സുരാജ്: തൊണ്ടയാല്‍ താണ്ടിയ ദൂരങ്ങള്‍

Posted on: 17 Apr 2014


വിഷുദിവസം ഉച്ചയ്ക്ക് ഏതോ ചാനലില്‍ കാണുമ്പോള്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള വലിയ ജനസഞ്ചയത്തിനു മുന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് അച്യുതാനന്ദനിലേക്കുള്ള ദൂരത്തെ അനായാസം തൊണ്ട കൊണ്ട് താണ്ടുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്. അവിടെ നിന്ന് എം.സി. റോഡിലെ ഒരു വളഞ്ഞിറക്കം പോലെ, സിനിമകളുടെ തുടക്കത്തില്‍ ശ്വാസകോശം സ്‌പോഞ്ചായിപ്പോകുമെന്ന് പേടിപ്പിക്കുന്നയാളുടെ ശബ്ദത്തിലേക്ക്. മാലപ്പടക്കങ്ങള്‍ പൊട്ടിത്തീര്‍ന്ന പിറ്റേന്നും സുരാജിന്റെ മുഖം ടി.വി.യില്‍ കണ്ടു; ഒന്നിനുപകരം എല്ലാ ചാനലുകളിലും. അതിന് ഇന്ത്യയിലെ മികച്ച നടന്‍ എന്ന അടിക്കുറിപ്പുണ്ടായിരുന്നു.

കേള്‍ക്കുമ്പോള്‍ തന്നെ തവളക്കരച്ചിലിന്‍റെ ഓര്‍മയുണര്‍ത്തുന്ന മിമിക്രി എന്ന വാക്കില്‍ നിന്ന് മാഞ്ഞുപോയെങ്കിലും സങ്കല്പങ്ങളില്‍ ബാക്കിനില്‍ക്കുന്ന ഭരത് എന്ന പദവിയിലേക്കുള്ള അകലത്തില്‍ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ പിന്നിട്ട ദൂരങ്ങളെ അളന്നെടുക്കാം. അനുകരണത്തില്‍ നിന്ന് അഭിനേതാവിലേക്കുള്ള ആ യാത്ര ബുധനാഴ്ച ഉച്ചവരെ ആരുമറിഞ്ഞില്ലെന്നു മാത്രം. അപ്രതീക്ഷിതം എന്ന വാക്കിനുമപ്പുറത്താണ് അതിന്റെ അമ്പരപ്പ് സൃഷ്ടിച്ച അമിട്ടുകളുടെ ശബ്ദം. പൂച്ചയായും കാക്കയായും കുറുകുന്നവരിലും ഒരു നടന്റെ ചിറകൊച്ചയുണ്ടെന്ന് തെളിയിച്ചുവെന്നതിലാണ് സുരാജിന്റെ പുരസ്‌കാര നേട്ടം ഒരു തിരുത്തിയെഴുത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്നത്. മിമിക്രിക്കാര്‍ എന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന എത്രയോ പേരറിയാത്തവര്‍ക്കുള്ള പുരസ്‌കാരം കൂടിയാകുന്നു അത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ പട്ടികയിലേക്ക് പേരെഴുതിച്ചേര്‍ക്കപ്പെട്ട വൈകുന്നേരം സുരാജ് നന്ദി പറയുന്നത് ഒരു സൈക്കിളിനോടാകും. അനുസരണക്കേടുകാട്ടിയ സൈക്കിള്‍ച്ചക്രങ്ങള്‍ ഉരുട്ടിവീഴ്ത്തിയതും പൊട്ടിച്ചുകളഞ്ഞതും ചേട്ടനെപ്പോലെ പട്ടാളക്കാരനാകുകയെന്ന സുരാജിന്റെ അഭിലാഷത്തെയാണ്. അന്നത്തെ വീഴ്ചയുടെ ഓര്‍മയായി ഇന്നുമുണ്ട് കൈത്തണ്ടയിലൊരു സ്റ്റീല്‍ എല്ല്. സൈക്കിളില്‍ നിന്ന് വീണവന്റെ ചിരിയോടെ സുരാജിനെ പിന്നെ കണ്ടത് മിമിക്രി വേദികളിലാണ്.

അനൗണ്‍സ്‌മെന്റ് വണ്ടികളുടെ മുന്‍ സീറ്റിലിരുന്ന് 'പയലേ'യെന്ന ഒറ്റ വിളിയുടെ അപ്പുറത്തും ഇപ്പുറത്തുമായിക്കിടക്കുന്ന കേരളത്തെയും തമിഴ്‌നാടിനെയും പലവട്ടം അടുത്തുപരിചയിച്ചതിന്റെ അനുഭവ സമ്പത്തായിരുന്നു തൊണ്ടമുതല്‍. നാവിലൊട്ടിയ പാറശ്ശാല മലയാളത്തെ വെഞ്ഞാറമൂട്ടില്‍ നിന്ന് സുരാജ് മധ്യ തിരുവിതാംകൂറിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം തിരുവനന്തപുരം സരിഗ. പിന്നെ കൈരളി ടി.വി.യിലെ ജഗപൊഗയും കോമഡി തില്ലാനയും. ഏത് പുതുമയെയും ആദ്യം കണ്ടെത്തുന്ന മമ്മൂട്ടിയുടെ കണ്ണ് സുരാജെന്ന ഭൂഖണ്ഡത്തിലുമെത്തി. കൈരളിയുടെ ചെയര്‍മാനുമപ്പുറം മമ്മൂട്ടിയെന്ന മെഗാ താരം സുരാജിന് കൈ കൊടുത്തു. 'രാജമാണിക്യ'ത്തിലെ തിര്വോന്തോരം മലയാളത്തെ രൂപപ്പെടുത്താന്‍ കിട്ടിയ അവസരം സുരാജിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.

'മായാവി'യായിരുന്നു ഒരു മന്ത്രവടി കൊണ്ടെന്നോണം സുരാജിന്റെ ജീവിതത്തെ ചുഴറ്റിമാറ്റിയത്. ഇന്നും സുരാജിന്റെ ഫോണില്‍ വിളിച്ചാല്‍ േകള്‍ക്കാനാകുക 'മായാവി'യിലെ 'മുറ്റത്തേമുല്ലേ ചൊല്ലൂ' എന്ന പാട്ടാണ്. പക്ഷേ വിജയിച്ചവന്റെ കാലുകളെ അവന്റെ വിജയസൂത്രത്തിന്റെ ചരടുകള്‍കൊണ്ടുതന്നെ കെട്ടിയിടുകയെന്ന പതിവ്, സിനിമാ ലോകം സുരാജിന്റെ കാര്യത്തിലും തെറ്റിച്ചില്ല. അങ്ങനെ 'തള്ളേ'യെന്നു വിളിക്കാന്‍ വേണ്ടി മാത്രമായി ആ ജന്മം.

അവിടെ നിന്നൊരു കുതറിമാറലിന് സുരാജ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇടയ്ക്ക് ചില നായകവേഷങ്ങള്‍ തേടിയെത്തിയപ്പോള്‍ 'ഇയാള്‍ക്കൊപ്പമോ' എന്ന പുച്ഛത്തോടെ നായികനക്ഷത്രങ്ങള്‍ ചിറി കോട്ടി. പക്ഷേ നിശ്ശബ്ദമായി, ആരുമറിയാതെ സുരാജ് സ്വന്തം കാലുകളുടെ ബന്ധനം പൊട്ടിച്ചെറിഞ്ഞു. അത് പുറംലോകമറിഞ്ഞത് വിഷുപ്പിറ്റേന്നു മാത്രമാണ്. ഇപ്പോള്‍ 'തള്ളേ'യെന്നു വിളിക്കുന്നത് മറ്റു പലരുമാണ്......



 

ga