നല്ല ചൂടുള്ള അസുഖകരമായ ഏപ്രില്‍ 1964. കാലവര്‍ഷം ഇനിയും രണ്ടു മാസമകലെ. പറയത്തക്ക ഇടമഴയുമുണ്ടായിരുന്നില്ല. ഈ വേളയില്‍ ഞാന്‍ ഒരു സിനിമ എടുക്കുന്ന തിരക്കില്‍ മദിരാശിയിലായിരുന്നു. അതിനിടയ്ക്ക് കോഴിക്കോട്ടൊന്നുപോയി. തൃശ്ശൂരിലെ 'ശോഭന' സ്റ്റുഡിയോ ഉടമ പരമേശ്വരന്‍ നായരും എന്നോടൊപ്പം ഉണ്ടായിരുന്നു. കലാസൗന്ദര്യാരാധകനും കലാഭിജ്ഞനും ആയിരുന്ന പരമേശ്വരന്‍ നായര്‍ 'പരമു' എന്ന ഓമനപ്പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്; ഒന്നാന്തരം ഫോട്ടോഗ്രാഫറും പില്ക്കാലത്ത് ഫിലിം രംഗത്തും അദ്ദേഹം നല്ല ഏതാനും ചിത്രങ്ങളുടെ നിര്‍മാണത്തിലൂടെ ഖ്യാതി നേടി. എന്റെ ഫിലിം നിര്‍മാണങ്ങളില്‍ പരമു എപ്പോഴും എനിക്ക് ഉത്തേജനം നല്കിയിരുന്ന സുഹൃത്തും ദാര്‍ശനികനും മാര്‍ഗദര്‍ശിയുമായിരുന്നു. ഒരു ഫിലിം യൂണിറ്റില്‍ നിശ്ചലഛായാഗ്രഹണ ഫോട്ടോഗ്രാഫര്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന വസ്തുത ഇപ്പോള്‍ പലര്‍ക്കും അറിയില്ല. പരസ്യരംഗത്തു മാത്രമല്ല, രംഗസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ട്.
കോഴിക്കോട്ടെ ജോലി തീര്‍ത്തശേഷം ഞാനും പരമുവും രാവിലെ ഒന്‍പതു മണിയോടുകൂടി പ്രഭാത ഭക്ഷണം കഴിച്ച് കാറില്‍ മദിരാശിയിലേക്ക് തിരിച്ചു. ഫറോക്ക് പാലം കടന്ന് ബസ്സ്റ്റാന്റ് പിന്നിട്ടു. ബസ്സ്റ്റാന്റില്‍ സ്ഥിരം കുടയും ബ്രീഫ് കെയ്‌സുമായി നിന്നിരുന്ന ബഷീറിനെ പരമു കണ്ടുപിടിച്ചു. 'അതാ ബഷീര്‍' അത്ര മാത്രമേ പരമു പറഞ്ഞുള്ളൂ. പിന്നെ താമസിച്ചില്ല. കാറ് പുറകോട്ടെടുത്തു ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബഷീറും ഞങ്ങളോടൊപ്പമായി.
പരമുവിന് വര്‍ഷങ്ങളായി ബഷീറിനോടു നല്ല അടുപ്പമുണ്ടായിരുന്നു. എനിക്കും ബഷീറിനെ നല്ലവണ്ണം അറിയാമായിരുന്നു. കോഴിക്കോട്ട് ചെറുവണ്ണൂരില്‍നിന്ന് ബുദ്ധിയും ഓജസ്സുമുള്ള ഒരു യുവതിയെ വിവാഹം കഴിക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പങ്കുണ്ടായിരുന്നു. പക്ഷേ, അത് മറ്റൊരു കഥ. ഞങ്ങള്‍ ബഷീറിനെ റാഞ്ചിയെടുത്ത കാലത്ത് ബഷീര്‍ ബേപ്പൂരിലെ ഗ്രാമീണ ഭവനത്തില്‍ ഭാര്യയോടും മകളോടും കൂടി സുഖമായി കഴിയുകയായിരുന്നു.
'നിങ്ങള്‍ ചെയ്തത് കടുപ്പമായിപ്പോയി. ഞാന്‍ തൃശൂരിലെ എന്റെ പ്രസാധകനെ കാണാന്‍ പോകാന്‍ വേണ്ടി ബസ് കാത്തുനില്ക്കുകയായിരുന്നു.' ബഷീര്‍ അല്പം പരിഭവം നടിച്ചു പറഞ്ഞു.
'450 മൈലല്ലേയുള്ളു മദിരാശിക്ക്. തൃശൂരാണെങ്കില്‍ എത്ര അകലെ! ഞങ്ങള്‍ മദിരാശിയില്‍നിന്ന് തൃശ്ശൂര്‍ എത്തിച്ചുതരാം.' ഞങ്ങളും അല്പം സ്വാതന്ത്ര്യമെടുത്തു പറഞ്ഞു.
ബഷീര്‍ വഴങ്ങി. ഏതായാലും വീട്ടിലേക്ക് മടങ്ങിപ്പോയി. ചില സാധനങ്ങള്‍ കൂടി എടുത്ത് ഭാര്യയോടൊന്നു പറഞ്ഞ് യാത്ര തുടരാമെന്നു മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഞങ്ങള്‍ക്ക് സന്തോഷമായി. അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മൂവരും യാത്ര പുനഃരാരംഭിച്ചു. പക്ഷേ, ഇതിനിടയ്ക്ക് ബഷീര്‍ മൂന്നാമതും ഉച്ചത്തില്‍ ഭാര്യയോടു പറയുന്നതുകേട്ടു: 'എടീ, കതകുകളും ജനാലകളും അടയ്ക്കാന്‍ മറക്കരുതേ; സാക്ഷയിടാനും കുറ്റിയിടാനും രാത്രി പ്രത്യേകം ഓര്‍മിക്കണം.' ബഷീറിന് കള്ളന്മാരെയും ഭവനഭേദനക്കാരെയും പേടിയായിരുന്നു. വീണ്ടും ഘനഗാംഭീര്യത്തോടെ ബഷീര്‍ ഭാര്യയോട് വിളിച്ചുപറഞ്ഞു: 'ഈ കള്ളന്മരേ സ്ഥലം വിട്ടുപോകുന്നുള്ളൂ. ഇവരുടെ ശിഷ്യന്മാര്‍ ഇവിടത്തന്നെ കാണും. ചിലപ്പോള്‍ അവര്‍ തക്കം പാര്‍ത്ത് നിന്നെത്തന്നെ കട്ടുകൊണ്ടുപോയെന്നുവരും.' ഫാബി ബഷീര്‍ പല്ലുകാട്ടിച്ചിരിച്ചു. കൈവീശി യാത്ര പറഞ്ഞു.
ഞങ്ങള്‍ നിലമ്പൂര്‍ ഗുണ്ടല്‍പ്പെട്ട വഴി മൈസൂരിലെത്തി ഉച്ച ഭക്ഷണം കഴിച്ചു. സന്ധ്യയോടു കൂടി ബാംഗ്ലൂരിലെത്തി. ബാംഗ്ലൂര്‍ വുഡ്‌ലാന്റ്‌സില്‍ ഒരു 'കോട്ടേജ്' എടുത്തു. രാത്രി അവിടെ ചെലവഴിക്കാമെന്ന് കരുതി. യാത്ര വളരെ രസകരമായിരുന്നു. പക്ഷേ, ബാംഗ്ലൂരിലെ രാത്രി അവിസ്മരണീയമായി; ബഷീറിന്റെ തമാശകളിലൂടെ. ഒരടി നീളമുള്ള കലമാന്‍ കൊമ്പിന്റെ പിടിയോടുകൂടിയ തിളങ്ങുന്ന ഒരു കഠാരി പുറത്തെടുത്ത് വീശിക്കൊണ്ട്, ബഷീര്‍ പറഞ്ഞു. പെരുവഴിക്കവര്‍ച്ചക്കാരേ, നല്ലവണ്ണം കരുതിക്കോളൂ; ഇനി എന്നെ ശല്യപ്പെടുത്തിയാല്‍ ഈ കത്തിയായിരിക്കും ഉത്തരം പറയുക.
പേടിപ്പിക്കുന്ന ആ കഠാരിയുടെ പിന്നില്‍ എനിക്കറിയാവുന്ന ഒരു കഥയുണ്ട്. ഞാന്‍ ഒരിക്കലും നായാട്ടിനു പോയിട്ടില്ല. ആ കഠാരി ഒരിക്കലും രക്തം രുചിച്ചിട്ടുമില്ല. എന്റെ പുസ്തകങ്ങളുടെ ഇടയില്‍ ചടഞ്ഞുകൂടിക്കിടക്കുകയായിരുന്നു. അനേകവര്‍ഷമായി ആ കഠാരി അതിന്റെ ഭംഗിയുള്ള തുകലുറയില്‍നിന്ന് ഊരാനാവാതെ തറഞ്ഞു മുറുകിക്കിടക്കുകയായിരുന്നു. ഒരു കൊല്ലന്റെ കലാവിരുതിന്റെ മകുടോദാഹരണം എന്ന നിലയ്ക്ക് എന്റെ ഒരു 'കസിന്‍ബ്രദര്‍' എനിക്ക് സമ്മാനമായി നല്കിയതാണിത്. ഒരു ദിവസം ബഷീര്‍ ഉച്ചയൂണിന് എന്നോടൊപ്പം വീട്ടിലെത്തി. നല്ല മത്സ്യം സമ്പാദിക്കാന്‍ എന്റെ ഭാര്യ മറന്നില്ല. ബഷീറിന് മത്സ്യം എന്നും വലിയ ഇഷ്ടമായിരുന്നു. ഊണിന് ഞങ്ങള്‍ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലതരത്തിലുള്ള മീന്‍കറികള്‍ ഭാര്യ ഒരുക്കിയിരുന്നു. ഭയങ്കരനായ മുളകുചാര്‍ ഉള്‍പ്പെടെ എരിവിന് കേള്‍വികേട്ടവന്‍; പുളിയാല്‍ മയപ്പെടുത്തപ്പെട്ടവനെങ്കിലും ബഷീര്‍ അത് രുചിച്ചയുടനെ പറഞ്ഞു. 'നിര്‍ത്ത്. ഇത് പാകം ചെയ്ത ആളെ ഒന്നു കാണണം.'
എന്തോ പന്തികേടുണ്ടെന്നെനിക്ക് തോന്നി കറിയില്‍ ലേശം എരിവ് കൂടുതലാണെന്നതൊഴിച്ചാല്‍ മറ്റു പാകപ്പിഴയൊന്നും ഞാന്‍ കണ്ടില്ലെങ്കിലും ഉടനെ ഭാര്യയെ ചൂണ്ടിക്കാട്ടി. ബഷീര്‍ പാചക വിദഗ്ധനാണെന്ന വസ്തുത ഞാന്‍ മറന്നില്ല. ബഷീര്‍ ഒരു ചെറുപ്രസംഗം നടത്തി.: 'ശ്രീമതി, മത്സ്യത്തെ നന്നായറിയാവുന്ന നിങ്ങള്‍ക്ക് നമസ്‌കാരം. പാചക വൈദഗ്ധ്യത്തെക്കുറിച്ച് യാതൊരു രൂപവുമില്ലാത്ത ഈ ചങ്ങാതിയെ എപ്പോഴെങ്കിലും മടുത്താല്‍ എന്റെ വീട്ടിലേക്ക് സ്വാഗതം. ഒരു വച്ചുമാറ്റം പോലും പരിഗണനാര്‍ഹമാണ്. അതേ സമയം ഫാബിയുടെ സ്‌നേഹസൃമണമായ അന്വേഷണം നിങ്ങളെ അറിയിക്കുന്നു.'
ഞങ്ങള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. മത്സ്യത്തിന്റെ മുള്ളല്ലാതെ ബഷീര്‍ ആ കറിയില്‍ ഒന്നും ബാക്കിവെച്ചില്ല. ഊണു കഴിഞ്ഞ ഉടനെ ഞാന്‍ ആ കഠാര എടുത്തു കാണിച്ചു. 'ഫയല്‍വാനാണല്ലോ. ഇത് ഉറയില്‍നിന്ന് ഊരാന്‍ സാധിക്കുമെങ്കില്‍ ഊര് കാണട്ടെ. ഊരിയാല്‍ എന്റെ വക സമ്മാനം.' അങ്ങനെ ബഷീര്‍ കത്തി ഊരി. 'കത്തികളെയോ കളത്രത്തെയോ വേണ്ടവണ്ണം ശ്രദ്ധിക്കാനറിയാത്ത നിങ്ങളേക്കാള്‍ എന്റെ കൈയില്‍ ഇത് സുരക്ഷിതമായിരിക്കും.' എന്ന് ബഷീര്‍ ഉറപ്പിച്ചു പറഞ്ഞു. കഠാരി സ്വന്തമാക്കി.
ബാംഗ്ലൂരില്‍നിന്ന് അടുത്ത ദിവസം ഉച്ചയോടെ ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ മദിരാശിക്കു തിരിച്ചു. എല്ലാവരും കനത്ത ഊണിനുശേഷമുള്ള ഉറക്കത്തിലായിരുന്നു. യാത്ര പൊതുവെ സംഭവരഹിതവും ബഷീര്‍ പരമുവിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു. എന്റെ ഫിലിം ഓഫീസില്‍ ഒരു പ്രത്യേക മുറി ബഷീറിനെ കൊടുക്കാനില്ലായിരുന്നു. പരമു അന്ന് ചന്ദ്രതാര പിക്‌ച്ചേഴ്‌സിന്റെ ഓഫീസിലാണ് താമസിച്ചിരുന്നത്. എന്റെ ഓഫീസില്‍നിന്ന് വളരെ അകലത്തിലല്ലതാനും പൊതുവെ സുഖം.
ചന്ദ്രതാര പിക്‌ച്ചേഴ്‌സ് പരേതനായ ടി.കെ. പരീക്കുട്ടിയുടെ ഉടമയിലായിരുന്നു. 1954ല്‍ അവര്‍ മലയാള സിനിമാരംഗത്തേക്ക് തനതായ രീതിയില്‍ നീലക്കുയിലിലൂടെ കടന്നുവന്നു. ആ ചിത്രം അഖിലേന്ത്യാ അവാര്‍ഡ് നേടിയെന്നു മാത്രമല്ല, മലയാള ചലച്ചിത്രരംഗത്ത് ഒരു നവതരംഗം സൃഷ്ടിക്കാനും അതിനു കഴിഞ്ഞു.

കൊച്ചിയിലെ നല്ലൊരു വ്യാപാരി ആയിരുന്നു പരീക്കുട്ടി സാഹിബ് സിനിമാ നിര്‍മാണത്തിന്റെ ദൈനംദിന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആര്‍.എസ്. പ്രഭുവാണ് നോക്കിയിരുന്നത്. പ്രഭുവിനെയും ചില ജൂനിയര്‍ ടെക്‌നീഷ്യന്‍സിനേയും കൂടാത അവിടെയുണ്ടായിരുന്ന സ്ഥിരം താമസക്കാര്‍ പരമുവും മലയാള സിനിമയില്‍ ഹാസ്യനടനായി അതിനിടയ്ക്ക് രംഗപ്രവേശനം നടത്തിയ അടൂര്‍ഭാസിയും ആയിരുന്നു. നീലക്കുയിലിന്റെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ ഡയറക്ടര്‍ വിന്‍സന്റും ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹം 'ചന്ദ്രതാര'യുടെ അടുത്താണ് താമസിച്ചിരുന്നത്. കോഴിക്കോട്ടുകാരനായ വിന്‍സന്റ് സിനിമാസ്‌ക്രിപ്റ്റില്‍നിന്ന് ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന ദൃശ്യങ്ങള്‍ അഭ്രപാളിയില്‍ നെയ്‌തെടുക്കാന്‍ അപാര കഴിവ് അന്നേ പ്രകടമായിരുന്നു. മറ്റൊരു സ്ഥിരം സന്ദര്‍ശകന്‍ ആര്‍ട് ഡയറക്ടര്‍ എന്ന നിലയില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്ന 'സാമിയേട്ടന്‍' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന കൊന്നനാട്ട് ആണ്. ഭേദപ്പെട്ട അംഗീകാരം കിട്ടിയ ഒരു ചരിത്രസിനിമ ഇറക്കിയ ശേഷം ചന്ദ്രതാര അടുത്ത ചിത്രം എന്ത് എന്ന ചോദ്യവുമായി നില്ക്കുന്ന അവസരമായിരുന്നു അത്.
നീലക്കുയില്‍ പുറത്തുവന്നിട്ട് 10 വര്‍ഷം തികയുന്ന 1964ല്‍ അവര്‍ വിലപ്പെട്ട മറ്റൊരു ചിത്രം കാഴ്ചവെക്കണമെന്ന് പ്രതിജ്ഞാബദ്ധരായിരുന്നു. ആ വേളയില്‍ ആണ് ബഷീറിന്റെ പരമുവുമൊത്തുള്ള അപ്രതീക്ഷിതമായ ആഗമനം. ബഷീര്‍ അവര്‍ക്ക് സ്വാഗതാര്‍ഹനായ അതിഥിയായിരുന്നു. എല്ലാം ഇണങ്ങിച്ചേര്‍ന്ന സൃഷ്ടിപരമായ ചുറ്റുപാട്.
സൗന്ദര്യാരാധകരും ചെറുപ്പക്കാരുമായ ഒരുകൂട്ടം ഫിലിം പ്രൊഫഷണല്‍ വിദഗ്ധര്‍. അവര്‍ക്കു വേണ്ടത് നീലക്കുയിലിനെ വെല്ലുന്ന തിരക്കഥ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ജീനിയസ് അവരുടെ ഇടയില്‍ വന്നുപെട്ടിരിക്കുന്നു. ബഷീറില്‍ സിനിമയുടെ രോഗാണുക്കള്‍ കുത്തിവെക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമുണ്ടായില്ല. അതിന്റെ ഫലമായിട്ടാണ് ബഷീറിന്റെ ആദ്യ തിരക്കഥ ഭാര്‍ഗവീനിലയം രൂപം കൊണ്ടത്. വിന്‍സെന്റിന്റെ ആദ്യത്തെ സംവിധാന സംരംഭം.
സിനിമാ ചര്‍ച്ചയോ തിരക്കഥ എഴുത്തോ മാത്രമായിരുന്നില്ല അവിടെ നടന്നത്. മറ്റു രസകരമായ പല സംഭവങ്ങളും ഉണ്ടായി. 'ചന്ദ്രതാര' അവരുടെ അന്തേവാസികള്‍ക്ക് നല്ല പച്ചക്കി ആഹാരം മാത്രമേ കൊടുത്തിരുന്നുള്ളു. മിക്കവര്‍ക്കും മറ്റുള്ള തിരക്കുണ്ടായതിനാല്‍ സിനിമാ ചര്‍ച്ച മിക്കവാറും രാത്രികളില്‍ മാത്രം. രാവിലെ ആയാല്‍ ബഷീര്‍ പരമുമൊത്ത് മത്സ്യമാംസ ഭക്ഷണാന്വേഷണാര്‍ഥം പട്ടണത്തിന്റെ വിവിധ കോണുകളിലേക്ക് യാത്രാകും. സുഹൃത്തുക്കളെ ഭയപ്പെടുത്താന്‍ തിളങ്ങുന്ന കഠാരിയും കൈയിലുണ്ടാവും. എന്റെ ഓഫീസ് ഒരു സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു; മറ്റു പല സുഹൃത്തുക്കളുടെ വീടുകളും. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബഷീര്‍ എഴുതിത്തുടങ്ങിയത് മദിരാശിയില്‍ നിന്നാണല്ലോ.
ഈ തോതിലുള്ള ആഹാര സമ്പാദനപ്രക്രിയ ബഷീര്‍ മുന്‍പുതന്നെ പ്രശസ്തമായി കൈകാര്യം ചെയ്തുവന്നതാണ്. ഇപ്പോള്‍ പ്രസിദ്ധീകരണം നിന്നുപോയ ജയകേരളത്തിനുവേണ്ടി എഴുതാന്‍ മാസങ്ങളോളം മദിരാശിയില്‍ തങ്ങിയപ്പോള്‍ പ്രസിദ്ധീകരണം കുറ്റമറ്റതാക്കി. ജയകേരളം ഉന്നത നിലവാരുള്ള അനുകാലിക പ്രസിദ്ധീകരണമായിരുന്നു. മദിരാശിയിലെ മറുനാടന്‍ മലയാളികളാണത് നടത്തിയിരുന്നത്. ജനതാപ്രസ്സില്‍ അച്ചടി. പ്രഗത്ഭനായ ഡോ. സി.ആര്‍. കൃഷ്ണപിള്ളയുടെ സൂപ്പര്‍വിഷന്‍. ബഷീര്‍ കുറേക്കാലത്തേക്ക് അതിന്റെ 'സ്ഥിരം കോളംനിസ്റ്റ്' ആയിരുന്നു. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഫലിതരസം തുളുമ്പുന്ന രീതിയില്‍ നഗ്‌നസത്യങ്ങള്‍ പോറലേല്പിക്കാതെ തനതായ ശൈലിയില്‍ ബഷീര്‍ മറുപടി നല്കി; 'നേരും നുണയും' എന്ന പംക്തിയില്‍. ജയകേരളത്തിന്റെ സാമ്പത്തികശേഷി നന്നേ മോശമായിരുന്നു. തന്മൂലം എഴുത്തുകാര്‍ക്കുള്ള പ്രതിഫലവും. ജനതാപ്രസ്സിന്റെ പിന്‍മുറിയില്‍ ബഷീര്‍ മറ്റ് ഒന്നു രണ്ടുപേരോടൊപ്പം മാസങ്ങള്‍, ചെലവഴിച്ചു. അതിനുശേഷമാണ് അവിടം വിട്ടിറങ്ങിയത്. അവര്‍ പലപ്പോഴും പാപ്പരായിരുന്നു. ഒരിക്കലും മടക്കിക്കൊടുക്കാത്ത ഡോ.പിള്ളയുടെ വായ്പകളാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയത്. അദ്ദേഹം എല്ലാവരുടെയും സുഹൃത്തായിരുന്നു. സാധാരണയായി 11 മണിക്ക് ഡോ. പിള്ള ഓഫീസിലെത്തും; കണക്കുകള്‍ പരിശോധിക്കാനും കത്തുകള്‍ നോക്കാനും. പലപ്പോഴും ബഷീറിന്റെ ഭീഷണിക്കുറിപ്പ് മേശപ്പുറത്തുണ്ടാകും. 'ഞങ്ങള്‍ പട്ടിണിയാണ്. കുറച്ചു പണം ആപ്പീസ് പ്യൂണിന്റെ വശം ഉടനടി കൊടുത്തയയ്ക്കുക അല്ലെങ്കില്‍ 'അണ്ടര്‍വെയറി'ല്‍ ഞാനവിടെ ഹാജരാകും ബഷീര്‍'.
ചിലപ്പോള്‍ ഡോ. പിള്ള മാന്യാതിഥികളോടൊപ്പമായിരിക്കും ഓഫീസിലേക്ക് വരിക. പിന്നെ ബഷീറിന് കുശാലായി. മാന്യന്മാരും കൂടി ഡോക്ടറുടെ കൂടെ ഇരിക്കുന്നുണ്ടെന്ന് ബഷീര്‍ വാതില്‍പ്പഴുതില്‍ക്കൂടി കണ്ടാല്‍ ഒരു റിമൈന്റര്‍ ഉടനെ അയയ്ക്കും: 'സംഖ്യ കൂട്ടിത്തരണം' അല്ലെങ്കില്‍ ഞാന്‍ നേരിട്ട് അങ്ങോട്ടു വരണോ?' അന്നത്തെ അലവന്‍സ് ഇരട്ടിയെങ്കിലുമായിരിക്കും.
വിഭവസമൃദ്ധമായ ഊണുകളും അത്താഴവിരുന്നുകളും ബഷീറിനെ സംബന്ധിച്ചിടത്തോളം സുഖകരമായിരുന്നു. തിളങ്ങുന്ന കഠാരിയും അതിന്റെ ഉടമയും ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഏത് ആതിഥേയനും ബഷീറിന്റെ കൂടെയുള്ള ഊണ് തികച്ചും ബുദ്ധിപരമായ ഒരു സത്കാരമായിരുന്നു.
ഭര്‍ഗവീനിലയത്തിന്റെ കഥാതന്തു നീണ്ട ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് തിരഞ്ഞെടുത്തത്., നീലവെളിച്ചം എന്ന ബഷീറിന്റെ തന്നെ കഥയാണാധാരം. 'വളവുതിരിവില്ലാത്ത കഥ പട്ടണപ്രാന്തത്തിലുള്ള ഒരു ഒഴിഞ്ഞ വീട്, ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ വേണ്ടി ഒരെഴുത്തുകാരന്‍ വാടകയ്‌ക്കെടുക്കുന്നു. ചുരുങ്ങിയ വാടക. എഴുത്തുകാരന്‍ സന്തോഷിച്ചു. പക്ഷേ, പിന്നീടാണ് അതൊരു പ്രേതബാധയുള്ള വീടാണെന്ന് അറിഞ്ഞത്. ആ വീടിന്റെ മുറ്റത്തുള്ള കിണറ്റില്‍ ഒരു പെണ്ണ് ചാടി മരിച്ചതാണ്. കാരണം, അവളുടെ കാമുകന്‍ മറ്റൊരുത്തിയുടെ പിന്നാലെ പോയി. ബഷീറിന്റെ മറക്കാനാവാത്ത കഥകളിലൊന്നാണത്; മലയാളത്തിലേയും. വിന്‍സന്റ് അഭ്രപാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ അത് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലെ എക്കാലത്തേയും മുതല്‍കൂട്ടായി. വിന്‍സന്റ്തന്നെ അത് ഡയറക്റ്റ് ചെയ്യണമെന്ന് ബഷീര്‍ ആദ്യമേ നിര്‍ദേശിച്ചു എന്നത് കലാമൂല്യത്തിന് അദ്ദേഹം കല്പിക്കുന്ന പ്രധാന്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്ന ഖ്യാതി വിന്‍സന്റിന് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതുവരെയും ചിത്രം ഡയറക്ട് ചെയ്തിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഭാര്‍ഗവിനിലയത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ വിന്‍സന്റ് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ഭാഗഭാക്കായ ഓരോ വ്യക്തിയും അതിന്റെ ഉന്നതമായ കലാമൂല്യത്തിന് കനത്ത സംഭാവന നല്കിയിട്ടുണ്ട്.
പി. ഭാസ്‌കരന്റെ ഗാനങ്ങളും ബാബുരാജിന്റെ സംഗീതാവിഷ്‌കരണവും നമുക്ക് ഒരു കാലവും മറക്കാനാവാത്തതാണ്. സിനിമയില്‍ പാട്ടുകള്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ നമ്മുടെ അഭിപ്രായം എന്തുതന്നെ ആയാലും രണ്ടുമൂന്ന് പാട്ടുകള്‍ വിന്‍സന്റ് ചിത്രീകരിച്ച രീതി മലയാള സിനിമാപ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തുവെക്കുന്നതാണ്. ആത്മാര്‍ഥതയില്ലാത്ത കാമുകന്റെ വേഷം നസീറും, താളംതെറ്റി ജീവിതമൊടുക്കിയ ഭാര്‍ഗവിയുടെ ഭാഗം വിജയനിര്‍മലയും അവിസ്മരണീയമായി അവതരിപ്പിച്ചു. അവര്‍ രണ്ടു പേരും പ്രേതങ്ങളായിട്ടാണ് അഭിനയിച്ചതെങ്കിലും വാത്സ്യല്യത്തോടുകൂടി മാത്രമേ നമുക്ക് ആ കഥാപാത്രങ്ങളെ ഓര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ആ വീടിന്റെ 'പ്രേതനിര്‍ഭരമായ' അന്തരീക്ഷം മലയാള ഭാഷയ്ക്ക് ഒരു പുതിയ ശൈലിതന്നെ സംഭാവന ചെയ്തു. ഭാര്‍ഗവീനിലയം പ്രേതപ്രേമ കഥയുടെ കുരുക്കില്‍പ്പെട്ട എഴുത്തുകാരനായ മധുവും സുഹൃത്ത് അടൂര്‍ഭാസിയും കാണികളുടെ മനസ്സിന്റെ ഉള്ളറക്കുള്ളില്‍ നിലയ്ക്കാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു. നിര്‍മാണ ചുമതല വഹിച്ച ആര്‍.എസ്. പ്രഭുവും എല്ലാം കണ്ടറിയാനുള്ള അപാരകഴിവുണ്ടായിരുന്ന നിര്‍മാതാവ് പരീക്കുട്ടിയും ഈ ചലച്ചിത്ര കലാസൃഷ്ടിയെ ഉന്നതമാക്കി. ബഷീര്‍ ആദ്യവസാനം ഷൂട്ടിങ്ങിന്റെ കൂടെയുണ്ടായിരുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഒരു വസ്തുതകൂടി ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ഭാര്‍ഗവീനിലയമാണ് ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥ. അദ്ദേഹത്തിന്റെ മറ്റു പല കഥകളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. പക്ഷേ, തിരക്കഥ അദ്ദേഹമല്ല എഴുതിയത്.