ചെന്നൈ: തംബുരു കലാകാരനായി മദിരാശി എ.ഐ.ആറില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇരുപത് രൂപയായിരുന്നു കെ. രാഘവന്റെ വേതനം. അന്ന് പേരിനൊപ്പം മാഷെന്ന വിശേഷണമില്ല. സാമ്പത്തികമായി ഏറെ പ്രയാസം നേരിട്ട കാലം, വിരലിലെ മോതിരവും നെഞ്ചോടുചേര്‍ത്തുവെച്ച ഹാര്‍മോണിയവും നഗരം തട്ടിയെടുത്തപ്പോള്‍ പിന്നെ ആ നാട്ടില്‍ നില്ക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ആകാശവാണിയില്‍നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കോഴിക്കോട് നിലയം ആരംഭിച്ചപ്പോള്‍ അവിടേക്കും ജീവിതം പറിച്ചുനടുകയായിരുന്നു.
മലബാറിലെ ജീവിതവും മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള സൗഹൃദങ്ങളുമാണ് രാഘവന്‍ മാസ്റ്ററെന്ന കലാകാരനെ വാര്‍ത്തെടുത്തത്. പ്രകൃതിയോട് ചേര്‍ന്നുനില്ക്കുന്ന, മണ്ണിന്റെ മണമുള്ള പാട്ടുകളാണ് രാഘവന്‍ മാസ്റ്റര്‍ ഒരുക്കിയിരുന്നതെന്ന് ചെന്നൈയില്‍ താമസിക്കുന്ന ഛായാഗ്രാഹകനും സിനിമാസംവിധായകനുമായ എ. വിന്‍സന്‍റ് ഓര്‍മിച്ചു. 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍...' നീലക്കുയിലിലെ രണ്ടുവരി മൂളാതെ വിന്‍സന്‍റ് മാസ്റ്റര്‍ക്ക് പഴയ ചങ്ങാതിയെ ഓര്‍ക്കാനാകില്ല. രാഘവന്‍ മാഷും വിന്‍സന്‍റും ഒന്നിച്ച ആദ്യപടമായിരുന്നു നീലക്കുയില്‍. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. പാട്ടുകള്‍ക്ക് സ്വീകാര്യത വന്നതോടെ രാഘവന്‍ നീലക്കുയില്‍ രാഘവനായി മാറിയെന്നത് നിറംമങ്ങാത്ത ഓര്‍മകള്‍.
ടി.കെ. പരീക്കുട്ടിയുടെ സിനിമയ്ക്കായി മദിരാശി ചന്ദ്രതാരാ പ്രൊഡക്ഷന്‍ ഓഫീസിലാണ് നീലക്കുയിലിലെ നാടന്‍ചേരുവ നിരത്തിയ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. വളകിലുക്കിയ പാട്ടുകള്‍ ആദ്യം പലരെക്കൊണ്ടും പാടിച്ചെങ്കിലും അതിലൊന്നും ഒരു മലബാര്‍ മൊഞ്ച് കയറിവന്നില്ല. വളയെന്നല്ല ബളയെന്നാ പാടേണ്ടതെന്ന് രാഘവന്‍ മാസ്റ്റര്‍ പലതവണ നിര്‍ദേശിച്ചതായി വിന്‍സന്‍റ് മാസ്റ്റര്‍ ഓര്‍ക്കുന്നു. പാടാനായെത്തിയവര്‍ക്ക് പാട്ടുവഴങ്ങാതെ വന്നപ്പോള്‍ നിര്‍മാതാവുതന്നെയാണ് സംഗീതസംവിധായകനെ ഗായകനാക്കിയത്. നീലക്കുയിലെ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഹിറ്റ് ഗാനം രാഘവന്‍മാഷ്തന്നെയാണ് പാടിയത്. മദിരാശി വാഹിനി സ്റ്റുഡിയോയില്‍ ഒറ്റ ടേക്കിലാണ് ഗാനം റെക്കോഡ് ചെയ്തത്.
'സിനിമയിലെത്തും മുന്‍പുതന്നെ രാഘവന്‍മാസ്റ്ററെ പരിചയമുണ്ട്, മദിരാശിയിലെ താമസമാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്, 'നഗരം നഗരം മഹാസാഗര'മെന്ന ഗാനം ഏറെ കോളിളക്കമുണ്ടാക്കി. കഥാസന്ദര്‍ഭം നല്കിയാല്‍ അതിനനുസരിച്ച് ഗാനം നിര്‍മിക്കുന്നതായിരുന്നു മാഷിന്റെ പതിവ്. മാസങ്ങളോളം ഞങ്ങള്‍ സിനിമയ്ക്കുവേണ്ടി ഒരേ മുറിയില്‍ കഴിഞ്ഞു 'വിന്‍സന്‍റ് മാസ്റ്ററുടെ ഓര്‍മകള്‍ രാഘവസംഗീതത്തില്‍ നിറഞ്ഞു. 1984 ല്‍ പുറത്തിറങ്ങിയ 'ശ്രീകൃഷ്ണപ്പരുന്ത്' എന്ന ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
കോടമ്പാക്കത്തുനിന്ന് മലയാളസിനിമ കേരളത്തിലേക്ക് പറിച്ചുനടാന്‍ തുടങ്ങുന്നതുവരെ അദ്ദേഹം ചെന്നൈയില്‍ താമസിച്ചു.
കര്‍ണാടകസംഗീതത്തിലെ മാസ്റ്ററുടെ പാണ്ഡിത്യം തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ചെന്നൈയിലെ സുഹൃത്തുക്കളിലധികവും. എന്നാല്‍, സംഗീതത്തിലെ തന്റെ അറിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി അദ്ദേഹം സിനിമാപ്പാട്ടുകളെ ഒരിക്കലും ഉപയോഗിച്ചില്ല. കേരളത്തിന്റെ നാടോടി, മാപ്പിളപ്പാട്ടുകളാണ് അദ്ദേഹം തന്റെ ഗാനങ്ങളിലൂടെ എന്നും പങ്കുവെച്ചത്. തമിഴ് ഹിന്ദി സംഗീതത്തെ കടമെടുത്തവതരിപ്പിക്കുന്ന രീതി അവസാനിപ്പിച്ച് നമ്മുടേതായ ശൈലി ഉറപ്പിച്ചത് രാഘവന്‍ മാസ്റ്ററാണെന്ന് വര്‍ഷങ്ങളായി മാസ്റ്ററുമായി അടുത്തിടപഴകിയിരുന്ന രാജേന്ദ്ര ബാബു പറഞ്ഞു.
ചെന്നൈയിലെ വീട്ടിലിരുന്ന് ചിത്രയോടൊപ്പം താന്‍ മൂന്നുനാള്‍ മുമ്പ് രാഘവന്‍ മാഷിനെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് എസ്. ജാനകി പറഞ്ഞു. വിയോഗം മലയാള സംഗീതലോകത്തിന് തീരാനഷ്ടമാണെന്നും തേങ്ങലോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഘവന്‍ മാസ്റ്റര്‍ക്കുവേണ്ടി വയലിന്‍ വായിച്ചതിന്റെ ഓര്‍മകളാണ് സംഗീതസംവിധായകന്‍ ശ്യാം പങ്കുവെച്ചത്. നാടന്‍പാട്ടുകളിലൂന്നിയുള്ള സംഗീതം ഏറെ ഹൃദ്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
നീലക്കുയിലിലെ 'മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല...' എന്ന ഗാനമാണ് തന്നെ മലയാള സിനിമാസംഗീതലോകത്തേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്ന് ശ്യാം വ്യക്തമാക്കി.