അതിരില്ലാത്ത യൗവനസ്വപ്‌നങ്ങളാണ് ഇവര്‍ക്ക് സിനിമ. കണ്ടതും കേട്ടതും രസിച്ചതുമായ അനുഭവങ്ങള്‍ സൗഹൃദക്കൂട്ടായ്മയുടെ കരുത്തില്‍ സിനിമയാകുന്നു. ഒന്നിച്ചു കളിച്ച്, പഠിച്ച്, സ്വപ്‌നം കണ്ട് വളര്‍ന്നവരുടെ കൂട്ടായ്മയില്‍ നിന്നാണ് 'ഹണീ ബീ' എന്ന ചിത്രം പിറന്നത്. അതേ ടീം വീണ്ടും ഒന്നിക്കുന്നു. 'ഹായ് ഐയാം ടോണി' എന്ന ചിത്രത്തിലൂടെ. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് നായകനാകുന്നു. കൂടെ ക്യാമറാമാനായി കസിനായ ആല്‍ബിയും നടനായി ബാലുവും.
ജീന്‍: കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ചു വളര്‍ന്നവര്‍ ഒരു സിനിമയുടെ ഭാഗമാകുന്നതിന്റെ രസമുണ്ട്. ഫ്രണ്ട്ഷിപ്പിന്റെ വൈബാണ് ഈ സെറ്റില്‍ നിറയുന്നത്. ചിത്രത്തിലെ നായകനായ ആസിഫ് ഇവിടെ താരമല്ല. നല്ലൊരു സുഹൃത്താണ്. ഇവിടെയും 'ഹണീബീ'യുടെ വര്‍ക്കിനിടയിലും ഞങ്ങള്‍ അനുഭവിച്ചത് ടീം വര്‍ക്കിന്റെ സുഖംതന്നെയാണ്. 'ഹണീ ബീ'യില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. നഗരത്തിലെ ഫ്ലൂറ്റിലെ ദമ്പതിമാരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്.
ബാലു: ഈ ചിത്രത്തിനൊപ്പം 'ഐഡിയാസ് ഇങ്ക്' എന്നൊരു കാസ്റ്റിങ് കമ്പനിയും ഫോം ആയിട്ടുണ്ട്.
ജീന്‍: അതെ. ഇന്‍ഡസ്ട്രിയില്‍ വരാന്‍ താത്പര്യമുള്ള പുതുമുഖങ്ങളെ കണ്ടെത്തി അവതരിപ്പിക്കുകയാണ് 'ഐഡിയാസ് ഇങ്കി'ന്റെ ലക്ഷ്യം. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ മുഖങ്ങളെ ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തും. ഈ ചിത്രത്തിലൂടെ അത്തരം നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. മറ്റു സിനിമകള്‍ക്കും ഞങ്ങള്‍ കാസ്റ്റിങ് ഡയറക്ഷന്‍ ചെയ്യും. കൂടാതെ പ്രൊഡക്ഷന്‍, മാര്‍ക്കറ്റിങ് എന്നിവയുമുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായിരിക്കും. അതിന്റെ പിന്നിലും എന്റെ കൂട്ടുകാര്‍തന്നെയാണ്. ഫ്രണ്ട്ഷിപ്പിന്റെ വലിയൊരു മൂവ്‌മെന്റ്.
ആസിഫ്: പരസ്പരം തിരിച്ചറിയുന്ന സൗഹൃദമാണ് ജീന്‍പോള്‍ ലാല്‍ എന്ന യുവ സംവിധായകന്റെ കൂട്ടിലേക്ക് എന്നെ എത്തിച്ചത്. ലാലേട്ടനുമായാണ് ഞാന്‍ ആദ്യം സൗഹൃദം സ്ഥാപിക്കുന്നത്. 'സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ' സെറ്റില്‍ നിന്ന്. ആ സൗഹൃദം പെട്ടെന്ന് വളര്‍ന്നു. വീണ്ടും 'ഒഴിമുറി'യില്‍ വര്‍ക്ക് ചെയ്യുന്നതോടെ ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഫാമിലി ഫ്രണ്ട്‌സായി. ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് ലാലേട്ടന്‍, ജീന്‍പോള്‍ ഒരു ചിത്രം ഒരുക്കുന്ന കാര്യം പറഞ്ഞത്. ആ ചിത്രത്തില്‍ നായകനായി എന്നെ പരിഗണിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. അങ്ങനെയാണ് 'ഹണീ ബീ' ഉണ്ടാകുന്നത്.

ജീന്‍: 'ഹണീ ബീ'ക്ക് മുന്‍പുതന്നെ ഈ സബ്ജക്ട് എന്റെ മനസ്സിലുണ്ടായിരുന്നു.
ആസിഫ്: പക്ഷേ, ആ ചിത്രത്തില്‍ ഞാനാണ്് നായകനെന്ന് അറിയുന്നത് 'ഹണീ ബീ'യുടെ റിലീസിനു ശേഷമാണ്.
ജീന്‍: ഞങ്ങള്‍ക്ക് നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന നടനാണ് ആസിഫ്. ചിത്രത്തിന്റെ തുടക്കം മുതല്‍ ആസി ഒപ്പം ഉണ്ട്.
ആസിഫ്: എറണാകുളത്ത് വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കാറുള്ളത്. സാധാരണ സിനിമകളുടെ ലൊക്കേഷനില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ. ലൊക്കേഷന്‍ സ്‌ട്രെസ് ഇല്ല. പെര്‍ഫോം ചെയ്യാനുള്ള ഫ്രീഡമുണ്ട്.
എന്താണ് ഈ ചിത്രത്തിന്റെ പുതുമ?
ആസിഫ്: ഞങ്ങളുടെ ടീം വര്‍ക്കില്‍ പിറന്ന 'ഹണീ ബീ' ഏറെ സന്തോഷകരമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന ചിത്രമായിരുന്നു. 'ഐയാം ടോണി' അല്പം സീരിയസ് ചിത്രമാണ്. സസ്‌പെന്‍സ് എലമെന്റ്‌സ് ഏറെയുള്ളതിനാല്‍ വിശദീകരിക്കാന്‍ കഴിയില്ല.
ബാലുവിന് എങ്ങനെയാണ് ഈ ടീം വര്‍ക്ക് അനുഭവപ്പെടുന്നത്?
ബാലു: താരങ്ങളും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് അതിരില്ലാത്ത കൂട്ടായ്മ പൊതുവേ സിനിമാരംഗത്ത് ചിന്തിക്കാന്‍ പോലും കഴിയില്ല. നല്ലൊരു ഫ്രണ്ട്‌സ് സര്‍ക്കിളില്‍ മാത്രമേ നല്ല സിനിമ ഉണ്ടാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ജോലി ചെയ്യുന്നു എന്നതിലപ്പുറം നമ്മുടെ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നു എന്ന മനോഭാവമാണ് ഞങ്ങള്‍ക്കിടയില്‍. ഇവിടെ പരസ്പരം സര്‍ വിളിയില്ല; പ്രൊഡക്ഷന്‍ ബോയ് വരെ 'ബ്രോ' ഒരു ചായ എടുക്കട്ടെ എന്നാണ് ചോദിക്കുന്നത്.
ആസിഫിന്റെ കഥാപാത്രത്തെക്കുറിച്ച്?
ആസിഫ്: സമീര്‍ എന്ന വിവാഹിതനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ജീവിതത്തില്‍ ഒരു അപരിചിതന്‍ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് വിഷയം.
ബാലു 'ഹണീ ബീ'യില്‍ ഒരു 'കൊച്ചിന്‍ മച്ചാ'നായിരുന്നു. പുതിയ ചിത്രത്തില്‍ ചേട്ടന് ജീന്‍ സമ്മാനിച്ച വേഷമെന്താണ്?
ബാലു: 'ഹണീ ബീ'യിലെ മുഴുനീള കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു. 'ഹായ് ഐയാം ടോണി'യിലും മുഴുനീള കഥാപാത്രം തന്നെ. കുറെക്കൂടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ്. ചിത്രത്തിന്റെ വഴിത്തിരിവ് ഈ കഥാപാത്രത്തിലൂടെയാണ്. ഞാന്‍ ഏറെ എക്‌സൈറ്റഡ് ആണ്.
പൊതുവെ ആസിഫ് നായകനാവുന്ന ചിത്രങ്ങള്‍ കുറവാണ്. എന്തുപറ്റി? സെലക്ടീവായോ?
ആസിഫ് അലി: കഴിഞ്ഞ വര്‍ഷം ആവശ്യമില്ലാതെ കുറെ ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്നു. പലരോടും ഉള്ള കമ്മിറ്റ്‌മെന്റിന്റെ ഭാഗമായി ചെയ്യേണ്ടി വന്നതാണ്. 'കിളി പോയി' മുതല്‍ ഞാന്‍ സെലക്ടീവാണ്. എനിക്ക് സംതൃപ്തി തരുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ. പ്രേക്ഷകരെ ഉപദ്രവിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ല. വാരിവലിച്ച് സിനിമ ചെയ്യുന്നതിനേക്കാള്‍ നല്ല സിനിമകളുടെ മാത്രം ഭാഗമാകാനാണ് ശ്രമം.
ബാലു: 'ബൈസിക്കിള്‍ തീവ്‌സിനു'വേണ്ടി 'ആയിരം കണ്ണുമായ്' എന്ന ഗാനം പാടി പിന്നണിഗായകനുമായി അല്ലേ...?
ആസിഫ്: നിവൃത്തിയില്ലാതെ ചെയ്തതാണ്. സീന്‍ ഡിമാന്‍ഡ് ചെയ്യുന്ന കാര്യമായിരുന്നു. ഡയലോഗ് പറഞ്ഞു പറഞ്ഞ് പാട്ടിലേക്ക് പോകുന്ന സീനില്‍ പാട്ടില്‍ മാത്രം മറ്റൊരു ശബ്ദമായാല്‍ ചേരില്ല. അങ്ങനെയാണ് പാടേണ്ടിവന്നത്. 'ആയിരം കണ്ണുമായ്' എന്ന ഗാനം പാടാനറിയാത്ത മലയാളിയുണ്ടോ...?
ബാലു: 'മോസയിലെ കുതിരമീനുക'ളുടെ അന്തമാനിലെ ചിത്രീകരണം ഏറെ സാഹസികമായിരുന്നെന്ന് കേട്ടു?
ആസിഫ്: ആള്‍താമസമില്ലാത്ത അന്തമാനിലെ സിങ്ക് ഐലന്‍ഡിനടുത്ത്, നടുക്കടലില്‍ ചിത്രീകരണമുണ്ടായിരുന്നു. മൂന്നു മണി കഴിഞ്ഞാല്‍ കടല്‍ കലുഷിതമാകും. ഷൂട്ടിങ് കഴിയുമ്പോള്‍ സമയം ആറുമണിയായി. തിരിച്ചുവരുമ്പോള്‍ ബോട്ട് തിരയില്‍ പെട്ടു. ജീവിതം അവിടെ തീര്‍ന്നെന്ന് കരുതിയ മണിക്കൂറുകള്‍... വിളിക്കാത്ത ദൈവങ്ങളില്ല. മൂന്നു മണിക്കൂര്‍കൊണ്ട് താണ്ടുന്ന കടല്‍ പിന്നിടാന്‍ സാഹസികമായ ഒമ്പതു മണിക്കൂറുകള്‍ വേണ്ടിവന്നു.
ഈ ന്യൂജന്‍ തരംഗത്തില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടോ?
ആസിഫ്: കുഞ്ചാക്കോയും ജയസൂര്യയും കഴിഞ്ഞാല്‍ യുവനിരയില്‍ ഞാന്‍ മാത്രമായ കാലമുണ്ടായിരുന്നു. ആ കാലത്ത് ഞാന്‍ ഉഴപ്പി. എനിക്ക് കിട്ടേണ്ടത് എന്നെത്തേടി വരുമെന്ന് ഞാന്‍ വിചാരിച്ചു. ഇന്ന് നിവിന്‍, ദുല്‍ഖര്‍, ഫഹദ്, ആസിഫ് ഒക്കെയുണ്ടണ്ട്. അപ്പോഴും ആസിഫ് എന്ന നടനെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് എഴുതാനും സംവിധാനം ചെയ്യാനും നിര്‍മിക്കാനും ആള്‍ക്കാര്‍ വരുന്നുണ്ട്. അത് ഭാഗ്യമാണ്.
സോഷ്യല്‍ സൈറ്റുകള്‍ ഇപ്പോഴും ടാര്‍ജറ്റ് ചെയ്യുന്നുണ്ടോ?
ആസിഫ്: അതെല്ലാം പണം കൊടുത്ത് ചെയ്യിക്കുന്ന കാര്യങ്ങളാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാലത്ത് അതൊന്നും ആരും അന്ധമായി വിശ്വസിക്കില്ല. ഒരുകാലത്ത് സോഷ്യല്‍ സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് പൃഥ്വിരാജിനെയായിരുന്നു. അതിനെ അതിജീവിക്കാനും അതിലൊന്നുമില്ലെന്ന് തെളിയിക്കാനും അയാള്‍ക്ക് കഴിഞ്ഞു. സിനിമ അങ്ങനെയാണ്. എല്ലാം കാലം തെളിയിക്കും. ക്ഷമയോടെ കാത്തിരിക്കാം.