കരുത്തുറ്റ
സംഗീതം

വി.ടി.മുരളി Posted on: 20 Oct 2013

രാഘവന്‍ മാസ്റ്റര്‍ എനിക്ക് ഗുരുസ്ഥാനീയനല്ല, ഗുരുതന്നെയാണ്. പക്ഷേ, എന്താണദ്ദേഹം പഠിപ്പിച്ചത്? സംഗീതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗീതം പോലും പഠിപ്പിച്ചിട്ടില്ല. ഒരുപാട് ഞാനാഗ്രഹിച്ചതാണ്. അദ്ദേഹം എന്നെ സംഗീതം പഠിപ്പിക്കാന്‍ തയ്യാറായിട്ടില്ല. തിരക്കുകള്‍ പറഞ്ഞൊഴിഞ്ഞുകളയും.

ഗുരു, ശിഷ്യന്‍ എന്നൊക്കെ നാം വിവക്ഷിക്കുന്ന സാമാന്യമായ അര്‍ഥതലങ്ങള്‍ക്കുമപ്പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം എന്നാണെന്റെ അനുഭവം. രാഘവന്‍ മാസ്റ്ററുമായുള്ള ബന്ധത്തിന് 35 വര്‍ഷത്തിലേറെ പഴക്കമുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ തുടങ്ങിയതാണ് ഈ ബന്ധം.

തന്റെ ജോലിക്കിടയില്‍ രാഘവന്‍ മാസ്റ്റര്‍ ഇടയ്ക്കിടക്ക് മദിരാശിയില്‍ സിനിമാസംഗീതസംവിധാനത്തിന് പോവുമായിരുന്നു. ആകാശവാണിയിലെ ഔദ്യോഗിക നൂലാമാലകളില്‍പ്പെട്ട് ഒരുപാട് അവസരങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥിരമായ ഒരു വരുമാനം ആകാശവാണിയില്‍ ലഭിക്കും എന്നുള്ളതുകൊണ്ടുമാത്രമല്ല അദ്ദേഹം ആകാശവാണിയെ സ്‌നേഹിച്ചത്. തന്റെ സംഗീതജീവിതത്തിലെ ഉന്നതികള്‍ക്കെല്ലാം തട്ടകമായത് ആകാശവാണിയാണ് എന്നതുകൊണ്ടുകൂടിയായിരുന്നു.

മാസ്റ്റര്‍ ഒരിക്കലും ആര്‍ക്കും ഒരു പ്രതീക്ഷയും നല്കില്ല. അതാണ് പ്രകൃതം. എന്നാല്‍, തനിക്ക് പൂര്‍ണമായും തീരുമാനിക്കാന്‍ കഴിയുന്ന അവസരം വരുമ്പോള്‍ നിര്‍ഭയമായി അത് ഉപയോഗിക്കുകയും ചെയ്യും. ബ്രഹ്മാനന്ദന്റെയും ഉദയഭാനുവിന്റെയും കാര്യത്തില്‍ അങ്ങനെയാണല്ലോ സംഭവിച്ചത്. ഉദയഭാനുവിനെക്കൊണ്ട് പാടിച്ചില്ലെങ്കില്‍ തന്നെ സംഗീതസംവിധായകന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊള്ളൂ എന്ന് നിര്‍മാതാവിനോട് മാസ്റ്റര്‍ പറഞ്ഞു എന്നത് ഇന്ന് പുതിയൊരു കഥയല്ലല്ലോ. ആ തന്റേടം ആരു കാണിക്കും? ആ തന്റേടം ജീവതത്തിലുടനീളം അദ്ദേഹം കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിനും ആ കരുത്തുണ്ട്. അദ്ദേഹം സംഗീതം നല്കിയ പാട്ടുകള്‍ നോക്കൂ അദ്ദേഹത്തെപ്പോലെത്തന്നെ ഒരുറച്ച ശരീരവും മനസ്സുമുണ്ട് അതിന്.

സിനിമ, നാടക, ലളിതഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിനായി ഞാന്‍ പലതവണ അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. സ്റ്റുഡിയോയില്‍ എല്ലാ കലാകാരന്മാരും എത്തുന്നതിന് മുമ്പ് മാസ്റ്റര്‍ എത്തിയിരിക്കും. അതറിയാവുന്നതുകൊണ്ട് കലാകാരന്മാര്‍ എല്ലാം നേരത്തെ എത്തുക പതിവായിരുന്നു. ഒരിക്കല്‍ ഒരു റിഹേഴ്‌സലിനിടയ്ക്ക് കയറിവന്ന കലാകാരനോട് അദ്ദേഹം പറഞ്ഞു 'ഈ ഗാനത്തില്‍ വയലിന്റെ ആവശ്യമില്ല. നിനക്ക് തിരിച്ചുപോകാം' അത്രയ്ക്ക് ഉത്തരവാദിത്വമുള്ള ആളാണ് മാസ്റ്റര്‍. ഒമ്പതുമണി എന്ന് പറഞ്ഞാല്‍ അത് ഒമ്പതുമണിതന്നെയാണ്.

പാട്ടുകള്‍ നേരത്തേതന്നെ സംവിധാനം ചെയ്ത് അതെല്ലാം ഒരു പാഡില്‍വെച്ച് തയ്യാറാക്കിയിട്ടാണ് അദ്ദേഹം വരിക. സ്റ്റുഡിയോവില്‍വെച്ച് പെട്ടെന്ന് മാറ്റുകയോ മറിക്കുകയോ ഒന്നുമില്ല. നേരത്തേ ചെയ്യേണ്ട ഗൃഹപാഠം ചെയ്തിരിക്കും. ഒരു പാട്ട് എഴുതി തീര്‍ക്കാന്‍ പത്ത് കടലാസെങ്കിലും വേണ്ടിവരും. തൃപ്തിവരുന്നതുവരെ മാറ്റിയെഴുതിക്കൊണ്ടിരിക്കും. പാഡില്‍ ഒരു കടലാസില്‍ തന്റെ കൈപ്പടയിലെഴുതിയ പാട്ടിന്റെ വരികള്‍, മറ്റൊന്നില്‍ പാട്ടിന്റെ നൊട്ടേഷന്‍, അടുത്തതില്‍ ഉപകരണസംഗീതത്തിന്റെ നൊട്ടേഷന്‍. നൊട്ടേഷന്‍ എല്ലാം തമിഴിലാണ്എഴുതുക. അദ്ദേഹം ഇട്ടുവെച്ചതുപോലെ നമുക്ക് പാടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാറ്റിത്തരും. ഉടനെ തന്റെ കടലാസില്‍ അത് രേഖപ്പെടുത്തും. പക്ഷേ, പിന്നീടത് മാറ്റാന്‍ സമ്മതിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അദ്ദേഹത്തിന് തൃപ്തിയാവുന്നതുവരെ പാടിച്ചുകൊണ്ടിരിക്കും.

മാസ്റ്ററുടെ അടുത്തുനിന്ന് പാട്ടുപഠിക്കുക പ്രയാസമാണ്. ആകാശവാണിയില്‍തന്നെ ഞങ്ങള്‍ ഇരുന്ന് പാട്ട് പഠിക്കുമ്പോള്‍ അത്‌കേള്‍ക്കാനായി സ്റ്റാഫംഗങ്ങള്‍ വന്നുനില്‍ക്കും. ചിലപ്പോള്‍ നമ്മള്‍ നാണംകെട്ടുപോകും. ആത്രയ്ക്ക് ഭംഗിയായി മാസ്റ്റര്‍ പാടും. അദ്ദേഹം പാടിത്തന്ന് നമ്മള്‍ ഏറ്റുപാടിയാല്‍ ഏല്‍ക്കുകയില്ല. എല്ലാറ്റിനും കൃത്യമായ അളവുകളും തൂക്കവും കാണും. എത്രയുംപെട്ടെന്ന് ഈണം നമുക്ക് പഠിച്ചെടുക്കാം. എന്നാല്‍ അതിലെ മിനുക്കുപണികളിലാണ് അദ്ദേഹം കേന്ദ്രീകരിക്കുന്നത്. അത് ക്ലേശകരമായ പണിതന്നെയാണ്. അത് തൊണ്ടകൊണ്ടല്ല പാടുന്നത്, മനസ്സുകൊണ്ടാണ്. ജീവിതത്തിനും മാസ്റ്ററെ സംബന്ധിച്ചിടത്തോളം കൃത്യമായ അളവും തൂക്കവുമുണ്ട് ഏതു കാര്യത്തിലും. അത് ഭക്ഷണത്തിന്റെ കാര്യത്തില്‍പോലുമുണ്ട്. തന്റെ കിടക്കയിലെ വിരി ഒന്ന് ചുളിഞ്ഞുകണ്ടാല്‍ അസ്വസ്ഥമാകും ആ മനസ്സ്. ആരെങ്കിലും കിടക്കയില്‍ വന്നിരുന്ന് ഏഴുന്നേറ്റു പോകുമ്പോള്‍ ഉടനെപോയി വിരിപ്പ് പൂര്‍വാവസ്ഥയിലാക്കിവെക്കും.

സംഗീതത്തിന്റെ കാര്യത്തില്‍ അത് പഠിപ്പിക്കുന്ന സമയത്തല്ലാതെ രാഘവന്‍ മാസ്റ്റര്‍ പാടുന്നത് ആരും കേള്‍ക്കില്ല. ഒരു
മൂളിപ്പാട്ടുപോലും പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. ഇദ്ദേഹം തന്നെയാണോ ഈ പാട്ടുകളൊക്കെ ഉണ്ടാക്കിയിരിക്കുന്നതെന്ന് തോന്നും.

രാഘവന്‍ മാസ്റ്റരുടെ സംഗീതം പലതവണ നാം ചര്‍ച്ചചെയ്തതാണ്. മാസ്റ്റര്‍ പാട്ടിനെ സമീപിക്കുന്ന രീതി, അതിന്റെ പ്രത്യേകതകള്‍ എല്ലാം പഠനാര്‍ഹമായ വിഷയങ്ങള്‍തന്നെ. ആകാശവാണിയില്‍ പലരും എഴുതി അയക്കുന്ന പാട്ടുകളല്ലെ. ചിലപ്പോള്‍ ചില വാക്കുകള്‍ സംഗീതത്തിനു വഴങ്ങില്ല. അല്ലെങ്കില്‍ ഗായകന് പറഞ്ഞുകൊടുക്കുമ്പോള്‍ ആ പാട്ടിന്റെ ആശയത്തിലോ വാക്യഘടനയിലോ മാസ്റ്റര്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ അത് തീര്‍ത്തിട്ടേ ശബ്ദലേഖനം ചെയ്യൂ. പി.എസ്.നമ്പീശന്‍, പി.പി.ശ്രീധരനുണ്ണി, പി.ഉദയഭാനു തുടങ്ങിയവരോടെല്ലാം മാസ്റ്റര്‍ അന്വേഷിക്കും. ചിലപ്പോള്‍ ചില വരികള്‍ തന്നെ അവരെക്കൊണ്ട് മാറ്റിയെഴുതിക്കും. അര്‍ഥശൂന്യമായ പദങ്ങള്‍കൊണ്ട് പാട്ടുകളൊരുക്കുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്ന ഈ കാലത്ത് മാസ്റ്റര്‍ ഇത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടുകള്‍ ഓര്‍ത്താല്‍ അത്ഭുതം തോന്നും.

സിനിമയും നാടകവും പൊതുപരിപാടികളും വേണ്ടെന്നുവെച്ച് വീട്ടില്‍ തന്നെയായപ്പോള്‍ എത്രയോപേര്‍ മാസ്റ്ററെ സമീപിച്ചിരുന്നു. അദ്ദേഹം വഴങ്ങിയില്ല. മദിരാശിയെ നേരത്തെതന്നെ അദ്ദേഹം ഉപേക്ഷിച്ചിരുന്നു.ആരുടെ മുന്നിലും കൈ നീട്ടാനിടവരരുത് എന്നതായിരുന്നു മാസ്റ്റരുടെ പ്രാര്‍ഥന. സ്വന്തം മക്കളുടെ മുന്നില്‍പോലും അവസാന ശ്വാസം വരെ തന്റെ പ്രയത്‌നംകൊണ്ട് ജീവിക്കണം എന്ന മനോഭാവം.

'കായലരികത്ത്' എന്ന നീലക്കുയിലിലെ പാട്ടിനു ശേഷം വളരെ പ്രശസ്തമായ പാട്ടാണ് 'തേന്‍തുള്ളി'യില്‍ ഞാന്‍ പാടിയ 'ഓത്തുപള്ളി'. തേന്‍തുള്ളിയുടെ സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്റരായിരുന്നു. പിടി.അബ്ദുറഹിമാന്റെ രചന. മറ്റു പാട്ടുകള്‍ ഉണ്ടെങ്കിലും ഈയൊരു പാട്ടിന്റെ ബലത്തിലാണ് പലപ്പോഴും ഞാന്‍ നിന്നുപോയത്.

'തളിരണിയും കാലം' എന്ന പേരില്‍ ഒരു സിനിമ എടുക്കുന്നു. കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന സിനിമയുടെ സംഗീതസംവിധാനം രാഘവന്‍ മാസ്റ്റര്‍. പി.ഭാസ്‌കരന്‍, ടി.എസ്.തിരുമുമ്പ്, കെ.എ.കേരളീയന്‍, കെ.പി.ജി.നമ്പൂതിരി തുടങ്ങിയവര്‍ എഴുതിയ പഴയഗാനങ്ങള്‍. വാര്‍ത്തവായിച്ചപ്പോള്‍ മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, മാസ്റ്റര്‍ എന്നെ വിളിച്ചില്ല. പെട്ടിയും മറ്റുമെടുത്ത് മാസ്റ്ററെ തലശ്ശേരിയില്‍നിന്ന് തീവണ്ടി കയറ്റിയത് ഞാന്‍ തന്നെ. അന്നുരാത്രി തന്നെ എനിക്കൊരു ഫോണ്‍. മാസ്റ്ററാണ്, നാളെ രാവിലെ പരശുറാമിന് പുറപ്പെടണം, എറണാകുളത്ത് എത്തണം. ബാക്കി കാര്യങ്ങള്‍ വന്നിട്ട് പറയാം. ഞാന്‍ അത്ഭുതപ്പെട്ടു. മാസ്റ്ററെ നിഷേധിക്കാന്‍ വയ്യല്ലോ എന്നതുകൊണ്ട് മാത്രം ഞാന്‍ പിറ്റേന്ന് എറണാകുളത്തെത്തി. നേരെ എന്നെക്കൊണ്ടുപോയത് മാസ്റ്റര്‍ താമസിക്കുന്ന ബി.ടി.എച്ചില്‍. അവിടെ എത്തിയപ്പോഴാണ് 'തളിരണിയും കാല'ത്തില്‍ എനിക്കൊരു പാട്ടുണ്ടെന്ന് മാസ്റ്റര്‍ പറയുന്നത്.

ഞാന്‍ ഗുരുനാഥനായി കാണുമ്പോഴും മാസ്റ്റര്‍ എന്നെ ശിഷ്യനായല്ല കണ്ടിരുന്നത് സുഹൃത്തിനെപ്പോലെയോ മകനെപ്പോലെയോ ആണ് എന്നോട് പെരുമാറിയിട്ടുള്ളത്. വലിയ അവാര്‍ഡ്ദാനച്ചടങ്ങുകളിലും മറ്റും ഞാന്‍ മാസ്റ്ററെ അനുഗമിച്ചിട്ടുണ്ട്. മുന്‍നിരയില്‍ പി.ഭാസ്‌കരന്‍ മാസ്റ്റര്‍ തുടങ്ങിയവരോടൊപ്പം എന്നെയും ഇരുത്തും. ഞാന്‍ പിന്‍നിരയില്‍ ഇരിക്കാമെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. മാസ്റ്റര്‍ ഇരിക്കുന്നതിന്റെ അടുത്തുതന്നെ ഭാരവാഹികളെക്കൊണ്ട് കസേരയിടുവിക്കും. ഇതെന്റെ സുഹൃത്താണെന്ന് പറയും. സംഗീതകാരില്‍ ഇങ്ങനെ പെരുമാറുന്ന എത്രപേരെ കാണും?

മാസ്റ്ററുടെ നര്‍മം ഏറെ അനുഭവിച്ചിട്ടുള്ള ആളാണു ഞാന്‍ . പ്രായാധിക്യം മറന്ന് തമാശകള്‍ പറഞ്ഞും കേട്ടും പൊട്ടിച്ചിരിക്കാന്‍ മാസ്റ്റര്‍ക്ക് കഴിയും. തിക്കോടിയന്‍ മാസ്റ്ററെക്കുറിച്ചുള്ള കഥകളായിരിക്കും അധികവും. ഉറൂബ് ഉള്‍പ്പെടെയുള്ള ആകാശവാണിയിലെ ഇവരുടെ സംഘത്തിന്റെ കുസൃതികള്‍. ഇവര്‍ തമ്മില്‍ പലരുടെയും പേരുകള്‍ ചുരുക്കപ്പേരുകളായിട്ടാണ് വിളിക്കുക. ശോഭന പരമേശ്വരന്‍ നായരെ പരമു എന്നും തിക്കോടിയനെ തിക്കു എന്നും കൊടുങ്ങല്ലൂരിനെ കൊടു എന്നുമൊക്കെയാണ് വിളിക്കുക. തിക്കോടിയനോട് വല്ലാത്ത ഒരടുപ്പമായിരുന്നു അദ്ദേഹത്തിന്. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു ആത്മബന്ധം. ഓരോരുത്തരും പരസ്പരം സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. അസൂയയുടെയോ കുറുമ്പിന്റെയോ ലവലേശമില്ലാതെ.

സംഗീതത്തിന്റെയും ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും ഒക്കെ ഒരു കാലഘട്ടമാണ് രാഘവന്‍ മാസ്റ്റര്‍. നീലക്കുയിലിലാണ് തന്റെ സിനിമാസംഗീത ചരിത്രം ആരംഭിക്കുന്നതെങ്കിലും അതോടൊപ്പമോ അതിനപ്പുറമോ പഠിക്കപ്പെടേണ്ട ഒരുപാടുകാര്യങ്ങള്‍ മാസ്റ്ററുടെ ജീവിതത്തിലുണ്ട്.





Raghavan Photogallery

 

ga