മണക്കുന്നം വൈപ്പേല്‍ കായി അബ്ദുറഹ്മാനും പുത്തന്‍ കാഞ്ഞൂര് കുഞ്ഞാച്ചുമ്മയ്ക്കും ആറു മക്കളാണുള്ളത് - മുഹമ്മദ് ബഷീര്‍, അബ്ദുല്‍ ഖാദര്‍, ഫാത്തിമ എന്ന പാത്തുമ്മ, ഹനീഫ, അബൂബക്കര്‍, കുഞ്ഞാനുമ്മ.
കായി അബ്ദുറഹ്മാന്‍ സമ്പന്നനായ തടിക്കച്ചവടക്കാരനായിരുന്നു. മൂവാറ്റുപുഴയിലൂടെ ചങ്ങാടം കെട്ടി കൊച്ചിയിലേക്ക് മരത്തടികള്‍ കൊണ്ടുപോയി വിറ്റിരുന്നു, അദ്ദേഹം. തടി വലിക്കാന്‍ ആനകളെ വാടകയ്ക്ക് കൊണ്ടുവന്ന് നിര്‍ത്തി പണിയെടുപ്പിക്കുമായിരുന്നു. ഇങ്ങനെ വളരെ സമ്പന്നമായ നിലയില്‍ ജീവിച്ചുവരികയായിരുന്നു. കുറച്ചു നാളുകള്‍ക്കുശേഷം ഏതോ ഒരു വ്യവഹാരത്തില്‍പ്പെട്ട് കായി അബ്ദുറഹ്മാന്‍ പാപ്പരായി. വീട്ടില്‍ പട്ടിണിയുടെ നാളുകള്‍ കടന്നുവന്നു. എന്നാല്‍, എല്ലാ വിഷമതകള്‍ക്കിടയിലും അബ്ദുറഹ്മാന്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി.
മുഹമ്മദ് ബഷീറാണ് മൂത്ത മകന്‍. ബഷീറിനെ അലവൊ, കൊച്ചുമമ്മത്, കയ്യിട്ടുവാരി കൂതികൊച്ചാമു, മമ്മത്, എ.കെ.മുഹമ്മദ് എന്നിങ്ങനെയുള്ള ഇരട്ടപ്പേരുകള്‍ വിളിച്ചിരുന്നു. തലയോലപ്പറമ്പ് മുസ്‌ലിം എല്‍.പി. സ്‌കൂളിലാണ് ബഷീറും നേരെ അനുജന്‍ അബ്ദുല്‍ ഖാദറും പഠിച്ചിരുന്നത്. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നാല്‍ കുസൃതിക്കുടുക്കയുമായിരുന്നു. വീട്ടിലും സ്‌കൂളിലും കാണിക്കാത്ത വികൃതിത്തരങ്ങളില്ല.
വീട്ടില്‍നിന്നും ആറു കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. ഈ സ്‌കൂള്‍യാത്ര വളരെ രസകരമാണ് -- ഒന്നിച്ച് പത്തു കുട്ടികളെങ്കിലും കാണും. വീട്ടില്‍നിന്ന് രാവിലെ ഏഴുമണിക്ക് പുറപ്പെട്ടാല്‍ സ്‌കൂളിലെത്തുന്നത് പത്തുമണിക്കാണ്. അതുവരെ വികൃതിതന്നെ; വഴിക്കൊക്കെയുള്ള പറമ്പില്‍ കയറി മാങ്ങയും അമ്പഴങ്ങയും പറിച്ചു തിന്നും. അനുജന്‍ അബ്ദുല്‍ഖാദറിന് ഒരു കാലിന് ജന്മനാ സ്വാധീനമില്ല. ചട്ടനായതുകൊണ്ട് ചട്ടമ്പി എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. മാങ്ങയും അമ്പഴങ്ങയും അന്യരുടെ പറമ്പില്‍നിന്ന് കട്ടുതിന്നാന്‍ അബ്ദുല്‍ഖാദറിനെയും കൊണ്ടുപോകും. ഇതൊരു തന്ത്രമാണ്. മോഷണം നടത്തുന്നത് ആരെങ്കിലും പിടികൂടുകയാണെങ്കില്‍ ബഷീറും സംഘവും അബ്ദുല്‍ഖാദറിനെ പറമ്പില്‍ തള്ളിയിട്ട് ഓടിക്കളയും. ഉടമസ്ഥന്‍ പിടിച്ചുകൊണ്ടുപോകുന്നത് ഓടാന്‍ കഴിയാതെ വിഷമിക്കുന്ന അബ്ദുല്‍ഖാദറിനെയായിരിക്കും.
ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി. അലിക്കുഞ്ഞി എന്നൊരാളുടെ പറമ്പിലെ മാവില്‍ കയറി ബഷീറും സംഘവും ഇഷ്ടംപോലെ മാങ്ങ കട്ടുതിന്നു. അലിക്കുഞ്ഞി ഓടിവന്നപ്പോള്‍ പതിവുപോലെ അബ്ദുല്‍ഖാദറിനെ നിലത്തിരുത്തിക്കൊണ്ട് മറ്റുള്ളവര്‍ ഓടിമറഞ്ഞു. പപ്പുപിള്ള, എലഞ്ഞിക്കല്‍ ചെറിയാന്‍, മമ്മി, അന്തുക്കായ, കൊച്ചുരാമന്‍ എന്നിവരായിരുന്നു ബഷീറിന്റെ സംഘത്തിലുണ്ടായിരുന്നത്. അലിക്കുഞ്ഞും വീട്ടുകാരും കൈകോര്‍ത്ത് മഞ്ചല്‍പോലെയാക്കി അബ്ദുല്‍ഖാദറിനെ എടുത്ത് അയാളുടെ വീട്ടിലെ മുറിയില്‍ കൊണ്ടുപോയി അടച്ചിട്ടു. ഉച്ചയാകുന്നതുവരെ ഈ വീട്ടുതടങ്കല്‍ തുടര്‍ന്നു. ബഷീറും സംഘവും വിവരം അറിഞ്ഞു. അവര്‍ തടവില്‍നിന്നും അബ്ദുല്‍ഖാദറിനെ മോചിപ്പിക്കാന്‍ അലിക്കുഞ്ഞിന്റെ വീട്ടുപടിക്കല്‍ ബഹളംവെച്ചു. സംഘത്തിലെ നിമിഷകവിയായ കൊച്ചമ്മു ഒരു കവിത രചിച്ച് വീട്ടുപടിക്കല്‍ ചെന്ന് ഉച്ചത്തില്‍ പാടി:
''അലിക്കുഞ്ഞിന്റുമ്മാക്ക് തൂറ്റല്
എലിവെട്ടം കത്തിച്ച് നോക്കല്
നോക്കുമ്പം നോക്കുമ്പം തൂറ്റല്
തുമ്പ പറിച്ചിട്ട് തൂറ്റല്.....''
ഈ കവിത കേട്ട ഉടനെ അലിക്കുഞ്ഞും വീട്ടുകാരും ഓടിച്ചെന്ന് ബഷീറിനെയും സംഘത്തെയും പിടികൂടി പൊതിരെ തല്ലി. തടവിലായ അബ്ദുല്‍ഖാദറിനെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍ രസം അതല്ല, ഇങ്ങനെ തടവില്‍ പോകുന്നത് അബ്ദുല്‍ഖാദറിന് വളരെ ഇഷ്ടമായിരുന്നു. കാരണം, തടവുകാലത്ത് ഇഷ്ടംപോലെ ഭക്ഷണം കിട്ടും!
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു മോഷണസംഭവം ഉണ്ടായി. ഒരു പെണ്‍കുട്ടിയുടെ പക്കല്‍ ഒരു തലയ്ക്കല്‍ മഞ്ഞയും മറുതലയ്ക്കല്‍ കറുപ്പും നിറമുള്ള ചായപ്പെന്‍സില്‍ ഉണ്ടായിരുന്നു. ബഷീറും അബ്ദുല്‍ഖാദറും കൂടി അത് മോഷ്ടിച്ചു. എന്നിട്ട് പെന്‍സില്‍ പൊട്ടിച്ച് പകുതി പകുതിയാക്കി ഇരുവരും എടുത്തു. വൈകാതെ ഈ മോഷണം പിടിക്കപ്പെട്ടു. 'ഇക്കാക്കയാണ് മോടിച്ച'തെന്ന് അബ്ദുല്‍ഖാദറും 'താന്‍ അങ്ങിനെയൊരു പെന്‍സിലേ കണ്ടിട്ടില്ലെന്ന്' ബഷീറും പറഞ്ഞു. സംഭവമെന്തായാലും ക്ലാസ്സിലേക്ക് ബഷീര്‍ കടന്നുവരുമ്പോള്‍ പെണ്‍കുട്ടികള്‍ 'കള്ളന്‍ വരുന്നേ' എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചപ്പോള്‍ കൊച്ചുരാമന്‍ രംഗത്തിറങ്ങി. പെണ്‍കുട്ടികള്‍ക്കൊരു താക്കീതു നല്‍കി, 'ബഷീറിനെ എല്ലാരും ഇക്കാക്ക ഇന്നാണ് വിളിക്കുന്നത്. ഇക്കാക്കയെ ആരെങ്കിലും കള്ളനെന്നു വിളിച്ചാല്‍ ഞാന്‍ എല്ലാറ്റിനെയും ഇടിച്ചു പഞ്ചറാക്കും.' ഇതു പറയുക മാത്രമല്ല കൊച്ചുരാമന്‍ അടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ഒരു ഇടിയും കൊടുത്തു. ഇതോടെ ക്ലാസ്സില്‍ കൂട്ടനിലവിളിയായി. പ്രശ്‌നം ഗുരുതരമായപ്പോള്‍ ക്ലാസ്ടീച്ചറായ പുതുശ്ശേരി നാരായണപിള്ളസാര്‍ ഇടപെട്ടു. സംഭവം മുഴുവനും മനസ്സിലാക്കിയ ശേഷം നാരായണപിള്ളസാര്‍ അബ്ദുല്‍ഖാദറിനെ വിളിച്ച് ചെവിയില്‍ പറഞ്ഞു: 'നീ അനുജനാണ്. അതുകൊണ്ട് പെന്‍സില്‍ കട്ടത് നീയാണെന്ന് പറയണം. ബഷീറിനെ കള്ളനാക്കരുത്.' അബ്ദുല്‍ഖാദര്‍ അതുപോലെ പറഞ്ഞു. അതിനുശേഷം ബഷീറിനെ ആരും കള്ളനെന്നു വിളിച്ചില്ല. നാരായണപിള്ളസാറിന് ബഷീറിനെ വലിയ ഇഷ്ടമായിരുന്നു.
ബഷീര്‍ വീട്ടിലും വികൃതിയായിരുന്നു. ഉമ്മ ഒരു ചെറിയ കുടുക്കയില്‍ സൂക്ഷിച്ച നാണയങ്ങള്‍ ബഷീറും മറ്റൊരു അനുജനായ ഹനീഫയും കൂടി കട്ടു. രണ്ടുപേരും ഈ വിവരം ആരോടും പറയില്ല എന്ന ധാരണയില്‍ എത്തി. എന്നാല്‍, വീതംവെക്കലില്‍ കശപിശ ഉണ്ടായി. ഇക്കാക്ക പണം കട്ടെന്ന് ഹനീഫ ഉമ്മയോടു പറഞ്ഞു. ഇതറിഞ്ഞ ഉടനെ വീട്ടിനു പിന്നിലുള്ള ഒരു അടയ്ക്കാമരത്തില്‍ ബഷീറിനെ കെട്ടിയിട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കെട്ടിയിട്ട സ്ഥലത്ത് ബഷീറിനെ കാണാതായി. ഉമ്മയും മറ്റും അന്വേഷിക്കാന്‍ തുടങ്ങി. അപ്പോള്‍ അടയ്ക്കാമരത്തിന്റെ മുകളില്‍നിന്നും 'ഉമ്മാ, ഞാനിവിടെയുണ്ട്' എന്നൊരു ശബ്ദം. നോക്കുമ്പോള്‍ അടയ്ക്കാമരത്തില്‍ കെട്ടിയ കയര്‍ തളയാക്കിക്കൊണ്ട് ബഷീര്‍ മരത്തിന്റെ മുകളില്‍ കയറി ഇരിക്കുന്നു!
മാത്തന്‍കുഞ്ഞ് എന്ന മാത്യു മത്തായിയുടെ വീട്ടിലാണ് ബഷീര്‍ ഒഴിവുദിനങ്ങള്‍ ചെലവഴിച്ചത്. ബഷീര്‍ ജനിച്ച അതേ സമയത്താണ് മാത്തന്‍കുഞ്ഞും ഭൂജാതനായത്. അതുകൊണ്ട് ഇവരെ 'ഇരട്ട സഹോദരന്മാര്‍' എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ബാഡ്മിന്റണ്‍ ആണ് പ്രധാന കളി. ഞായറാഴ്ചദിവസങ്ങളില്‍ ബഷീര്‍ മിക്കവാറും മാത്തന്‍കുഞ്ഞിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഊണും ഉറക്കവും.
മുസ്‌ലിം എല്‍.പി. സ്‌കൂളില്‍നിന്നും ജയിച്ചശേഷം വൈക്കം ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. സ്‌കൂള്‍പഠനത്തോടൊപ്പംതന്നെ അഹമ്മദ് മുസ്‌ലിയാര്‍ വീട്ടില്‍ വന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. ഇംഗ്ലീഷ്, മത്തായിസാറും ഹിന്ദി, ശങ്കര്‍ജി എന്ന ശങ്കരന്‍നായര്‍സാറും പഠിപ്പിച്ചു. വൈക്കം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രാമയ്യര്‍സാറിന് ബഷീറിനെ വലിയ ഇഷ്ടമായിരുന്നു. വൈക്കത്ത് പഠിക്കുമ്പോള്‍ വൈക്കത്തഷ്ടമിനാള്‍ വരാന്‍ ബഷീര്‍ കാത്തിരിക്കുമായിരുന്നു. കാരണം, അക്കാലത്ത് ടൗണില്‍ പുസ്തകവില്പനക്കാര്‍ എത്തിച്ചേരും. അവരുടെ കൈയില്‍നിന്നും ചെറിയ കാശിന് വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടും. ചിലപ്പോള്‍ കാശ് കൊടുക്കാതെയും പുസ്തകം സംഘടിപ്പിക്കും. തലേദിവസം സൗജന്യമായി കിട്ടിയ പുസ്തകം, ചീത്തയാക്കാതെ പിറ്റേദിവസം തിരിച്ചുകൊടുക്കുകയെന്നതായിരുന്നു നിബന്ധന. വീട്ടിലെ ദാരിദ്ര്യംകൊണ്ട് ബഷീറിന് പുസ്തകം വായിക്കാനുള്ള സൗകര്യം കൂട്ടുകാര്‍ ചെയ്തുകൊടുത്തതായിരുന്നു. ഐതിഹ്യകഥകളും നോവലുകളും മറ്റും ഇങ്ങനെ വീട്ടില്‍ കൊണ്ടുപോയി രാത്രി മുഴുവന്‍ ഉറക്കമിളച്ച് ബഷീര്‍ വായിക്കും. പിറ്റേന്നു നേരം പുലര്‍ന്നാണ് ഒന്ന് മയങ്ങുക. അപ്പോള്‍ മുറ്റമടിക്കാന്‍ എത്തുന്ന നങ്ങേലി തലയില്‍ വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കും.
ഇങ്ങനെ വായിച്ച നോവലുകളിലെ ദുഷ്ടകഥാപാത്രങ്ങളും വില്ലന്മാരും മുസ്‌ലിംകളാണെന്ന് ബഷീര്‍ കണ്ടെത്തി. 'തന്റെ സമുദായത്തില്‍ ക്രൂരന്മാരും ദുഷ്ടന്മാരും മാത്രമേ ഉള്ളൂ?' ഈയൊരു ചിന്ത ബഷീറിനെ ബാല്യകാലത്തുതന്നെ അലട്ടിയിരുന്നു. താന്‍ വലുതായി ഒരു എഴുത്തുകാരനായി മാറുകയാണെങ്കില്‍ മുസ്‌ലിംസമുദായത്തിനും നന്മയുണ്ടെന്ന കാര്യം വെളിവാക്കുമെന്ന് ബഷീര്‍ അന്നുതന്നെ തീരുമാനിച്ചിരുന്നു.
കായി അബ്ദുറഹ്മാന്‍ ആണ്‍മക്കളെ മാത്രമല്ല പെണ്‍മക്കളെയും സ്‌കൂളില്‍ പഠിപ്പിക്കാന്‍ അയച്ചത് അന്ന് സമുദായത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കി. തിരുവിതാംകൂറില്‍ സര്‍ സി.പി. ഭരിക്കുന്ന കാലം. അന്ന് പഞ്ചായത്തില്‍ പൊതുകാര്യസഭ പ്രവര്‍ത്തിച്ചിരുന്നു. പള്ളിക്കമ്മിറ്റിയായിരുന്നു
മുസ്‌ലിംകളുടെ സാമൂഹികജീവിതരീതി നിയന്ത്രിച്ചിരുന്നത്. റാത്തീബ് കമ്മിറ്റി തുടങ്ങിയ യാഥാസ്ഥിതികരുടെ സഭയും ഉണ്ടായിരുന്നു.
എന്നാല്‍ അബ്ദുറഹ്മാന്‍ ഒരു നിഷേധിയായിരുന്നു. അന്ന് മുസ്‌ലിംകള്‍ക്കിടയില്‍ സദ്യവട്ടങ്ങള്‍ക്ക് ആറുപേര്‍ ഒരുമിച്ച് തിന്നുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അരോചകമായ ഈ ഏര്‍പ്പാടിനെതിരെ അബ്ദുറഹ്മാന്‍ ശബ്ദമുയര്‍ത്തി. ഓരോരാള്‍ക്കും ഭക്ഷണം കഴിക്കാന്‍ ഓരോ പാത്രം കിട്ടണമെന്ന ആവശ്യം ഉന്നയിച്ചതോടെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തുനിന്നും അബ്ദുറഹ്മാനുനേരെ എതിര്‍പ്പുകളുണ്ടായി. ഇതു കൂടാതെ കുപ്പായവും തട്ടവുമിട്ട് ഇളയ മകള്‍ കുഞ്ഞാനുമ്മയെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അയച്ചതും വിവാദമായി.
ബഷീര്‍ അന്നത്തെ മുസ്‌ലിം സമ്പ്രദായമനുസരിച്ച് മൊട്ടയടിച്ചില്ല. പകരം മുടി ക്രോപ്പ് ചെയ്തു. ഇങ്ങനെ നിലവിലുള്ള ക്രമം വിട്ട് അബ്ദുറഹ്മാനും കുടുംബവും മാറ്റത്തിന്റെ പാതയിലേക്ക് പോയപ്പോള്‍ മക്കളൊക്കെ പിഴച്ചുപോകുമെന്ന് അമ്മാവന്‍ താക്കീതു നല്‍കി. നാട്ടിലാണെങ്കില്‍ ഇസ്മയില്‍കുട്ടി, കൊച്ചിക്കായി തുടങ്ങിയ ഗുണ്ടകള്‍ പലതരം ആക്ഷേപങ്ങളും പറഞ്ഞുപരത്തി. ഈ സന്ദര്‍ഭത്തിലാണ് ബഷീര്‍ ഒരു കൊച്ചുപിച്ചാത്തി അരയ്ക്ക് കെട്ടി നടന്നത്. ആ പിച്ചാത്തി കൊണ്ട് ആരെയും കുത്തുകയോ ബഹളം കൂട്ടുകയോ ചെയ്തില്ലെങ്കിലും നാട്ടില്‍ പരക്കെ ഇതൊരു സംസാരവിഷയമായി. തന്നെയോ തന്റെ കുടുംബത്തെയോ പറ്റി ആരെങ്കിലും മോശമായി സംസാരിക്കുന്നതു കണ്ടാല്‍ ഈ പിച്ചാത്തി മെല്ലെ കൈയിലെടുത്തുകൊണ്ട് അവരുടെ അടുക്കലേക്കു ചെല്ലും. അതോടെ എതിരാളികള്‍ നിശ്ശബ്ദരായി മാറിക്കളയും. പില്‍ക്കാലത്തും ബഷീര്‍ ഒരു കഠാരി എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്നു.
ബാല്യകാലത്തിന്റെ കുസൃതികള്‍ക്കിടയില്‍ ഒരു പ്രേമമുണ്ടായി-- സുഹ്‌റ. 'ബാല്യകാലസഖി'യിലെ നായിക. തൊട്ടപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി. ക്ലാസ്സില്‍ കണക്കിന് ബഷീര്‍ എന്നും പരാജയമായിരുന്നു. ഒന്നും ഒന്നും കൂട്ടിയാല്‍ ഉമ്മിണി വലിയ ഒന്ന് എന്ന മറുപടി പറഞ്ഞതോടെ ബഷീര്‍ ഒരു പരിഹാസ കഥാപാത്രമായി മാറി. അപ്പോഴൊക്കെ താന്‍ എഴുതിയ കണക്ക് ആരും കാണാതെ കാണിച്ചുകൊടുത്ത് ബഷീറിനെ രക്ഷിച്ച ബാല്യകാലസഖി... പക്ഷേ, ഈ പ്രേമം ഒരു ദുരന്തകഥയായി പരിണമിക്കുകയാണ് ഉണ്ടായത്.
വൈക്കം സ്‌കൂളില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്ന കാലത്താണ് മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഗാന്ധിജിയുടെ ഈ സന്ദര്‍ശനം ബഷീറിന്റെ പില്‍ക്കാല ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു സംഭവമാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ച ചരിത്രപ്രാധാന്യമുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം. എല്ലാ അധഃകൃത ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഒരു ഘട്ടത്തില്‍ സവര്‍ണഹിന്ദുക്കള്‍ സത്യഗ്രഹികളുടെ കണ്ണുകളില്‍ പച്ചച്ചുണ്ണാമ്പ് കുത്തിനിറച്ചു, ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഈ സംഭവം തിരുവിതാംകൂറില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി. ഗാന്ധിജി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സത്യഗ്രഹികളെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഗാന്ധിജിയെ സ്വീകരിക്കാന്‍ വൈക്കം ബോട്ടുജട്ടിയിലും കായലോരത്തും വന്‍ ജനക്കൂട്ടം കാത്തുനിന്നു. ക്ലാസ്സില്‍ പോകാതെ ബഷീറും കുറേ വിദ്യാര്‍ഥികളും 'അര്‍ധനഗ്നനായ ഫക്കീറി'നെ കാണാന്‍ ചെന്നു. ഒരു ബോട്ടില്‍ ഗാന്ധിജി വരുന്നതു കണ്ടപ്പോള്‍ത്തന്നെ അവിടെ തിങ്ങിനിറഞ്ഞ ജനസഹസ്രം ഒന്നിച്ചു വിളിച്ചു, അത് കാറ്റിനും ആകാശത്തിനും മീതെ ഇരമ്പുന്ന ഗര്‍ജ്ജനമായി... 'മഹാത്മാഗാന്ധീ കീ േേജേയ്.....' ബഷീറിന്റെ കാതുകളില്‍നിന്നും ഹൃദയത്തിലേക്കു വീണ തീത്തൈലമായി ആ വിളികള്‍. ലോകം മുഴുവനും വിടര്‍ന്ന കണ്ണോടെ മാത്രം നോക്കുന്ന ഗാന്ധിജിയെ നേരില്‍ കണ്ടപ്പോള്‍, ദര്‍ശനത്തിലൂടെ ആ തേജസ്സ് ഉള്ളിലേക്ക് കയറി. ഇനി സ്പര്‍ശിക്കുകയേ വേണ്ടൂ... പല്ല് പോയ മോണ കാട്ടി നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഗാന്ധിജി കരയ്ക്കിറങ്ങി. പിന്നീട് തുറന്ന കാറില്‍ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ക്കൂടി കാര്‍ സത്യഗ്രഹാശ്രമത്തിലേക്ക് പതുക്കെ നീങ്ങി. ആള്‍ക്കൂട്ടത്തില്‍ ബഷീറുമുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലെ ആഗ്രഹം ആവേശമായി മാറിയത്--ഗാന്ധിജിയെ ഒന്ന് തൊടണം! ആയിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ ബഷീര്‍ ആ മോഹം നിറവേറ്റുകതന്നെ ചെയ്തു--ഗാന്ധിജിയുടെ വലത്തു തോളില്‍ ആദ്യമൊന്നു തൊട്ടു. ഇതിനിടയിലെ തിക്കിനും തിരക്കിനുമിടയില്‍ പെട്ട് വീഴാതിരിക്കാന്‍ കാറിന്റെ സൈഡില്‍ പിടിച്ചു. അപ്പോഴുണ്ട് ഗാന്ധിജി ബഷീറിനെ നോക്കി പുഞ്ചിരിക്കുന്നു.
ഗാന്ധിജിയെ തൊട്ട സംഭവം മറ്റു പലര്‍ക്കുമുണ്ടായിട്ടുണ്ടാകാം. കെട്ടിപ്പിടിക്കുകയും കാലില്‍ വീഴുകയും ചെയ്തവരുണ്ടാകാം. പക്ഷേ, ബഷീറിന് ഇത് 'ഹീലിങ് ടച്ചാ'യിരുന്നു. അസ്വാതന്ത്ര്യത്തിന്റെ മഹാദുഃഖങ്ങള്‍ ദൃശ്യവും അദൃശ്യവുമായ രീതിയില്‍ വ്രണപ്പെടുത്തിയപ്പോള്‍ പ്രവാചകതുല്യനായ ഗാന്ധിജിയെ തൊട്ടത്, വൈദ്യുതകമ്പനമായി മാറുകയായിരുന്നു. അന്ന് സന്ധ്യയ്ക്ക് വീട്ടില്‍ ചെന്ന് ഗാന്ധിജിയെ തൊട്ടത് ഉമ്മയോട് പറഞ്ഞു. ഗാന്ധിജി എന്ത് സാധനമാണെന്ന് അറിയാത്ത ഉമ്മ പേടിച്ചുപോയി. അമ്പരപ്പോടെ ബഷീറിനെ നോക്കി പറഞ്ഞു: 'ഓ, എന്റെ മോനേ...' അപ്പോള്‍ ബഷീര്‍ മഹാത്മാഗാന്ധിയെപ്പറ്റി ഉമ്മയ്ക്ക് പറഞ്ഞുകൊടുത്തു. ഉമ്മയുടെ സംശയം മറ്റൊന്നായിരുന്നു: 'മോനേ, ഈ കാന്തി നമ്മടെ പഷ്ണി മാറ്റുമോ?'
ബഷീര്‍ ഗാന്ധിജിയെ തൊട്ട സംഭവം ബാപ്പ അറിഞ്ഞു. നാട്ടിലതൊരു പാട്ടായി. 'ഗാന്ധിജിയെ തൊട്ട എന്നെ കണ്ടോളിന്‍ നാട്ടാരെ' എന്ന ഭാവത്തില്‍ നടക്കാനും തുടങ്ങി. ബാപ്പയും സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി. തടിക്കച്ചവടത്തിന് എറണാകുളത്തു പോയിവരുമ്പോള്‍ കുറേ ചിത്രങ്ങള്‍ കൊണ്ടുവരുമായിരുന്നു--ഗാന്ധിജി, മൗലാനാ അബുല്‍കലാം ആസാദ്, ഡോ. കിച്ച്‌ലു, ജവഹര്‍ലാല്‍ നെഹ്‌റു, മോട്ടിലാല്‍ നെഹ്‌റു, മൗലാനാ മുഹമ്മദലി, ഷൗക്കത്തലി എന്നീ നേതാക്കളുടെ മനോഹരമായ ചിത്രങ്ങള്‍. ബഷീര്‍ അതൊക്കെ ചുമരില്‍ ഒട്ടിച്ചുവെക്കും. ഇതിനു പുറമെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ചുടുവാര്‍ത്തകളുമായി പത്രങ്ങള്‍ വന്നെത്തും. ബഷീര്‍ നാട്ടുകാര്‍ക്ക് പത്രം വായിച്ചുകൊടുക്കും. ഔസേഫ് മാപ്പിളയും കേശവന്‍നായരും പിന്നെ കുറേ നാട്ടുകാരുമായിരുന്നു ബഷീറിന് പത്രം എത്തിച്ചുകൊടുത്തത്. രാവിലെ വീട്ടുമുറ്റത്ത് കട്ടന്‍ചായയും കുടിച്ച് മുറുക്കിത്തുപ്പിക്കൊണ്ട് അവര്‍ വന്നിരിക്കും, ബഷീര്‍ ഉറക്കെ പത്രം വായിക്കുന്നതു കേള്‍ക്കാന്‍. ബഷീറിനെക്കൂടാതെ മറ്റൊരാള്‍കൂടി ഈ പത്രം വായനക്കാരനായി രംഗത്തുണ്ടായിരുന്നു. കെ.ആര്‍.നാരായണന്‍. അന്ന് കെ.ആര്‍. നാരായണന്‍ മിക്ക പത്രങ്ങളുടെയും പ്രാദേശിക ലേഖകനായിരുന്നു.
ബഷീര്‍ അന്ന് ഖദര്‍വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. ഉമ്മ ചോദിച്ചു: 'നിന്റെ കാന്തിക്ക് എവിടന്ന് കിട്ടിയെടാ ചാക്കുപോലെത്ത ഈ പുഷ്‌ക്കടിമുണ്ട്?' ഖദറിട്ടപ്പോള്‍ വൈക്കം ഇംഗ്ലീഷ്‌സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ചോദിച്ചു: 'ഈ ഖദര്‍ നിന്റെ ബാപ്പയിട്ടിട്ടുണ്ടോടാ?' വൈക്കം ക്ഷേത്രപ്രവേശന സത്യഗ്രഹാശ്രമത്തില്‍ ബഷീര്‍ നിത്യസന്ദര്‍ശകനായി. രാവിലെ നേരത്തെ വീട്ടില്‍നിന്നും പുറപ്പെടും. അഞ്ച് മൈല്‍ കാല്‍നടയാണ്. എന്നാല്‍ ആശ്രമത്തില്‍ കയറിയ ശേഷമേ സ്‌കൂളില്‍ പോവുകയുള്ളൂ. അപ്പോഴേക്കും ക്ലാസ്സില്‍ കയറാനുള്ള മണി അടിച്ചുകഴിഞ്ഞിരിക്കും. സത്യഗ്രഹികളുടെ സമരവും ആവേശവും ഞരമ്പുകളെ ചൂടുപിടിപ്പിച്ച നേരത്താണ് ക്ലാസ്സിനെപ്പറ്റി ഓര്‍മവരിക. പോലീസും സവര്‍ണരും ഒത്തുചേര്‍ന്ന് സമരക്കാരെ മര്‍ദിക്കുന്നത് ബഷീര്‍ നേരില്‍ കണ്ടു. കണ്ണുകളില്‍ ചുണ്ണാമ്പ് തേയ്ക്കുക, അടിയേറ്റു വീണവരുടെ മേല്‍ മൂത്രമൊഴിക്കുക, കരിങ്കല്ലുകൊണ്ട് പല്ല് ഇടിച്ചുപൊളിക്കുക--ഇതൊക്കെയായിരുന്നു സവര്‍ണരുടെ മര്‍ദനരീതി. എന്നാല്‍, അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്നതോ, മിക്കവാറും സവര്‍ണരിലെ നല്ല മനുഷ്യര്‍തന്നെ! സത്യഗ്രഹപന്തലില്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍, ടി.കെ.മാധവന്‍, കെ.പി. കേശവമേനോന്‍ എന്നീ നേതാക്കളെ ബഷീര്‍ കണ്ടിട്ടുണ്ട്. എല്ലാറ്റിനും പുറമെ വൈക്കത്തെ ഇണ്ടന്‍തുരുത്തിമനയിലെ നമ്പൂതിരിമാരും സമരത്തിന്റെ തീച്ചൂളയിലുണ്ടായിരുന്നു.
ഇങ്ങനെ സത്യഗ്രഹാശ്രമത്തില്‍നിന്നും വൈകിവരുന്ന ബഷീറിനെ, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വെങ്കിടേശ്വര അയ്യര്‍ തടഞ്ഞുനിര്‍ത്തി. എന്നിട്ട് ചോദിച്ചു: 'നീ എവിടെയായിരുന്നു, ഇത്രനേരം?' ബഷീര്‍ കളവ് പറഞ്ഞില്ല. ഉടനെ പരിഹാസമായി, 'നിന്റെ ബാപ്പയുണ്ടോടാ ആശ്രമത്തില്‍?' എന്നിട്ട് പൊതിരെ തല്ലി. ക്ലാസ്സിലേക്ക് പോകുമ്പോള്‍ പുറത്തും കിട്ടി തല്ല്, ഉഗ്രശാസനയോടെ: 'ഇനി നീ സത്യഗ്രഹാശ്രമത്തില്‍ പോയാല്‍ നിന്നെ സ്‌കൂളില്‍നിന്നുതന്നെ പുറത്താക്കും!' ബഷീര്‍ തളര്‍ന്നില്ല. എല്ലാ ദിവസവും ആശ്രമത്തില്‍ ചെന്നുകൊണ്ടിരുന്നു. ഖദര്‍വസ്ത്രം ഉപേക്ഷിച്ചില്ല. മാത്രമല്ല, ഉമ്മയോട് പറഞ്ഞു: 'ഞാന്‍ മരിച്ചുപോയാല്‍ എന്നെയീ ഖദറില്‍ അടക്കം ചെയ്യണം.'
അങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം മുറ്റിനിന്ന അന്തരീക്ഷത്തില്‍, നിഷേധത്തിന്റെ ബാല്യകാലം കടന്നുപോവുകയായിരുന്നു. കലുഷവും അസ്വസ്ഥവുമായ പുറംലോകത്തിന്റെ ഉച്ചവെയിലില്‍ അല്പം ശാന്തത നല്‍കിയത് പുസ്തകങ്ങളായിരുന്നു. സാമൂഹികവിലക്കുകള്‍ ലംഘിച്ചുകൊണ്ട് ബാപ്പ മകനെ മലയാളവും ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാനയച്ചിരുന്നല്ലോ. 'കാഫറിന്റെ ഭാഷ' പഠിച്ച ബഷീര്‍ പിന്നെ വായനയുടെ ലോകത്തേക്ക് കടന്നു. എന്നാല്‍ വീട്ടിലെ സ്ഥിതി പരമദയനീയമായിരുന്നു. പഠിപ്പും സത്യഗ്രഹാശ്രമത്തിലേക്കുള്ള പോക്കുമായി കഴിഞ്ഞ ബഷീറിനെ വീട്ടിലെ ദാരിദ്ര്യം വല്ലാതെ ഉലച്ചു. സ്‌കൂളില്‍ ഉച്ചനേരത്ത് പച്ചവെള്ളം കുടിച്ചാണ് വയര്‍ നിറച്ചത്.
മക്കളെ പഠിപ്പിക്കണം, വീട്ടിലെ ചെലവ് നോക്കണം, പിന്നെ കഴുത്തറ്റം വരെ കടവും. ബാപ്പ ദുഃഖിതനും നിരാശനുമായി. സ്‌നേഹാര്‍ദ്രത പരുഷമായ പെരുമാറ്റത്തിന് വഴിമാറി. ഒരു റമദാനിലെ സന്ധ്യയ്ക്ക് ബഷീറിനെ ബാപ്പ അടിച്ചു--പാടത്ത് കൊയ്തുമെതിച്ച് ഉണക്കിയിട്ടിരുന്ന നെല്ല് വള്ളത്തില്‍ കൊണ്ടുവരാന്‍ ബഷീറിനോട് പറഞ്ഞിരുന്നു. എന്നാല്‍ നെല്ല് കൊണ്ടുവരാതെ ബഷീര്‍ ഉഴപ്പി. ഇതിനെത്തുടര്‍ന്ന് വഞ്ചിക്കാര്‍ നെല്ല് വഴിക്ക് വാരി വിറ്റു. ഉണ്ണാനില്ലാതെ പട്ടിണികിടക്കുന്നതിനിടയിലാണ് കടമായി കിട്ടിയ നെല്ല് ഇങ്ങനെ കളഞ്ഞത്. സന്ധ്യയ്ക്ക് ബാപ്പ കയറിവന്നത് ദുഃഖവും കോപവും ചേര്‍ന്ന വികാരത്തോടെയാണ്. വന്നപാടെ ബഷീറിന്റെ കരണത്ത് ഊക്കനടി കൊടുത്തു. പിന്നെയും പിന്നെയും തല്ലി. തടുക്കാന്‍ വന്ന ഉമ്മയെയും തല്ലി. അടുക്കളയിലെ പാത്രങ്ങളെല്ലാം എറിഞ്ഞുടച്ചു. രണ്ട് സഹോദരിമാരും ഉറക്കെ കരഞ്ഞു. പിന്നെ കുറേ നേരത്തേക്ക് മൂകതയായി. ഇരുട്ടില്‍ ഇരുന്ന് ബഷീറും കുറേനേരം കരഞ്ഞു. തന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരുമില്ല എന്നു തോന്നിയപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ആ നേരം ബാപ്പ പൊട്ടിത്തെറിക്കുകയായിരുന്നു: 'പോടാ, പോ, നീ രാജ്യോക്കെ ചുറ്റി ഒന്നു പഠിച്ചിട്ടു വാ...' ബഷീറിനെ ഇത് സ്തബ്ധനാക്കി. തന്റെ ബാല്യകാലത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് അറിയാതെ തിരിഞ്ഞുനോക്കി... സത്യഗ്രഹാശ്രമത്തിലേക്ക് പോയാല്‍ ക്ലാസ്സില്‍നിന്ന് ഡിസ്മിസ് ചെയ്യും എന്ന ഹെഡ്മാസ്റ്ററുടെ ഭീഷണിയും തല്ലും ഒരു ഭാഗത്ത്. വീട്ടിലെ ദാരിദ്ര്യവും തനിക്ക് താഴെയുള്ള സഹോദരങ്ങളുടെ പഠിത്തം നിന്നുപോകുമോ എന്ന ആശങ്ക മറുഭാഗത്ത്. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ക്ക് നടുവിലായി ബാല്യകാലസഖി സുഹറയും.
അസ്വസ്ഥമായ നിമിഷങ്ങള്‍ കടന്നുപോകവേ, ബഷീര്‍ ഒരു തീരുമാനമെടുത്തു--നാടുവിടുക. പിന്നെ മറ്റൊന്നും ആലോചിച്ചില്ല--ആ രാത്രിയില്‍ ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ച്, ഒന്നു തിരിഞ്ഞുനോക്കി ഇരുളിലേക്ക് നടന്നു. പോകുംമുമ്പ്, തന്റെ ബാല്യകാലസഖിയെ ഒന്നു കാണണമെന്നുണ്ടായിരുന്നു...
'...പതിവായി ഇരിക്കാറുള്ള മാവിന്‍ചുവട്ടില്‍, ഇരുളിന്റെ ഏകാന്തതയില്‍ നിന്നു. ദൂരത്തായി സുഹറയുടെ മനോഹരശബ്ദം മുഴങ്ങി. മണ്ണെണ്ണവിളക്കിനു മുമ്പിലിരുന്ന് അവള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ഇടയ്ക്ക് അവള്‍ മുഖമുയര്‍ത്തി മാവ് നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. എന്തോ കേള്‍ക്കാനെന്നപോലെ കണ്ണുകള്‍ നിശ്ചലങ്ങളായി... കുറേസമയം ഇരുന്നിട്ട് സുഹ്‌റ വീണ്ടും വായന തുടര്‍ന്നു.
'സുഹ്‌റാ...!' മജീദ് വിളിച്ചു. ചുണ്ട് കൂട്ടിയാണ്; ഹൃദയത്തില്‍ ഉറച്ചു വിളിക്കണമെന്നു തോന്നി. ഒടുവിലത്തെ യാത്ര പറയാം. വേണ്ട...!' ബാല്യകാലസഖിയിലെ മജീദ്, ബഷീര്‍ തന്നെയായിരുന്നല്ലോ.