ദിലീപിനെ കലാ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചങ്ങാതിയാണ് നാദിര്‍ഷ. ആ യാത്രയില്‍ സുഖവും ദുഃഖവും ഒരുമിച്ചു പങ്കിട്ടവര്‍. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. കൂട്ടുകാരന്റെ നേട്ടത്തിനുവേണ്ടി അവര്‍ പലതും പരസ്പരം ത്യജിച്ചു. കാലം മാറി, കഥ മാറി. പാട്ടുകാരനായ നാദിര്‍ഷ കോമഡിക്കാരനായി മാറി. കോമഡിക്കാരനായ ദിലീപ് പാട്ടുകാരനുമായി. അന്നും ഇന്നും അവര്‍ക്കിടയില്‍ ഇഴ പിരിക്കാന്‍ കഴിയാത്ത ബന്ധമുണ്ട്. രക്തബന്ധം പോലെ ചേര്‍ന്നു നില്‍ക്കുന്ന സിനിമയിലെ അപൂര്‍വ സൗഹൃദത്തെക്കുറിച്ച് നാദിര്‍ഷ പറയുന്നു.
'ഞാന്‍ മാളച്ചേട്ടന്റെ കൊച്ചിന്‍ ഓസ്‌കറില്‍ വര്‍ക്ക് ചെയ്യുന്ന കാലം. അന്ന് വീട്ടില്‍ ഫോണില്ല. അടുത്ത വീട്ടിലെ ജോസഫ് ചേട്ടന്റെ വീട്ടിലാണ് കോളുകള്‍ വന്നിരുന്നത്. അവര്‍ വിളിക്കുന്നവരുടെ നമ്പര്‍ ഒരു ഡയറിയില്‍ കുറിച്ചിടും. ഓരോ ദിവസവും രാവിലെ ആ നമ്പറില്‍ ഞാന്‍ തിരിച്ചു വിളിക്കും. കോയിന്‍ബൂത്തില്‍ നിന്നാണ് എന്റെ വിളി. രാവിലെ ഫോണ്‍ വിളിക്കാന്‍ വേണ്ടി പോകുമ്പോള്‍ ബസ്‌സ്റ്റോപ്പില്‍ എന്നെ കാത്ത് ഒരു ചെറുപ്പക്കാരനുണ്ടാകും. കാണുമ്പോള്‍ മുണ്ടിന്റെ മടിക്കുത്തഴിച്ച് അയാള്‍ 'നമസ്‌കാരം' പറയും. ഒരു ദിവസം അവന്‍ ചോദിച്ചു: 'എനിക്ക് നിങ്ങളുടെ ട്രൂപ്പില്‍ എന്തെങ്കിലും ചാന്‍സ് തരുമോ?'
'നിനക്ക് എന്തൊക്കെ അറിയാം'?
'സ്റ്റാര്‍സിനെ അനുകരിക്കാം. സുരേഷ്‌ഗോപി, ലാലു അലക്‌സ്, ഇന്നസെന്റ്...'
ബസ്‌സ്റ്റോപ്പില്‍ മൂന്നാലാളുകള്‍ നില്‍പുണ്ട്. അതൊന്നും നോക്കാതെ ദിലീപ് ഓരോരുത്തരെ അനുകരിക്കാന്‍ തുടങ്ങി. സ്റ്റാര്‍സിനെ അനുകരിക്കുന്ന നിരവധി ആര്‍ട്ടിസ്റ്റുകള്‍ ട്രൂപ്പിലുണ്ട്. അതുകൊണ്ട് ഞാന്‍ ഉറപ്പുപറഞ്ഞില്ല. 'വിളിക്കാം' എന്ന് പറഞ്ഞ് ഒഴിവായി.
അങ്ങനെയിരിക്കെ മഹാരാജാസ് കോളേജിലെ മികിക്രി കോമ്പറ്റീഷന്‍ ജഡ്ജ് ചെയ്യാന്‍ എനിക്കവസരം കിട്ടി. എന്നെ മിമിക്രിയിലേക്ക് കൊണ്ടുവന്ന രമേശ് കുറുമശ്ശേരിയാണ് മഹാരാജാസിലെ അന്നത്തെ ഫൈന്‍ആര്‍ട്‌സ് സെക്രട്ടറി. മിമിക്രിയിലെ യൂണിവേഴ്‌സിറ്റി വിന്നറായ അച്യുതനും അവിടെയുണ്ട്. കടുത്ത മത്സരം ഞാന്‍ പ്രതീക്ഷിച്ചു. രമേശിന്റെയും അച്യുതന്റെയും പ്രകടനം കഴിഞ്ഞപ്പോള്‍ ട്രൂപ്പിലേക്ക് ചാന്‍സ് ചോദിച്ചു വന്ന ആ ചെറുപ്പക്കാരനും സ്റ്റേജിലെത്തി. പുതുമയാര്‍ന്ന നമ്പറുകള്‍. നല്ല പ്രകടനം. ചെറുപ്പക്കാരന്‍ ഓഡിയന്‍സിനെ കൈയിലെടുത്തു. ഞാന്‍ ഒന്നും നോക്കിയില്ല. എ ഗ്രേഡ് കൊടുത്തു. പയ്യനെ പണ്ട് ഗൗനിക്കാതിരുന്നത് മോശമായെന്ന് തോന്നി.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കുറെ പെണ്‍കുട്ടികള്‍ക്കിടയില്‍ ആ ചെറുപ്പക്കാരന്‍. പേര് തിരക്കി. ഗോപാലകൃഷ്ണന്‍. ഞാന്‍ ഗോപാലകൃഷ്ണന്, എന്നെ വന്നു കാണാന്‍ ഒരു എഴുത്തു കൊടുത്തു.
അടുത്ത ദിവസം കൂനമ്മാവിലെ സുഹൃത്തായ രാജന്‍ ആന്റണിയുടെ വീട്ടില്‍ ഗോപാലകൃഷ്ണന്‍ എത്തി. അന്ന് ഏഴു മണിക്ക് പ്രോഗ്രാമുണ്ട്. ഞങ്ങള്‍ കാണുന്നത് രണ്ടു മണിക്ക്. ഞാനും സുഹൃത്തുക്കളായ ഗോകുല്‍ മേനോനും രാജന്‍ ആന്റണിയും ഗോപാലകൃഷ്ണനും ചേര്‍ന്ന് പുതിയൊരു സ്‌കിറ്റ് പ്ലാന്‍ചെയ്തു. ആ ഷോ സൂപ്പര്‍ ഹിറ്റായി. ഞാനും ഗോപാലകൃഷ്ണനെന്ന നമ്മുടെ ദിലീപുമായുള്ള ആത്മബന്ധത്തിന്റെ കഥ അവിടെനിന്നാണ് തുടങ്ങുന്നത്.''
ദിലീപിന്റെ ആദ്യ ഷൂട്ടിങ്
ഞാന്‍ മികിക്രിയും ഗാനമേളയും പാരഡി കാസറ്റുകളുടെ രചനയുമായി കടന്നുപോയപ്പോള്‍ ദിലീപ് മഹാരാജാസിലെ പഠനവും മിമിക്രിയും സംവിധാനമോഹവുമായി നാടുചുറ്റി.
'ഓണത്തിനിടയില്‍ പുട്ടു കച്ചവടം' എന്ന കാസെറ്റിനു കിട്ടിയ പ്രതിഫലവും ബാങ്ക് ലോണും ചേര്‍ത്ത് ഞാനൊരു ബൈക്ക് വാങ്ങിയിരുന്നു. ആ ബൈക്കായിരുന്നു ഞങ്ങളുടെ വാഹനം. ദിലീപ് അതെടുത്ത് പോയി മഹാരാജാസില്‍ ചെത്തി നടക്കും.
ഞാന്‍ എഴുതിയ പാരഡിക്കാണ് ലാല്‍ ജോസ് ആദ്യമായി വിഷ്വല്‍ ചെയ്തത്. ഞാനും ദിലീപുമാണ് ഗാനരംഗത്തെ താരങ്ങള്‍. സംവിധാനം 'ദിലീപ് ലാല്‍!'. എം.ജി. റോഡിലെ തിരക്കില്‍ എവിടെയെങ്കിലും ക്യാമറ ഒളിപ്പിച്ചായിരിക്കും ചിത്രീകരണം. മഹാരാജാസ് കോളേജ് വിടുന്ന സമയം അതിനു മുന്നില്‍ വെച്ചും ഞങ്ങള്‍ ഷൂട്ടിങ് പ്ലാന്‍ ചെയ്തു. വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് ക്രോസ്‌ചെയ്യുന്നതായിരുന്നു സീന്‍. ആരും അറിയാതെ ഞങ്ങള്‍ റോഡ് ക്രോസ് ചെയ്തു. ചെന്നു പെട്ടത് ഒരു പെട്ടി ഓട്ടോറിക്ഷയുടെ മുന്നില്‍. ഓട്ടോക്കാരന്‍ ഡിക്ഷണറിയിലില്ലാത്ത രണ്ടുമൂന്ന് മുട്ടന്‍ തെറി ഞങ്ങളെ പറഞ്ഞു. ബസ്‌സ്റ്റോപ്പിലെ പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിച്ചു. ഞങ്ങള്‍ രണ്ടുപേരും ചമ്മി. പിന്നീടത് ഷൂട്ടിങ്ങായിരുന്നെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു.
സൈന്യത്തില്‍ എനിക്ക് പകരം ദിലീപ്
ഞങ്ങളുടെ ഗ്രൂപ്പില്‍നിന്ന് ആദ്യമായി സിനിമയിലെത്തിയത് അബിയായിരുന്നു. ബാലചന്ദ്രമേനോന്റെ 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തില്‍. ജയറാമിനു ശേഷം സിനിമയില്‍ തിളങ്ങുന്ന താരമായി ഞാന്‍ അബിയെ സ്വപ്‌നംകണ്ടു. ജോഷിയുടെ 'സൈന്യ'ത്തില്‍ ചാന്‍സ് കിട്ടിയ അബി എന്നെയും സാറിന് പരിചയപ്പെടുത്തി. മുടി നീട്ടി സ്റ്റൈലായി നടക്കുന്ന കാലം. 'ഈ മുടിയൊക്കെ വെട്ടേണ്ടി വരും.'സാര്‍ പറഞ്ഞു. സാറിന്റെ പടത്തിലഭിനയിക്കാന്‍ തല വരെ വെട്ടാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് സാറിന്റെ സുഹൃത്തും ഗാനരചയിതാവുമായ ഷിബുചക്രവര്‍ത്തി അവിടെയെത്തിയത്. സാര്‍ എനിക്ക് തരാമെന്ന് പറഞ്ഞ കഥാപാത്രത്തെ മറ്റൊരു ചെറുപ്പക്കാരന് കൊടുക്കാമെന്ന് ഷിബുച്ചേട്ടന്‍ നേരത്തെ വാക്ക് കൊടുത്തിരുന്നത്രെ. ആ ഭാഗ്യവാന്‍ ദിലീപായിരുന്നു! ഞാന്‍ സന്തോഷത്തോടെ പിന്‍വാങ്ങി. (ആ കടം വീട്ടാന്‍ 'ഏഴരക്കൂട്ട'ത്തില്‍ ഷിബു സാര്‍ എനിക്കൊരു കഥാപാത്രം തന്നു).
ഞാന്‍ കരഞ്ഞിറങ്ങി... ദിലീപ് തിരിച്ചു വിളിച്ചു
അന്ന് ഞാന്‍ ഗള്‍ഫ്‌ഷോയില്‍ ഗാനമേള അവതരിപ്പിച്ചിരുന്ന കാലമായിരുന്നു. പരിപാടി കഴിഞ്ഞ് വന്നാല്‍ ഞാനും ദിലീപും ബൈക്കില്‍ കറങ്ങും. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ പള്ളിയില്‍ പോകും. ഞാന്‍ ജുമാ നമസ്‌കാരം കഴിഞ്ഞുവരുന്നതുവരെ ദിലീപ് പള്ളിക്ക് പുറത്ത് കാത്തിരിക്കും.
ഒരു ദിവസം പള്ളിയില്‍ നിന്നിറങ്ങി വരുമ്പോള്‍ കലാഭവന്‍ അന്‍സാര്‍ ദിലീപിനെ കണ്ട് അടുത്തുവന്നു. 'ദിലീപേ, നിന്നെ കാണാനിരിക്കുകയായിരുന്നു. ഞങ്ങളുടെ 'മാനത്തെ കൊട്ടാരം' എന്ന ചിത്രത്തില്‍ നീയാണ് നായകന്‍.' അന്‍സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞങ്ങള്‍ രണ്ട്‌പേരും ഞെട്ടി. ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ഷിയാസ് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
സംസാരത്തിനിടയില്‍ ഒരു ഗള്‍ഫ് പ്രോഗ്രാമില്‍ പാടാന്‍ അന്‍സാര്‍ എന്നെ വിളിച്ചു. അന്ന് ഞാന്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ പകുതി പ്രതിഫലവും പറഞ്ഞു. അതുകൊണ്ട ഞാന്‍ ആ ഓഫര്‍ നിരസിച്ചു. ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ 'മാനത്തെ കൊട്ടാര'ത്തില്‍ എനിക്ക് ചാന്‍സ് തന്നില്ല.
അങ്ങനെയിരിക്കെ,'മാനത്തെ കൊട്ടാര'ത്തിനു വേണ്ടി ഒരു പാരഡി പാട്ട് എഴുതി പാടാന്‍ എനിക്ക് അവസരം കിട്ടി. പാട്ട് കമ്പോസ് ചെയ്ത് സ്റ്റുഡിയോയും ഓര്‍ക്കസ്ട്രയും ബുക്ക് ചെയ്ത് റെക്കോഡിങ് ദിവസം ചിത്രത്തിന്റെ സംവിധായകനെ കാണാന്‍ എത്തി. റെക്കോഡിങ് ചെലവ് കൈപ്പറ്റുകയാണ് ലക്ഷ്യം. 'ഏത് പാട്ട്? ആ പാട്ട് ഞങ്ങള്‍ ചിത്രത്തില്‍ നിന്ന് മാറ്റി... സീനില്‍ താരം തന്നെ പാട്ട് പാടും.'
ഞാന്‍ ഞെട്ടി. റെക്കോഡിങ് നടന്നാലും ഇല്ലെങ്കിലും സ്റ്റുഡിയോയില്‍ എന്നെ കാത്തിരിക്കുന്ന മ്യുസിഷ്യന്‍മാര്‍ക്ക് കോള്‍ഷീറ്റ് അനുസരിച്ച് പ്രതിഫലം കൊടുക്കണം. അവര്‍ കൂളായി കൈയൊഴിഞ്ഞു.
മിമിക്രിക്ക് ഒരു ദിവസം 50 രൂപ പ്രതിഫലം വാങ്ങുന്ന കാലം. സ്റ്റുഡിയോ ചെലവടക്കം ടെക്‌നീഷ്യന്‍മാരെ സെറ്റില്‍ ചെയ്യാന്‍ 3000 രൂപ വേണം. ഞാന്‍ കരഞ്ഞുപോയി.
എന്റെ സങ്കടം ദിലീപ് മാത്രം കണ്ടു.
'നോക്കിക്കോ... എന്നെത്തേടി ഇയാള്‍ എന്റെ വീട്ടിലെത്തുന്ന ദിവസം വരും...' നിറകണ്ണുകളോടെ ഞാന്‍ സെറ്റ് വിട്ടു.
അന്ന് രാത്രി ദിലീപ് വീട്ടില്‍ വന്ന് എന്നെ പുറത്തേക്ക് വിളിച്ചു: 'നിന്റെ നാക്ക് ഭയങ്കര പ്രശ്‌നമാ... നീ പറഞ്ഞത് പടച്ചോന്‍ കേട്ടു.'
'എന്ത് പറ്റി'? ഞാന്‍ ചോദിച്ചു.
'അന്‍സാര്‍ നിന്നെ സിനിമയിലേക്ക് വിളിക്കാന്‍ വന്നിട്ടുണ്ട.് ദാ... ആ കാറിലുണ്ട്... ഷിയാസിന്റെ അഭിനയം സംവിധായകന് ഇഷ്ടപ്പെടുന്നില്ല. പകരം നിന്നെയാണ് കാസ്റ്റ്‌ചെയ്തത്.'
അന്‍സാര്‍ എല്ലാം മറന്നിരുന്നു. എന്നെ സന്തോഷത്തോടെ അയാള്‍ സിനിമയിലേക്ക് ക്ഷണിച്ചു. ഷിയാസിനെ മാറ്റി അഭിനയിക്കുന്നതിന്റെ പ്രയാസം ഞാന്‍ അറിയിച്ചു. അവന് മറ്റൊരു റോള്‍ കൊടുക്കാമെന്നവര്‍ ഏറ്റു. അങ്ങനെയാണ് 'മാനത്തെ കൊട്ടാര'ത്തിന്റെ ഭാഗമായി ഞാന്‍ മാറിയത്.
കോമഡി വീഡിയോ, ഓഡിയോ കാസറ്റിനു ഡിമാന്‍ഡ് ഉണ്ടായിരുന്ന കാലം. ഒരു കാസറ്റിന്റെ മാറ്റര്‍ ഒരുക്കിയാല്‍ എനിക്കും ദിലീപിനും കൂടി 5000 രൂപ പ്രതിഫലം കിട്ടും. ഞങ്ങള്‍ വീണ്ടും 75 രൂപ ദിവസ വാടകക്ക് എറണാകുളം മാസ് ഹോട്ടലില്‍ ഒരാഴ്ച മുറിയെടുക്കും. അടുത്ത കാസറ്റിനുള്ള സ്‌ക്രിപ്റ്റ് എഴുതും. അത് ആര്‍ക്കെങ്കിലും വിറ്റ് അടുത്തതിലേക്ക് കടക്കും. അങ്ങനെയാണ് പരിപാടി. അന്ന് ഞങ്ങളുടെ മുറിയിലേക്ക് അബി കൊണ്ടുവന്ന ചെറുപ്പക്കാരനാണ് സലിം. യൂണിവേഴ്‌സിറ്റി തലത്തില്‍ മിമിക്രിക്ക് ഒന്നാംസമ്മാനം കിട്ടിയ ആ ചെറുപ്പക്കാരനാണ് പിന്നീട് സലിംകുമാര്‍ എന്ന നടനായത്.
സലിംകുമാര്‍ മാസ് ഹോട്ടലിലെ ഞങ്ങളുടെ മുറിയിലെ സ്ഥിരം സന്ദര്‍ശകനായി. ഞാനും ദിലീപും കോമഡി എഴുതും. സലിം ബീഡിയും വലിച്ച് ഇരിക്കും. കൊതുകുതിരിക്ക് പകരം സലീമിന്റെ ബീഡിപ്പുക ഏറെ ഉപകരിച്ചു. അന്നും സലിമിന്റെ തലയില്‍ ആള്‍താമസമുണ്ട്. പത്രങ്ങള്‍ അരിച്ചു പെറുക്കി വായിക്കും. പൊളിറ്റിക്കല്‍ സറ്റയര്‍ സ്‌ക്രിപ്റ്റുകളുടെ സംശയം തീര്‍ക്കാനുള്ള എന്‍സൈക്ലോപീഡിയയായിരുന്നു സലിം.
വാങ്ങിയ വില 2500 വിറ്റ വില 22 ലക്ഷം
'ഓണത്തിനിടക്ക് പുട്ടു കച്ചവടം' എന്ന കാസറ്റ് സൈമണ്‍ എന്ന സുഹൃത്തിനു വേണ്ടിയാണ് ഞങ്ങള്‍ ചെയ്തത്. ഒന്നര ലക്ഷത്തോളം കാസറ്റ് വിറ്റു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി കിട്ടിയ പ്രതിഫലം 5000 രൂപ! അത് പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. അതോടെ ആ പരിപാടി നിര്‍ത്തി. ഞാനും ദിലീപും അബിയും ചേര്‍ന്ന് 'നാദ് കാസറ്റ്‌സി'ന്റെ ബാനറില്‍ 'ദേ മാവേലി കൊമ്പത്ത്' എന്ന കാസറ്റ് തുടങ്ങി. ഭാഗ്യത്തിന് അതും ഹിറ്റായി. പിന്നീട് അബി പോയി. ഞങ്ങളത് തുടര്‍ന്നു. ദിലീപ് ആദ്യമായി കാറ് വാങ്ങിയത് ആ കാസറ്റില്‍ നിന്ന് കിട്ടിയ കാശുകൊണ്ടാണ്.
ജനപ്രിയ പുട്ട്
ഒരു രാത്രി നല്ല ഭക്ഷണംതേടി അലയുമ്പോള്‍, വൃത്തിയും രുചിയുമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മള്‍ തന്നെ ഹോട്ടല്‍ തുടങ്ങേണ്ടി വരുമോ എന്ന എന്റെ ചോദ്യത്തില്‍ നിന്നാണ് 'ദേ പുട്ട്' എന്ന ഞങ്ങളുടെ ഹോട്ടല്‍ പിറക്കുന്നത്. എന്റെ ആഗ്രഹത്തിനൊപ്പം ദിലീപ് നിന്നു. കൂടെ ഹോട്ടല്‍ രംഗത്തെ പരിചയക്കാരായ ചന്ദ്രനും കാര്‍ണിവെല്‍ ശ്രീകാന്തും ദുബായിലെ നദീറും ചേര്‍ന്നു. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സുരക്ഷിതത്വം, രുചി, മിതമായ റേറ്റ്- ഇത്രയുമാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തത്. ഹോട്ടല്‍ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. മറ്റൊരു ദിലീപ് ചിത്രം പോലെ! കാലിക്കറ്റ്, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലും ബ്രാഞ്ച് തുടങ്ങാനാണ് പ്ലാന്‍.
ഉപചാരങ്ങളില്ലാത്ത ബന്ധം
അന്നും ഇന്നും ഞങ്ങള്‍ക്കിടയില്‍ യാതൊരു ഫോര്‍മാലിറ്റിയും ഇല്ല. ന്യൂ ഇയറിനോ, ഓണത്തിനോ, ബക്രീദിനോ ഞങ്ങള്‍ ആശംസകള്‍ നേര്‍ന്നിട്ടില്ല. ഷൂട്ടിങ് തിരക്കായതിനാല്‍ എന്റെ കല്യാണത്തിന് ദിലീപ് വന്നില്ല. തലേദിവസം വന്നു പോയി. അതുപോലെ ദിലീപിന്റെ കല്യാണം എന്നെ അറിയിച്ചില്ല. വിവാഹപ്പിറ്റേന്ന് അപ്രതീക്ഷിതമായി രണ്ടു പേരും എന്റെ വീട്ടില്‍ വന്നുകയറി.