
വടകര: കോഴിക്കോട് ആകാശവാണിയില്‍ രാഘവന്‍ മാസ്റ്ററുടെ കീഴില്‍ ഒട്ടേറെ ലളിത ഗാനങ്ങള്‍ ആലപിച്ചതിന്റെ സ്‌നേഹസമ്പന്നമായ ഓര്‍മകളുമായി കഴിയുകയാണ് മുക്കാളിയിലെ അശ്വതിയില്‍ ദാക്ഷായണി.
'മണ്ണപ്പം ഉണ്ടാക്കി നടക്കും വീട്ടമ്മയ്ക്ക് കണ്ണെഴുതണ്ടേ ആവോളം... ആര്യന്‍ കാറ്റേ മധുവിധുവില്‍ എന്ത് ചെയ്യും എനിക്ക് നിന്നെ മറക്കാന്‍ കഴിയുമോ' തുടങ്ങിയ ഗാനങ്ങള്‍ ദാക്ഷായണി രാഘവന്‍ മാസ്റ്ററുടെ മാര്‍ഗ നിര്‍ദേശത്തില്‍ പാടിയിട്ടുണ്ട്.
അക്കാലത്ത് നിലത്തിരുന്നുവേണം പാടാന്‍. ഗര്‍ഭിണിയായ കാലത്ത് ഏറെ നേരം നിലത്തിരുന്നു പാടുമ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പറയും. കുടിക്കാന്‍ വെള്ളമൊക്കെ മാസ്റ്റര്‍ തന്നെ നല്‍കും. ആകാശവാണിയിലെ പരിപാടിക്ക്‌ശേഷം ഓട്ടോവില്‍ കയറ്റിവിടാനും മറക്കാറില്ല. മുക്കാളിവഴി പോകുമ്പോള്‍ വീട്ടില്‍ കയറി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചേ പോവാറുള്ളു.
മുക്കാളിയിലെ കിഴക്കേടത്ത് സുരേഷ് ബാബുവിന്റെ മകള്‍ പൂജയെ കീര്‍ത്തനം പഠിപ്പിക്കാനും മാസ്റ്റര്‍ പോകാറുണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ ഈണം പോലെ തന്നെ മധുരമായിരുന്നു പെരുമാറ്റവും. മാപ്പിളപ്പാട്ടിന്റെയും നാടന്‍ ശീലുകളുടെയും ഗ്രാമീണതയായിരുന്നു മാസ്റ്ററുടെ ഈണത്തിന് മധുരം പകര്‍ന്നത്. 1999-ല്‍ ഭര്‍ത്താവ് ഡോ. ടി. ചന്ദ്രന്‍ മരിച്ചശേഷം ദാക്ഷായണി പാടാറില്ല.
രാഘവന്‍ മസ്റ്റര്‍ ഈണം നല്‍കിയ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ച പഴയകാലത്തെ സിനിമാ പിന്നണി ഗായകന്‍ എ.കെ. സുകുമാരനും മധുരിക്കുന്ന ഓര്‍മയുണ്ട്. അദ്ദേഹമിപ്പോള്‍ പതിയാരക്കരയിലാണ് താമസം.