മതിയാവില്ലൊരു നാളും ഈ നല്ലൊരു നേരം

രേഖ നമ്പ്യാര്‍ Posted on: 01 Aug 2015


തണുത്ത ആ കാറ്റില്‍ മരച്ചില്ലകള്‍ അവസാനത്തെ മഴത്തുള്ളികളും കുടഞ്ഞിട്ടു. മുറ്റത്ത് വഴുക്കാതെ പതുക്കെ നടന്ന് വാര്‍ഡനെ കണ്ടു. 'ശ്രീനന്ദന വിമന്‍സ് ഹോസ്റ്റല്‍'. പല സിനിമകളിലും ഇന്‍ട്രൊഡക്ഷന്‍ സീനില്‍ കാണുന്നപോലെ തലയുയര്‍ത്തി പേരൊന്നു നോക്കി.

കൃത്യം എട്ടുമണിക്ക് തന്നെ അലാറമടിച്ചു. നിത്യ തലയണയുടെ അടിയില്‍ ഫോണ്‍ തപ്പി നോക്കി. ഇന്നലെ രാത്രി റൂംമേറ്റ്‌സിനൊപ്പം ലാപ്‌ടോപില്‍ സിനിമ കണ്ടിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരം വെളുക്കേണ്ട താമസം കമന്റുകളുടെയും ലൈക്കുകളുടെയും പെരുമഴ. നിത്യ പതിയെ ബെഡില്‍ നിന്നും തലപൊക്കി നോക്കി. ബാത്ത്‌റൂമിന് മുന്നില്‍ ഇന്നും ക്യൂതന്നെ. ചാടിയെഴുന്നേറ്റ് പോയി വാതിലിനു മുകളില്‍ തോര്‍ത്തിട്ടു. അടുത്ത ഊഴത്തിനായി.

ചിലര്‍ ഫോണില്‍ കാമുകന്മാരുമായി ഒലിപ്പിക്കല്‍ തുടങ്ങി. നിത്യ കൂട്ടുകാരിയുടെ ബാഗില്‍ നിന്ന് ചുളിഞ്ഞ ഒരു കുര്‍ത്തയെടുത്തിട്ടു. കണ്ണാടിയുടെ മുന്നില്‍ ഉന്തുംതള്ളുമാണ്. കട്ടിയില്‍ കണ്ണെഴുതി, ചുണ്ടില്‍ ലിപ്സ്റ്റിക്കുമിട്ടു. കൈയില്‍ ഇത്തിരി വെള്ളമെടുത്ത് മുടിയില്‍ കുടഞ്ഞു. വെറുതെ കൈകള്‍ കൊണ്ട് ചീകിയപ്പോള്‍ ഫ്രീക്ക് ലുക്കായി. മേശപ്പുറത്തിരിക്കുന്ന പെര്‍ഫ്യൂമെടുത്ത് ദേഹം മുഴുവന്‍ പൂശി. മെസ്സില്‍ ബ്രേക്ക്ഫാസ്റ്റ് ഉപ്പുമാവ് ആയതുകൊണ്ട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. കാന്റീനില്‍ നിന്ന് ഒരു ബിസ്‌ക്കറ്റ് വാങ്ങി വയറ് നിറച്ചു. കൃത്യം ഒമ്പത് മണിക്ക് നിത്യ ക്ലാസില്‍ ഹാജര്‍. ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസിലിരിക്കുമ്പോള്‍ കാണുന്ന തന്റെ മുറിയിലെ കറങ്ങുന്ന ഫാനിലേക്ക് പെട്ടെന്ന് നിത്യയുടെ ശ്രദ്ധ തിരിഞ്ഞു. ഫാന്‍ ഓഫ് ചെയ്യാത്തതുകൊണ്ട് ഇന്നത്തെ ഫൈന്‍ 100 രൂപ !

പഠനത്തിനും ജോലിക്കുമായി വീടുവിട്ട് ആദ്യമായി ഹോസ്റ്റലിലേക്ക് പോകുന്ന നേരം. ആ പറിച്ചുനടലില്‍ ഒരു കുഞ്ഞിനെ പോലെ നമ്മള്‍ വിതുമ്പാറുണ്ട്. വീടെന്ന സ്വര്‍ഗത്തില്‍ നിന്നും ഹോസ്റ്റലെന്ന നരകത്തിലേക്കെന്ന് ചിന്തിച്ച് ദൈവങ്ങളെയെല്ലാം ശപിക്കും. കുറ്റം പറയാനാണെങ്കില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളെക്കുറിച്ചും മറ്റും പറയാന്‍ ഇഷ്ടം പോലെയുണ്ട. കുറച്ച്മാസങ്ങള്‍ക്കു മുന്‍പ് ഹോസ്റ്റലില്‍ കയറുന്നതിനുള്ള സമയം നീട്ടി കിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം വരെ ചെയ്തു. എന്തൊക്കെ പുകിലുകളുണ്ടായാലും കാമ്പസ് എന്നോര്‍ക്കുമ്പോള്‍ അന്നത്തെ ഹോസ്റ്റല്‍ മുറിയായിരിക്കും ആദ്യം ഓര്‍മയില്‍ വരിക.

എവിടെ നിന്നൊക്കെയോ വന്നവര്‍ ഒരു മുറിയില്‍, ഇണങ്ങിയും പിണങ്ങിയും, കെട്ടിപ്പിടിച്ചുറങ്ങിയും, കുസൃതികള്‍ കാണിച്ചും...'അവസാനം മിസ്സിങ് യു ഗൈസ്' എന്നൊരു മെസേജില്‍ ആ നൊസ്റ്റാള്‍ജിയ ഇടയ്ക്കിടെ മനസ്സിനെ ഇൗറനണിയിക്കും. പറയാനേറെയുണ്ടാവും ഹോസ്റ്റല്‍ കഥകള്‍. കാലം മാറുമ്പോള്‍ പ്രത്യേകിച്ചും.

മാധവിക്കുട്ടിയെയും എം.ടിയെയുമൊന്നും അവിടെങ്ങും കണ്ടില്ല. ചേതന്‍ഭഗതും പിന്നെ കുറേ വിമന്‍സ് മാഗസീനുകളും. ഐഫോണ്‍, നോട്ട്, ടാബ്, ലാപ്‌ടോപ്...ഗാഡ്ജറ്റുകള്‍ കൊണ്ട് മുറി സമൃദ്ധം. ''രാത്രി ലൈറ്റൊക്കെ ഓഫ് ചെയ്ത് തിയേറ്റര്‍ മൂഡില്‍ ഒന്നിച്ചിരുന്ന് ലാപ്‌ടോപ്പില്‍ സിനിമ കാണുന്നത് ഒരു രസം തന്നെയാണ്. പ്രേത സിനിമകള്‍ കാണുമ്പോഴാണ് ഏറ്റവും ത്രില്‍. ഭക്ഷണത്തിന്റെ കാര്യം വരുമ്പോഴാണ് വീടിനെ മിസ്സ് ചെയ്യുന്നത്. നമുക്ക് ഇഷ്ടപ്പെട്ട അപ്പമോ പുട്ടോ മുന്നില്‍ കിട്ടിയാലും എടുത്ത് കഴിക്കുന്നതിന് പരിധി ഉണ്ടല്ലോ. എപ്പോഴും കുറ്റംപറഞ്ഞിരുന്ന അമ്മ വെച്ചുണ്ടാക്കിയ തോരനും മീന്‍കറിയുമൊക്കെ ഇടയ്ക്കിടെ സ്വപ്‌നത്തില്‍ വന്ന് കൊതിപ്പിക്കും.'' കൊച്ചിയിലെ ആശകേന്ദ്ര ഹോസ്റ്റലില്‍ താമസിക്കുന്ന സൗമ്യ ഹോസ്റ്റല്‍ വിശേഷങ്ങളോരോന്നായി നിരത്തി. ഉച്ചയ്ക്ക് നേരത്തെ എത്തിയതുകൊണ്ട് റൂംമേറ്റ്‌സിനെയും കൂട്ടി ഷോപ്പിങ്ങിന് പോവാനൊരുങ്ങുകയാണ്. ''വൈകുന്നേരം വരെ ക്ലാസുണ്ടാവുമ്പോള്‍ പുറത്തുപോവാന്‍ പറ്റില്ലല്ലോ. ഇവിടെ ഏഴുമണിക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണം. ലേറ്റായാല്‍ പിന്നെ പൂരമായി.'' വാട്‌സ്ആപ് ഗ്രൂപ്പില്‍ സ്ഥലവും സമയവും ടൈപ് ചെയ്ത് സൗമ്യ മെസേജ് അയച്ചു.

രാവിലെ അമ്മയുടെ ചീത്തകേട്ട് ഉണരേണ്ട, ഭക്ഷണം പാകം ചെയ്യേണ്ട, ബസ്സില്‍ പാഞ്ഞ് കേറേണ്ട...ഇഷ്ടംപോലെ സമയവും സ്വാതന്ത്ര്യവും. ''വീട്ടുകാരുടെ കണ്ണെത്താത്തതുകൊണ്ട് ഹോസ്റ്റലിലെ സ്വാതന്ത്ര്യം മുതലാക്കുന്നവരുമുണ്ട്. എന്റെ മുറിയില്‍ ഞാനടക്കം മൂന്നുപേരാണ്. രണ്ടുപേര്‍ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളാണ്. ചിലപ്പോള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുമ്പോഴും അച്ഛനമ്മമാരോട് കള്ളം പറയുന്നത് കേള്‍ക്കുമ്പോഴും ഞാന്‍ വഴക്കു പറയാറുണ്ട്. ഒരു ചേച്ചിയെപ്പോലെ. നമ്മുടെ സ്വന്തം കുട്ടികളെപോലെ കരുതിയാവും പറയുന്നത്. പക്ഷേ നമ്മള്‍ അവരെ ഡോമിനേറ്റ് ചെയ്യുന്നു , വെറുതെ അവരുടെ കാര്യത്തില്‍ ഇടപെടുന്നു എന്നൊക്കെയുള്ള തോന്നലാണ് അവര്‍ക്ക്. പിന്നെ എല്ലാ ടൈപ്പിലുമുള്ള ആളുകളോട് ഇടപഴകുന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കും. ഒരുകാര്യം, ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ എവിടെ ചെന്നാലും ജീവിക്കുമെന്നുറപ്പാണ്.'' കോട്ടയത്തുള്ള വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന മെര്‍ലിന്‍ അല്‍പം സീരിയസ്സായി.

മുക്കിലും മൂലയിലും ഹോസ്റ്റലുകളുണ്ട്. വര്‍ക്കിങ് വിമന്‍സും പേയിങ് ഗസ്റ്റും. കോളേജ് ഹോസ്റ്റലുകളില്‍ ഏഴുമണിക്ക് മുമ്പ് തന്നെ എല്ലാവരും എത്തിയിരിക്കണം. പലര്‍ക്കും ജോലിയില്‍ നൈറ്റ് ഡ്യൂട്ടിയും ഷിഫ്റ്റും വരുന്നതുകൊണ്ട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സമയക്രമം വേറെയാണ്. ഹോസ്റ്റലിനെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും മുഖം കറുക്കുന്നുണ്ട്. സുരക്ഷയില്ല, വെള്ളമില്ല, ലൈറ്റില്ല, രുചിയുള്ള ഭക്ഷണമില്ല, അനാവശ്യമായി വാര്‍ഡന്റെ ചീത്ത കേള്‍ക്കണം...പരാതികള്‍ എത്ര വേണം. അപ്പോഴും പറയും എന്നാലും ആ മുറിയുമായി ഞാന്‍ വളരെ അറ്റാച്ച്ഡ് ആയിരുന്നുവെന്ന്. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച എന്ന് തോന്നി ഹോസ്റ്റലുകള്‍ മാറി മാറി പരീക്ഷിക്കുന്നവരെയും കാണാം.

രണ്ടുമൂന്ന് ഹോസ്റ്റലുകള്‍ മാറി വന്ന പരിചയം വെച്ച് കോട്ടയംകാരി നിഷയ്ക്കുമുണ്ടായിരുന്നു പറയാന്‍ ചിലത്. ''ഇപ്പോള്‍ പേയിങ് ഗസ്റ്റായിട്ടാണ് ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുന്നത്. ഹോസ്റ്റലില്‍ വന്നതിനുശേഷമാണ് ഫ്രണ്ടണ്ട്‌സിനൊപ്പം സിനിമയും ഷോപ്പിങ്ങുമൊക്കെ ഞാന്‍ ആസ്വദിക്കുന്നത്. കാശ് അധികം മുടക്കാതെ വിന്‍ഡോ ഷോപ്പിങ് നടത്തലാണ് മെയിന്‍ പരിപാടി. പിന്നെ, ഡ്രൈവിങ് പഠിക്കാനും ഏതെങ്കിലും കോഴ്‌സ് ചെയ്യാനുമൊക്കെ ധാരാളം സമയം കിട്ടും. വീട്ടിലാണെങ്കില്‍ ഇതൊന്നും നടക്കില്ല.'' ഉള്ള സമയം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന വിദ്യകള്‍ നിഷ പറഞ്ഞുതന്നു.

ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല, പാതിരാത്രിയില്‍ ലൈറ്റിടാന്‍ പാടില്ല, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല...ഫൈനുകള്‍ പാഞ്ഞുവരും. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഹോസ്റ്റലില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് ബിയര്‍ കഴിച്ചതിന് ഒരു വിദ്യാര്‍ത്ഥിയോട് അച്ഛനെക്കൊണ്ട് വിളിപ്പിക്കാന്‍ പറഞ്ഞു. അവള്‍ തന്റെ ബോയ്ഫ്രണ്ടിനെ കൊണ്ട വിളിപ്പിച്ചു. അത് വാര്‍ഡന്‍ കൈയോടെ പിടിക്കുകയും ചെയ്തു. മുറി പരിശോധിച്ചപ്പോള്‍ ചില ലഹരി മരുന്നുകളും ലാപ്‌ടോപ്പില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി സിനിമകളും ധാരാളം കണ്ടെത്തി. ഇതൊക്കെ കണ്ടാല്‍ വാര്‍ഡന്‍ എങ്ങനെ കലിപ്പാവാതിരിക്കും?

ജെന്‍ഡര്‍ ഇക്വാലിറ്റി പ്രശ്‌നം ഇവിടെയുമുണ്ട്. ലേഡീസ് ഹോസ്റ്റലും മെന്‍സ് ഹോസ്റ്റലും തമ്മില്‍. മെന്‍സ് ഹോസ്റ്റലില്‍ പത്തുമണിക്കും കയറാം. ഷോര്‍ട്‌സ് ഇട്ട് നടക്കാം, വൈഫൈ സൗകര്യം വരെയുണ്ട്. തിരുവനന്തപുരത്തെ ലയോള സോഷ്യല്‍സയന്‍സ് കോളേജില്‍ ഹോസ്റ്റല്‍ മീറ്റിങ് കഴിഞ്ഞ് ഇരിക്കുകയാണ് ഹോസ്റ്റല്‍ സെക്രട്ടറി സിറിയകും കൂട്ടുകാരും. ''ആഘോഷങ്ങളും പരിപാടികളും വരുമ്പോള്‍ ഞങ്ങള്‍ മെന്‍സ് ഹോസ്റ്റലില്‍ ഉള്ളവര്‍ക്കാണ് പണി. പാതിരാത്രിവരെ കുത്തിയിരുന്ന് ഓരോന്നും ചെയ്യും. പിന്നെ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തന്നെ ഭക്ഷണം ഉണ്ടാക്കും. കപ്പയും മീന്‍ കറിയുമൊക്കെ. ചിക്കനുള്ള ദിവസം എന്റെ കാര്യം പോക്കാ. ചിക്കന്റെ കഷ്ണം കിട്ടിയില്ലെങ്കില്‍ ഇവരുടെയൊക്കെ ചീത്തവിളി ഞാനാണ് കേള്‍ക്കാറ്.'' മെസ്സ് സെക്രട്ടറിയായ അമല്‍ നിസ്സഹായനായി ഇരുന്നു. ചില ഹോസ്റ്റലുകളില്‍ അച്ചാറും സാലഡുമാണ് ദേശീയഭക്ഷണം. ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ ഇന്ദ്രജിത്ത് പറയുന്നതുപോലെ 'ഇത് കടലക്കറിയാണോ? കണ്ടാല്‍ കടലാക്രമണം പോലെയുണ്ടല്ലോ' എന്ന് അറിയാതെ തന്നെ പറഞ്ഞുപോകും.

''കഴിഞ്ഞപ്രാവശ്യം ക്രിസ്മസിന് കരോളുമായ ചെന്ന ഞങ്ങളെ ഗുണ്ട് പൊട്ടിച്ച് പേടിപ്പിച്ച് ഓടിച്ചുവിട്ടു ഇവന്മാര്‍. ഇപ്രാവശ്യം അവര്‍ വന്നപ്പോള്‍ കല്ലുകള്‍ പെറുക്കി വലിയ ഗിഫ്റ്റ് ബോക്‌സിലാക്കി മദറിനെ കൊണ്ട് കൊടുപ്പിച്ചു.' മീര പറഞ്ഞവസാനിപ്പിക്കും മനു ചാടിക്കയറി. '' അത് നിങ്ങളാരെങ്കിലുമായിരുന്നു തന്നതെങ്കില്‍ അമ്മച്ചിയാണെ ഞങ്ങള്‍ വാങ്ങില്ലായിരുന്നു. മദറായതുകൊണ്ടാണ് വാങ്ങിച്ചത്.'' അവര്‍ തമ്മില്‍ സീന്‍ കോണ്‍ട്രയാവുന്ന എല്ലാ ലക്ഷണവുമുണ്ട്. ''പിന്നെ വേറൊരു കാര്യം, പെണ്‍കുട്ടികള്‍ എന്തെങ്കിലും സാധനം വേണമെന്നു പറയുമ്പോള്‍ വാങ്ങി കൊണ്ടുകൊടുക്കും. ആ കോമ്പൗണ്ടില്‍ കയറാനുള്ള ഒരവസരമല്ലേ. ചിലര്‍ക്ക് മാത്രമേ ആ ഭാഗ്യം കിട്ടിയിട്ടുള്ളൂ.'' ലേഡീസ് ഹോസ്റ്റലിന്റെ മതിലകം അന്നും ഇന്നും ആണ്‍കുട്ടികള്‍ക്ക് ഒരു ഹരമാണ്. ചോക്ലേറ്റ് സിനിമയില്‍ സലീംകുമാര്‍ പറഞ്ഞപോലെ അവിടുത്തെ പാല് സപ്ലൈ ചെയ്യാനെങ്കിലും സാധിച്ചിരുന്നെങ്കില്‍...

ഓരോ ആഘോഷങ്ങള്‍ക്കും ഉപയോഗിച്ച ബാനറുകളും തോരണങ്ങളും മെന്‍സ് ഹോസ്റ്റലിന്റെ ഓരോ മുറിയിലുമുണ്ട്. ഓര്‍മയ്‌ക്കെന്നപോലെ സൂക്ഷിച്ചിരിക്കുന്നു. ഒരോരുത്തര്‍ക്കും ഓരോ മുറി. കിടക്കാന്‍ മാത്രമായിരുന്നു ചിലരെങ്കിലും സ്വന്തം മുറിയില്‍ വരുന്നത്. ''കിടക്ക മാത്രമേ ഇവിടെയുള്ളൂ. ബ്രഷും പേസ്റ്റും സോപ്പുമൊക്കെ മറ്റുള്ളവരുടെ മുറിയിലാണ്. ഞാനൊക്കെ സോപ്പ് വാങ്ങിച്ചിട്ട് ഒരു വര്‍ഷമാവാറായി. ഡ്രസ്സിന്റെ കാര്യം പറയേണ്ടല്ലോ. അത്യാവശ്യം പുറത്തുപോവുമ്പോള്‍ ഡാ വണ്ടി എടുക്കുന്നുണ്ടേ എന്നു പറഞ്ഞ് കൊണ്ടുപോവും. എടുത്തോട്ടെ എന്നൊന്നും ആരും ചോദിക്കില്ല. ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളുമാവും ഇവിടുന്ന് പോവുമ്പോഴുള്ള നമ്മുടെ സമ്പാദ്യം.'' സിറിയക് ഇത്തിരി ഇമോഷണലായി. സൗഹൃദങ്ങള്‍ എന്നും എപ്പോഴും ഇങ്ങനെതന്നെയല്ലേ...

തൃപ്പുണ്ണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ അവസാനവര്‍ഷ എ.ബിഎക്കാരി അമൃതയും അല്‍പം ഇമോഷണലായി. ''ഇനി ദിവസങ്ങള്‍ മാത്രം. ഞങ്ങളോരോരുത്തരും ഓരോ വഴിക്കാവും. ഒരായിരം കഥകളുണ്ട് ഈ നാല്ചുവരുകള്‍ക്കുള്ളില്‍. ഞങ്ങളുടെ സന്തോഷവും പിണക്കവും കുസൃതിയുമെല്ലാം. ശരിക്കും മിസ്സ് ചെയ്യും.'' വൈകുന്നേരത്തെ ലാസ്റ്റ് ബെല്ലുമടിച്ചു. നേരം ഇരുട്ടിത്തുടങ്ങി. എല്ലാവരും പതിയെ ഹോസ്റ്റലിലേക്ക് കൂടണഞ്ഞു. ഇടുങ്ങിയ മുറിക്കുള്ളില്‍ അന്നത്തെ മുഴുവന്‍ ഭാരവും അഴിച്ചുവെച്ച് അവര്‍ കട്ടിലില്‍ നിരന്നു കിടന്നു. തമാശകളും ഗോസിപ്പുകളും പറഞ്ഞ് അവസാനം പ്രേതകഥകളിലെത്തിയപ്പോള്‍ അമൃത സ്‌റ്റോപ്പ് പറഞ്ഞു.

രാത്രി കൃത്യം 12 മണി. പെട്ടെന്നൊരു അലര്‍ച്ച കേട്ടു.'അയ്യോ...അമ്മേ...' അമൃത ചുറ്റും നോക്കി. മുറിയില്‍ ഫ്രണ്ട്‌സ് ആരുമില്ല. ചുവന്ന കണ്ണുകളും നീളന്‍ നഖങ്ങളും അഴിച്ചിട്ട മുടിയുമായി വന്ന വെളുത്ത ചുരിദാറിനുള്ളിലെ രൂപത്തെ കണ്ട് അവള്‍ ഞെട്ടി. അമൃതയുടെ അലര്‍ച്ചയെക്കാളും ഉച്ചത്തില്‍ ആ രൂപം അലറി. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ അമൃത... എല്ലാവരും അവള്‍ക്ക് ആശംസകളുമായെത്തി. ബലൂണ്‍, കേക്ക്, ഗിഫ്റ്റുകള്‍... ആകെ ബഹളം. സഹികെട്ട് വാര്‍ഡന്‍ വന്നു. തുരുതുരെ ഓടിയവരുടെ ഹൃദയമിടിപ്പ് പോലും പിന്നീട് ആ കോറിഡോറില്‍ കേട്ടില്ല. ഇന്നലത്തെ ഹാങ്ങോവര്‍ വിട്ടുമാറാതെ അടുത്ത ബര്‍ത്ത്‌ഡേ ഗേളിന് പണികൊടുക്കാനുള്ള പ്ലാനുമായി പിറ്റേന്ന് അവര്‍ ക്ലാസിലേക്കോടി...
(ഗൃഹലക്ഷ്മി/2015 ജൂലായ് 1-15)



 

ga