
പത്തനംതിട്ട: സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുത്ത 'േപരറിയാത്തവര്‍' എന്ന സിനിമയിലൂടെ പുതിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കുകയാണ് സംവിധായകനായ ഡോ. ബിജു.
ഒരു തൂപ്പുകാരന്റെ ജീവിതത്തിലൂടെ, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലെ കേരളത്തിലെ സാമൂഹികവ്യവസ്ഥിതിയിലെ പരിവര്‍ത്തനങ്ങള്‍ അനാവരണംചെയ്യുന്ന സിനിമ ഇനിയും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഡോ. ബിജു. പന്തളം കുടശ്ശനാട് സ്വദേശിയായ ഈ ഹോമിയോ ഡോക്ടറുടെ അഞ്ചാമത്തെ സിനിമയാണ് 'പേരറിയാത്തവര്‍'.
ഭീകരവാദത്തിനെതിരെയുള്ള സിനിമയായ സൈറ (2005), രാമന്‍ (2008), വീട്ടിലേക്കുള്ള വഴി (2010) എന്നീ സിനിമകളിലൂടെയാണ് ഡോ. ബിജു ശ്രദ്ധേയനാകുന്നത്. 2007ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക സിനിമാവിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത് 'സൈറ'യായിരുന്നു. ഷാജി എന്‍.കരുണിനും മുരളീ നായര്‍ക്കും അടൂര്‍ ഗോപാലകൃഷ്ണനും ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധപിടിച്ചുപറ്റിയ മലയാളിയാണ് ഡോ. ബിജു.
'വീട്ടിലേക്കുള്ള വഴിക്ക്' 2011ലെ രാഷ്ട്രപതിയുടെ രജതകമലവും മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. 2012ല്‍ എടുത്ത 'ആകാശത്തിന്റെ നിറം' എന്ന നാലാമത്തെ ചിത്രം ഷാന്‍ഹായ ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നല്ല സിനിമകള്‍ക്ക് ഒരു പിന്തുണയും നല്‍കാത്ത സര്‍ക്കാരിനും നല്ല സിനിമകള്‍ക്ക് ഒരു സാഹചര്യവും ഒരുക്കാത്ത ചലച്ചിത്ര വ്യവസായത്തിനും നല്ല സിനിമകള്‍ക്കുേനരെ പുറംതിരിഞ്ഞുനില്‍ക്കുന്ന തിയേറ്ററുടമകള്‍ക്കും നല്ല സിനിമകള്‍ വേണ്ടെന്നുപറയുന്ന സാറ്റലൈറ്റ്‌സിന്റെ ഉടമകളായ ചാനലുകള്‍ക്കുമാണ് തന്റെ പുതിയ സിനിമയ്ക്കുകിട്ടിയ പുരസ്‌കാരം പരിഹാസരൂപേണ ഡോ. ബിജു സമര്‍പ്പിച്ചത്. അസാധാരണ പ്രകടനമായിരുന്നു സുരാജിന്റേത്. അത് ശ്രദ്ധിക്കപ്പെടുമെന്ന് സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.