മലയാളത്തിന്റെ മാന്ത്രികന്‍

ശ്രീകൃഷ്ണ ആലനഹള്ളി Posted on: 04 Jul 2015


എനിക്കും മലയാളത്തിനും തമ്മില്‍ അത്ഭുതകരമായ ഒരുതരം ബന്ധമുണ്ട്. അത് ചെറുപ്പത്തിലേ തുടങ്ങിയതാണ്. എന്റെ ഗ്രാമം ഒരുകാലത്ത് കൊടുംകാടിനോട് ചേര്‍ന്നതായിരുന്നു. അതിനും അപ്പുറത്തുള്ള നിഗൂഢമായ 'പെണ്‍മലയാള'ത്തില്‍ എന്തൊക്കെയോ നിറഞ്ഞുതുളുമ്പി നില്പുണ്ടായിരുന്നു. അവയെക്കുറിച്ച് എത്രയെത്ര കാല്പനിക കഥകള്‍! വിശേഷിച്ചും അവിടത്തെ ഭൂതങ്ങള്‍, സുന്ദരിമാരായ പെണ്‍കിടാങ്ങള്‍ ഇവരെക്കുറിച്ച്! എന്റെ ബന്ധുക്കളില്‍ ചിലര്‍ കോട്ടക്കാടിനോടു ചേര്‍ന്ന വയനാട്ടില്‍ സ്ഥിരതാമസക്കാരായിരുന്നു. അവര്‍ക്ക് അവിടെ കാപ്പിത്തോട്ടങ്ങളുണ്ട്. ഇടക്കിടയ്ക്ക് അവിടെ പോയിവരുന്നവര്‍ പറയാറുണ്ടായിരുന്നു, ആ കാപ്പി, ഓറഞ്ച് മുതലായ തോട്ടങ്ങളുടെ കാവലിന്നായി ഭൂതങ്ങളുണ്ടത്രേ. താഴെ വീണുകിടക്കുന്ന ഒരൊറ്റപ്പഴവും ആരും തൊടില്ല പോലും! തൊട്ടാലറിയാം: കൈകാലുകള്‍ പിന്നെ ഇളക്കാനേ പറ്റില്ലത്രെ. അവരുടെ തോട്ടങ്ങള്‍ കഴിഞ്ഞ് താഴേക്കിറങ്ങിച്ചെന്നാല്‍ തുടങ്ങുകയായി 'പെണ്‍മലയാളം'. അവിടെ എല്ലാം പെണ്ണിന്റേതാണ്. അവള്‍ പറഞ്ഞതുപോലെ നടക്കണം. ആണുങ്ങള്‍ മറുവാക്കുച്ചരിക്കുകയില്ല. ആണ് പെണ്ണിന്റെ നിഴല്‍ മാത്രം! എന്റെ നാട്ടില്‍ ആരുടേയെങ്കിലും ദേഹത്ത് ഭൂതം കയറിയാല്‍, ഇറക്കാന്‍ കേരളത്തില്‍ നിന്നു മന്ത്രവാദി വരാറുണ്ടായിരുന്നു. കുട്ടിക്കാലത്ത്; എന്നെ ആരോ മാട്ടും മാരണവും ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് അമ്മ ആ മന്ത്രവാദിയെക്കൊണ്ട് അത് ഇറക്കിച്ച ഓര്‍മയുണ്ട്. ആണുങ്ങള്‍ക്ക് മാത്രമല്ല, അവിടത്തെ പെണ്ണുങ്ങള്‍ക്കും ഈ വിദ്യ അറിയാമത്രെ. അതുപോലെത്തന്നെ അവിടെ കുടുംബസ്വത്ത് മകനല്ല, മകള്‍ക്കാണ്. അതായത് മരുമക്കത്തായം. എല്ലാറ്റിനും പുറമേ അവിടത്തെ പെണ്ണുങ്ങളുടെ സൗന്ദര്യം! കൈ കഴുകി തൊടണമത്രെ! അതുകൊണ്ടുതന്നെയാണ് അവിടം പെണ്‍മലയാളമായത്.

കുട്ടിക്കാലം മുതലേ എനിക്ക് ഇത്തരം അത്ഭുതങ്ങളുടെ നാടൊന്നു കാണാന്‍ ആശയുണ്ടായിരുന്നു. ചിലപ്പോള്‍ അത് എത്ര ഗാഢമായിരുന്നുവെന്നോ! അടുത്ത തവണ മന്ത്രവാദികള്‍ വരുമ്പോള്‍ വീട്ടുകാരുടെ കണ്ണു തെറ്റിക്കാന്‍ ചെയ്യേണ്ടുന്ന ഉപായങ്ങളെക്കുറിച്ചോര്‍ത്ത് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നു. എന്നിട്ടും വളരെ കാലത്തേക്ക് എന്റെ ആഗ്രഹം സഫലമായില്ല. എന്തുകൊണ്ടോ, ഒരു കാലത്ത് കൊടുംകാടായിരുന്ന കാക്കനംകോട്ട കാടിന്നപ്പുറം കടക്കാന്‍ എനിക്കു സാധിച്ചതേയില്ല. ക്രമേണ ഞാന്‍ വളര്‍ന്നതോടെ എന്റെ എല്ലാ വിസ്മയങ്ങളുടെയും ഉറവിടമായിരുന്ന കാടും മറഞ്ഞുതുടങ്ങി. കാടിനെ രണ്ടായി വെട്ടിമുറിച്ചുകൊണ്ട് പാതയുണ്ടായി. കപിലാ നദിയുടെ തീരത്തിന്നു സമാന്തരമായി മറ്റൊരു വിഷപ്പുഴപോലെ ഒഴുകിപ്പോകുന്ന ടാറിട്ട പാത. ഇന്ന് എന്റെ നാട്ടില്‍ നിന്ന് ബസ്സു കയറിയാല്‍ രണ്ടു മണിക്കൂറിനകം വാവലിപ്പുഴയായി. പുഴയുടെ അക്കരെ മലയാളം. ഇക്കരെ കന്നഡം. എന്റെ കുട്ടിക്കാലം അവസാനിക്കുന്നതോടെ ഉണ്ടായ കപിലാ ജലാശയം കാക്കനംകോട്ടക്കാടിന്റെ ഭൂരിഭാഗവും വിഴുങ്ങിക്കളഞ്ഞു.

യാതൊന്നും അവശേഷിപ്പിക്കാതെ ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നതുപോലെ, എന്റെ ബാല്യകാല സ്വപ്‌നങ്ങളും കാലം കഴിയുംതോറും മണ്ണടിഞ്ഞു. ചിലതുമാത്രം ബാക്കിയായി. പാറയുടെ വിള്ളലില്‍ നിന്നു ചിരിക്കുന്ന പുല്ലിന്‍ നാമ്പുകളെപ്പോലെഒരു ദിവസം എനിക്കൊരു അപൂര്‍വ നിധി കിട്ടി. അത് മലയാളത്തില്‍നിന്ന് കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട എം.ടി.യുടെ നാലുകെട്ടായിരുന്നു. അത് ഞാന്‍ വായിക്കുക മാത്രമല്ല ഉണ്ടായത്. ആ പുസ്തകം അതിന്നുള്ളിലേക്ക് എന്നെത്തന്നെ ആഴ്ത്തിക്കളഞ്ഞു. എല്ലാത്തിനും പുറമെ നാലുകെട്ടിലെ പെണ്ണുങ്ങള്‍, പ്രത്യേകിച്ചും അമ്മിണി, ബാല്യകാലത്തെ വിസ്മയഭരിതമായ പെണ്‍മലയാളത്തിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടിരുന്നു. ആ വലിയ വീട്ടിലെ അമ്മാവന്റെ ഇളയ മകളാണ് അമ്മിണിഇളം വാഴത്തണ്ടുപോലുള്ളവള്‍. അര്‍ദ്ധനഗ്‌നയായി, കൈയില്‍ പൂക്കുലയുമായി സര്‍പ്പക്കളത്തില്‍ അവള്‍ നില്‍ക്കുന്നു. സംഗീതത്തിന്റെ താളത്തോടൊപ്പം ഉറഞ്ഞാടിയുലയുന്ന നാഗകന്യക! അപ്പുണ്ണിയുടെ രക്തത്തെ ഭ്രാന്തു പിടിപ്പിക്കുന്നവള്‍. അതേപോലെ അവള്‍ എന്റെ ബാല്യകാല സ്വപ്‌നങ്ങളെയും വാടിക്കരിക്കാതെ നനച്ചു വളര്‍ത്തി.

ഇങ്ങനെ ഞാന്‍ നാലുകെട്ടു വഴി മലയാള സാഹിത്യത്തിലേക്ക് പ്രവേശിച്ചു. അതേവര്‍ഷം, അതായത് 1972ല്‍, എനിക്ക് മറ്റൊരു മലയാളം കൃതി ലഭിച്ചു. അതില്‍ രണ്ടു നീണ്ട കഥകളുണ്ടായിരുന്നു. ഒരെണ്ണം പാത്തുമ്മായുടെ ആട്, മറ്റൊന്ന് ബാല്യകാലസഖി. ഇവ രണ്ടും എന്റെ കണ്ണിന്നു മുന്നില്‍ തുറന്നിട്ട പ്രപഞ്ചം അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. അതിലെ ഓരോ വാക്കുകളും മന്ത്രങ്ങള്‍ പോലുണ്ടായിരുന്നു. എത്ര പ്രാവശ്യം വായിച്ചുവെന്ന് ഓര്‍മയില്ല. ഓരോ പ്രാവശ്യവും പുതുതായി വായിക്കുന്ന അനുഭവമുണ്ടായി. ഒരൊറ്റ പദവും കേട്ടു പഴകിയതുപോലെ തോന്നിയില്ല. അവ വീണ്ടും വായിക്കാന്‍ ഞാന്‍ ആശിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ന്റെുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന നോവലും തര്‍ജ്ജമ ചെയ്യപ്പെട്ടു. അതും എന്നെ ഗാഢമായി സ്വാധീനിച്ചു. ഇന്നും ഞാന്‍ വായിക്കാനിഷ്ടപ്പെടുന്ന അപൂര്‍വം കൃതികളില്‍ ഒന്നാണിത്. ഒരു ചെറുകഥയ്ക്ക് അല്ലെങ്കില്‍ ഒരു നോവലിന് 'കാവ്യധ്വനിശക്തി'യുണ്ടായിരിക്കണമെന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കിയത് മഹാനായ ഈ കഥാകൃത്തില്‍ നിന്നാണ്. ബഷീര്‍ തന്റെ കഥ, നോവല്‍ മുതലായവ വഴി മലയാള സാഹിത്യത്തെക്കുറിച്ച് ഞങ്ങളില്‍ ആദരവുണ്ടാക്കി. മാത്രമല്ല, എന്നെപ്പോലുള്ളവര്‍ക്ക് ഏറെക്കുറെ അപരിചിതമായ മുസ്‌ലിംസമുദായത്തിലെ നന്മതിന്മകളെയും മതപരമായ അസംബന്ധങ്ങളേയും സരളമായി, നര്‍മരസത്തോടെ തുറന്നു കാട്ടി. യാതൊന്നും മറയ്ക്കാതെ, യാതൊരു തരത്തിലുള്ള ആക്രോശങ്ങളില്ലാതെ, ശാന്തനായി എഴുതുന്ന ഇത്തരം വ്യക്തികള്‍ ഭാരതീയ സാഹിത്യത്തിലല്ല വിശ്വസാഹിത്യത്തില്‍ത്തന്നെ അപൂര്‍വമാണ്. ബഷീറിന്റെ ഓരോ കൃതികളും ഓരോ അപൂര്‍വ സൃഷ്ടികളാണ്. അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ മിന്നിമറയുന്നവരല്ല. നമ്മുടെ കൂടെ ഹൃദയസംവാദം ചെയ്യുന്നവരത്രെ. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച ബഷീറിനെ കാണാതെ, കണ്ടു സംസാരിക്കാതെ ഇരിക്കുന്നതെങ്ങനെ?



അവസാനം ഒരു ദിവസം 'കല്ലിക്കോട്ടെ' എന്നു ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്ന കോഴിക്കോട്ടേക്ക് പഴയ മലബാറിലേക്ക് ബസ്സു കയറി. കാപ്പിത്തോട്ടങ്ങളെ പിന്നിട്ട് പശ്ചിമഘട്ടം ഇറങ്ങുമ്പോഴുള്ള ആ ഭീതിജനകവും രമണീയവുമായ നൈസര്‍ഗിക സൗന്ദര്യം കണ്ട് ഞാന്‍ മൂകനായിപ്പോയി. താഴ്‌വരകളില്‍ കവിളുരുമ്മി നില്‍ക്കുന്ന വെണ്‍മേഘങ്ങള്‍! എന്റെ മനസ്സിന്റെ അഗാധതയില്‍ തളം കെട്ടിനില്‍ക്കുന്ന ബാല്യകാല സ്വപ്‌നങ്ങളെപ്പോലെ. മലയിറങ്ങുമ്പോഴേക്കും വഴിനീളെ തെങ്ങ്, കവുങ്ങ്, വാഴ ഇവകളുടെ തോട്ടങ്ങള്‍! ഇടക്കിടയ്ക്ക് വയലുകളുടെ പച്ചത്തുരുത്തുകള്‍, എവിടെ നോക്കിയാലും മനോഹരമായ പച്ചനിറം! വെറും പച്ചമാത്രം! നോക്കി നോക്കി കണ്ണുതന്നെ പച്ചയായിപ്പോകുമോ എന്നു തോന്നി. ബസ്സിന്റെ ജാലകത്തില്‍ മുഖം ചേര്‍ത്തിരുന്ന എനിക്ക് എന്റെ പഴയ ഭാവനകളെല്ലാം ഓരോന്നായി കണ്‍മുന്നിലേക്കിറങ്ങിവന്ന് തിക്കിത്തിരക്കി. ബസ്സു വീണ്ടും മുന്നോട്ടു പോയി. സൂര്യന്‍ പെട്ടെന്നു മങ്ങി. എവിടെ നിന്നോ കറുത്ത മേഘങ്ങള്‍ തിക്കിത്തിരക്കി വന്നു തുടങ്ങി. പകലുതന്നെ ഇരുട്ടായതുപോലെ. പട പട എന്ന് നാലഞ്ചു തുള്ളി വീണു. തുടര്‍ന്ന് കോരിച്ചൊരിയുന്നതുപോലെ മഴ ധാരയായി പൊഴിഞ്ഞുതുടങ്ങി. ബസ്സിന്റെ ഗതി പതുക്കെയായി. പച്ചയുടെ ശോഭ മഴയില്‍ മുങ്ങിപ്പോയി. അവിടവിടെയായി കുടകളുടെ ഘോഷയാത്ര. ബഹുവര്‍ണക്കുടകളുടെ കീഴില്‍ പെണ്ണുങ്ങളായിരിക്കാം. അവരെ കാണാന്‍ എനിക്കാശ. അവയെല്ലാം എന്റെ ബാല്യകാല സ്വപ്‌നങ്ങളിലെ ആ വിശ്വമോഹിനികളുടെ മുഖങ്ങളായിരിക്കും.

രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പുതന്നെ കോഴിക്കോട്ടെ സൂര്യന്‍ എഴുന്നേറ്റിരുന്നു. അദ്ദേഹത്തെ കാണാന്‍ തിടുക്കമായി. ആള്‍ എങ്ങനെയുണ്ടാവും? കാണുമ്പോള്‍ എന്തു പറയണം? എന്തു പറഞ്ഞാലാണ് അര്‍ഥപൂര്‍ണമാവുക? ഏതാണ് ശരി, ഏതാണ് തെറ്റ്? വേഗത്തില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഫാനിന്റെ കീഴില്‍ ഇരുന്നിട്ടും തലയ്ക്കു ചൂടുപിടിച്ചു. ടാക്‌സി വിളിച്ച് അഡ്രസ് പറഞ്ഞുകൊടുത്തു. ്രൈഡവര്‍ ചിരിച്ച് അറിയാം എന്ന മട്ടില്‍ തലയാട്ടി. കേരളത്തില്‍ എവിടെയും ചെന്നു എഴുത്തുകാരുടെ പേരു പറഞ്ഞാല്‍ അക്ഷരം വായിക്കുന്നവര്‍ക്കൊക്കെ അവരെ അറിയാം. പ്രത്യേകിച്ചും ബഷീറിനെപ്പോലുള്ള ഒരാളുടെ വീട് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മെയിന്റോഡില്‍ ഇറങ്ങി, ഒരു ചെറിയ ഇടവഴിയില്‍ക്കൂടി പോകാന്‍ ്രൈഡവര്‍ ആംഗ്യം കാണിച്ചു. ആ ഇടവഴി കടന്നാല്‍ ബഷീറിന്റെ വീടായി. മഴ നനഞ്ഞ് കറുത്ത പാടുകള്‍ വീണ ഓടിട്ട വീട്. ചുറ്റും തെങ്ങ്, കവുങ്ങ്, മാവ്, വാഴ ഇവകളുടെ ചെറിയ തോട്ടം; പുറമെ മറ്റെന്തൊക്കെയോ മരങ്ങള്‍.

വാതില്‍ക്കല്‍ നിന്ന എന്നെ കണ്ടിട്ട് വരാന്തയിലുണ്ടായിരുന്ന ബഷീര്‍ എഴുന്നേറ്റുവന്ന് സ്വാഗതം ചെയ്തു. പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ എന്ന യാതൊരു ഭാവവും അദ്ദേഹത്തില്‍ കണ്ടില്ല. എല്ലാ മലയാളികളെയും പോലെ ഇദ്ദേഹവും അരയില്‍ ഒരൊറ്റ മുണ്ടുമാത്രം ചുറ്റിയിരുന്നു. പഴയ ചാരുകസേരയില്‍ അദ്ദേഹം ഇരുന്നു. ഞാന്‍ എതിര്‍ഭാഗത്തും. മധ്യത്തില്‍ ഒരു ചെറിയ സ്റ്റൂള്‍. അതിന്റെ മുകളില്‍ ഒരുകെട്ടു ബീഡി, ഒരു തീപ്പെട്ടി, ഉപയോഗിച്ചുപയോഗിച്ച് തേഞ്ഞുപോയ കറുത്ത ഫ്രെയിമുള്ള കണ്ണട, ഒരു ചായക്കോപ്പ ഇത്രയും കണ്ടു. എല്ലാം അദ്ദേഹത്തിന്റെ കൃതികളെപ്പോലെ സരളം. ഒന്നും പറയുവാന്‍ തോന്നിയില്ല. ബഷീര്‍ ഗംഭീരമായ കടലിനെപ്പോലെ ഇരുന്നു. എന്തുകൊണ്ടോ എനിക്കു വാക്കുകള്‍ വന്നില്ല. അദ്ദേഹംതന്നെ മൗനം ഭഞ്ജിച്ച് ഭാര്യയെ വിളിച്ച് എന്തോ പറഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍ പ്ലേറ്റു നിറയെ പലഹാരങ്ങളുമായി അവരെത്തി. പരിചയപ്പെടുത്തി. എനിക്കാശ്ചര്യമായി, അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെക്കാള്‍ എത്രയോ ചെറുപ്പം! എന്റെ കൗതുകം കണ്ടിട്ടോ എന്തോ ബഷീര്‍ താന്‍ വളരെ വൈകി വിവാഹം കഴിച്ചതെല്ലാം അറിയിച്ചു. പേരക്കിടാങ്ങളെപ്പോലെ തോന്നിച്ച തന്റെ രണ്ടു മക്കളേയും വിളിച്ചു പരിചയപ്പെടുത്തി. മാത്രമല്ല, പലഹാരങ്ങള്‍ തിന്നാന്‍ നിര്‍ബന്ധിച്ചു. എനിക്കാവട്ടെ അപ്പോഴും സങ്കോചം. തിന്നുമ്പോഴുണ്ടാവുന്ന ശബ്ദത്തെക്കുറിച്ച് പേടിയും. എന്തോ കുറച്ച് വായിലിട്ട് അങ്ങനെയിരുന്നു. ഒടുക്കം ബഷീര്‍ എന്നെക്കുറിച്ച്, കന്നഡയെക്കുറിച്ച് സംസാരം തുടങ്ങി. കുറച്ചു സമാധാനമായി. ഓരോ വാക്കുകളും സാവധാനത്തില്‍ ഉച്ചരിച്ചു എന്നാണോര്‍മ. എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബഷീര്‍ തന്റെ ഭൂതകാലത്തേക്ക് പിന്തിരിഞ്ഞ് ഓര്‍മയുടെ ആഴത്തില്‍ നിന്നും ഓരോ അനുഭവങ്ങളും ചികഞ്ഞെടുത്തുകൊണ്ടിരുന്നു.

കുട്ടിക്കാലത്ത് വീടുവിട്ടത്, ഭാരതം മുഴുവനും കാല്‍നടയായി സഞ്ചരിച്ചത്, ഗാന്ധിജിയുടെ സ്വാധീനത്തില്‍പ്പെട്ടത്, സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടത്, ഉപ്പുസത്യാഗ്രഹം, ജയില്‍വാസം, സമുദ്രയാത്രഇങ്ങനെ തന്റെ ജീവിതപ്പോരാട്ടങ്ങള്‍ തുറന്നു കാണിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളെക്കുറിച്ചു മാത്രം അദ്ദേഹം ഒന്നും പറഞ്ഞില്ല. അതിനെക്കുറിച്ച്

ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബഷീര്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഓര്‍മയില്‍ വന്നു ''എന്റെ മാതൃഭാഷ മലയാളമാണ്. എന്റെ മതം ഇസ്‌ലാമാണ്. ഉര്‍ദു മുസ്‌ലിംകളുടെ ഭാഷയാണെന്നു പറയുന്നതു വിഡ്ഢിത്തമാണ്'' എന്ന്. അതേപോലെത്തന്നെ മതത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അഭിപ്രായങ്ങളും അര്‍ഥഗര്‍ഭങ്ങളാണ്. മാനവപ്രേമത്തെക്കാള്‍ ഉല്‍കൃഷ്ടമായ മതമേതുണ്ട് എന്നു പറയുകയുണ്ടായി. അതുതന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും അന്തഃസാരം. ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു പ്രസിദ്ധീകരിച്ചപ്പോള്‍ തന്റെ ബന്ധുക്കള്‍ രോഷാകുലരായത് ബഷീര്‍ വിവരിച്ചു. അസാധാരണമായ ഒരു കാവ്യം പോലെയുള്ള ഈ കൃതിയില്‍ താന്‍ വളരെയധികം ആദരിക്കുന്ന ഖുര്‍ആനില്‍നിന്ന് അനേകം പ്രതീകങ്ങളും ഉല്ലേഖങ്ങളും ഔചിത്യപൂര്‍വം പ്രയോഗിച്ചിട്ടുണ്ട്. അതുപോലെത്തന്നെ മുസ്‌ലിംസമുദായത്തിലെ അര്‍ഥഹീനമായ ആചാരങ്ങളും ഘോരസത്യങ്ങളും യാതൊരു ഉദ്വേഗമോ മുന്‍വിധിയോ ഇല്ലാതെ സ്ഥിതപ്രജ്ഞനായി വീക്ഷിക്കുന്നു, മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നു. ഇതു സാമാന്യ മനുഷ്യര്‍ക്കു സാധിക്കുന്നതല്ല. ഈ കൃതിയില്‍ പ്രത്യക്ഷപ്പെടുന്ന മുഗ്ധയായ മുസ്‌ലിം പെണ്‍കുട്ടി കുഞ്ഞിപ്പാത്തുമ്മയാണ് ഇതിലെ കേന്ദ്രബിന്ദു. അവളുടെ സ്മരണകളിലൂടെ ആ കുടുംബം ഐശ്വര്യത്തില്‍നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് എങ്ങനെ പതിച്ചുവെന്നത് ഹൃദയസ്?പര്‍ശിയായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. സമ്പന്നകുടുംബത്തിലെ മകളായ കുഞ്ഞിപ്പാത്തുമ്മ തന്റെ എല്ലാം കളഞ്ഞുകുളിച്ചിരിക്കുന്നു. എന്നാല്‍ താന്‍ ജനനം മുതല്‍ക്കേ പേറിനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെയും അജ്ഞാനത്തിന്റെയും ഭാണ്ഡം മാത്രം അവള്‍ക്ക് കളയാനാവില്ല. അവളുടെ ദൃഷ്ടിയില്‍ ലോകത്തിലുള്ളത് രണ്ടു വര്‍ഗം മാത്രം. ഒന്ന് മുസ്‌ലിം. രണ്ടാമത്തേത് കാഫിര്‍. കാഫറിങ്ങള്‍ ചത്താല്‍ അവര്‍ക്കെല്ലാം നരകം തന്നെ ഗതി. എല്ലാത്തരം ചീത്തത്തത്തിന്റേയും ആകെത്തുകയാണ് കാഫറിങ്ങള്‍. ഇതൊക്കെയാണ് കുഞ്ഞിപ്പാത്തുമ്മയുടെ വിശ്വാസം. അവള്‍ക്ക് തന്റെ എല്ലാ സ്വത്തുക്കളും ആഭരണങ്ങളും നഷ്ടമാവുന്നു. അവളുടെ സ്വത്തെല്ലാം അപഹരിച്ച ആ ശക്തി അവളുടെ അന്ധവിശ്വാസങ്ങളെ അപഹരിക്കുന്നില്ല. അവള്‍ എല്ലായ്‌പ്പോഴും അന്ധവിശ്വാസങ്ങളുടെ നടുവില്‍പ്പെട്ട് വട്ടം കറങ്ങുന്നു. അത്തരം പരിതഃസ്ഥിതിയില്‍ അവളുള്‍പ്പെട്ട സമുദായത്തിന്റെ നേരെ രോഷമുണ്ടാവാം. എന്നാല്‍ ബഷീര്‍ രോഷം കൊള്ളുന്നില്ല. ചിരിച്ചുകൊണ്ട് ആ സമുദായത്തിലെ അനീതികളെ കാണിച്ചുതരുന്നു. തങ്ങള്‍ ചെയ്യുന്നത് എന്താണെന്നറിയാത്ത മുഗ്ധമനസ്സുകളെ തുറന്നുകാട്ടുന്നതു വഴി അവരില്‍ നമുക്ക് സഹാനുഭൂതിയുണ്ടാകുന്നു. ഇത് അന്തര്‍മുഖനായ ഒരെഴുത്തുകാരനു മാത്രമേ സാധിക്കൂ. കഷണ്ടിത്തലയില്‍ കയ്യോടിച്ച് സൃഷ്ടിരഹസ്യങ്ങളെയെല്ലാം തന്നില്‍ ഒളിപ്പിച്ച് തന്നത്താന്‍ ചിരിക്കുന്ന, ഗൗരവപൂര്‍ണനായ, ഇടക്കിടയ്ക്ക് ഉന്മാദരോഗത്തിനടിപ്പെടുന്ന, എല്ലാവിധത്തിലും സമ്പൂര്‍ണജീവിതം നയിക്കുന്ന ബഷീര്‍ യഥാര്‍ഥത്തില്‍ 'അനുഭവസമ്പന്നന്‍' തന്നെയാണ്.

ഏതാണ്ട് നാലുമണിക്കൂറോളമായി ഞാന്‍ ബഷീറിന്റെ മുന്നില്‍ ചെവി തുറന്ന് ഇരിക്കുന്നു. ഞാനാരുടെ മുമ്പിലും ഇതുവരെ ഇങ്ങനെ എല്ലാം മറന്ന് ഇരുന്നിട്ടില്ല. വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ഈ വ്യക്തി എന്റെമേല്‍ മലയാളത്തിലെ എന്തോ മന്ത്രവാദം കാട്ടിയോ എന്നു സംശയിച്ചു. നോക്കിക്കൊണ്ടേയിരിക്കുമ്പോള്‍, ബഷീര്‍ തന്നെ പൊതിഞ്ഞിരിക്കുന്ന ഇസ്‌ലാം ഉത്തരീയം ഊരിക്കളഞ്ഞതുപോലെ തോന്നി. ഏതു മതത്തിന്റെ പുതപ്പിലും മാലിന്യം ഇല്ലാതില്ല എന്നു കാണിച്ചുതരുന്നതുപോലെ. അവസാനം മനുഷ്യസ്‌നേഹം മാത്രമാണ് യഥാര്‍ഥ മതം എന്നു പറഞ്ഞതോടെ അദ്ദേഹം നമ്മുടെ പഴയ ഋഷികള്‍ക്കു തുല്യനായിത്തീര്‍ന്നു. ബഷീറിന്റെ ജ്ഞാനവും അനുഭവവും അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് വിളിപ്പാടകലെയുള്ള അറബിക്കടല്‍പോലെ തോന്നി. എന്റെ ഈ ചെറിയ പാത്രത്തില്‍ ഇനിയെത്ര നിറയ്ക്കാന്‍ പറ്റും?

കേരളത്തിലേക്കുള്ള എന്റെ ആദ്യത്തെ യാത്ര സാഹിത്യസംബന്ധിയായിരുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം നിറവേറിയതില്‍ മനസ്സ് ഉല്ലാസംകൊണ്ടു. പിന്നീട് കേരളത്തിലുടനീളം മൂന്നുനാലു പ്രാവശ്യം ചുറ്റിവന്നു. എന്നാല്‍ അവയൊന്നും എന്റെ ആദ്യത്തെ യാത്രപോലെ അദ്ഭുതകരമായിരുന്നില്ല. ഇന്ന്, എനിക്ക് മലയാള സാഹിത്യപരിചയം കുറേയൊക്കെ ലഭിച്ചിട്ടുണ്ട്. അവിടത്തെ ആധുനിക ഗ്രന്ഥകാരന്മാരുടെ ഉല്‍കൃഷ്ടകൃതികള്‍ കന്നഡയിലോ ഇംഗ്ലീഷിലോ ആയി വായിച്ചിട്ടുമുണ്ട്. തകഴി, കേശവദേവ്, ഉറൂബ്, പൊറ്റെക്കാട്, എം.ടി., മാധവിക്കുട്ടി മുതലായവരുടെ പ്രധാന കൃതികള്‍ കന്നഡയില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരിക്കുന്നു. വള്ളത്തോള്‍, ആശാന്‍, കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ മുതലായവരുടെ കവിതകള്‍ കന്നഡയില്‍ ലഭ്യമാണ്. ഇവയെല്ലാം ഗൗരവപൂര്‍വം വായിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇവരാരും ബഷീറിനെപ്പോലെ എന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിയിട്ടില്ല.

കഴിഞ്ഞ ഓണക്കാലത്ത് ഞാനും എന്റെ ലേഖകസുഹൃത്തുക്കളും ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് യാത്രയായി. കൂടെ ദേവന്നൂര്‍ മഹാദേവനും ഉണ്ടായിരുന്നു. കേരളത്തിലേക്ക് കാലുകുത്തിയപ്പോഴേക്കുതന്നെ ഉത്സവത്തിന്റെ പ്രതീതി. കേരളം മുഴുവന്‍ ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. മലയാളികള്‍ക്ക് ഓണം പ്രധാനപ്പെട്ട ഉത്സവമാണ്. അതിന്റെ ഒരുക്കങ്ങള്‍ പറഞ്ഞാല്‍ തീരില്ല. സുഹൃത്തായ സുന്ദരേശന്റെ പഴയ വിദേശി കാര്‍ മണിക്കൂറില്‍ മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ മുമ്പോട്ടു പോയി. കുറച്ചൊന്ന് വേഗത കൂട്ടിയാല്‍ കഴിഞ്ഞു, കാറിന്റെ എഞ്ചിനോ അല്ലെങ്കില്‍ ്രൈഡവര്‍ക്കോ കേടുപറ്റുകയായി. യാത്രയില്‍ മുഴുവനും പകലെല്ലാം കാറിന്റെ എഞ്ചിന്, രാത്രിയില്‍ ്രൈഡവറായ സുന്ദരേശന് 'എണ്ണകൊടുത്തു കൊടുത്തു' മതിയായി. അതിന്റെ ഇഴഞ്ഞുനീങ്ങല്‍ ഒരുതരത്തില്‍ നന്നായി. കേരളത്തിലെ ഓരോ ഇഞ്ച് സ്ഥലവും കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു. ഓരോ സ്ഥലത്തും കാറു നിര്‍ത്തി വഴങ്ങാത്ത മലയാള വാക്കുകള്‍ പറഞ്ഞ്, ചിരിച്ച്, ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഒരു ദിവസത്തില്‍ പോകാവുന്ന ദൂരം ഒരാഴ്ചകൊണ്ട് മുഴുവനാക്കി. ഇത്തവണത്തെ യാത്രയില്‍ എന്റെ പേര്‍ കേരളത്തില്‍ കുറേയൊക്കെ ജനപ്രിയമായിരിക്കുന്നുവെന്നറിയാന്‍ സാധിച്ചു. എന്റെ കാടിനേക്കാള്‍ പാവത്താനാണ് മലയാളികള്‍ക്ക് പ്രിയമായത്. ഗെണ്ടെ തിമ്മനും മരംകിയുമെല്ലാം അവിടത്തുകാര്‍ക്ക് ചിരപരിചിതരായിക്കഴിഞ്ഞിരിക്കുന്നു.

ഇത്തവണയും ഏറ്റവും പ്രധാനം ബഷീറിനെ സന്ദര്‍ശിക്കുക എന്നതായിരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. എളിയില്‍ കൈയൂന്നി, ചുമച്ചുകൊണ്ട് ബഷീര്‍ പുറത്തേക്കു വന്നു. വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. അനാരോഗ്യം വകവെക്കാതെ ഞങ്ങളുടെ കൂടെ ഇരുന്നു. അദ്ദേഹത്തെ കണ്ട് മഹാദേവന്‍ സ്തബ്ധനായി. അയാള്‍ക്കും എനിക്കാദ്യത്തെ തവണ ഉണ്ടായ അനുഭവം ഉണ്ടായിട്ടുണ്ടാവും. അദ്ദേഹത്തെത്തന്നെ നോക്കിക്കൊണ്ട് നിശ്ശബ്ദനായി അയാള്‍ ഇരുന്നു. ഞാന്‍ ആ വീട്ടില്‍ പണ്ടത്തേതില്‍ നിന്ന് ഒരു മാറ്റം മാത്രമേ കണ്ടുള്ളൂ. കഴിഞ്ഞ തവണ ചെന്നപ്പോള്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന മകളുടെ വിവാഹം കഴിഞ്ഞ് അവള്‍ക്ക് ഒരു മകനുണ്ടായിരിക്കുന്നു. പേരക്കുട്ടിയെ ദേഹത്തോടു ചേര്‍ത്തുപിടിച്ച ബഷീറിന്റെ അടുത്ത് വളര്‍ന്നു വലുതായ മകനും നില്‍പ്പുണ്ടായിരുന്നു.

ചുമച്ചുകൊണ്ടേ ഇരുന്ന ബഷീറിനോട് സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. എന്നാലും ഞങ്ങളുടെ ആശ സഫലമാക്കണമല്ലോ. സംസാരിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ അസംബന്ധമായ ചോദ്യങ്ങള്‍ക്കും ബഷീര്‍ സാവകാശത്തില്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ഈയിടയ്ക്കായി കേരളത്തിലേക്ക് ഗള്‍ഫുനാടുകളില്‍ നിന്നും വന്നുചേരുന്ന പണം, ഞങ്ങള്‍ കേരളത്തില്‍ വഴിനീളെ കണ്ട പുതിയ മണിമാളികകള്‍, ഇവിടത്തെ ജനജീവിതത്തില്‍ ഇതുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍, ഹിന്ദുമുസ്‌ലിം സംഘട്ടനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ബഷീര്‍ സംസാരിച്ചു. ഭാരതത്തില്‍നിന്നു ഗള്‍ഫിലേക്കു പോയ മിക്കവാറും മുസ്‌ലിംകള്‍ കൂലിക്കാരാണ്. കുറച്ചു കൊണ്ടുവരുന്നതു വളരെ വലുതാക്കി അവര്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഗള്‍ഫില്‍നിന്നു വളരെയധികം കൊണ്ടുവരുന്ന ഹിന്ദു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എവിടെ കാണിക്കുന്നുണ്ട് അതെല്ലാം?

ഹിന്ദുസ്ഥാനത്തിലെ മുസ്‌ലിംകളുടെ ഉത്കണ്ഠയെച്ചൊല്ലി ദാര്‍ശനികനായ ബഷീര്‍ ദീര്‍ഘനിശ്വാസം ചെയ്ത് പറഞ്ഞു: 'എന്നുവരെ ഹിന്ദുസ്ഥാനും പാകിസ്താനും ഒന്നാവുന്നില്ലയോ, അന്നുവരേയും മുസ്‌ലിംകളുടെ തലയ്ക്കു മുകളില്‍ അനിശ്ചിതത്വത്തിന്റെ വാള്‍ തൂങ്ങിക്കൊണ്ടേയിരിക്കും.' പിന്നീട് ഞങ്ങള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു ചെയ്യാനുള്ളത് ഒരേയൊരു കാര്യം: അദ്ദേഹത്തിന്റെ കാല്‍തൊട്ട് നമസ്‌കരിച്ച് യാത്ര ചോദിക്കുക മാത്രം.

വിവര്‍ത്തനം: കമലാശങ്കരന്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1987 ഏപ്രില്‍ 26



basheer zoomin

 

 

ga