സംഘം ചേര്‍ന്നായിരുന്നു ഞങ്ങള്‍ ഫിലിം ഫെസ്റ്റിവെലിന് എത്തിയത്. ഞങ്ങള്‍ എന്നാല്‍ 'ഞാന്‍'എന്ന സിനിമയിലെ ഞങ്ങള്‍:എനിക്കുപുറമേ സംവിധായകന്‍ രഞ്ജിത്ത്,തിരക്കഥാകൃത്തും ഇപ്പോള്‍ നടനുമായ രണ്‍ജി പണിക്കര്‍, നിര്‍മ്മാതാവ് പി.എം. ശശിധരന്‍, നടിമാരായ മുത്തുമണി,സജിത മഠത്തില്‍ എന്നിവരുള്‍പ്പെടുന്ന ടീം. 'ഞാന്‍'എന്ന രഞ്ജിത്ത് പടത്തിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ എത്തിയത് എന്ന് സാങ്കേതികമായി പറയാമെങ്കിലും ലോക സിനിമയുടെ വലിയ കാര്‍ണിവലില്‍ ആണ്ട് മുങ്ങുക എന്നതും വലിയ ഒരു ഉദ്ദേശ്യമായിരുന്നു.
ഇതിന് മുന്‍പ് ഞാന്‍ അഭിനയിച്ച ഷാജി. എന്‍. കരുണിന്റെ 'കുട്ടിസ്രാങ്ക്' പനോരമയില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അന്ന് എനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അങ്ങിനെ ഇത്തവണ ഒരേസമയം നടനായും കാണിയായും ഞാന്‍ ഗോവയിലെത്തി.
എനിയ്ക്ക് നേരത്തേ അറിയുന്ന ദേശമാണ് ഗോവ. എന്നാല്‍ ഫിലിം ഫെസ്റ്റിവെലിന് ഞാന്‍ ചെന്നിറങ്ങിയത് മറ്റൊരു ഗോവയിലായിരുന്നു. പൊതുവെ തെന്ന ആഘോഷപ്രിയരായ ഗോവക്കാര്‍ ഇപ്പോള്‍ ഉടുത്തൊരുങ്ങി ഒന്നുകൂടി ഉഷാറായിരിക്കുന്നു. രാവും പകലും പേരില്‍ മാത്രമായിരുന്നു. അങ്ങിനെയൊരു വ്യത്യാസം ആ കടലോര ദേശത്തിന് നഷ്ടപ്പെട്ടിരുന്നു.
രാവിലെ ഞങ്ങള്‍ കാര്‍ണിവെലിന്റെ നടുമുറ്റത്തേക്കിറങ്ങും. എത്രപെട്ടെന്നാണ് അവിടം സൗഹൃദ സമാഗമങ്ങളുടെ ആഘോഷത്തിലേക്ക് വീഴുന്നത്! അവിടെ ഷാജി എന്‍. കരുണ്‍, ക്യാമറാമാനും സംവിധായകനുമായ വേണു,കഥാകൃത്തും തിരക്കഥാകൃത്തുമായ ആര്‍. ഉണ്ണി, നടന്‍മാരായ വിനീതും വിനീത് കുമാറും, സംവിധായകന്‍ എബ്രിഡ് ഷൈന്‍...അങ്ങിനെ ഒറ്റ നോട്ടത്തില്‍ എത്ര മുഖങ്ങള്‍. ഒരു റസ്റ്റാറന്റില്‍ ഇരിക്കുമ്പോള്‍ പെെട്ടന്ന് വേണുവിന്റെ പുറത്ത് ഒരാള്‍ വന്ന് ഒറ്റയടി. ഞങ്ങള്‍ ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോള്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്നു. ആദ്യം മഹാഭാരതത്തിലെ കൃഷ്ണനായും പിന്നെ 'ഞാന്‍ ഗന്ധര്‍വനി'ലെ ഗന്ധര്‍വനായും വന്ന് നമ്മുടെ മനസ്സുകളില്‍ അനശ്വരനായ നിതീഷ് ഭരദ്വാജ്. ഗന്ധര്‍വ്വകാലത്തിന്റെ ഓര്‍മ്മകള്‍ അവരില്‍ അണപൊട്ടി. ഇവയെല്ലാം കണ്ടുനില്‍ക്കുന്നതുതന്നെ എത്ര സുഖം!
'ഞാന്‍'പ്രദര്‍ശിപ്പിക്കുന്ന ദിവസമായപ്പോഴേക്കും മാതൃഭൂമിയുടെ ഡയറക്ടറും എം.എല്‍.എയുമായ എം.വി.ശ്രേയാംസ് കുമാറും ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് മാതൃഭൂമിയിലെ തന്നെ കെ.ആര്‍. പ്രമോദും എത്തിച്ചേര്‍ന്നു. ശ്രേയാംസ് കുമാറിന് നാട്ടില്‍ വച്ച് 'ഞാന്‍' കാണാന്‍ സാധിച്ചിരുന്നില്ല. അവര്‍കൂടി വന്നപ്പോള്‍ സംഘം കൊഴുത്തു.
നിറഞ്ഞ സദസ്സിലാണ് 'ഞാന്‍'പ്രദര്‍ശിപ്പിച്ചത്. നാട്ടുകാരേക്കാള്‍ മറുനാട്ടുകാരായിരുന്നു സദസ്സില്‍നിറയെ. അനക്കമില്ലാതെ അവര്‍ ഇരുന്ന് സിനിമ കണ്ടു. കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അകത്തുള്ള എല്ലാവരും പുറത്തുണ്ട് 'ഞാനി'ലെ ഞങ്ങളെക്കാണാന്‍, ഒപ്പം ഫോട്ടോയെടുക്കാന്‍. അവര്‍ സിനിമയെക്കുറിച്ച് സംസാരിച്ചു,അഭിപ്രായങ്ങള്‍ പറഞ്ഞു. അവയെല്ലാം ആത്മാര്‍ത്ഥമായിരുന്നു. അതിനിടെ ശ്രേയാംസ് കുമാര്‍ എന്റെ ചെവിയില്‍ വന്ന് പറഞ്ഞു 'നീ ഗംഭീരമായിട്ടുണ്ട്'. ആ പ്രശംസ ഒരവാര്‍ഡിന് തുല്യമായി കരുതി ഞാന്‍ കാത്തുസൂക്ഷിക്കുന്നു.
തുടര്‍ന്നും മൂന്നോ നാലോ ദിവസം ഞങ്ങള്‍ ഗോവയില്‍ തങ്ങി. ഗോവ അതിന്റെ എല്ലാ സ്വാതന്ത്ര്യത്തോടെയും സൗന്ദര്യത്തോടെയും ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടന്നു. മദ്യം ഇത്രയധികം വില്‍ക്കുന്ന ഇടമായിട്ടും മദ്യപിച്ച് ബഹളമുണ്ടാക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന ഒരാളെയും ഞങ്ങള്‍ കണ്ടില്ല.
ഏത് രാത്രിയും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഏത് തരത്തിലുള്ള വസ്ത്രധാരണത്തിലും ഇറങ്ങിനടക്കാം. ജീന്‍സൊന്നും ഒരു സദാചാരപ്രശ്‌നമേ ആയിരുന്നില്ല. ബീച്ചുകളില്‍ ലഹരി നുരഞ്ഞിരുന്നു, ആലിംഗനങ്ങളും ചുംബനങ്ങളും കൈമാറിയിരുന്നു. സദാചാരപ്പോലീസുകാരായി ആരും ഉണ്ടായിരുന്നില്ല. ആ നാട്ടുകാര്‍ ആരുടെ ജീവിതത്തിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും ഒളിഞ്ഞുനോക്കിയിരുന്നില്ല. വരുന്നവരെല്ലാം അവര്‍ക്ക് അതിഥികളാണ്,അന്നദാതാക്കളാണ്. പരസ്പരം പകര്‍ന്നും പങ്കുവെച്ചും ഇവിടെ ജീവിതം തുടരുന്നു. ഇത്തരം ഒരു തുറസ്സല്ലേ നമുക്കും ആവശ്യം?
ഗോവയില്‍നിന്ന് 'ഞാന്‍'പോകുന്നത് ബാംഗ്ലൂര്‍ ഫെസ്റ്റിവലിലേയ്ക്കും പിന്നെ ചെന്നൈ ഫെസ്റ്റിവെലിലേയ്ക്കുമാണ്. 'ഞാനി'നൊപ്പം ഞങ്ങളും പോകുന്നു,പുതിയ ദേശങ്ങളിലേയ്ക്കും തീരങ്ങളിലേയ്ക്കും.