സുരാജാണ് താരം

Posted on: 17 Apr 2014

ദേശീയ ചലച്ചിത്ര അവാര്‍ഡ്


* പേരറിയാത്തവര്‍ മികച്ച പരിസ്ഥിതി ചിത്രം
* നാര്‍ത്ത് 24 കാതം മലയാള ചിത്രം

ന്യൂഡല്‍ഹി: പൊള്ളയായ ചിരിയൊച്ചകള്‍ക്കപ്പുറം ഭാവാഭിനയത്തിന്റെ പുതുതലങ്ങള്‍ കണ്ടെത്തിയ സുരാജ് വെഞ്ഞാറമൂട് ദേശീയ ചലച്ചിത്രോത്സവപുരസ്‌കാരത്തില്‍ വീണ്ടും മലയാളത്തിന്റെ അഭിമാനമുയര്‍ത്തി. മികച്ച നടനുള്ള അവാര്‍ഡ് ഇക്കുറി സുരാജിന്. ഡോ. ബിജു സംവിധാനംെചയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്.
'ഷഹീദ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്‌കാരം സുരാജുമായി പങ്കിട്ടു. ഇംഗ്ലീഷിലും ഹിന്ദിയിലുമെടുത്ത, ആനന്ദ് ഗാന്ധി സംവിധാനംചെയ്ത 'ഷിപ്പ് ഓഫ് തെസ്യൂസ്' ആണ് മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'ലയേഴ്‌സ് ഡൈസ'ി'ലെ അഭിനയം ഗീതാഞ്ജലി ഥാപ്പയ്ക്ക് നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു.

മികച്ച സംവിധായകന്‍ ഹന്‍സല്‍ മേത്ത (ഷഹീദ്). ഛായാഗ്രാഹകനുള്ള അവാര്‍ഡ് മലയാളിയായ രാജീവ് രവിക്ക് ലഭിച്ചു( ചിത്രം: 'ലയേഴ്‌സ് ഡൈസ്' ). രാജീവിന്റെ ഭാര്യയും നടിയുമായ ഗീതുമോഹന്‍ദാസാണ് ചിത്രത്തിന്റെ സംവിധായിക.

അവിശ്വസനീയമായ അഭിനയമെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ജൂറി അധ്യക്ഷന്‍ സയ്യിദ് മിര്‍സ വിശേഷിപ്പിച്ചത്. 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ വേഷം അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ വിഷമമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പേരറിയാത്തവര്‍' പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. നല്ല മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനംചെയ്ത 'നോര്‍ത്ത് 24 കാത'ത്തിനാണ്.

സൗണ്ട് റെക്കോര്‍ഡിങ്ങിനുള്ള അവാര്‍ഡ് ഷാജി എന്‍.കരുണ്‍ സംവിധാനംചെയ്ത 'സ്വപാന'ത്തിലൂടെ ഡി. യുവരാജ് സ്വന്തമാക്കി. മികച്ച തെലുങ്കുചിത്രമായ 'നാ ബംഗാരു തല്ലി'യുടെ സംവിധായകന്‍ മലയാളിയായ രാജേഷ് ടച്ച്‌റിവറാണ്.

സൗരഭ് ശുക്ലയാണ് (ജോളി എല്‍.എല്‍.ബി.) സഹനടന്‍, സഹനടിമാര്‍ക്കുള്ള പുരസ്‌കാരം അമൃത സുഭാഷ് (അസ്തു-മറാഠി), ഐഡ എല്‍ കാശഫ് (ഷിപ്പ് ഓഫ് തെസ്യൂസ്) എന്നിവര്‍ പങ്കിട്ടു. ഗായകന്‍-രൂപാങ്കര്‍ (ജാതിശ്വര്‍-ബംഗാളി), ഗായിക-ബെലാ ഷിണ്ഡെ (തുഹ്യ ധര്‍മ കൊഞ്ച-മറാഠി). സംഗീതസംവിധാനം-ഗാനങ്ങള്‍ കബീര്‍ സുമന്‍ (ജാതിശ്വര്‍-ബംഗാളി), പശ്ചാത്തല സംഗീതം-ശന്തനു മൊയ്ത്ര (നാ ബംഗാളി തല്ലി-തെലുഗു), ഗാനരചന-നാ മുത്തുകുമാര്‍ (തങ്ക മീങ്കള്‍-തമിഴ്), മികച്ച നൃത്തം-ഗണേഷ് ആചാര്യ (ഭാഗ് മില്‍ഖ ഭാഗ്-ഹിന്ദി)
ബാലതാരത്തിനുള്ള പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു. സോമനാഥ് അവ്ഗാഡെ (ഫാണ്ട്രി-മറാഠി), സാധന (തങ്ക മീങ്കള്‍-തമിഴ്). മികച്ച എഡിറ്റിങ് -വി.ജെ. സാബു ജോസഫ് (വള്ളിനം-തമിഴ്)



 

ga