കൊച്ചി: ഒരു പുതുമയായിരുന്നു 'നോര്ത്ത് 24 കാതം' എന്ന കന്നി ചിത്രം. 'ഒളിപ്പോര്, 'ഡി കമ്പനി' തുടങ്ങിയ പരാജയ ചിത്രങ്ങളില് നിന്ന് ഫഹദ് ഫാസില് കരകയറിയ ഓണം റിലീസായിട്ടായിരുന്നു സപ്തംബറില് സിനിമയുടെ വരവ്. ഒരു റോഡ് മൂവിയുടെ തികവൊത്ത കഥയായതിനാല് തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കാന് നവാഗത സംവിധായകനായിട്ടുകൂടി അനില് രാധാകൃഷ്ണ മേനോന് കഴിഞ്ഞു. ചിത്രത്തിന്റെ കഥയും അനിലിന്റേതായിരുന്നു. പരസ്യ വിഭാഗത്തിലും അനിമേഷനിലും ഏറെ നാള് പയറ്റിത്തെളിഞ്ഞ ശേഷമാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനില് രാധാകൃഷ്ണ മേനോന് മലയാള സിനിമയിലേക്ക് വന്നത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അംഗീകാരം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് അനിലിന്റെ വാക്കുകള്.
വാണിജ്യപരമായി വിജയമായിരുന്നു ചിത്രം. അതിനാല് തന്നെ ഇരട്ട സന്തോഷമുണ്ട്. ചിത്രത്തിന്റെ നിര്മാതാവായ സി.വി. സാരഥിക്കാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.