ബഷീര്‍വിസ്മയം

Posted on: 04 Jul 2012

ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു. തന്റെ അനുഭവങ്ങള്‍ കുറിക്കാനുള്ള അടയാളങ്ങള്‍ തേടിയാണ് അദ്ദേഹം വാക്കുകളില്‍ തടഞ്ഞു വീണിരുന്നത്. -എം.എന്‍. വിജയന്‍

ജൂലായ് 5- സാഹിത്യംകൊണ്ടും ജീവിതംകൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ വേര്‍പാടിന് 21 വര്‍ഷം. മലയാള സാഹിത്യത്തിലെ കുലപതികളിലൊരാളായ ബേപ്പൂര്‍ സുല്‍ത്താന്റെ അനുസ്മരണദിനം.

എഴുത്തും ജീവിതവും രണ്ടല്ലെന്ന് ബോധ്യപ്പെടുത്തിയ ഒരു മനുഷ്യന്‍. പലരും കഥ എഴുതിയപ്പോള്‍ ബഷീര്‍ കഥ പറയുകയായിരുന്നു. വാമൊഴിവഴക്കത്തിലൂടെ ബഷീര്‍ തനിക്കു ചുറ്റുമുള്ള ജീവിതങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍ അത് കഥയെഴുത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു. വ്യാകരണത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്ന് ബഷീര്‍ തന്റേതായ ഭാഷയും സാഹിത്യവും സൃഷ്ടിച്ചു. അത് നമുക്ക് ഒറ്റ ഇരിപ്പിന് വായിച്ചുതീര്‍ക്കാവുന്ന അനുഭവങ്ങളായി.

ബഷീറിന്റെ തമാശകള്‍ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു. ചിരിപ്പിക്കാന്‍ മാത്രമല്ല, ചിന്തിപ്പിക്കാനും കണ്ണീരണിയിക്കാനും ആ ആഖ്യാനരീതി പ്രേരകമായി.

ബഷീര്‍ പച്ചയായ മനുഷ്യനായിരുന്നു. അലങ്കാരങ്ങളും ആഡംബരങ്ങളുമില്ലാത്ത ബഷീറിന്റെ ശൈലിയും പച്ചയായിരുന്നു. സ്വന്തം സമുദായത്തിനുനേരെ തുറന്നുവെച്ച കണ്ണാടികൂടിയായിരുന്നു ബഷീറിന്റെ എഴുത്തുകള്‍. മജീദും സുഹറയും നിസാര്‍ അഹമ്മദും കുഞ്ഞിപ്പാത്തുമ്മയുമെല്ലാം നമ്മുടെ മനസ്സില്‍ മായാതെകിടക്കുന്നു.

എല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ബഷീറിന്റെ ദര്‍ശനം ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനപ്രമാണമായിരുന്നു. ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ബഷീറിന് എന്നും പ്രിയപ്പെട്ടതായിരുന്നു. ജയിലില്‍പോലും പൂന്തോട്ടമുണ്ടാക്കിയ ബഷീറിന്റെ പരിസ്ഥിതിബോധം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു.

തന്റെ വീടും പറമ്പും ഒരു ആശ്രമവിശുദ്ധിയോടെ പരിപാലിക്കുന്ന ബഷീറിന്റെ ജീവിതദര്‍ശനം എക്കാലത്തും പ്രസക്തമാണ്. ബഷീറിന്റെ ലളിതമായ ആഖ്യാനം മാതൃകാപരമാണ്. കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ കഥയുടെ വിശാലലോകം തുറന്നിടുകയാണ് കഥയുടെ ഈ സുല്‍ത്താന്‍.

ബഷീറിന്റെ ഓരോ കൃതിയും ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്നതാണ്. അനുഭവങ്ങളുടെ വലിയ ലോകത്തെ തന്റെ എഴുത്തിലേക്കു കൊണ്ടുവന്ന ബഷീറിന്റെ രചനകള്‍ അദ്ദേഹത്തിന്റെ ആത്മകഥകള്‍ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ബഷീറിനെ അനുസ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും ചര്‍ച്ചയാവുന്നത്. ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ബഷീര്‍കൃതികളിലൂടെ മലയാള കഥാസാഹിത്യം ലോകസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

മുപ്പതോളം കൃതികള്‍ ബഷീര്‍ രചിച്ചിട്ടുണ്ട്. ഓരോ കൃതിയും മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാണ്. സ്വാതന്ത്ര്യസമരസേനാനിയായി പ്രവര്‍ത്തിച്ച ബഷീര്‍ ദീര്‍ഘമായ യാത്രയിലൂടെ ലോകത്തെ അറിഞ്ഞു. ഈ അറിവും തെളിച്ചവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടി.

ബഷീറിനെ അറിയുക എന്നത് ഒരു കാലഘട്ടത്തെ അറിയുക എന്നതുകൂടിയാവുന്നു. കേരളത്തിലെ ഇന്നലെകള്‍ അടുത്തറിയാന്‍ ബഷീര്‍കൃതികള്‍ നമുക്ക് കൂട്ടാവുന്നു. സ്‌നേഹിക്കാനും സഹകരിക്കാനും നമ്മെ ഓര്‍മപ്പെടുത്തുകയാണ് ബഷീര്‍. ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മലയാള ഭാഷയും സാഹിത്യവും നിലനില്‍ക്കുന്നിടത്തോളം ഈ വലിയ എഴുത്തുകാരന്‍ ഓര്‍മിക്കപ്പെടും.
 



basheer zoomin

 

 

ga