ബഷീര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. മലയാളികളായ നമ്മോടൊപ്പം ഇനി അദ്ദേഹത്തിന്റെ സാഹിത്യം മാത്രം. ബഷീറുമായി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ എനിക്ക് അദ്ദേഹം പക്ഷേ വേര്‍പിരിഞ്ഞുപോയതായി തോന്നുന്നില്ല. പരിചയം തുടങ്ങിയത് നേരില്‍ കണ്ടുമുട്ടുന്നതിനും എത്രയോ മുമ്പായിരുന്നു. അത് ഒരാത്മബന്ധമായി വികസിച്ചു. അദ്ദേഹം എനിക്ക് ഒരച്ഛനെപ്പോലെ. ഒരു സുഹൃത്തിനെപ്പോലെ. ഞാന്‍ ബഷീറിന്റെ കൂടെ ഒരു ആരാധകനായി എപ്പോഴും ഉണ്ടായിരുന്നു. മാനസികവിഭ്രാന്തിയെത്തുടര്‍ന്ന് ബഷീര്‍ ബുദ്ധിമുട്ടിയപ്പോഴും ആസ്ത്മ കടുത്തതിനെത്തുടര്‍ന്ന് ജീവശ്വാസത്തിനുവേണ്ടി പിടഞ്ഞിരുന്ന നാളുകളിലും ഈ ലോകത്തോട് വിടപറയുന്ന നേരത്തും എല്ലാം.
ബഷീറിന്റെ സാഹിത്യരചനകള്‍പോലെ അദ്ദേഹത്തിന്റെ ജീവിതവും ലളിതവും സുന്ദരവുമായിരുന്നു. സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാള്‍. ജീവിതത്തെ തലനാരിഴ കീറിമുറിച്ച് വിശകലനം നടത്തിയിരുന്ന ഒരു താത്ത്വികനായ സാഹിത്യകാരന്‍! എന്തിന്റെയും കാരണങ്ങള്‍ അന്വേഷിച്ച് ദുഃഖിച്ചും സന്തോഷിച്ചും സ്വയം മറുപടി പറഞ്ഞും ബഷീറിരിക്കുമ്പോഴെല്ലാം ഒരു മനോരോഗിയാണെന്ന് തോന്നിയിരുന്നു. ആ മനുഷ്യന്റെ ചിന്ത എഴുതുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ബഷീറില്‍ കണ്ടിരുന്ന ഒരു പ്രത്യേകത എല്ലാ ജീവജാലങ്ങളിലെയും സൗന്ദര്യം കണ്ടെത്തുന്ന അന്വേഷണമായിരുന്നു. ബഷീര്‍ സൗന്ദര്യാരാധകനായിരുന്നു. സത്യമാണ് സൗന്ദര്യമെന്ന് ബഷീര്‍ വിശ്വസിച്ചിരുന്നു. മരിച്ചുകഴിഞ്ഞ ഒരാളെക്കുറിച്ച് എഴുതുകയല്ല. ബഷീര്‍ എന്നില്‍ ഇന്നും നിറഞ്ഞുനില്ക്കുന്നു. ആ മനുഷ്യന്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ഒപ്പം ഒരദൃശ്യസാന്നിദ്ധ്യമായി.
ബഷീറിന്റെ കൂടെ സഹവസിക്കാന്‍ തുടങ്ങിയ കാലം എനിക്കോര്‍മ്മയുണ്ട്. സുന്ദരമായ ഒരു ജീവിതത്തിന്റെ മധ്യാഹ്നത്തിലെന്നുതന്നെ പറയാം. ബഷീറിന് അന്ന് നല്ല ആരോഗ്യമുണ്ടായിരുന്നു. അദ്ദേഹം പറയുന്ന ഫലിതങ്ങളും കഥകളും ഇന്നും കാതുകളില്‍ മുഴങ്ങുന്നു. ഒരു പിതാവിന്റെ കൂടെ ജീവിച്ച മാതിരി. കാലത്തിന്റെ ഒഴുക്കിലൂടെ മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ശോഷിച്ചുകൊണ്ടിരുന്നു. ഫയല്‍വാനായിരുന്ന ബഷീറില്‍ വാര്‍ധക്യത്തിന്റെ ചാഞ്ചാട്ടങ്ങള്‍ കണ്ടുതുടങ്ങി. കാലക്രമത്തില്‍ അദ്ദേഹത്തിന്റെ രൂപത്തിലും വ്യത്യാസങ്ങള്‍ വന്നു. മാനസികമായി അന്നും(എന്നും) ബഷീര്‍ യുവത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ പല്ലുകള്‍ക്ക് ബലക്ഷയം നേരിട്ടപ്പോള്‍ ഡോക്ടര്‍മാര്‍ അവ എടുത്തുമാറ്റണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം അത് സമ്മതിച്ചത്. എടുത്തുമാറ്റിയ പല്ലിനുപകരം പല സെറ്റുകളും വെച്ചു. ഒന്നിലും അദ്ദേഹം തൃപ്തനായിരുന്നില്ല. അവസാനം ആ പല്ലുകള്‍ തന്റെ പേരക്കുട്ടിയോട് ഉപയോഗിച്ചുനോക്കാന്‍ പറഞ്ഞ ആളാണ് ബഷീര്‍. ആ നാളുകളില്‍ ബഷീര്‍ തന്റെ ആരോഗ്യം നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങിയിരുന്നു. എങ്കിലും ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിരുന്നില്ല. ബേപ്പൂരിലെ സാധാരണക്കാരനായ ഒരാളെപ്പോലെ, യാത്രക്കാരനെപ്പോലെ, മത്സ്യത്തൊഴിലാളിയെപ്പോലെ, ബസ്സ് ജീവനക്കാരനെപ്പോലെ. അവരെല്ലാം കയറി ഭക്ഷണം കഴിക്കുന്ന ചെറിയ ഹോട്ടലില്‍ പോയി തികഞ്ഞ സംതൃപ്തിയോടെ അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണാന്‍ എന്ത് രസമായിരുന്നു!
നടന്നുപോകാന്‍ ബുദ്ധിമുട്ടായിത്തുടങ്ങിയപ്പോള്‍ അടുത്തുള്ള കുട്ടികളെ പറഞ്ഞുവിട്ട് അവരെക്കൊണ്ട് തനിക്കിഷ്ടപ്പെട്ട ആഹാരസാധനങ്ങള്‍ വരുത്തി ചുറ്റുമുള്ളവര്‍ക്കുകൂടി പങ്കുവെച്ചുകഴിക്കാന്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അടുക്കളയില്‍ കയറി വെപ്പുപണി എടുക്കാനും ബഷീറിന് വലിയ ഇഷ്ടമായിരുന്നു. തന്റെ കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച് സരസമായി സംസാരിച്ച് നമ്മെ കൊതിയന്മാരാക്കുന്ന കാര്യത്തിലും മുമ്പനായിരുന്നു ബഷീര്‍. കാലം കഴിയുന്തോറും ബഷീര്‍ കൂടുതല്‍ ക്ഷീണിതനായി. ആശുപത്രിയിലേക്കുള്ള യാത്രകള്‍. ഭക്ഷണം കഴിക്കാന്‍പോലും പരസഹായം വേണ്ട അവസ്ഥ. പലപ്പോഴും അക്കാര്യങ്ങളില്‍ സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥതയുള്ളവനാണ്.

എന്റെ ജീവിതത്തിലെ ആപത്ഘട്ടങ്ങളില്‍, സന്തോഷവും സന്താപവും ഉള്ള കാലങ്ങളിലൊക്കെ ബഷീര്‍ എനിക്ക് മാര്‍ഗനിര്‍ദ്ദേശം നല്കിയിരുന്നു. തനിക്കു ചുറ്റും റോസാപ്പൂക്കളും ഫലവൃക്ഷങ്ങളും പക്ഷികളും, പാമ്പ്, തേള്, കുറുക്കന്‍, കോഴി, ആട്, പശു തുടങ്ങിയ എല്ലാ ജീവജാലങ്ങളും ഉണ്ടാകണമെന്ന് ബഷീര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. സത്യമാണ് സൗന്ദര്യമെന്നു ബഷീര്‍ വിശ്വസിച്ചിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. സൗന്ദര്യമാണ് സത്യം എന്നും പറയാനാകും. തന്റെ സാഹിത്യംപോലെ സൗന്ദര്യപൂര്‍ണമാകണം തന്റെ ആകാരമെന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജീവിതത്തെ സംഗീതമയമാക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ അനേകം കഥകള്‍, പറയേണ്ടതായി വരും. സ്വന്തം കൈകൊണ്ട് ദിനചര്യകള്‍ ചെയ്യാന്‍ വിഷമമായിത്തുടങ്ങിയപ്പോള്‍ അക്കാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ എനിക്കവസരം കിട്ടിയിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ ബഷീറിന്റെ ക്ഷുരകനായി മാറിയത്. കാര്യം ഗൗരവമുള്ളതാണെന്ന് ഓര്‍ക്കണം. ബഷീര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നല്ലോ. അന്നത്തെ അനുഭവങ്ങള്‍ പലപ്പോഴായി പലയിടങ്ങളിലും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബഷീര്‍ ഒരു ക്ഷുരകന്റെ കൂട്ടുകാരനായി. ആ ക്ഷുരകന്റെ പണിയായുധങ്ങള്‍ ശേഖരിച്ച് ബഷീറും ക്ഷുരകന്റെ ജോലി ചെയ്തിരുന്നു. സൗന്ദര്യവത്കരണമായിരുന്നു ലക്ഷ്യം. മനുഷ്യന്‍ എന്നും സുന്ദരനായിരിക്കണം! താടിയും മുടിയും നീട്ടി വിരൂപിയായി ജീവിക്കാന്‍ ബഷീര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മരിക്കുന്നതിന് നാലുനാള്‍ മുമ്പ് ഞാനദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ തന്റെ മുഖം കൈകൊണ്ടു തടവി വളര്‍ന്നുനിന്നിരുന്ന വെള്ളിപോലെ വെളുത്ത രോമങ്ങള്‍ വടിച്ചുകളഞ്ഞാല്‍ കൊള്ളാമെന്നു പറഞ്ഞതും രസാവഹമായ രീതിയിലായിരുന്നു. ബഷീറിന് കണക്കില്‍ മൂന്നു ക്ഷുരകന്മാരായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫാബി. രണ്ട്, മകന്‍ അനീസ്. മൂന്ന്, പ്രധാന ക്ഷുരകന്‍ - ഞാന്‍ എന്ന രാജന്‍.
ഒരു ഫോട്ടോഗ്രാഫറായ ഞാനെങ്ങനെ ക്ഷുരകപ്രവൃത്തി പഠിച്ചു? ഫോട്ടോഗ്രാഫി, കുക്കിങ്ങ്, ചെടിവളര്‍ത്തല്‍, കക്കൂസും കുളിമുറിയും വൃത്തിയാക്കല്‍, കൃഷി, തുണികഴുകല്‍, പാത്രം കഴുകല്‍, കെട്ടിടനിര്‍മ്മാണം, കല്ലുചുമക്കല്‍, മരപ്പണി, റിക്ഷവലിക്കല്‍ മുതലായ ഒട്ടുമുക്കാലും ജോലികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം എന്റെതായ ഒരു പ്രത്യേകത ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം വ്യതിരിക്തമായൊരു സൗന്ദര്യത്തോടെ മാത്രമേ ചെയ്യാവൂ എന്നും ബഷീര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
ബഷീറിന്റെ മൃദുവായ കഷണ്ടിത്തലയുടെ ചുറ്റും പട്ടുനൂല്‍പോലെ അല്പസ്വല്പം മുടി ഉണ്ടായിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അവ മുറിച്ചു. തേജസ്സുറ്റ മുഖത്തെ വെള്ളിരോമങ്ങള്‍ റെയ്‌സറുപയോഗിച്ചു വൃത്തിയായി വടിച്ചുമാറ്റി, മരണത്തിനു നാലുനാള്‍ മുമ്പുപോലും മനോഹരമായി സൂക്ഷിച്ചിരുന്ന കുറ്റിമീശ ഡൈ ചെയ്തു ബഷീറിനെ ഒരുക്കി ഇരുത്തിയപ്പോള്‍, മരണം അദ്ദേഹത്തെ ഞങ്ങളില്‍നിന്നും ഇത്രപെട്ടെന്നു കൊണ്ടുപോകുമെന്നു കരുതിയിരുന്നില്ല. മകനായ അനീസ്, ബഷീറിന്റെ മുഖം വൃത്തിയാക്കുമ്പോള്‍ ക്ഷമ കാണിക്കാറില്ലെന്നും കരിമ്പിന്‍ കാട്ടില്‍ക്കയറിയ ആന മാതിരി താടിരോമങ്ങള്‍ പിടിച്ചുപറിച്ചെടുക്കുമെന്നും ഫലിതരൂപേണ അദ്ദേഹം പറഞ്ഞപ്പോള്‍ ബാര്‍ബര്‍മാരെക്കുറിച്ചൊരു കഥയെഴുതാമെന്ന് സമ്മതിച്ചിരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാരും ബാര്‍ബര്‍മാരും ഒക്കെ അദ്ദേഹത്തിന്റെ ബന്ധുക്കളായിരുന്നു. ശോഭനാപരമേശ്വരന്‍നായര്‍ എന്ന ഫോട്ടോഗ്രാഫറാണല്ലോ 'പാത്തുമ്മയുടെ ആട്' എഴുതുമ്പോള്‍ മനോരോഗാശുപത്രിയില്‍ ബഷീറിനോടൊപ്പമുണ്ടായിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയ ജീവിതം പല തീരങ്ങളിലടിഞ്ഞു വളര്‍ന്നപ്പോള്‍ സുഹൃത്തുക്കള്‍ തമ്മില്‍ കാണുക അപൂര്‍വമായി. എങ്കിലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അകല്‍ച്ച ഇല്ലായിരുന്നു. ബഷീറിന്റെ ചരമവാര്‍ത്ത അറിഞ്ഞ് തൃശ്ശൂരില്‍ നിന്നെത്തിയ പരമേശ്വരന്‍നായര്‍ എന്ന പരമു, നിശ്ചേഷ്ടനായി ബഷീറിനു പ്രിയപ്പെട്ട മരച്ചുവട്ടിലിരുന്നു വിതുമ്പുന്നത് പലരും കണ്ടില്ല. ബഷീറിന്റെ ഓര്‍മ്മകള്‍ തനിക്കു പ്രിയങ്കരനായ പരമുവിനെ സമാശ്വസിപ്പിച്ചിരിക്കാം.
ബഷീര്‍ അവസാനമായി ആശുപത്രിയിലേക്കു പോകുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. ഒപ്പം ഫാബിബഷീറും അനീസും വിനോദും ഞാനും. കല്ലായിപ്പാലത്തിന്റെ ഇക്കരവച്ച് ബഷീര്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ 'നമ്മള്‍ ആശുപത്രിയില്‍ പോകുകയാണെന്നു പറഞ്ഞു' ഞാനദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ? അല്ല അദ്ദേഹം ഞങ്ങളെ വിട്ടുപോകുകയായിരുന്നു എന്നു ഞാനറിഞ്ഞില്ല! ആ നീലവെളിച്ചം എന്നേക്കുമായി അണയുകയായിരുന്നു. ഞങ്ങളുടെ ഇരുളടഞ്ഞ ജീവിതപ്പാതയിലെ വെളിച്ചം ഇനി മനസ്സില്‍ മാത്രം.
(ബഷീര്‍:ഓര്‍മയ്ക്കപ്പുറം എന്ന പുസ്തകത്തില്‍ നിന്ന്)