സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം.
ഇതുവരെ ദിവസവും രാവിലെ കിടക്കപ്പായയില്‍നിന്ന് എണീക്കുമ്പോള്‍ രാവിലെ എന്നൊന്നും പറയാന്‍ ഒക്കുകില്ല കേട്ടോ ഞാന്‍ പറയുമായിരുന്നു: 'സലാം. സമയകാലങ്ങളുടെ അനന്തതയില്‍നിന്ന് ഒരു ദിവസംകൂടി അനുവദിച്ചുതന്നല്ലോ. നന്ദി!'
ഞാന്‍ ഹൈന്ദവസംന്യാസിമാരുടെകൂടെയും മുസ്‌ലിം സംന്യാസിമാരായ സൂഫികളുടെ കൂടെയും കഴിച്ചുകൂട്ടിയ നാളുകള്‍ ഓര്‍മയില്‍ വരുന്നു. അന്വേഷണമായിരുന്നു. ദൈവനാമങ്ങള്‍ ഉരുവിടുമായിരുന്നു. നിരന്തരമായ ധ്യാനമായിരുന്നു. താടിയും മുടിയും നീട്ടി ഏതാണ്ട് പരിപൂര്‍ണ നഗ്‌നതയിലുള്ള ഇരിപ്പ് പത്മാസനം, യോഗദണ്ഡ്. ദൈവം തമ്പുരാനേ, ഓര്‍ക്കുന്നു. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളെയും ബോധമണ്ഡലത്തില്‍ കേന്ദ്രീകരിച്ച് ധ്യാനത്തില്‍നിന്നുണര്‍ന്ന് ഭൂഗോളവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും സൗരയൂഥങ്ങളും അണ്ഡകടാഹങ്ങളും എല്ലാ പ്രപഞ്ചങ്ങളും കേള്‍ക്കുമാറ് വളരെ പതുക്കെ മനസ്സു മന്ത്രിക്കുന്നു: 'അഹം ബ്രഹ്മാസ്മി. അതുതന്നെ ധ്യാനത്തില്‍നിന്നുണര്‍ന്ന് സൂഫികള്‍ മന്ത്രിക്കുന്നു അനല്‍ഹഖ്!
'അനര്‍ഘനിമിഷം' എന്ന എന്റെ ചെറുപുസ്തകത്തില്‍ 'അനല്‍ഹഖ്' ഉണ്ട്. അന്നൊരു ദിവസം ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കു തോന്നി. ഞാന്‍ ഇല്ലാതാകാന്‍ പോവുകയാണല്ലോ! ഞാനും നീയും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്. അതാണ് അനര്‍ഘനിമിഷം.
മരണം എന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുയോ ചെയ്തിട്ടില്ല. മരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണല്ലോ. അതു വരുമ്പോള്‍ വരട്ടെ.
ജനനംമുതല്‍ കുറേ അധികം പ്രാവശ്യം മരണത്തെ തൊട്ടുരുമ്മി. എന്റെ ഇടതുകാലില്‍ കൊടിയ വിഷമുള്ള ഒരു പാമ്പു ചുറ്റി. വലതുകാലിന്റെ പത്തിയിലൂടെ ഒരു വലിയ മൂര്‍ഖന്‍പാമ്പ് പതുക്കെ, വളരെ പതുക്കെ ഇഴഞ്ഞുപോയി. ഞങ്ങളുടെ വീട്ടില്‍ മൂന്നും നാലും പ്രാവശ്യം മൂര്‍ഖന്‍പാമ്പ് കയറി. രാത്രിയാണ്. ഒടുവിലത്തെ പ്രാവശ്യം മരണവുമായി നാലു വിരല്‍ അകലെ. ഞാന്‍ പാമ്പിനെ ചവിട്ടുമായിരുന്നു.
ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മിക്കണമോ. എന്നെ ആരും ഓര്‍മിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനോര്‍മിക്കുന്നു? കോടാനുകോടി അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മിക്കുന്നുണ്ടോ?
എന്റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്റേത് എന്നു പറയാന്‍ എന്താണുള്ളത്? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.
പൂര്‍ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്ത ഭീകരാദ്ഭുത സുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പേടിച്ചു കരഞ്ഞുകൊണ്ട് ഞാന്‍ ഓടിപ്പോന്നിട്ടുണ്ട്. മരുഭൂമിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു.
അത് അജ്മീറിന് അടുത്തുവെച്ചാണ്. ഒരു ഉച്ചസമയം. ഞാന്‍ തിരിച്ചു. മരുഭൂമിയുടെ ഒരു മൂലയില്‍ക്കൂടിയാണ് വഴി. പണ്ട് വെട്ടുകല്ലുകള്‍ മാതിരി അടയാളങ്ങള്‍ ഉണ്ടായിരുന്നു; വഴിതെറ്റിപ്പോകാതിരിക്കാന്‍. കാലത്തിന്റെ പോക്കില്‍ കല്ലുകള്‍ മിക്കതും കാറ്റടിച്ച് മണ്ണില്‍ മൂടിപ്പോയി. എനിക്ക് വഴിതെറ്റി. ഭയങ്കര ചൂട്. നല്ല ദാഹവും. വലതുവശത്തേക്കാണ് പോകേണ്ടത്. ഞാന്‍ പോയത് ഇടതുവശത്തേക്ക്. അന്തമില്ലാത്ത മരുഭൂമി. ചുട്ടുപൊള്ളുന്നു. മുകളില്‍ ഭീകരസൂര്യന്‍ തലയുടെ അടുത്ത്. ലക്കില്ലാതെ നടക്കുകയാണ്. കാലുകള്‍ പൂണ്ടുപോകുന്നു. തോന്നുന്നത് തണുപ്പുമാതിരി. ചൂടില്‍ ഞാന്‍ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാന്‍ വീണു. നീളത്തിലുള്ള ഒരു കരിക്കട്ടയാണ് ഞാന്‍. ഒത്ത നടുക്ക് അകത്ത് ഒരു ചെറിയ ചുവപ്പുവെളിച്ചം. അല്ലാഹ്, എന്താണത്?
അതും മറഞ്ഞു. ബോധം തീരെയില്ല. അങ്ങനെ ചുട്ടുപഴുത്ത് എത്രസമയം കിടന്നു? ദിവസങ്ങളോ മണിക്കൂറുകളോ? അറിഞ്ഞുകൂടാ.
അവിടെക്കിടന്ന് മരിച്ചിരുന്നെങ്കിലോ?
ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു തമാശപോലെ. ഇഹലോകജീവിതം ഒരു വന്‍ തമാശയാണ്. ഭഗവാന്റെ ലീലാവിലാസം.
ഒരിക്കല്‍ വി.കെ.എന്‍ എന്നോട് മരണത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ചു. ഞാന്‍ പറഞ്ഞു: ഒല ുൗെേ ീളള ശേഹഹ വേല ഹമേെ ാീാലി േ(അവസാന നിമിഷം വരെ ബേജാറില്ല). വൈക്കം മുഹമ്മദ്ബഷീര്‍ മരിച്ചു; വാര്‍ത്ത വരുന്നു. എന്തിനാണ് മരിച്ചത്? അപ്പോള്‍ ഒരു കാരണം വേണം. അത്രതന്നെ.
ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടുംതന്നെയില്ല.
എല്ലാവര്‍ക്കും സലാം. മാങ്കോസ്‌റ്റൈന്‍ മരത്തിനും സര്‍വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം.