ക്കിറങ്ങും മുമ്പ് പാട്ടുകാരന്റെ വഞ്ചി വഴിതിരിഞ്ഞു പോയി -പക്ഷേ, തീരങ്ങളില്‍ നൂറ്റാണ്ടുകളോളം അയാളുടെ പാട്ടുകള്‍ ശേഷിക്കും.





Raghavan Photogallery

 

ga