ഡിസംബറില്‍ വരാനിരുന്ന നൂറാംജന്മദിനം ആഘോഷിക്കാന്‍ കാത്തുനില്ക്കാതെ കെ.രാഘവന്‍ മാസ്റ്റര്‍ യാത്രയായി. സംഗീതാസ്വാദകരും സുഹൃത്തുക്കളും നഗരസഭയുമെല്ലാം ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് മാസ്റ്റര്‍ ഓര്‍മയായത്. കോഴിക്കോട്ടും തലശ്ശേരിയിലും ജന്മദിനാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിവരികയായിരുന്നു.
കോഴിക്കോട്ട് വെള്ളിയാഴ്ചയാണ് ആഘോഷത്തിന്റെ സംഘാടകസമിതിക്ക് രൂപം നല്കിയത്. ഏറെക്കാലം മാസ്റ്ററുടെ പ്രവര്‍ത്തനമേഖല കോഴിക്കോട് 'ആകാശവാണി' കേന്ദ്രീകരിച്ചായിരുന്നു. അതിനാല്‍ കോഴിക്കോട് മ്യൂസിക് ലവേഴ്‌സ് അസോസിയേഷനാണ് ആഘോഷം നടത്താന്‍ മുന്‍കൈയെടുത്തത്.
ഡിസംബര്‍ ഒന്നിന് കോഴിക്കോട്ട് മാസ്റ്ററെ ആദരിക്കാനായിരുന്നു തീരുമാനം. വെള്ളിയാഴ്ചത്തെ യോഗത്തില്‍ മാസ്റ്ററുടെ മകനും 'ആകാശവാണി'യില്‍ അനൗണ്‍സറുമായിരുന്ന കനകാംബരനും പങ്കെടുത്തിരുന്നു.
അസുഖത്തെത്തുടര്‍ന്ന് അച്ഛന്‍ ആസ്പത്രിയിലാണെന്ന വിവരം യോഗത്തെ അറിയിച്ചാണ് കനകാംബരന്‍ മടങ്ങിയത്. അവിടെനിന്ന് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ എത്തുമ്പോഴേക്കും മാസ്റ്റര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചിരുന്നു. തലശ്ശേരി നഗരസഭയും മുന്‍കൈയെടുത്ത് ഡിസംബര്‍ രണ്ടിന് മാസ്റ്ററുടെ ജന്മദിനം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. യേശുദാസ്, ചിത്ര എന്നിവരെ ആഘോഷത്തില്‍ പങ്കെടുപ്പിക്കാനും നൂറുകിലോ കേക്ക് മുറിക്കാനും പരിപാടിയിട്ടിരുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കലും വൈസ് ചെയര്‍മാന്‍ സി.കെ.രമേശനും പറഞ്ഞു.
കേക്കുണ്ടാക്കുന്നതിന് ഞായറാഴ്ച ബേക്കറി ഉടമകളുടെ യോഗം നടത്താനിരിക്കെയാണ് മാസ്റ്ററുടെ അന്ത്യം.