കാല്‍തെറ്റി വീഴുമ്പോള്‍ തലയറഞ്ഞ് ചിരിച്ച്, ചിരിച്ചുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനായി കൈനീട്ടിത്തരും. സപ്ലികള്‍ തീര്‍ത്ത കൊട്ടാരത്തിന്റെ ഉയരം കണ്ട് നെടുവീര്‍പ്പിടുമ്പോള്‍ വിട്ടേക്ക് ബ്രോ ഞാനില്ലേ കൂടെ എന്ന് പറഞ്ഞ് തോളില്‍ കൈയിട്ട് സീന്‍ കൂളാക്കും. പ്രണയിക്കാന്‍ ജീവന്‍ പണയം വച്ചും കൂട്ടുനില്‍ക്കും. ഒടുക്കം പ്രണയിച്ച പെണ്ണ് ഇട്ടിട്ട് പോയതില്‍ സെന്റിയടിച്ചിരിക്കുമ്പോള്‍ അവള് വേണ്ട്രാ.. എന്ന് പറഞ്ഞ് കോണ്ട്രയായ സീന്‍ പാട്ടുംപാടി ഹാപ്പിയാക്കും. സുഖത്തിലും ദു:ഖത്തിലും പ്രശ്‌നങ്ങളിലും ചങ്ങാതിയെ തനിച്ചാക്കിപ്പോകാന്‍ അവര്‍ക്ക് കഴിയില്ല. അതാണ് സുഹൃത്തുക്കളുടെ ശക്തി, സൗഹൃദത്തിന്റെ ശക്തി. അളിയാ, മച്ചൂ, ബ്രോ എന്നിങ്ങനെ കാലത്തിനനുസരിച്ച് വിളികള്‍ മാറിയിരിക്കാം. പക്ഷേ സൗഹൃദമെന്ന വികാരത്തിന് ഇന്നും യാതൊരു മാറ്റവുമില്ല.
ലോകം മുഴുവന്‍ തനിക്കെതിരെ തിരിയുമ്പോഴും കൂടെ നില്‍ക്കുന്ന, എന്തും തുറന്ന് പറയാവുന്ന, ഏത് പാതിരാത്രിയിലും ധൈര്യപൂര്‍വ്വം വിളിച്ച് സംസാരിക്കാവുന്ന അടുപ്പം അത് സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രമേ ഉള്ളൂ. നീ ചെയ്തത് പരമ ബോറായെടാ എന്ന് മുഖത്ത് നോക്കി വിമര്‍ശിക്കുമ്പോഴും നമുക്കവരോട് ദേഷ്യം തോന്നാത്തത് അതുകൊണ്ട് മാത്രമാണ്. ഒരാളെ നന്നാക്കാനും ചീത്തയാക്കാനും സുഹൃത്ത് മതി.
വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ ഫ്രണ്ട്ഷിപ്പ് വചനങ്ങളുമായി ആശംസകള്‍ പറന്നു തുടങ്ങി. ആഗസ്തിലെ ആദ്യ ഞായര്‍ സുഹൃത്തുക്കളുടേതാണ്. ബാന്‍ഡുകെട്ടിയും കാര്‍ഡുകള്‍ കൈമാറിയും കൗമാരം സൗഹൃദത്തെ ഊട്ടിയുറപ്പിക്കും. സോഷ്യല്‍ മീഡിയ ശക്തമായ സാഹചര്യത്തില്‍ ഇത്തവണത്തെ സന്ദേശവാഹകര്‍ തീര്‍ച്ചയായും സാമൂഹിക മാധ്യമങ്ങള്‍ തന്നെയാകും.
സൗഹൃദവും സ്‌നേഹവും പുന:സ്ഥാപിക്കേണ്ട അവസ്ഥ അനിവാര്യമായതോടെയാണ് 1935-ല്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ കോണ്‍ഗ്രസ് ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്ലാ വര്‍ഷവും ആഗസ്തിലെ ആദ്യ ഞായര്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആയി ആഘോഷിക്കണം. 1935-ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഗ്രസ് ആണ് ആഗസ്തിലെ ആദ്യ ഞായറാഴ്ച സൗഹൃദ ദിനമായി ആഘോഷിക്കുന്നതിന് വേണ്ടി തീരുമാനമെടുക്കുന്നത്. 1997ല്‍ 'വിന്നീ ദ പൂ'എന്ന പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൗഹൃദ ദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരുന്നു. ഇന്ന് സൗഹൃദ ദിനത്തെ ലോകം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു.
'യേ ദോസ്തി ഹം നഹീ തോടേംഗെ,
തോടേംഗെ ദം മഗര്‍ തേരാ സാത്ത് നാ ഛോടേംഗെ..'
എന്തും ഏതും ആഘോഷമാക്കുന്ന പുതിയ സംസ്‌ക്കാരത്തില്‍ മറ്റ് അന്താരാഷ്ട്രദിനങ്ങളെ പോലെ ഈ ഒരൊറ്റ ദിനത്തില്‍ ഒതുങ്ങാതിരിക്കട്ടെ സൗഹൃദം.