'പ്രേമ'സൗഹൃദ ശീതളിമയില്‍

ടി.എസ് പ്രതീഷ്‌ Posted on: 01 Aug 2015


Good friends
are hard to find
harder to leave
and impossible to forget

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സുഹൃത്തുക്കള്‍ പരസ്പരം കൈമാറുന്ന സന്ദേശങ്ങളില്‍ ഒന്നു മാത്രമണ് ഈ വചനം. എന്നാല്‍ സൗഹൃദത്തിന്റെ ആഴവും അര്‍ഥവും മനസ്സിലാക്കേണ്ടത് സന്ദേശത്തിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണെന്ന് ഓര്‍മിപ്പിക്കുകയാണ് 'പ്രേമംടീം.' 'പ്രേമം' ശലഭച്ചിറകുകളുമായി പറന്നുയരുമ്പോള്‍ ഒരു സൗഹൃദക്കൂട്ടത്തിന്റെ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ വിജയം കൂടിയാവുകയാണ്. ആലുവയിലും പരിസരപ്രദേശങ്ങളിലും സിനിമ സ്വപ്‌നം കണ്ടു നടന്ന ചെറുപ്പക്കാര്‍. അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, ശബരീഷ്, കൃഷ്ണശങ്കര്‍ എന്നീ നാല്‍വര്‍ സംഘം. അവരുടെ സിനിമാചര്‍ച്ചകള്‍ക്കൊപ്പം ഒരു ഒമ്പതാം ക്ലാസുകാരനും കൂടി എത്തിച്ചേര്‍ന്നു.- ആനന്ദ് സി. ചന്ദ്രന്‍.

പിന്നീട് അവരെല്ലാവരും ചെന്നൈയിലെത്തിയതോടെയാണ് സിനിമ തങ്ങളുടെ വരുതിയില്‍ വരുന്ന ഒന്നാണെന്ന് ഈ സംഘം ഉറപ്പിച്ചത്. രാവും പകലും സിനിമയെന്ന ചിന്തയുമായി നടന്ന അവരുടെ സിനിമയിലേക്കുള്ള ആദ്യകാല്‍വെപ്പ് എന്ന രീതിയില്‍, പരീക്ഷണാടിസ്ഥാനത്തില്‍ ഷോര്‍ട്ട് ഫിലിമുകളായിരുന്നു ചെയ്തു തുടങ്ങിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധായകന്‍, അഭിനയമോഹത്താല്‍ ഇന്‍ഫോസിസിലെ വൈറ്റ്‌കോളര്‍ ജോലി ഉപേക്ഷിച്ചെത്തിയ നിവിന്‍പോളി നായകന്‍. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സ്‌ക്രിപ്റ്റ്. അങ്ങനെ പിറന്ന ഷോര്‍്ട്ട് ഫിലിമുകളാണ് നേരത്തിലേക്കും പ്രേമത്തിലേക്കുമെല്ലാം ഈ സൗഹൃദക്കൂട്ടത്തെ എത്തിച്ചത്.

താന്‍ സിനിമയില്‍ കയറിയാല്‍ മറ്റുള്ളവരെയും അവിടെയെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് നിവിന്‍ നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിവിന്‍ വാക്കു തെറ്റിച്ചില്ല. മലര്‍വാടി ആര്‍ട്്‌സ് ക്ലബ്ബിലൂടെ സിനിമാലോകത്ത് പ്രവേശിച്ചപ്പോള്‍ നേരത്തിലൂടെ അല്‍ഫോണ്‍സിനെയും മറ്റുള്ളവരെയും സിനിമയില്‍ മേല്‍വിലാസമുള്ളവരാക്കി മാറ്റി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലേക്ക് പുതുമുഖതാരങ്ങള്‍ക്കുള്ള ഓഡിഷന്‍ വിനീത് ശ്രീനിവാസന്‍ നടത്തുമ്പോള്‍ നിവിന്‍പോളിയെത്തിയത് ഓഡിഷന്‍ എതാണ്ട് പൂര്‍ത്തിയായപ്പോഴായിരുന്നു. അന്ന് നിവിന്‍ കാലിന് പരിക്കേറ്റ് കിടപ്പിലായ സമയത്ത് സുഹൃത്തായ അല്‍ഫോണ്‍സിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ഓഡിഷനെത്തിയത്. അതിലൂടെ നിവിന്‍ നടനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ അല്‍ഫോണ്‍സിന്റെ 'എലി 'എന്ന ഷോര്‍ട്ട് ഫിലിമില്‍ നായകനായി. ആ ഷോര്‍ട്ട് ഫിലിം നിര്‍മിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.

നേരത്തിന്റെ തിരക്കഥയെഴുതി മൂന്നു വര്‍ഷം കാത്തിരുന്നപ്പോഴാണ് ഒരു നിര്‍മാതാവിനെ അല്‍ഫോണ്‍സിന് കിട്ടിയത്. അതിനിടയില്‍ താന്‍ ആദ്യമായി എഴുതിയ തിരക്കഥ സിനിമയായി കാണാനുള്ള ആഗ്രഹത്താല്‍ മറ്റ് ഏതെങ്കിലും സംവിധായകര്‍ ചിത്രം സംവിധാനം ചെയ്താല്‍ മതിയെന്നു പോലും ചിന്തിച്ചു അല്‍ഫോണ്‍സ്. വര്‍ഷങ്ങളുടെ പ്രയത്‌നഫലമായി ഉരുത്തിരിഞ്ഞു വന്ന തിരക്കഥ നശിപ്പിച്ചു കളയാന്‍ വരെ ഒരു വേള ശ്രമിച്ചു. അപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന സുഹത്തുക്കളാണ് എല്ലാ കാര്യങ്ങളും ശരിയായി വരുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയത്.

ഗോപൂസ് സൗഹൃദം

ഇവരുടെ സൗഹൃദത്തിന്റെ സ്‌നേഹശീതളിമ ആലുവയിലെ ഗോപൂസ് കൂള്‍ബാറില്‍ നിന്ന് തുടങ്ങുന്നു. കൊച്ചിയിലെ മാറംപള്ളി എം ഇ.എസ കോളേജിലാണ് അല്‍ഫോണ്‍സ് പുത്രന്‍, ശബരീഷ്. കൃഷ്ണശങ്കര്‍ എന്നിവര്‍ പഠിച്ചത്. അല്‍ഫോണ്‍സ് ബി.സി.എ.യ്ക്ക് പഠിക്കുമ്പോള്‍ മറ്റുള്ളവര്‍ അല്‍ഫോണ്‍സിന്റെ ജൂനിയറായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് അല്‍ഫോണ്‍സിന്റെ ഇടവകക്കാരനും സുഹൃത്തും കൂടിയായ നിവിന്‍ പോളിയെത്തുകയായിരുന്നു. അവരുടെയെല്ലാം ഇളയ സഹോദരനെന്നോണമായിരുന്നു ആനന്ദ് എത്തിയത്. ഗോപൂസ് കൂള്‍ബാറില്‍ നിന്ന് ആ കൂട്ടുകാര്‍ നടത്തിയ ചര്‍ച്ചകളിലെല്ലാം നിറഞ്ഞത് അവര്‍ മനസ്സില്‍ കണ്ട സിനിമാക്കാഴ്ചകളായിരുന്നു.


ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കും. മറ്റു ചിലപ്പോള്‍ സമവായത്തിലെത്തും. അങ്ങനെ നാളെ ഞങ്ങള്‍ ഒരു സിനിമ ചെയ്യുമെന്ന് ദൃഢനിശ്ചയമെടുത്താണ് പിരിയുക. കാലം അവരുടെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിച്ചു.

നേരത്തിനും പ്രേമത്തിനും ക്യാമറ ചലിപ്പിച്ച ആനന്ദ,് അല്‍ഫോണ്‍സ് മനസ്സില്‍ കാണുന്ന വിഷ്വല്‍ ക്യാമറാഫ്രെയ്മില്‍ കൊണ്ടു വരും. ശബരീഷ് നേരം തമിഴ് റീമേക്കില്‍ അഭിനേതാവായി എത്തിയെങ്കിലും പ്രേമത്തിന്റെ ഭാഗമാകുമ്പോഴേക്കും അഭിനേതാവിനൊപ്പം ചിത്രത്തിന്റെ ഗാനരചയിതാവ് കൂടിയായി മാറിയിരുന്നു. നേരത്തിലെ സുമാകിറാ... എന്ന പാട്ടിന് ഒരു തുടര്‍ച്ചയുണ്ടായത് ശബരീഷിന്റെ വരികളിലൂടെയാണ്. കൃഷ്ണശങ്കര്‍ നേരത്തിലും പ്രേമത്തിലും അഭിനേതാവാണ്. നേരത്തിന്റെയും പ്രേമത്തിന്റെയും സംഗീതസംവിധായകന്‍ രാജേഷ് മുരുകേശനും ഇവര്‍ക്കൊപ്പം ആല്‍ബവും ഷോര്‍ട്ട്ഫിലിം എടുത്തു പഠിക്കുന്ന കാലത്തു തന്നെ പാട്ടിന്റെ ലോകത്തേക്ക് എത്തിയിരുന്നു. സിനിമയിലേക്ക് വന്നപ്പോള്‍ രാജേഷും സംഗീതസംവിധായകനായി ഈ സൗഹൃദക്കുട്ടത്തിനൊപ്പമെത്തി.

'' പ്രേമം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ഊട്ടിയില്‍ പോയിരുന്നു. നിവിന് ഷൂട്ടിങ് തിരക്കായതിനാല്‍ വരാന്‍ കഴിഞ്ഞില്ല. നിവിനെ ഞങ്ങള്‍ക്ക് മിസ് ചെയ്തുവെങ്കിലും നന്നായി ആസ്വദിച്ച യാത്രയായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒന്നിക്കുമ്പോഴെല്ലാം ആഘോഷമാണ്. ഫ്രണ്ട്്ഷിപ്പിന് പ്രത്യേക ദിനമുണ്ടെങ്കിലും ആ ദിവസം മാത്രം ഓര്‍ക്കുന്ന ബന്ധമല്ല ഞങ്ങള്‍ക്കിടയിലുള്ളത്. പക്ഷേ, ഫ്രണ്ടഷിപ്പ് ഡേ ഉള്‍പ്പെടെയുള്ള എല്ലാ ദിനങ്ങളിലും ഞങ്ങള്‍ പരസ്പരം വിളിക്കും. ഇത് എന്റെ മാത്രം കാഴ്ചപ്പാടല്ല. ഞങ്ങളുടെ ടീമിന്റെ
കാഴ്ചപ്പാടാണ്', ശബരീഷ് പറയുന്നു.


ചെന്നൈയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങില്‍ എത്തിയതോടെ അല്‍ഫോണ്‍സും സുഹൃത്തുക്കളും സിനിമയാണ് തങ്ങളുടെ മേഖല എന്ന് തിരഞ്ഞെടുത്തിരുന്നു. അതിനാല്‍ സിനിമയിലേക്കുള്ള ആദ്യ പടിയായി ഓരോരുത്തരും അവരവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. അക്കാലത്ത് എഡിറ്ററായി അല്‍ഫോണ്‍സ്, സൗണ്ട് എഞ്ചിനിയറായി രാജേഷ് മുരുകേശന്‍, ഓഡിയോ എഞ്ചിനിയറായി ശബരീഷ് എന്നിവരൊക്കെ തമിഴ്- തെലുങ്ക് പടങ്ങള്‍ക്ക് പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ ടീമിനും ഒരു സിനിമ വേണമെന്ന രീതിയില്‍ സുഹൃത്തുക്കളെല്ലാവരുടെയും മനസ്സില്‍ ഒരു സിനിമ എന്ന ആശയം ഉദിച്ചത്. അതോടെ ജോലികള്‍ കഴിഞ്ഞാല്‍ ഈ കൂട്ടുകാര്‍ ഒത്തു ചേരും. രാജേഷ് മുരുകേശന്‍ ഒരു ഈണം മൂളിയാല്‍ ശബരീഷ് അതിനനുസരിച്ച് വരികള്‍ എഴുതും. അല്‍ഫോണ്‍സ് അപ്പോഴേക്കും അതിന് അനുയോജ്യമായ മനോഹരമായ വിഷ്വല്‍ മനസ്സില്‍ കാണും. പിന്നീട് എല്ലാവരും ചേര്‍ന്ന് ആല്‍ബം ചിത്രീകരിക്കും സംവിധാനവും എഡിറ്റിങ്ങും അല്‍ഫോണ്‍സായിരിക്കും. അല്ലെങ്കില്‍ അല്‍ഫോണ്‍സ് ഒരു ഷോര്‍ട്ട് ഫിലിമിന്റെ തീം പറഞ്ഞാല്‍ അതിനനുസരിച്ചും ശബരീഷ് പാട്ടെഴുതും. അങ്ങനെ പലപ്പോഴായി ശബരീഷും രാജേഷും ചേര്‍ന്ന് ഉണ്ടാക്കി വെച്ചിട്ടുള്ള ഗാനങ്ങളാണ് നേരത്തിലൂടെയും പ്രേമത്തിലൂടെയും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയതെന്ന് പ്രേമം ടീം സാക്ഷ്യപ്പെടുത്തുന്നു.

ഒരേ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതു കൊണ്ട് മാത്രമല്ല ഇത്രമേല്‍ സൗഹൃദം ഇവര്‍ക്കിടയിലുണ്ടായത്. പരസ്പരബഹുമാനം കൊണ്ടു കൂടിയാണ്. ഇന്ന സമയത്തിനു്ള്ളില്‍ ഒരു പാട്ട് കിട്ടണമെന്ന് അല്‍ഫോണ്‍സ് വാശി പിടിച്ചിരുന്നില്ല. രാജേഷിനും ശബരീഷിനും സംതൃപതിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമ്പോള്‍ മാത്രം പാട്ട് ഉണ്ടാക്കിയാല്‍ മതിയെന്നായിരുന്നു അല്‍ഫോണ്‍സിന്റെ നിലപാട്. ആ പാട്ട് കേട്ട് സംഘാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകുമ്പോള്‍ മാത്രമേ അത് ഉപയോഗിക്കുകയുള്ളൂ. അങ്ങനെ സുഹൃത്തുക്കളെല്ലാവരുടെയും അഭിപ്രായസമന്വയത്തിലൂടെയാണ് നേരവും പ്രേമവുമെല്ലാം അഭ്രപാളിയിലെത്തിയത്. പരസ്പരം ഒരു 'എടാ പോടാ' സൗഹൃദമുള്ളതിനാല്‍ ആര് വലിയവന്‍ എന്ന പ്രശ്്‌നവും ഇവര്‍ക്കിടയിലില്ല. ഇത്തരം കൂട്ടായ്്മകള്‍ തന്നെയാണ് ഏത് മേഖലയിലും വേണ്ടത്.



 

ga