തലശ്ശേരി: ലളിതസംഗീതത്തിന്റെ സൗന്ദര്യവും ശാസ്ത്രീയസംഗീതത്തിന്റെ ഗാംഭീര്യവും ഇഴചേര്‍ത്ത ഈണങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകന്‍ കെ.രാഘവന്‍ (രാഘവന്‍ മാസ്റ്റര്‍-99) അന്തരിച്ചു.
അസുഖം കാരണം ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ തലശ്ശേരി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക്മാറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തലശ്ശേരി ജില്ലാ കോടതി പരിസരത്തെ സെന്റിനറി പാര്‍ക്കിനു തൊട്ടടുത്തുള്ള നഗരസഭാസ്ഥലത്ത് ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' എന്ന സിനിമയിലൂടെ ഗാനാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടി. കായലരികത്ത് വലയെറിഞ്ഞപ്പോള്‍, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും തുടങ്ങിയ ഇതിലെ ഒമ്പത് ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചേറ്റി ലാളിക്കുന്നവയാണ്. തമിഴ്, ഹിന്ദി, ചലച്ചിത്രഗാനങ്ങളുടെ നിഴലില്‍ തളച്ചിടപ്പെട്ട മലയാള സിനിമാഗാനശാഖയ്ക്ക് കെ.രാഘവനാണ് പുതുജീവന്‍ നല്‍കിയത്.
'പാമ്പുകള്‍ക്ക് മാളമുണ്ട്' 'തലയ്ക്കുമീതെ ശൂന്യാകാശം' തുടങ്ങി ഏറെ പ്രശസ്തങ്ങളായ നാടകഗാനങ്ങളും ആകാശവാണിക്കുവേണ്ടി ചിട്ടപ്പെടുത്തിയ നിരവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആകാശവാണിയുടെ മദ്രാസ്, ഡല്‍ഹി, കോഴിക്കോട് നിലയങ്ങളില്‍ ജോലിയിലിരുന്നു. 1976-ല്‍ കോഴിക്കോട് നിലയത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. താന്‍ സംഗീതം നല്‍കിയ 'കായലരികത്ത്' ഉള്‍പ്പെടെ നിരവധിഗാനങ്ങളും ആലപിച്ചു.
2013ല്‍തലശ്ശേരിക്കുസമീപം തലായിയിലെ കൃഷ്ണന്‍-കുപ്പച്ചി ദമ്പതിമാരുടെ മകനായാണ് ജനനം. തലശ്ശേരിയിലെ അന്നത്തെ പ്രശസ്തസംഗീതജ്ഞനായ പി.എസ്. നാരായണയ്യരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു.
തേഡ്‌ഫോറത്തോടെ (ഇന്നത്തെ ഏഴാംക്ലാസ്) പഠനം നിര്‍ത്തിയ രാഘവന്‍ തന്റെ വഴി സംഗീതത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. വിവാഹത്തിനും മരണത്തിനും സംഘം ചേര്‍ന്ന് ഈശ്വരസ്തുതി പാടുന്ന ഗായകസംഘത്തില്‍ അംഗമായിരുന്നു അച്ഛന്‍. രാഘവന്റെ ആദ്യ സംഗീതക്കളരിയും ഇതുതന്നെയായിരുന്നു.
കോഴിക്കോട് ആകാശവാണിയില്‍ ഗാനരചയിതാവ് പി.ഭാസ്‌കരനെ പരിചയപ്പെട്ടതാണ് കെ.രാഘവന്റെ ജീവിതത്തില്‍ സിനിമാസംഗീതരംഗം വഴിതുറക്കാന്‍ ഇടയാക്കിയത്. നീലക്കുയിലിനുമുമ്പ് പി.ഭാസ്‌കരന്റെ രചനയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, എസ്.കെ.പൊറ്റെക്കാട്ടിന്റെ പുള്ളിമാന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടെങ്കിലും അവ വെളിച്ചം കണ്ടില്ല. കെ.രഘുനാഥ്, മോളി എന്നീ പേരുകളിലും ചില ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
'ഉണ്ണിയാര്‍ച്ച'യ്ക്കുവേണ്ടി 21 ഗാനങ്ങള്‍ക്ക് ഈണമിട്ടു. കെ.പി.ഉദയഭാനു, ബ്രഹ്മാനന്ദന്‍, ഗായത്രി ശ്രീകൃഷ്ണന്‍, വി.ടി.മുരളി തുടങ്ങിയ നിരവധി ഗായകരെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തി. വയലാര്‍, പി.ഭാസ്‌കരന്‍. ഒ.എന്‍.വി. കുറുപ്പ്, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി തുടങ്ങി പ്രശസ്തരായ ഗാനരചയിതാക്കളുടെ വരികള്‍ക്ക് ഈണമിട്ടു.
ഷാജി എന്‍.കരുണിന്റെ ഏറെ ബഹുമതികള്‍ വാരിക്കുട്ടിയ 'സ്വം' എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചു.
പണ്ട് പണ്ട് പണ്ട് നിന്നെ (രാരിച്ചന്‍ എന്ന പൗരന്‍-1956), തുമ്പീ തുമ്പീ വാ വാ (കൂടപ്പിറപ്പ്-1956), കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം (നായരുപിടിച്ച പുലിവാല്‍-1958), ഉണരുണരൂ (അമ്മയെ കാണാന്‍-1963), കിളിവാതിലില്‍ മുട്ടിവിളിച്ചത് (റബേക്ക-1963), ഭാരതമെന്നാല്‍ (ആദ്യകിരണങ്ങള്‍-1964), ഏകാന്തകാമുകാ (രമണന്‍-1967), മഞ്ഞണിപ്പൂനിലാവ് (നഗരമേ നന്ദി-1967), മഞ്ജുഭാഷിണി (കൊടുങ്ങല്ലൂരമ്മ-1968), കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ-1969) തുടങ്ങി അതിപ്രശസ്തങ്ങളായ നിരവധിഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററുടേതായിട്ടുണ്ട്.
2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ അവാര്‍ഡ് 1998 ല്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1973ല്‍ നിര്‍മാല്യത്തിനും 1977ല്‍ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെക്കുറിച്ചൊരുക്കുന്ന സിനിമയിലെ ഗാനത്തിനാണ് ഒടുവിലായി ഈണമിട്ടത്. നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് എഴുതിയ ഈ ഗാനം യേശുദാസാണ് ആലപിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല ആഗസ്തില്‍ ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, സംസ്ഥാന നാടക അവാര്‍ഡ് (1986ല്‍ കെ.പി.എ.സി.യുടെ 'പാഞ്ചാലി' എന്ന നാടകത്തിലെ സംഗീതത്തിന്), ഖത്തര്‍ ഐ.സി.ആര്‍.സി.യുടെ ബാബുരാജ് അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 2007ല്‍ സ്വരലയ-കൈരളി യേശുദാസ് അവാര്‍ഡ് ലഭിച്ചു.
തലശ്ശേരി ജഗന്നാഥക്ഷേത്രപരിസരത്തെ 'ശരവണ'യിലായിരുന്നു താമസം. പരേതയായ യശോദയാണ് ഭാര്യ. മക്കള്‍: വീണാധരി, മുരളീധരന്‍ (ഇന്റീരിയര്‍ വര്‍ക്ക്), കനകാംബരന്‍ (റിട്ട. അനൗണ്‍സര്‍ ആകാശവാണി, കോഴിക്കോട്), ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍: റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ.ദാസ്, മുരളീധരന്‍ (റിട്ട. ഓഫീസര്‍ റോ). സഹോദരന്‍: പരേതനായ ലക്ഷ്മണന്‍.