രാഷ്ട്രീയമില്ലെന്ന് മന്ത്രി റാത്തോഡ്
ന്യൂഡല്‍ഹി: നവംബര്‍ 20 മുതല്‍ 30 വരെ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയെ വ്യത്യസ്തതയുടെ ഉത്സവമാക്കി മാറ്റാന്‍ മോദിസര്‍ക്കാര്‍ ശ്രമം തുടങ്ങി.
മേളയുടെ ഉദ്ഘാടനത്തിന് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനെ ക്ഷണിച്ചത് മുതല്‍ തുടങ്ങുന്നു ചലച്ചിത്രമേളയുടെ' രാഷ്ട്രീയം'.
പ്രമുഖ ചലച്ചിത്രവ്യക്തിത്വത്തിനുള്ള ഈ വര്‍ഷത്തെ ശതാബ്ദിപുരസ്‌കാരവും രജനീകാന്തിനുതന്നെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പരസ്യമായി പിന്താങ്ങിയ രജനീകാന്തിനെ മേളയ്ക്ക് ക്ഷണിച്ചതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി പറയുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴകത്തിന്റെ സൂപ്പര്‍ താരത്തെ ഒപ്പംനിര്‍ത്താന്‍ പാര്‍ട്ടി ശ്രമം തുടരുമ്പോഴാണ് ഈ സംഭവവികാസമെന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ്സിന്റെ 'നമ്പര്‍വണ്‍' കുടുംബവുമായി വളരെ അടുത്തബന്ധമുള്ള അമിതാഭ് ബച്ചനെ മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിനുപിന്നിലും രാഷ്ട്രീയമില്ലെന്നാണ് ചലച്ചിത്രമേളയെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ പുതിയ വാര്‍ത്താ വിതരണപ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞത്. മോദിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ 'യോഗ്യത' മാത്രമാണ് മാനദണ്ഡമാക്കിയതെന്നും രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുഖ്യധാരാചലച്ചിത്രങ്ങളോടൊപ്പം ഇടം നല്‍കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രത്യേകമായി പരിഗണിക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഈ സംസ്ഥാനങ്ങള്‍ക്ക് റോഡ്, റെയില്‍ ഗതാഗതമടക്കമുള്ള പദ്ധതികള്‍ ബി.ജെ.പി അജന്‍ഡയിലുണ്ട്.
ഗോവയെ സ്ഥിരം അന്താരാഷ്ട ചലച്ചിത്രോത്സവവേദിയാക്കി പ്രഖ്യാപിച്ച് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് മോദി സര്‍ക്കാറിന്റെ മികവാണെന്ന് അവകാശപ്പെട്ടിരുന്നു. 2004 ല്‍ ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് ചലച്ചിത്രോത്സവവേദി മാറ്റിയിരുന്നെങ്കിലും സ്ഥിരംവേദിയായി പ്രഖ്യാപിച്ചിരുന്നില്ല. ഗോവയെ സ്ഥിരം വേദിയാക്കിയതോടെ ഫ്രാന്‍സിലെ കാന്‍ പോലെ അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കാന്‍ ഗോവയ്ക്കാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ശുചിത്വഭാരത യജ്ഞത്തിലൂടെ മഹാത്മാ ഗാന്ധിയെ സ്വന്തമാക്കിയ മോദി ഗാന്ധി ചിത്രത്തിന്റെ സംവിധായകനും വിഖ്യാത ചലച്ചിത്രകാരനുമായ റിച്ചാര്‍ഡ് അറ്റന്‍ബറോയ്ക്ക് പ്രത്യേക അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
മേളയിലെ വിദേശവിഭാഗത്തില്‍ ചൈനാ ചിത്രങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതിലൂടെ അയല്‍രാജ്യത്തെ ചെലവുകുറഞ്ഞ നൂതന സാങ്കേതികവിദ്യയും സാമ്പത്തിക നേട്ടവുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യാ സിനിമകള്‍ക്ക് ചൈനയില്‍ വന്‍ പ്രചാരം ലഭിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാകുന്നുമില്ല.
ഇന്ത്യാ സിനിമയുടെ റൈറ്റുകള്‍ വാങ്ങിയാണ് ഇപ്പോള്‍ ചൈനയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 50000 തിയേറ്ററുകളുള്ള അവിടെനിന്ന് ഇതുമൂലം കാര്യമായ സാമ്പത്തികനേട്ടം ഇന്ത്യയുടെ ചലച്ചിത്രമേഖലയ്ക്ക് ലഭിക്കുന്നില്ല. ഇതിന് പരിഹാരമായി വരുമാനം പങ്കുെവക്കുന്ന സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മേളയുടെ ഭാഗമായി ചൈനയില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രതിനിധികളുമായി കരാര്‍ ഒപ്പുവെക്കുമെന്ന് റാത്തോഡ് അറിയിച്ചു. ഇക്കുറി വിശിഷ്ടാതിഥിയായി എത്തുന്നവരില്‍ ചൈനയിലെ പ്രമുഖ നടി ഷാങ് സിയിയും ഉണ്ട്. സിനിമാസംവിധാനത്തിനുള്ള ആജീവനാന്തപുരസ്‌കാരം വിഖ്യാത ചൈനാ കലാകാരന്‍ വോങ് കര്‍ വോയ്ക്കാണ് നല്‍കുന്നത്.