ഫുട്‌ബോളില്‍നിന്ന് വെട്ടിയൊഴിഞ്ഞ് സംഗീതത്തിലേക്ക്

എം.എസ്.രാഖേഷ് കൃഷ്ണന്‍ Posted on: 19 Oct 2013

കണ്ണൂര്‍:സംഗീതത്തോടുള്ള അഭിനിവേശം മൂലം ഫുട്‌ബോള്‍ലോകത്തിനു നഷ്ടമായ താരമാണ് രാഘവന്‍ മാസ്റ്റര്‍. വിദ്യാര്‍ഥിയായിരിക്കുമ്പോഴും തേര്‍ഡ് ഫോറത്തില്‍ പഠനം നിര്‍ത്തിയശേഷവും തലശ്ശേരിയിലെ ഫുട്‌ബോള്‍ കമ്പക്കാരുടെ പ്രിയങ്കരനായ കളിക്കാരനായിരുന്നു അദ്ദേഹം. ഒപ്പം, തലശ്ശേരിയുടെ കളരിമുറകളിലും പ്രാവീണ്യം നേടിയിരുന്നു. തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും രാഘവന്‍ മാസ്റ്ററുടെ ആരോഗ്യത്തിന്റെ രഹസ്യം ചെറുപ്പത്തിലെ ഈ കായികപരിശീലനവും അവസാനംവരെ തുടര്‍ന്ന ചിട്ടയുമായിരുന്നു.

സ്‌കൂള്‍വിദ്യാഭ്യാസം അവസാനിപ്പിച്ചശേഷം ഫുട്‌ബോളും കളരിയും സംഗീതവുമെല്ലാമായി കഴിഞ്ഞിരുന്ന രാഘവനെ അദ്ദേഹത്തിന്റെ വലിയമ്മയുടെ മകന്‍ കെ.കരുണാകരന്‍ 1938ല്‍ ബോംബെയിലേക്കു കൊണ്ടുപോയി. കരുണാകരന്‍ ബോംബെയില്‍ ടെക്‌സാസ് ഓയില്‍ കമ്പനി (ഈ കമ്പനി പിന്നീട് കാലിഫോര്‍ണിയ ഓയില്‍ കമ്പനിയുമായി ചേര്‍ന്നാണ് 'കാല്‍ടെക്‌സ്' കമ്പനിയുണ്ടാകുന്നത്) യിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. നല്ല കളിക്കാരനായ രാഘവനെയും ടീമില്‍ ചേര്‍ക്കാനാകുമെന്നായിരുന്നു കരുണാകരന്റെ കണക്കുകൂട്ടല്‍.

കൊളാബോ പോയിന്‍റില്‍ കമ്പനിടീമിനുവേണ്ടി ഒരു കളിയില്‍ രാഘവന്‍ ഇറങ്ങി. റൈറ്റ് ഔട്ട്‌സൈഡ് ഫോര്‍വേഡായി മികച്ച കളിയാണ് അദ്ദേഹം കാഴ്ചവെച്ചത്. കളി തോറ്റെങ്കിലും വിദേശികളായ കമ്പനി അധികൃതര്‍ക്ക് അദ്ദേഹത്തിന്റെ കളി പിടിച്ചു. ജോലിക്കായുള്ള അഭിമുഖത്തിനു പിറ്റേദിവസംതന്നെ ബല്ലാഡ് എസ്റ്റേറ്റിലെ കമ്പനി ഓഫീസില്‍ ഹാജരാകാന്‍ അറിയിപ്പ് കിട്ടി. അക്കാലത്തെ വലിയൊരു തുകയും ശമ്പളമായി വാഗ്ദാനം ചെയ്തു. എന്നാല്‍, അഭിമുഖത്തിനു പോകാനുള്ള സമയമായപ്പോള്‍ കരുണാകരന്‍ എത്രനോക്കിയിട്ടും രാഘവനെ കാണാനില്ല. അപ്പോഴേക്കും കാല്‍പ്പന്തുകളിയുടെ ലോകത്തുനിന്ന് പൂര്‍ണമായും സംഗീതലോകത്തേക്കു അദ്ദേഹത്തിന്റെ മനസ്സ് മുങ്ങിപ്പോയിരുന്നു. കരുണാകരന്‍ കുറേ പരിഭവം പ്രകടിപ്പിച്ചെങ്കിലും രാഘവന്റെ മനസ്സ് മാറ്റാനായില്ല.

മികച്ച ടീമുകളുടെ ഫുട്‌ബോള്‍മത്സരങ്ങള്‍ ടി.വി.യിലുണ്ടെങ്കില്‍ ഉറക്കമൊഴിഞ്ഞും രാഘവന്‍ മാസ്റ്റര്‍ കളികണ്ടിരുന്നു. പുലര്‍ച്ചെ തുടങ്ങുന്ന മത്സരമാണെങ്കില്‍ അപ്പോള്‍ എഴുന്നേറ്റ് കാണുന്ന അത്രയും കളിഭ്രാന്തുണ്ടായിരുന്നു അദ്ദേഹത്തിന്. ലോകകപ്പ് മത്സരമാണെങ്കില്‍ ഒന്നുപോലും ഒഴിവാക്കില്ല.

കളരിപഠനത്തിനിടെയുള്ള ചോരത്തിളപ്പില്‍ മറ്റൊരു അഭ്യാസിയെ മലര്‍ത്തിയടിച്ച കഥ അടുത്ത സുഹൃത്തുക്കളോട് രാഘവന്‍ മാസ്റ്റര്‍തന്നെ പങ്കുവെച്ചിട്ടുണ്ട്. തലശ്ശേരിയിലെ കേളപ്പന്‍ ഗുരുക്കളായിരുന്നു അദ്ദേഹത്തിന്റെ കളരിഗുരു. ഒരിക്കല്‍ സുകുമാരന്‍ എന്നൊരാള്‍ ഗുരുക്കളെ അപമാനിച്ചു. അതുകണ്ട് സഹിക്കാതെ പോരിനിറങ്ങിയ രാഘവന്‍ ഒറ്റയടിക്ക് സുകുമാരനെ അടിച്ചിട്ടു. ഇതിനെച്ചൊല്ലി ഒമ്പതുമാസത്തോളമാണ് കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് നടന്നത്. വി.ആര്‍.കൃഷ്ണയ്യരുടെ പിതാവ് കൊയിലാണ്ടി രാമയ്യരായിരുന്നു രാഘവന്റെ വക്കീല്‍. അവസാനം വിധി രാഘവന് അനുകൂലമായി.



Raghavan Photogallery

 

ga