സംഗീതവും സ്‌നേഹവും വിളമ്പിയ രാഘവന്‍ മാഷ്

Posted on: 19 Oct 2013


പള്ളുരുത്തി: 'പുഞ്ചവയല്‍ കൊയ്തല്ലോ, കൊഞ്ചെടി, കൊഞ്ചെടി തത്തമ്മേ...' രാഘവന്‍ മാഷിന്റെ ഈ പാട്ട് കേട്ട്, മഹാനായ സംഗീതകാരന്‍ സലില്‍ ചൗധരി രാഘവന്‍ മാഷിനെ കാണാന്‍ തലശ്ശേരിയില്‍ വന്നു. അതാണ് ആ സംഗീതത്തിന്റെ മഹത്വം.

ചലച്ചിത്ര സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ രാഘവന്‍ മാഷിനെ ഓര്‍ക്കുകയാണ്.

നീലക്കുയിലിലെ പാട്ടുകള്‍, ഞങ്ങളുടെ തലമുറയില്‍പ്പെട്ട ചെറുപ്പക്കാര്‍ക്ക് ആവേശമായിരുന്നു. സംഗീത പ്രേമികളായ അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു രാഘവന്‍ മാഷ്. അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു. അക്കാലത്ത് ആകാശവാണിയിലൂടെയും ജനങ്ങള്‍ക്ക് രാഘവന്‍ മാഷിനെ അറിയാമായിരുന്നു.

1975 ലാണ് ഞാന്‍ രാഘവന്‍ മാഷിനെ പരിചയപ്പെടുന്നത്. അന്നു മുതല്‍ ഇന്നു വരെ ആ സ്‌നേഹം തുടര്‍ന്നു.

രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹം ടെലിഫോണില്‍ വിളിക്കും. അതൊരു കരുതലാണ്. ആ സ്‌നേഹം അനുഭവിച്ചു തന്നെ അറിയണം. ഡോക്ടറേറ്റ് ലഭിച്ചപ്പോള്‍ ആദ്യം എന്നെ വിളിച്ചു പറഞ്ഞു.

പുതിയ കലാകാരന്മാരെ ആവുന്നത്ര സഹായിച്ചിരുന്ന ആളാണ് രാഘവന്‍ മാഷ്. ബ്രഹ്മാനന്ദന്‍, എച്ച്. മെഹബൂബ് തുടങ്ങിയ ഗായകരെയെല്ലാം സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.

ദക്ഷിണാമൂര്‍ത്തി-ദേവരാജന്‍-കെ. രാഘവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ജ്വലിച്ചു നിന്ന കാലത്താണ് ഞാന്‍ ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നത്.

പുതുമുഖമായ എന്നെ രാഘവന്‍ മാഷ് അക്കാലത്ത് തന്നെ നന്നായി സഹായിച്ചു. സംഗീതം മാത്രമല്ല, അദ്ദേഹം സ്‌നേഹവും വിളമ്പി.

നാലുമാസം മുമ്പ് തലശ്ശേരിയില്‍ പോയി ഞാന്‍ മാഷിനെ കണ്ടിരുന്നു. എന്തൊരു ശബ്ദമാണത്. നീലക്കുയിലിലെ പാട്ടുകള്‍ അദ്ദേഹം ഉറക്കെ പാടി. മൂന്നു മണിക്കൂറോളം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെലവഴിച്ചു. ഒരു നിമിഷം പോലും മുഷിപ്പുണ്ടായില്ല. ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും സംഗീതം മുഴുവന്‍ ആവാഹിച്ച ആ ശബ്ദം എന്നെ അത്ഭുതപ്പെടുത്തി.

'രാഘവന്‍ മാഷ് മരിക്കുന്നില്ല ഈ മലയാളം ഉള്ളിടത്തോളം കാലം മാഷിനെ ഈ നാട് ഓര്‍ക്കും. ആ സംഗീതം നമ്മുടെ മനസ്സിലുണ്ടാകും' -അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.



Raghavan Photogallery

 

ga