'നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''
''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''
''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''
''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''
''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''
''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''
''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം. പക്ഷേ അപ്പോഴും നാം പറയുന്നു ഇതെല്ലാം നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടിയാണ്. സമൂഹത്തെ വശീകരിക്കാനുള്ള ഒരു മാര്‍ഗ്ഗം സമൂഹത്തെ ഉറക്കിക്കിടത്തുകയാണ്. ഇത് കല കൊണ്ടാകാം. പല തരത്തിലുള്ള കലകള്‍ ലോകത്തിലെ മനുഷ്യരെ ഉറക്കാന്‍ ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ ആണ്. സമൂഹത്തെ ഉറക്കുമ്പോള്‍ അതുകൊണ്ട് നമുക്ക് നേട്ടമുണ്ടാകണമെങ്കില്‍ ഉറങ്ങുന്ന സമുദായത്തില്‍ നാം ഉണര്‍ന്നിരിക്കണം. അതുകൊണ്ട് മദ്യപാനത്തെ ക്കുറിച്ച് വല്ല വിവരവുമുള്ളവര്‍ മറ്റുള്ളവരെ മദ്യപിക്കാന്‍ അനുവദിക്കുകയും താന്‍ മാത്രം മദ്യപിക്കാതെ കാത്തിരിക്കുകയുമാണ് ചെയ്യുന്നത്....''
''ദരിദ്രന്‍മാര്‍ കൂടുതല്‍ ദരിദ്രന്‍മാരായിത്തീരുമ്പോള്‍ ദാരിദ്രത്തിന്റെ കൂടെ അവര്‍ക്ക് വിപ്ലവവീര്യം ഉണ്ടായിത്തീരും.അതുകൊണ്ട് കേരളത്തിലെ ജനങ്ങളേക്കാള്‍ വിപ്ലവവീര്യം ബംഗാളിലെ ജനങ്ങള്‍ക്കുണ്ട് .ഒരു വലിയ പ്രശ്‌നം വരുമ്പോള്‍ ബംഗാളിലെ ജനതയ്ക്ക് വലിയവനെ കയറി അടിക്കാന്‍ അറിയാം.കേരളത്തിലെ ജനം ഒരു ചിത്രം വരച്ചും പാട്ട് പാടിയും പ്രശ്‌നം തീര്‍ത്ത് കളയാം ന്നെ ചിന്തിക്കുന്നു.''
''ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്‍ത്തനമല്ല.ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്‍മുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവം എന്ന് സമ്മതിക്കലാണ്.അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് സാധ്യമായ ഒരു കാര്യമല്ല.വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള്‍ ഒരു ജനാധിപത്യവാദിയാകുന്നത്.അതുകൊണ്ടാണ് ജനാധിപത്യത്തില്‍ ഒരു വ്യാജന്‍ അടങ്ങിയുട്ടുണ്ടെന്ന പറയുന്നത്.''
''ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള്‍ എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല്‍ ലാഭകരം എന്നും,അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാര്‍ട്ടി ഇപ്പോള്‍ ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു.''
''ഒരുപാട് ആളുകളുടെ അനുഭവങ്ങള്‍ നമ്മുടെ ഭാഷയില്‍ ഇനിയും പുറത്തുവരാനുണ്ട് .ഒരു പാട് ഞെട്ടിക്കുന്ന,തിരുത്തുന്ന അനുഭവങ്ങള്‍.ഒരു കല്ല് വെട്ടുതൊഴിലാളി തന്റെ പണിയും കഴിഞ്ഞ് മഴുവുമായി ചെന്ന് മഴു മൂലയ്ക്ക് വെച്ച് പാര്‍ട്ടിയോഗങ്ങളില്‍ പ്രസംഗിച്ച് നടന്ന കഥ എത്ര സഖാക്കള്‍ക്കറിയാം?അങ്ങനെയുള്ള കാലമുണ്ടായിരുന്നു.കൃഷ്ണപ്പിള്ള ഈ തൊഴിലാളി സഖാവിനെയാണ് ഒരു ഒളിപ്പോരാളിയെ സംരക്ഷിക്കാന്‍ ഏല്പിച്ചത്. ഈ സഖാവ് തന്റെ ഒളിപ്പോരാളിയായ സുഹൃത്തിനെ എത്രയോ ദിവസം സംരക്ഷിക്കുകയും കൊടുങ്കാറ്റും മഴയുമുള്ള ഒരു ദിവസം ബസ്സ് കയറ്റിവിടുകയും ചെയ്ത ഒരു സംഭവം.കൃഷ്ണപ്പിള്ളയുടെ കാലത്ത് നടന്ന ഒരു കഥ,ഈയിടെ ഒരു തൊണ്ണൂറുവയസ്സുകാരന്‍ എന്നോട് പറഞ്ഞു. സ്വന്തം മഴു മൂലയില്‍ വെച്ച്,കൈയ്യിലെ ഉറച്ച തഴമ്പ് കാട്ടി പ്രസംഗിച്ച ആ സഖാവിനെ ഏത് ചരിത്രപുസ്തകത്തില്‍ കണ്ടെത്താന്‍ കഴിയും?ഇന്ന് നമുക്ക് ആരെയും കയറ്റി വിടാനില്ല.കയറിപ്പറ്റാനേയുള്ളൂ,ഇറക്കിവിടാനും.''