കൊതിച്ചത് ജവാനാകാന്‍; ലഭിച്ചത് നായകപട്ടം

Posted on: 17 Apr 2014


വെഞ്ഞാറമൂട്: ജവാനായ അച്ഛന്‍ വാസുദേവന്‍നായര്‍ രണ്ടാമത്തെ മകന്‍ സുരാജിനെയും ഒരു പട്ടാളക്കാരനാക്കാനാണ് പഠിപ്പിച്ചത്. ഇതിനുള്ള പരിശീലനവും അച്ഛന്‍തന്നെ നല്‍കി.

സുരാജ് പ്രൈമറി വിദ്യാഭ്യാസം നേടിയത് വെഞ്ഞാറമൂട് സര്‍ക്കാര്‍ എല്‍.പി.എസിലായിരുന്നു. പിന്നീട് വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്താംക്ലാസ് കഴിഞ്ഞ് ആറ്റിങ്ങല്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.സി.യില്‍ പഠനം. അതുകഴിഞ്ഞ് ആറ്റിങ്ങല്‍ ഐ.ടി.െഎ.യില്‍ വിദ്യാഭ്യാസം തുടര്‍ന്നു. സുഹൃത്ത് ഗോപന്റെ സൈക്കിള്‍ തരപ്പെടുത്തി സൈക്കിള്‍ പഠനം തുടങ്ങിയ സുരാജ് പനയറം കയറ്റത്തുനിന്ന് താഴേക്ക് ചവിട്ടുന്നതിനിടെ നിയന്ത്രണംവിട്ട സൈക്കിള്‍ താഴെ ഒരു വീട്ടിലെ മതിലിന്റെ വശത്ത് ഇടിച്ച് തലകുത്തി വീണു. ഇടുതുകൈയ്ക്ക് സാരമായി പരിക്കേറ്റു. ശരീരത്തിലാകമാനം മുറിവും പറ്റി. പിന്നെ ഏറെ നാളത്തെ ആശുപത്രിവാസം. ഇതോടെ പട്ടാളക്കാരനാകാനുള്ള മോഹം അസ്തമിച്ചു.

തുടര്‍ന്ന് ജ്യേഷ്ഠന്‍ വെഞ്ഞാറമൂട് സജിയില്‍നിന്ന് മിമിക്രിയുടെ ബാലപാഠങ്ങള്‍ പഠിച്ചു. സജിയും ബി.കെ. സെന്നും നടത്തിയിരുന്ന 'സുഹൃദ്‌സംഘം' മിമിക്രി ട്രൂപ്പില്‍ സുരാജും ചെറിയ വേഷങ്ങള്‍ ചെയ്ത് കൈയടിനേടി തുടങ്ങി. സുഹൃത് സംഘത്തിന് കൂടുതല്‍ വേദികള്‍ കിട്ടിയതോെട സുരാജിന്റെ വേറിട്ട ശബ്ദം ആസ്വാദകര്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇതിനിടെ നാട്ടിലെ നെഹ്‌റു യൂത്ത് സെന്ററിന്റെ പ്രധാന സംഘാടകനുമായി. 1994-ല്‍ തിരുവനന്തപുരം സരിഗ എന്ന മിമിക്‌സ് ട്രൂപ്പ് രൂപവത്കരിച്ചു. പിന്നെ ചാനലില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി. ടി.വി. ചാനലിലെ കോമഡി തില്ലാന എന്ന പരിപാടി അവതരിപ്പിക്കാന്‍ അവസരംകിട്ടി. 2001ല്‍ 'ജഗപൊഗ' സിനിമയായപ്പോള്‍ താരമായി. അതിനുമുമ്പ് തെന്നാലിരാമന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും അത് റിലീസായില്ല.

മമ്മൂട്ടിക്ക് രാജമാണിക്യം എന്ന സിനിമയിലെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചതോടെയാണ് സിനിമാലോകത്ത് കൂടുതല്‍ സുരാജ് ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുന്ന ദിലീപിന്റെ 'റിംഗ്മാസ്റ്റര്‍' ഉള്‍പ്പെടെ ഇരുന്നൂറോളം ചിത്രം പൂര്‍ത്തിയാക്കി.
ദേശീയ അവാര്‍ഡ് കിട്ടുന്നദിവസം ശങ്കര്‍രാമകൃഷ്ണന്റെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന സിനിമയിലെ പ്രധാന വേഷത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു.

ഒരു സൈക്കിള്‍ ദുരന്തംവഴി ധീരജവാനില്‍നിന്നും നായകപട്ടത്തില്‍ വരുമ്പോള്‍ അച്ഛന്‍ വാസുദേവന്‍നായര്‍ എറെ സന്തോഷിക്കുന്നു.
അന്ന്‌ ൈസക്കിള്‍ കൊടുത്ത ഗോപനാണ് സുരാജിന്റെ വിജയവാര്‍ത്തയറിഞ്ഞ് വീട്ടില്‍ ആദ്യമായി ഓടിയെത്തിയത്.
'മായാവി'യിലെ മമ്മൂട്ടിയുടെ സഹനടന്‍ വേഷവും സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ 'മണ്ണന്തല സുശീലന്‍' എന്ന കഥാപാത്രമാണ് തനിക്ക് ഏറെ ഇഷ്ട കഥാപാത്രമെന്ന് സുരാജിന്റെ ഭാര്യ സുപ്രിയ പറയുന്നു. സഹോദരി സുനിതാ മുരളിയും സുരാജിന് പിന്തുണയുമായുണ്ട്.



 

ga