സമാന്തരസംസ്‌കാരത്തിന്റെ പ്രശ്‌നങ്ങള്‍

Posted on: 30 Sep 2011

നമ്മുടെ സമുദായത്തില്‍ എപ്പോഴും അംഗീകരിക്കപ്പെടുന്ന യാഥാസ്ഥിതികമായ, ജയിക്കുന്ന ഒരു വിഭാഗവും എപ്പോഴും തോറ്റുകൊണ്ടിരിക്കുന്ന, അതുകൊണ്ടുതന്നെ എതിര്‍ക്കുകയും കലഹിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗവും എന്നുമുണ്ടായിരുന്നു. കാലത്തിന്റെ പ്രയാണത്തില്‍ നാം അതൊക്കെ മറന്നുപോവുന്നു. ചരിത്രസത്യങ്ങളെ നാം മറവിയിലേക്കാഴ്ത്തുന്നു. റോസിയുടെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍പോലും എം.പി. പോള്‍ ആരായിരുന്നുവെന്ന് നാമോര്‍ക്കാറില്ല. അദ്ദേഹം സെന്റ് തോമസ് കോളേജില്‍നിന്ന് ഒഴിവാക്കപ്പെട്ട് അതിന്റെ അധിപനായ ബിഷപ്പിന്റെ അരമനയ്ക്കു മുന്നിലെ ഒരു വാടകക്കെട്ടിടത്തില്‍ ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങി ഒരു സമാന്തരസംസ്‌കാരം സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കാറില്ല. നമുക്കൊക്കെ ഇരുന്ന സ്ഥലത്തുനിന്നും ഇറങ്ങിപ്പോകാന്‍ വലിയ മടിയാണ്. എവിടെയെങ്കിലും ഒന്ന് ഇരുന്നുകിട്ടിയാല്‍ മതി. അങ്ങനെ സമുദായത്തിലെ ആര്‍ക്കും നമ്മെ ഇരുത്താമെന്ന നിലവരുന്നു. ഇതില്‍ ചിലര്‍ ഇരിക്കപ്പൊറുതിയില്ലാതെ അസ്വസ്ഥരായിത്തീരുകയും ഇരിപ്പിടം വിട്ട് പുറത്തുപോവുകയും അവരുടെ ആസ്ഥാനങ്ങളെ ചോദ്യം ചെയ്യുകയും സമാന്തരമായ ഒരു സംസ്‌കൃതി, ഒരുപക്ഷേ, നാളത്തെ സംസ്‌കാരംതന്നെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ ഇതിനുവേണ്ടി ത്യാഗവും കഷ്ടപ്പാടുമനുഭവിച്ച വ്യക്തികളെ നാമോര്‍ക്കാറില്ല.

ചങ്ങമ്പുഴ ക്ലാസ്സില്‍നിന്നു പുറത്താക്കപ്പെട്ട ഒരാളാണ്. പുറത്തപോകുമ്പോള്‍ രണ്ടുവരി കവിത ക്ലാസ്ടീച്ചറെ ഏല്പിക്കുന്നുണ്ട് അദ്ദേഹം. ആ കവിത അനശ്വരമാണ്. ആ ടീച്ചറെ നാമാരും ഓര്‍ക്കാറില്ല. ഇതൊരു അസാമാന്യസംഭവമാണ്. അതായത്, നിഷ്‌കാസിതനായ മനുഷ്യന്‍ പിന്നീട് തന്റെ സിംഹാസനം കണ്ടെത്തുകയും അവന്റെ സിംഹാസനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയും വീണ്ടും അവന്‍ വിപ്ലവകാരിയായിത്തീരുകയും യാഥാസ്ഥിതികതയുണ്ടാവുകയും ചെയ്യുന്നുവെന്ന ചരിത്രനൈരന്തര്യത്തിന്റെ ഒരു ഭാഗത്താണ് നാം നില്‍ക്കുന്നത്.

കേരളം കണ്ട പല പത്രപ്രവര്‍ത്തകരും ഇന്നും നമ്മുടെ ഓര്‍മയില്‍ സജീവമല്ല. എന്നാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാമിന്നും ഓര്‍ക്കുന്നു. തന്നെ വിമര്‍ശിച്ച് പത്രത്തില്‍ എഴുതിയതിന് ദിവാന്‍ രാജഗോപാലാചാരി അദ്ദേഹത്തെ തിരുവിതാംകൂറില്‍നിന്നു പുറത്താക്കിയതാണ്. അങ്ങനെ തിരസ്‌കൃതനായതുകൊണ്ട് സ്വന്തം സിംഹാസനം കണ്ടെത്താന്‍ സ്വദേശാഭിമാനിക്കു കഴിഞ്ഞു. പുറത്താക്കപ്പെടാതെ ആരുടെയോ അകത്തളങ്ങളില്‍ വ്യാപരിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ നമ്മുടെ വിസ്മൃതിയുടെ ചെപ്പുകളില്‍ കുരുങ്ങിക്കിടക്കുകയാണ്.

നമ്മുടെ സമുദായത്തിലെ തെറ്റുകള്‍ നമ്മെ ബോധ്യപ്പെടുത്താനാണ് ആശാന്‍ കവിതകള്‍ എഴുതിയത്. നമ്മുടെ ദാമ്പത്യബന്ധവും സ്‌നേഹബന്ധവും വെറും പ്രഹസനമായിത്തീരുന്നുവെന്ന സത്യം ആശാന്‍ നമ്മോടു പറയുകയുണ്ടായി. സമുദായമര്യാദയുടെ ഭാഗമായിത്തീരാന്‍വേണ്ടി തങ്ങളുടെ ഹൃദയങ്ങളെ മൂടിവെക്കാന്‍ വിധിക്കപ്പെടുകയാണ് ഒരു യുവാവും യുവതിയും എന്നും, നിരന്തരം അസത്യം പറയുവാനും പ്രവര്‍ത്തിക്കുവാനും നാം നിയുക്തരായിരിക്കുന്നുവെന്നും നമ്മെ ബോധ്യപ്പെടുത്താനാണ് ആശാന്‍ 'ലീല' എഴുതിയത്. അതുകൊണ്ടുതന്നെ അതിനെ സമാന്തരവ്യവസ്ഥയുടെ കൃതി എന്നു പറയാവുന്നതുമാണ്.

ദാമ്പത്യം ഒരു ആജീവനാന്ത അഭിനയമാണെന്ന വാദമാണ് വൈലോപ്പിള്ളി തന്റെ ചില കവിതകളിലൂടെ അവതരിപ്പിക്കുന്നത്. ചിലപ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. അപ്പോള്‍ വഴക്കുണ്ടാകുന്നു. വഴക്ക് മൂക്കുമ്പോള്‍ അവ കോടതിയിലെത്തുന്നു. വിവാഹബന്ധങ്ങള്‍ കോടതിയിലെത്തുന്നത് യോജിക്കാനല്ല, വേര്‍പിരിയാനാണ്. വിവാഹം എന്നതിനര്‍ഥം വിവാഹമോചനമാണെന്നു ചന്തുമേനോനറിയാം. കോടതി നമ്മുടെ സമുദായത്തിന്റെ അതിരാണ്. ഒരതിര്‍ത്തിത്താവളമാണ്. നമ്മുടെ മാലിന്യങ്ങളൊക്കെ ഒഴുകിയെത്തുന്നത് അവിടെയാണ്. അവിടെ സ്‌നേഹമല്ല, മറിച്ച് പകയാണ് പ്രകടമാവുന്നത്. നമ്മുടെ വ്യാകരണങ്ങളെല്ലാം തെറ്റുകയും നമ്മുടെ നിലവിലുള്ള എല്ലാ അര്‍ഥങ്ങളും മാറിപ്പോവുകയും എല്ലാ വാക്കുകള്‍ക്കും വിപരീതാര്‍ഥങ്ങള്‍ വന്നുചേരുകയും ചെയ്യുന്ന സ്ഥലമാണ് കോടതി. അതുകൊണ്ടാണ് വലിയ നോവലുകള്‍ പലതും 'കോര്‍ട്ട്‌നോവലു'കളായിത്തീരുന്നത്.

ഇന്ത്യയിലെ തകരുന്ന കൂട്ടുകുടുംബവ്യവസ്ഥയെ ഒരു പ്രതിക്കൂട്ടില്‍ കയറ്റി വിസ്തരിക്കുകയും അങ്ങനെ കോടതിയില്‍വെച്ച് ഈ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും തകര്‍ക്കുകയും അതിനുശേഷം അച്ഛന്‍, അമ്മ, മക്കള്‍ എന്ന പാശ്ചാത്യമാതൃകയിലുള്ള 'ന്യൂക്ലിയര്‍ കുടുംബം' കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യുമെന്നും തെളിയിക്കാനാണ് ചന്തുമേനോന്‍ 'ശാരദ' എഴുതിയത്. അതിന്റെ ഭാഗമായി ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. സ്ത്രീസ്വാതന്ത്ര്യം ചന്തുമേനോന്റെ പ്രധാന ഒബ്‌സെഷനുകളിലൊന്നായിരുന്നു. ഭര്‍ത്താവിനെ വിളിക്കാനുള്ള പേര്‍ എന്താണെന്നുള്ളത് ഇന്നും നമ്മുടെ വനിതാ മാസികകളില്‍ സജീവമായ ചര്‍ച്ചാവിഷയമാണെങ്കിലും ചന്തുമേനോന് അക്കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഭര്‍ത്താവിനെ 'ശപ്പന്‍' എന്നു വിളിക്കാനാണ് തന്റെ നായികയെ ചന്തുമേനോന്‍ പ്രേരിപ്പിക്കുന്നത്. ഇതൊരു ചെറിയ വാക്കാണെങ്കിലും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് ഒരു വ്യവസ്ഥിതിയുടെ പൊട്ടിത്തെറിയാണ്.

സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ആദ്യമായി കേരളത്തില്‍ ഉന്നയിക്കപ്പെട്ട ഒരു സ്‌ഫോടനം 'ഇന്ദുലേഖ'യില്‍നിന്നും 'ശാരദ'യില്‍നിന്നുമാണ്. ചന്തുമേനോന്‍ ഒരു ജീര്‍ണിച്ച സമുദായത്തിന്റെ ഉള്ളില്‍നിന്നുകൊണ്ട് ഒരു പുതിയ സമുദായത്തെ സ്വപ്നം കണ്ടിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ന്യൂക്ലിയര്‍ കുടുംബങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതായത്, ഒരെഴുത്തുകാരന്‍ തന്റെ മുന്നില്‍ കാണുന്നത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന തന്റെ സമുദായത്തെയും അതില്‍നിന്ന് ഉരുത്തിരിയുന്ന ഒരു പുതിയ സമുദായത്തെയുമാണ്.

യുവത്വം വാര്‍ധക്യത്തേക്കാള്‍ വിലപിടിച്ചതാണെന്നും മരണം യൗവനത്തില്‍തന്നെ വേണമെന്നുള്ളതും റൊമാന്റിക് പ്രസ്ഥാനത്തിന്റെ അടിസ്ഥാനസ്വഭാവമായിരുന്നു. നമ്മുടെ പാരമ്പര്യചിന്താഗതിക്ക് എതിരാണിത്. ശതാബ്ദി കഴിഞ്ഞാല്‍പ്പോലും മരിക്കാനാഗ്രഹിക്കാത്തവരാണ് നമ്മളൊക്കെ. കുമാരനാശാന്റെ 'നളിനി' മരിക്കുന്നത് യൗവനത്തിലാണ്. ജീവിതം കത്തിനില്‍ക്കുമ്പോള്‍ മരിക്കുകയും നിഴല്‍ ചായുന്ന വാര്‍ധക്യത്തിലേക്ക് മനുഷ്യന്‍ വഴുതിവീഴാതിരിക്കുകയും ചെയ്യണമെന്ന റൊമാന്റിക് ആശയമാണ് 'നളിനി'യില്‍ ആശാന്‍ കൊണ്ടുവരുന്നത്. ജീവിതത്തെക്കുറിച്ച് നമുക്കുള്ള പ്രത്യയശാസ്ത്രത്തില്‍നിന്നും വ്യത്യസ്തമാണ് റൊമാന്റിക് കവികളുടേത്. വാര്‍ധക്യം നിലനില്‍ക്കുന്നത് മൗഢ്യമാണെന്ന് അവര്‍ വാദിച്ചു. ജീവിതം കത്തിനില്‍ക്കുമ്പോള്‍ മരിക്കുകയെന്നതാണ് ജീവിതത്തിന്റെ സാഫല്യമെന്ന് റൊമാന്റിക് കവികള്‍ കരുതി.

യൗവനം ക്ഷയിച്ച് നമ്മുടെ ആരോഗ്യം കുറയുമ്പോള്‍ നാം സ്വാര്‍ഥം നിറഞ്ഞവരായിത്തീരുകയും അതോടെ സ്‌നേഹം നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ നമ്മിലുണ്ടാവുകയും ചെയ്യുന്നു. മനുഷ്യരുടെ സ്‌നേഹം സമ്പാദിക്കാനുള്ള ലോകോത്തരമായ മാര്‍ഗം രോഗം വരികയാണ്. എല്ലാ രോഗങ്ങളും മനുഷ്യന്റെ സഹതാപം ആകര്‍ഷിക്കാനുള്ള ഒരു മാനസികതന്ത്രമാണ്. അവശതകൊണ്ട് ആളുകളുടെ അംഗീകാരം നേടിയെടുക്കാം എന്ന യുക്തിബോധമാണ് ഇതിനു പിന്നിലുള്ളത്.

നമ്മള്‍ ഒന്നു ത്യജിക്കുമ്പോള്‍ അതില്‍ കൂടുതലായി നമുക്കു കിട്ടും എന്നു നാം പ്രതീക്ഷിക്കുന്നു.
'സ്വര്‍ഗത്തിങ്കല്‍ ഉറപ്പിക്കുന്നു
സ്വന്തമിരിപ്പിടം കല്യാണി'
എന്ന് വൈലോപ്പിള്ളി പറയുന്നത് അതുകൊണ്ടാണ്. അങ്ങനെ ഒരു സമാന്തര സംസ്‌കൃതി ഉണ്ടാക്കുകയായിരുന്നു അദ്ദേഹം. പരലോകത്തിലെ പുണ്യത്തിനുവേണ്ടിയല്ലാതെ ഇഹലോകത്തില്‍ ഒരു ത്യാഗവും ആരും ചെയ്യുന്നില്ല എന്നത് ത്യാഗത്തിന്റെ ഒരു തത്ത്വശാസ്ത്രമാണ്.
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ഹിസ്റ്റീരിയ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകവഴി ഒരു സമാന്തര മനഃശാസ്ത്രതത്ത്വം അവതരിപ്പിക്കുകയുണ്ടായി ഫ്രോയ്ഡ്. ഹിസ്റ്റീരിയ എന്ന പദത്തിന്റെ അര്‍ഥംതന്നെ ഗര്‍ഭാശയരോഗം എന്നാണ്. അതുകൊണ്ടുതന്നെ അന്ന് പലരും ആ വാദത്തെ പുച്ഛിക്കുകയുണ്ടായി. അദ്ദേഹം തന്റെ മുന്നിലുള്ള സത്യത്തിനു വഴങ്ങിക്കൊണ്ട് ലോകത്തില്‍ അന്നേവരെയുണ്ടായ മാനസിക സങ്കല്പങ്ങളെയും ലോകമര്യാദകളെയും മുഴുവന്‍ ചോദ്യം ചെയ്യുകയും രാഷ്ട്രീയതത്ത്വസംഹിതകളെപ്പോലും ഉലയ്ക്കുകയും കുടുംബ ബന്ധങ്ങളെ വിമര്‍ശിക്കുകയും സ്‌നേഹം എന്നൊന്നുണ്ടോ എന്ന ഒരു വലിയ ചോദ്യം ഉന്നയിക്കുകയും ചെയ്തു. സ്‌നേഹം എന്നൊന്നില്ലെന്നും ഒരുപക്ഷേ, ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോട് തോന്നുന്ന വികാരത്തിന് മാത്രമേ സ്‌നേഹം എന്നു പറയാനാവൂ എന്നും ഫ്രോയ്ഡ് പറയുന്നു. ഇത് സ്‌നേഹത്തിന്റെ വിശകലനത്തില്‍നിന്നും വരുന്ന ഒരനുഭവവും അതുകൊണ്ടുതന്നെ സ്ഥായിയായ സത്യവുമാണ്.

കവികളില്‍ പലരും മനഃശാസ്ത്രജ്ഞരുടെ പാതകളിലൂടെതന്നെ സഞ്ചരിക്കുന്നവരാണ്. പ്രേമത്തിലൂടെയും ഭ്രാന്തിലൂടെയും ഭാവനയിലൂടെയും സഞ്ചരിക്കുന്ന കവി പലപ്പോഴും കാണുന്നത് ഒരു മനഃശാസ്ത്രജ്ഞന്റെ ലോകമാണ്. ഒരു മനഃശാസ്ത്രജ്ഞന്റെ കരവിരുതോടെയാണ് വൈലോപ്പിള്ളി 'സഹ്യന്റെ മകന്‍' രചിച്ചിരിക്കുന്നത്.

നമ്മുടെ മാന്യതയുടെയും കുലീനതയുടെയും മുഖങ്ങള്‍ അനാവരണം ചെയ്യുമ്പോള്‍ വെളിവാകുന്ന വസ്തുതകള്‍തന്നെ ഞെട്ടിക്കുകയും ഒരു പുതിയ ജീവിതക്രമം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നത് സമാന്തര മനഃശാസ്ത്രത്തിന്റെയും കവിതയുടെയും ഒരുപക്ഷേ, സമാന്തരവിദ്യാഭ്യാസത്തിന്റെയും പ്രധാന ഫലങ്ങളില്‍ ഒന്നാണ്.

മാന്യന്മാര്‍ എന്ത് അസത്യം പറഞ്ഞാലും അത് സത്യമായിത്തീരുന്നു. അമാന്യന്മാര്‍ എന്തു സത്യം പറഞ്ഞാലും അവന് ഭ്രാന്താണെന്ന് നാം കുറിക്കുന്നു. നാമൊക്കെ വ്യാകരണത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള നുണപറയാന്‍ പരിശീലിക്കപ്പെട്ടവരാണ്. വ്യാകരണാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയാന്‍ നമുക്ക് കഴിയുന്നുവെങ്കില്‍ അതിന്നര്‍ഥം അത് കെട്ടിച്ചമച്ച നുണയാണെന്നാണ് കാരണം, സത്യത്തിന് വ്യാകരണമില്ല. പരിഭ്രമിക്കുമ്പോള്‍ നമുക്ക് നുണ പറയാനുള്ള സാമര്‍ഥ്യം നഷ്ടപ്പെടുന്നു. അതുകൊണ്ട് സത്യം പറയാനുളള ഒരു മാര്‍ഗം ആളുകളെ പരിഭ്രമിപ്പിക്കുക എന്നതാണ്. കവി എപ്പോഴും പരിഭ്രമിക്കുന്നവനാണ്. അതുകൊണ്ട് അവന്‍ സദാ സത്യം പറയുന്നു. ദുര്‍ബലനും ശിശുമനസ്‌കനുമാണ് കവിയായിത്തീരുന്നത്. കാരണം എവിടെ ദുഃഖമുണ്ടെങ്കിലും അയാള്‍ അതിനെ സ്വീകരിക്കും. ലോകത്തിലെ നിസ്സാരസംഭവംപോലും ആരെ ഞെട്ടിക്കുന്നുവോ അവരാണ് യഥാര്‍ഥ കവികള്‍. ഉറച്ച മനസ്സുള്ളവര്‍ കവിയായിത്തീരാന്‍ യോഗ്യനല്ല. ഇന്ന് തകഴി എല്ലാവര്‍ക്കും വേണ്ടുന്ന മാന്യനാണ്. തകഴി ഒന്നും എഴുതുന്നില്ല എന്നതാണ് അതിനു കാരണം. നേരെ മറിച്ച്, തകഴി എഴുതിയിരുന്ന കാലത്തെല്ലാം അദ്ദേഹത്തെ ഗുരുത്വദോഷിയെന്നു വിളിച്ചു. അദ്ദേഹം എഴുതിക്കൊണ്ടുവന്ന ആദ്യത്തെ കഥ കേസരി സദസ്സില്‍ വായിച്ചപ്പോള്‍ അതില്‍ അശ്ലീലമുണ്ടെന്നു പറഞ്ഞ് അവിടെയുണ്ടായിരുന്ന ആളുകള്‍ ആ കഥ വലിച്ചുകീറുകയുണ്ടായി. ഇങ്ങനെ പതിതപങ്കജം എഴുതിയ ജനങ്ങളുടെയെല്ലാം കൃതികള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് നേടുകയും കേരളത്തിലെ ആദ്യത്തെ സാര്‍വലൗകിക സാഹിത്യകാരനായി തകഴി അറിയപ്പെടുകയും ചെയ്തു.

കവിയെ സംബന്ധിച്ചിടത്തോളം അനുഭവമാണ് പ്രധാനം. അനുഭവത്തിനുവേണ്ടി കവി ആപത്തിലേക്ക് ചാടുകയും അതിനെക്കുറിച്ച് നമ്മോടു പറയുകയും ചെയ്യുന്നു. ആപത്തുകള്‍ സ്വയം വരിച്ചിട്ട് സമൂഹത്തില്‍ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് കവി നമുക്ക് സൂചന തരികയും അവയില്‍നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഇടപ്പള്ളി എഴുതിയ ഏതാണ്ട് എല്ലാ കവിതകളുടെയും അന്തസ്സാരം ഈ ലോകം ജീവിക്കാന്‍ പറ്റിയതല്ല, മരിക്കാന്‍ കൊള്ളാവുന്നതാണ് എന്നാണ്. അതുകൊണ്ടാണ് അദ്ദേഹം മരണത്തെക്കുറിച്ച് കവിതയെഴുതിയതും മരണത്തെ സ്വയം വരിച്ചതും. അതിനാല്‍ അദ്ദേഹത്തിന്റെ മരണം ഇടപ്പള്ളി ജീവിച്ചിരുന്ന സമുദായത്തെക്കുറിച്ചുള്ള കഠിനമായ വിമര്‍ശനമാണ്.

ദുരന്തങ്ങളുടെ മലരികളിലൂടെയായിരുന്നു ഇടപ്പള്ളിയുടെ പ്രയാണം. അതുകൊണ്ടാണ് 'സഹതപിക്കാത്ത ലോകമേ എന്തിനും സഹകരിക്കുന്ന ശാരദാകാശമേ' എന്ന് അദ്ദേഹം പാടിയിട്ടുള്ളത്. നമ്മുടെ സമുദായത്തിന്റെ ജീര്‍ണതയെക്കുറിച്ച് കവികള്‍ വിളിച്ചുപറയുന്നു. ഈ ലോകത്തിനപ്പുറത്ത് മനുഷ്യസ്‌നേഹത്തെ വിലമതിക്കുന്ന മറ്റൊരു ലോകമുണ്ടെന്ന് ഇടപ്പള്ളി കരുതി. ഇടപ്പള്ളിക്കവിതകള്‍ സോഷ്യല്‍ ക്രിട്ടിസിസമാണെന്ന് പറയാം. നമുക്കുള്ളത് മരിക്കാനുള്ള ധൈര്യമല്ല, ജീവിക്കാനുള്ള തീവ്രതയാണ്. ഒരു കവി മരണത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ അയാള്‍ അര്‍ഥമാക്കുന്നത് ജീവീതം നിരര്‍ഥകമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്. ആശാന്‍ തന്റെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും മരണം നല്‍കിയതിന്റെ കാരണം മറ്റൊന്നല്ല. മരണംകൊണ്ടെങ്കിലും തന്റെ കഥാപാത്രങ്ങള്‍ ജീവിതസാഫല്യം കണ്ടെത്തട്ടെ എന്നു കരുതിയാണ്. ഒരു കൃതിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും പറയുന്നതല്ല, പറയാതെ ഉള്ളില്‍ അന്തര്‍ഭവിച്ചിരിക്കുന്നതാണ് സത്യം. ഒരു കവിതയുടെ സന്ദേശം മരണമാണ് എന്നതിനര്‍ഥം നിങ്ങളൊക്കെ മരിക്കണം എന്നല്ല, ഇവിടെ ജീവിക്കുന്നതാണ് വാസ്തവത്തില്‍ മരണം എന്നതാണ്. ഹ്രസ്വമായ ആയുസ്സാണ് വലിയ ആയുസ്സെന്നും വലിയ ആയുസ്സ് ശാപമാണെന്നും ആശാന്‍ പറയുന്നു. ജീവിതത്തിന്റെ മൂര്‍ധന്യത്തില്‍തന്നെ എരിഞ്ഞുപോവുക എന്ന ഒരുതരം സമാന്തരജീവിതമാണ് ആശാന്‍ തന്റെ കൃതികളില്‍ അവതരിപ്പിച്ചിരിക്കുന്നത്.



 

ga