ഉണര്‍വും പ്രവൃത്തിയുമായി മാറേണ്ടുന്ന ഓര്‍മ Posted on: 28 Sep 2010

എന്‍.പ്രഭാകരന്‍

എം.എന്‍ .വിജയനെ കുറിച്ചുള്ള ഓര്‍മകള്‍ കേരളസമൂഹത്തില്‍ പൊതുവായ ഉണര്‍വും ആവേശവും രോഷവുമെല്ലാമുണര്‍ത്തുന്നത് ഇടതുപക്ഷപ്രസ്ഥാനം, വിശേഷിച്ചും അതിന്റെ നേതൃസ്ഥാനം വഹിക്കുന്ന സി.പി.ഐ(എം) അകത്തു നിന്നും പുറത്തുനിന്നും ഉയരുന്ന വെല്ലുവിളികള്‍ക്കുമുന്നില്‍ അടിപതറുന്നതും വീഴുന്നതും വിറകൊള്ളുന്നതുമെല്ലാം പൊതുശ്രദ്ധയില്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ്.കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം അത്തരത്തിലുള്ള ഒന്നായിരുന്നു.'ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ട്ടി ഉണ്ടാകും ; പാര്‍ട്ടിയുടെ പിറകില്‍ ജനങ്ങളുണ്ടാവില്ല' എന്ന എം.എന്‍.വിജയന്റെ വാക്കുകള്‍ എസ്.എം.എസ് ആയി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ അന്ന് പ്രചരിച്ചു.സി.പി.ഐ(എം)നെ പോലെ ഇപ്പോഴും വിപുലമായ ജനകീയാടിത്തറയുള്ള ഒരു പാര്‍ട്ടി സാധാരണഗതിയില്‍ ആ ഒരു സംഭവത്തെ ഭീഷണിയായോ താക്കീതായോ കേവലം ശല്യമായിപ്പോലുമോ കാണേണ്ടതില്ല.പക്ഷേ, എം.എന്‍.വിജയന്‍ പൊതുവേദികളില്‍ ഉയര്‍ത്തിയതും പാര്‍ട്ടിപ്രവര്‍ത്തകരില്‍ തന്നെ കുറച്ചുപേര്‍ പരസ്യമായ പ്രായോഗികരാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും അല്ലാതുള്ള അനേകായിരങ്ങള്‍ നിശ്ശബ്ദമായ പിന്‍വാങ്ങലിലൂടെയും ഉന്നയിച്ചുകൊണ്ടിരിക്കുന്നതുമായ വിമര്‍ശനങ്ങളും വിയോജിപ്പുകളും നിസ്സാരമാക്കി മുന്നോട്ടുപോവാനാവാത്തവിധം പാര്‍ട്ടിയുടെ ആന്തരസ്വത്വം എല്ലാ അര്‍ത്ഥത്തിലും നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കയാണെന്നാണ് പിന്നീടുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍ക്‌സിസ്‌റ്പാര്‍ട്ടിയുടെ സംഘടനാസംവിധാനം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയെ കുറിച്ച് അറിയുന്നവരെ സംബന്ധിച്ചിടത്തോളം വി.എസ്.അച്യുതാനന്ദനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കിയത് അത്ര വലിയ സംഭവമൊന്നുമല്ല.പക്ഷേ, പാര്‍ട്ടി നേതാക്കളുടെ സ്വത്തുസമ്പാദനവും പെരുമാറ്റരീതിയും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സംഭവിക്കുന്ന പ്രത്യയശാസ്ത്രവ്യതിയാനങ്ങളും സംബന്ധിച്ച് പോളിറ്റ്ബ്യൂറോ പ്രത്യേകരേഖയുണ്ടാക്കി കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത് നിസ്സാരമായൊരു സംഗതിയല്ല.ഇപ്പോള്‍ പോളിറ്റ്ബ്യൂറോ പരസ്യമായി പറയുന്ന കാര്യം ആര്‍ക്കും ബോധ്യമാവുന്ന വിശദാംശങ്ങള്‍ നിരത്തി അല്പം മുമ്പേ പറഞ്ഞുവെന്നല്ലാതെ എന്ത് തെറ്റാണ് പാര്‍ട്ടിയോടും ഇടതുപക്ഷപ്രസ്ഥാനത്തോടും എം.എന്‍.വിജയന്‍ ചെയ്തത് എന്ന സംശയം പാര്‍ട്ടിഅനുഭാവികളും പ്രവര്‍ത്തകരും വ്യാപകമായി ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു.


പു.ക.സയുടെ സംസ്ഥാനപ്രസിഡന്റ് തന്നെയായിരുന്ന എം.എന്‍.വിജയന്റെ നിലപാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചും സാഹിത്യത്തിലെ പൊതുവായ ഇടപെടലുകളെ കുറിച്ചും പാര്‍ട്ടിക്കുള്ള പുതിയ സങ്കല്പങ്ങളുമായി ഇണങ്ങുന്നതല്ല എന്ന് തീരുമാനിച്ചുറച്ച ശേഷമാണ് അദ്ദേഹത്തെ രാജിക്ക് നിര്‍ബന്ധിക്കുന്ന ഒരു സാഹചര്യം പാര്‍ട്ടിയിലെ സാംസ്‌കാരികകാര്യനടത്തിപ്പുകാര്‍ വളരെ സമര്‍ത്ഥമായി സൃഷ്ടിച്ചെടുത്തത്.പഴയ യാന്ത്രികനിലപാടുകള്‍ ഉപേക്ഷിക്കുന്നതിനും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും എം.എന്‍.വിജയന്റെ രാജി വഴിയൊരുക്കിയേക്കുമെന്ന് കേവലശുദ്ധാത്മക്കളായ ആരെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരിക്കാം.പക്ഷേ,'കല കലക്കുവേണ്ടി' എന്ന് സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കി പ്രചരിപ്പിക്കുകയും സുകുമാര്‍ അഴീക്കോടിനെയും ടി.പത്മനാഭനെയും പോലുള്ളവരെ എന്തിനെന്നറിയാതെ എഴുന്നള്ളിച്ചു നടക്കുകയും ചെയ്യുന്ന പരിതാപകരമായ അവസ്ഥയിലേക്കാണ് സി.പി.ഐ(എം)ന്റെ സാംസ്‌കാരികനയം ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.കമ്യൂണിസ്‌റുകാര്‍ക്ക് മറ്റെന്ത് മനസ്സിലായാലും കലയും സാഹിത്യവും മനസ്സിലാവില്ല എന്ന് പണ്ടുപണ്ടേ ശുദ്ധകലാവാദികള്‍ പറഞ്ഞുവരുന്നതിന് പുതിയ തെളിവുകളായി എന്നതിനപ്പുറം ഈ നടപടികള്‍ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ബോധ്യപ്പെടാത്തവരായി അധികമാരും ഉണ്ടാവാനിടയില്ല.

ഔദ്യോഗിക ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും കലാസാംസ്‌കാരികരംഗങ്ങളിലെ അതിന്റെ നിലപാടുകളും ഈ വിധത്തില്‍ ആത്മനാശകമായി മാറിക്കൊണ്ടിരിക്കെ ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ പല കോണുകളില്‍ നിന്നായി ഉണ്ടാവുക സ്വാഭാവികമാണ്.ഇത്തരമൊരു ഘട്ടത്തില്‍ വലതുപക്ഷകക്ഷികളിലെ ചില വിഭാഗങ്ങള്‍ പോലും ഇടതുപക്ഷസ്വഭാവമുള്ള അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കാം.പക്ഷേ വ്യക്തമായ രാഷ്ട്രീയദര്‍ശനവും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനപദ്ധതിയും ഇല്ലാത്ത ആര്‍ക്കും അര്‍ത്ഥവത്തായ ഒരു ദിശാപരിണാമത്തിലേക്ക് നയിക്കുന്ന ഇടപെടലുകള്‍ സാധ്യമാവില്ല.അങ്ങനെ ഉള്ളതോ ഉണ്ടാക്കാന്‍ കെല്പുള്ളതോ ആയ ഗ്രൂപ്പുകള്‍ക്കുതന്നെയും രാഷ്ട്രീയപ്രസ്ഥാനങ്ങളായി വളരാന്‍ മുമ്പെന്നത്തേക്കാളും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് രാജ്യത്തെമ്പാടും ഇന്ന് നിലവിലുള്ളത്.ആഗോളീകരണം നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാനഗവണ്‍മെന്റിന്റെയും വികസനനയങ്ങളും മുതലാളിത്തേതരമായ സാമൂഹ്യവളര്‍ച്ചയുടെയും സാമ്പത്തികപുരോഗതിയുടെയും സാധ്യതകളെക്കുറിച്ചുള്ള ഉദാസീനമായ ആലോചനകളെപ്പോലും ആരംഭത്തിലേ നിര്‍വീര്യമാക്കുന്നവയാണ്.ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഇരുവശത്തുമുള്ള സ്വകാര്യമുതലാളിമാരുടെയും അധീനതയിലുള്ള സാംസ്‌കാരിക ഉല്പാദനോപകരണങ്ങള്‍ വഴി പ്രത്യക്ഷനിര്‍ദ്ദേശങ്ങളിലൂടെയും പരോക്ഷസൂചനകളിലൂടെയും പ്രചരിപ്പിക്കപ്പെടുന്ന ജീവിതസങ്കല്പങ്ങളുടെ ഫലവും മറ്റൊന്നല്ല. പരസ്യമോ രഹസ്യമോ ആയ ഫണ്ടിംഗിന്റെ ബലത്തില്‍ പ്രത്യേകം പ്രത്യേകം പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി സമരത്തിനിറങ്ങുന്ന സന്നദ്ധസംഘടനാ രാഷ്ട്രീയമാണ് ഈ സാഹചര്യത്തില്‍ ബദല്‍ എന്ന നിലയില്‍ ഉയര്‍ന്നുവരുന്നത്.ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സിദ്ധാന്തരൂപീകരണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും തന്നെയേ സാംസ്‌കാരികരംഗത്തും രാഷ്ട്രീയരംഗത്തും ഒരു യഥാര്‍ത്ഥ ഇടതുപക്ഷ ബദലിന് രൂപം നല്‍കാനാവൂ.എം.എന്‍.വിജയനെ ഒരോര്‍മ മാത്രമായി മാറ്റി നിര്‍ത്താതെ അദ്ദേഹത്തിന്റെ ആശയലോകത്തിന് തുടര്‍ച്ചകള്‍ സാധ്യമാവുന്ന മേഖലകള്‍ കൃത്യമായി നിര്‍ണയിക്കുകയും ആ മേഖലകളില്‍ അടിയന്തിരപ്രാധാന്യം നല്‍കി ഏറ്റെടുക്കേണ്ട പ്രവര്‍ത്തികള്‍ കണ്ടെത്തുകയും ചെയ്യുക ആ ശ്രമത്തിന്റെ പരമപ്രധാനമായ ഭാഗം തന്നെയാണ്.

മാര്‍ക്‌സും ഫ്രോയ്ഡും

സ്വാതന്ത്യ്രസമര കാലഘട്ടത്തിലെ തന്റെ രാഷ്ട്രീയബന്ധത്തിന് നീണ്ട ഇടവേളയ്ക്കുശേഷം 1983 മാര്‍ച്ച് 28ന് തലശ്ശേരിയില്‍ ചെയ്ത 'മാര്‍ക്‌സും ഫ്രോയിഡും' എന്ന പ്രസംഗത്തോടെയാണ് എം.എന്‍.വിജയന്‍ പുനരുജ്ജീവനം നല്‍കുന്നത്.പിന്നീടിങ്ങോട്ട് വളരെ വേഗം അദ്ദേഹം കേരളമെമ്പാടുമുള്ള ഇടതുപക്ഷസാംസ്‌കാരികവേദികളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി മാറി.മരണം വരെയുള്ള കാല്‍നൂറ്റാണ്ടോളം കാലം ആ സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

ഫ്രോയിഡിനെയും മാര്‍ക്‌സിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എം.എന്‍.വിജയന്റെ സാമൂഹ്യസാംസ്‌കാരികവിശകലനങ്ങള്‍ കേരളത്തിലെ മാര്‍ക്‌സിറ്റ്പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അക്കാലത്ത് തികച്ചും പുതുതും അതുകൊണ്ടു തന്നെ അല്പം അവിശ്വാസജനകവുമായിരുന്നു.ഫ്രോയിഡിനെ വ്യക്തിവാദിയായ ഒരു ബൂര്‍ഷ്വാമനശാസ്ത്രകാരനായി മാത്രം മനസ്സിലാക്കുന്ന സാമ്പ്രദായിക മാര്‍ക്‌സിസ്‌റ് രീതിക്ക് ഇടതുപക്ഷസാംസ്‌കാരികപ്രവര്‍ത്തകരുടെ പൊതുബോധത്തില്‍ അത്രയും വേരോട്ടമുണ്ടായിരുന്നു.
പ്രായോഗികരാഷ്ട്രീയപ്രശ്‌നങ്ങളുടെ അപഗ്രഥനത്തിലും ദൈനംദിനരാഷ്ട്രീയപ്രവര്‍ത്തനത്തിലും ഫ്രോയിഡിയന്‍മന;ശാസ്ത്രം കൊണ്ടുള്ള പ്രയോജനം പണ്ടെന്ന പോലെ ഇന്നും വളരെ പരിമിതമാകേനെ വഴിയുള്ളൂ.അതേ സമയം ഫാസിസം പോലുള്ള രാഷ്ട്രീയപ്രതിഭാസങ്ങളെയും രാഷ്ട്രീയനേതാക്കളുടെയും ഗ്രൂപ്പുകളുടെയും ചെയ്തികളെയും സാമ്പ്രദായികസ്ഥാപനങ്ങളെ താങ്ങിനിര്‍ത്തുന്ന പരമ്പരാഗതവിശ്വാസപ്രമാണങ്ങളെയുമെല്ലാം അപഗ്രഥിക്കുന്നതിലും അവധാരണം ചെയ്യുന്നതിലും ഫ്രോയിഡിയന്‍ മനശാസ്ത്രം ഇപ്പോഴും വളരെയേറെ പ്രയോഗക്ഷമതയുള്ള ഉപകരണം തന്നെയാണ്.ഭാരതീയസംസ്‌കാരത്തിന്റ വിശദാംശങ്ങള്‍ ഫ്രോയിഡിനെക്കാള്‍ എത്രയോ നന്നായിഉള്‍ക്കൊണ്ടിരുന്ന യൂങ്ങിനോട് തോന്നിയതിനേക്കാള്‍ ശക്തമായ ആത്മബന്ധം ഇന്ത്യയിലെ ആദ്യകാലമന:ശാസ്ത്രജ്ഞര്‍ക്ക് ഫ്രോയിഡിനോട് തോന്നിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് 'ഇന്ത്യന്‍ സംസ്‌കാരത്തെയും ഇംപീരിയലിസത്തെയും ഒരേ സമയം മനസ്സിലാക്കാന്‍ പറ്റുന്ന വിശകലനസങ്കേതമായിരുന്നു അവര്‍ക്കാവശ്യം, അത് ഫ്രോയിഡിയന്‍ മനോവിശ്‌ളഷണമായിരുന്നു' എന്നും political potentialities of Frued aremuch higher and much deeper and than Jung ' എന്നും അഷീഷ് നന്ദി ഒരഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.(www.manas journal.org) ഇന്ത്യന്‍മനസ്സിന്റെയും ഇന്ത്യന്‍ദര്‍ശനത്തിന്റെയും ഹൈന്ദവഫാസിസത്തിന്റെയുമെല്ലാം വിശകലനത്തില്‍ എം.എന്‍.വിജയന്‍ ഉപയോഗിച്ചത് ഫ്രോയിഡിയന്‍മന:ശാസ്ത്രത്തിലെ കണ്ടെത്തലുകളാണ്.ഇന്ത്യന്‍മനസ്സിന്റെ മൌലികസ്വഭാവം നാര്‍സിസിസമാണെന്നും നമ്മുടെ ജീവിതവും സംസ്‌കാരവും സ്ഥിത്യാത്മക(static)മായിത്തീരുന്നത് അതുകൊണ്ടാണെന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാനനിരീക്ഷണം.'ഭക്ഷണത്തില്‍ പരാജിതനായ ഒരു ശിശു സ്വന്തം വിരല്‍ കടിക്കുമ്പോള്‍ അവന്‍ പരതന്ത്രമായ സുഖത്തെ ഉപേക്ഷിക്കുകയും സ്വതന്ത്രമായ സുഖത്തില്‍ രമിക്കുകയുമാണ് ചെയ്യുന്നത്.ഈ നാരായണന്‍ നമ്മുടെ ചിന്തക•ാര്‍ പറയുമ്പോലെ ഭാരതീയരുടെ ഒരു സംസ്‌കാരരൂപമാണ്.നിത്യശിശുവിന് ദു:ഖമില്ല എന്നു മാത്രമല്ല അവന് വളര്‍ച്ചയുമില്ല.''എന്ന് അദ്ദേഹം എഴുതി.(ഇന്ത്യന്‍ മനസ്സ്)

സാമൂഹ്യാനുഭവങ്ങളുടെ പിന്നിലെ അബോധപ്രേരണകളെ അന്വേഷിക്കുന്നതില്‍ വില്‌ഹെം റീക്കിന്റെയും ഹെര്‍ബര്‍ട് മാര്‍ക്യൂസിന്റെയും എറിക്‌ഫ്രോമിന്റെയുമെല്ലാം പഠനങ്ങള്‍ എം.എന്‍.വിജയന് പ്രേരണയായിട്ടുണ്ടെന്നതില്‍ സംശയമില്ല.പക്ഷ ഫ്രോയിഡിന്റേത് ഉള്‍പ്പെടെ ആരുടെയും ചിന്തകളെ വിധേയത്വബോധത്തോടെ കടത്തിക്കൊണ്ടുവന്ന ആശയങ്ങളായി യാന്ത്രികമായി നമ്മുടെ സാഹചര്യത്തില്‍ ഉപയോഗിക്കുകയല്ല അദ്ദേഹം ചെയ്തത്.തന്റെ ആന്തരികലോകത്ത് സര്‍ഗാത്മക പരിണാമം സംഭവിച്ച അവസ്ഥയില്‍ മാത്രമേ അദ്ദേഹം അവ അവതരിപ്പിച്ചുള്ളൂ.അതുകൊണ്ടാണ് ഏറ്റവും സാധാരണക്കാരായ ആളുകള്‍ മാത്രം പങ്കെടുക്കുന്ന തെരുവോരസമ്മേളനങ്ങളില്‍ പോലും അദ്ദേഹത്തിന് ഫ്രോയിഡിനെയും റെയ്ക്കിനെയുമെല്ലാം ഉദ്ധരിക്കാന്‍ കഴിഞ്ഞതും ശ്രോതാക്കള്‍ക്ക് അതില്‍ അല്പവും അസ്വാസ്ഥ്യം അനുഭവപ്പെടാതിരുന്നതും.

ഫ്രോയിഡിയന്‍ പരികല്പനകളെ സംസ്‌കാരവിശകലനത്തില്‍ നേരിട്ട് പ്രയോജനപ്പെടുത്തിയ പഠനങ്ങള്‍ നേരത്തേ തന്നെ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട് (DZm:Hindu culture and personaltiy-P.Spratt.manaktalas.Bombay1966.)എം.എന്‍.വിജയന്‍ പക്ഷേ അവയെ കൂടുതല്‍ ആഴത്തിലും സര്‍ഗാത്മകമായുമാണ് വിനിയോഗിച്ചത്.ജീവിതത്തിന്റെ അവസാനഘട്ടമാവുമ്പോഴേക്കും തന്റെ രാഷ്ട്രീയസാമൂഹ്യവിശകലനങ്ങളില്‍നിന്ന് അദ്ദേഹം ഫ്രോയിഡിയന്‍ മന:ശാസ്ത്രത്തെ മിക്കവാറും പൂര്‍ണമായിത്തന്നെ മാറ്റിനിര്‍ത്തുന്നുമുണ്ട്.ഇടതുപക്ഷവേദികളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സമൂഹമനസ്സിന്റെ മേല്‍ അബോധപ്രേരണകള്‍ക്കുള്ളതില്‍ കവിഞ്ഞ സ്വാധീനം ഓരോ കാലഘട്ടത്തെയും രൂപപ്പെടുത്തുന്ന ഭൌതികാവസ്ഥയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞുതുടങ്ങിയിരുന്നു.ഇന്ത്യന്‍ മനസ്സ് എന്ന 1984 ലെ പ്രഭാഷണത്തിനുശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് 1988 ല്‍ ചെയ്ത 'ഇന്ത്യന്‍മനസ്സും ശാസ്ത്രബോധവും' എന്ന പ്രഭാഷണത്തില്‍ സ്വാമിവിവേകാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും നവോത്ഥാനനിലപാടുകള്‍ വിശദീകരിച്ച ശേഷം ഭൌതികാവസ്ഥ മാറുന്നതോടെ ഇന്ത്യന്‍മനസ്സ് വൈരാഗ്യത്തെ ഉപേക്ഷിച്ച് രാഗത്തിലേക്ക് അതായത് ജീവിതത്തിലേക്ക് തിരിച്ചുവരും' എന്ന് അദ്ദേഹം വലിയ ഊന്നല്‍ നല്‍കാതെയാണെങ്കിലും പറഞ്ഞുപോവുന്നുണ്ട്. ചിന്തകനും സംസ്‌കാരവിശകലനകാരനുമെന്ന നിലക്ക് ഫ്രോയിഡിയന്‍ സ്വാധീനത്തിന്റെ കാലഘട്ടത്തിലെ എം.എന്‍.വിജയനും പില്‍ക്കാലത്തെ എം.എന്‍.വിജയനും തമ്മിലുള്ള ഗുണപരമായ വ്യത്യാസങ്ങള്‍ തീര്‍ച്ചയായും വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്.അത്തരമൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പഠനോപകരണമെന്ന നിലയില്‍ മാര്‍ക്‌സിസവും ഫ്രോയിഡിയനിസവും സംയോജിപ്പിച്ചുള്ള വിശകലനരീതിയുടെ പ്രത്യേകതകളും പരിമിതികളും ഭാവിസാധ്യതകളും കൂടി പഠനവിധേയമാക്കേണ്ടതുമുണ്ട്.

ആത്മരതിയുടെ വഴിയില്‍ നിന്ന് ആധുനികഭാരതീയരുടെ മനസ്സ് ഏത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്നും ഈഡിപ്പസ്‌കോംപ്‌ളക്‌സ് പോലുള്ള പരികല്പനകള്‍ പ്രസക്തമാവുന്ന മാനസികജീവിതം തന്നെയാണോ പുതിയ കാലത്തെ ഇന്ത്യന്‍യുവാക്കള്‍ക്കുള്ളത് എന്നും സൂക്ഷ്മവിശദമായ അപഗ്രഥനങ്ങളിലൂടെയേ കണ്ടെത്താനാവൂ.ഫ്രോയിഡിയന്‍ മന:ശാസ്ത്രമൊക്കെ എന്നോ കാലഹരണപ്പെട്ടു, ലാക്കാനും ഫൂക്കോയുമൊക്കെ വന്നതിനുശേഷം ഫ്രോയിഡിനെപ്പറ്റി ആരും പറയാറില്ല എന്നൊക്കെ ആധികാരികസ്വരത്തില്‍ പലരും പറയുന്നതുകേള്‍ക്കാറുണ്ട്.എന്നാല്‍ ഏറ്റവും ഒടുവില്‍ ഴീല്‍ ഡെല്യൂസിന്റെയും ഫെലിക്‌സ്ഗത്താരിയുടെയും സ്‌കിസോഅനാലിസിസി(Pshysoanalysis)ല്‍ വരെ അബോധത്തിന്റെ സാമൂഹ്യസ്വഭാവത്തെയും ഗ്രൂപ്പുകളുടെ കാമനാസ്വഭാവത്തയും ഒരേ സമയം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള മാര്‍ക്‌സ് ഫ്രോയിഡ് സംയോജനം തന്നെയാണ് നാം കാണുന്നത്. ആധുനികാനന്തരപാശ്ചാത്യചിന്തകരുടെയും സാമൂഹ്യശാസ്ത്രകാര•ാരുടെയും പദാവലികളിലും പരികല്പനകളിലുമെല്ലാം എം.എന്‍.വിജയന്റെ മനോവിശ്‌ളഷണാധിഷ്ഠിത വിശകലനങ്ങളുമായി ഇണങ്ങിപ്പോവാത്ത പലതുമുണ്ട്.അവ വിശദീകരിക്കുകയും മന:ശാസ്ത്രത്തിലെ ഏറ്റവും പുതിയ പരികല്പനകളുടെ കൂടി സഹായത്തോടെ സമകാലിക ഇന്ത്യന്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുള്ള ഗവേഷണപഠനങ്ങള്‍ നടത്തുകയുമാണ് ഇന്ന് നമുക്ക് ചെയ്യാനുള്ളത്.അത്തരത്തിലുള്ള അന്വേഷണങ്ങളുടെ രാഷ്ട്രീയപ്രാധാന്യം വ്യക്തമാക്കുന്ന സൈദ്ധാന്തികപഠനങ്ങളും നമ്മുടെ കാലത്തിന്റെ പ്രധാനപ്പെട്ട ധൈഷണികാവശ്യങ്ങളിലൊന്നാണ്.


അധിനിവേശ വിരുദ്ധരാഷ്ട്രീയം

അധിനിവേശപ്രതിരോധസമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍ക്കൂടി പ്രവര്‍ത്തിച്ചിട്ടുള്ള എം.എന്‍.വിജയന്‍ ജീവിതത്തിന്റെ അവസാനത്തെ ഒരു ദശകക്കാലം മുഴുവന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തത് രാഷ്ട്രീയത്തിലും സംസ്‌കാരത്തിന്റെ വ്യത്യസ്ത മേഖലകളിലും സംഭവിച്ചുക്കൊണ്ടിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശങ്ങളെ കുറിച്ചാണ്.നമ്മുടെ ജീവിതത്തിലെ നാനാമുഖമായ കടന്നുകയറ്റങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ഇങ്ങനെ നിരന്തരം മറ്റാരും നമ്മോട് സംസാരിച്ചിട്ടില്ല.ഇക്കാര്യത്തില്‍ ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്ത് അദ്ദേഹത്തോട് താരതമ്യപ്പെടുത്താവുന്ന ഒരു ബുദ്ധിജീവി ഇപ്പോഴും ഉണ്ടെന്നു തോന്നുന്നില്ല.ഇടതുപക്ഷം എങ്ങനെ ഇടതുപക്ഷമല്ലാതായിത്തീരുന്നു ,നവസാമ്രാജ്യത്വം രാസായുധങ്ങളെക്കാള്‍ നല്ല ജൈവായുധങ്ങളെ കമ്യൂണിസ്‌റ് പാര്‍ട്ടിക്കുള്ളില്‍ എങ്ങനെ നിക്ഷേപിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അദ്ദേഹം സംസ്ഥാനത്തുടനീളം നൂറ്കണക്കിന് പൊതുവേദികളില്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു.കേരളത്തിലെ മറ്റൊരു ബുദ്ധിജീവിയും കാണിക്കാത്ത ആത്മധൈര്യവും ആര്‍ജ്ജവവുമാണ് എം.എന്‍.വിജയന്‍ ഈ സന്ദര്‍ഭത്തില്‍ കാണിച്ചത്.തീര്‍ച്ചയായും അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടം ഇതു തന്നെയായിരുന്നു.

ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവും പൂര്‍ണാര്‍ത്ഥത്തിലുള്ള ജനകീയത ലക്ഷ്യംവെച്ചുള്ളവയായിരുന്നു.അധിനിവേശപ്രതിരോധത്തിന്റ വലിയൊരു സൈദ്ധാന്തിലോകം രൂപപ്പെടുത്തിയെടുക്കാനോ ഫ്രോയിഡിയന്‍ കാലഘട്ടത്തില്‍ ചെയ്തതുപോലുള്ള അഗാധമായ സാഹിത്യസാംസ്‌കാരികവിശകലനങ്ങള്‍ നിര്‍വഹിക്കാനോ അദ്ദേഹം തയ്യാറായില്ല.അധികാരരാഷ്ട്രീയത്തിന്റെ ദൈനംദിനപ്രശ്‌നങ്ങളില്‍ ഇടപെടാതെ തന്നെ ജനങ്ങളെ രാഷ്ട്രീയമായി ബോധവല്‍ക്കരിച്ചുകൊണ്ടിരുന്ന ഒരു യഥാര്‍ത്ഥജനകീയജൈവബുദ്ധിജീവിയായിട്ടാണ് ഈ ഘട്ടത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്.കേരളത്തിന്റെ പൊതുമണ്ഡലത്തില്‍നിന്ന് ഇടതുപക്ഷപ്രത്യയശാസ്ത്രത്തെ പൂര്‍ണമായും പുറന്തള്ളാനുള്ള ശ്രമങ്ങള്‍ക്ക് ഇടതുപക്ഷത്തു തന്നെയുള്ള അധികാരകേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നു എന്ന് ഉറപ്പായപ്പോഴാണ് പഴയതുപലതും ഓര്‍മിപ്പിക്കാനും പുതിയ ഒളിച്ചുകളികള്‍ ചൂണ്ടിക്കാണിക്കാനും എം.എന്‍.വിജയന്‍ മുന്നിട്ടിറങ്ങിയത്.ഇത് കേരളത്തില്‍ ഗൌരവപൂര്‍ണമായ ജനകീയരാഷ്ട്രീയചിന്തയുടെ വെളിച്ചം അണയാതെ സൂക്ഷിക്കുന്നതിന് കുറച്ചൊന്നുമല്ല സഹായിച്ചത്.

ഇത്രയും കഴിഞ്ഞാല്‍ ഒരു രാഷ്ട്രീയദാര്‍ശനികനെന്ന നിലക്ക് ഈ ഘട്ടത്തിലെ എം.എന്‍.വിജയന്‍ എവിടെ നില്‍ക്കുന്നു എന്നു വിമര്‍ശനാത്മകമായി പരിശോധിക്കുക തന്നെ വേണം.നവസാമ്രാജ്യത്വഘട്ടത്തിലെ കമ്യൂണിസം ആഗോളമായിത്തന്നെ അതിന് നേരിടേണ്ടിവരുന്ന നൈതികവും ഭൌതികവുമായ പ്രശ്‌നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ പറ്റുന്ന ദാര്‍ശനികവളര്‍ച്ചകള്‍ തേടിക്കൊണ്ടേയിരിക്കുന്നുണ്ട്.മുതലാളിത്തത്തെ കുറിച്ചുമാത്രമല്ല നാളിതുവരെയുള്ള കമ്യൂണിസത്തിന്റെ പ്രയോഗങ്ങളെകുറിച്ചുമുള്ള അതിനിശിതമായൊരു വിമര്‍ശനാത്മകപഠനത്തെ തുടര്‍ന്നേ അത്തരം വളര്‍ച്ചകള്‍ സാധ്യമാവൂ.കേരളത്തില്‍ ഇവിടുത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലും നാടിന്റെ പ്രത്യേകസാഹചര്യങ്ങള്‍ പരിഗണിച്ചുമാണ് ആ വിധത്തിലുള്ള അന്വേഷണങ്ങള്‍ നടക്കേണ്ടത്.ഇങ്ങനെ വിശാലമായൊരു പരിപ്രേക്ഷ്യത്തോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെങ്കില്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും മാര്‍ക്‌സിസ്‌റ്പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാരമത്സരത്തില്‍ പക്ഷം പിടിക്കുന്നതുപോലൊരു സ്വഭാവം വന്നുചേരും. പ്രായോഗികതയില്‍ ഊന്നുക അല്ലെങ്കില്‍ നശിക്കുക എന്ന് തുറന്ന് പ്രഖ്യാപിച്ച് സ്വയം ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സ്വഭാവം കൈക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയം ഒരു പക്ഷം ചേരലിലൂടെയും മാറ്റിയെടുക്കാനാവില്ല. മധ്യവര്‍ഗസ്വഭാവമുള്ള സംഘടിതതൊഴിലാളികളുടെ ഗണത്തില്‍ പെടാത്ത പാവപ്പെട്ടവരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും പുതിയ നാഗരിക തൊഴിലാളികളുടെയുമെല്ലാം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കന്നതിനുള്ള പാര്‍ട്ടിയുടെ കഴിവുകേട് അടുത്ത ഒരു ഘട്ടത്തില്‍ മാര്‍ക ് സിസ്‌റ് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വ്യക്തമായി ബോധ്യപ്പെട്ടേക്കാം.ആ ഒരു ഘട്ടത്തില്‍ എം.എന്‍.വിജയന്റെ വിമര്‍ശനങ്ങളുടെ അന്തസ്സത്തയിലേക്ക് കേരളത്തിന്റെ ഇടതുപക്ഷമനസ്സ് പൂര്‍ണമായും ഉണരുകയും ചെയ്‌തേക്കാം.അക്കാര്യം അങ്ങനെ നില്‍ക്കെ തന്നെ എം.എന്‍.വിജയന്‍ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയവിമര്‍ശനങ്ങളിലും സംസ്‌കാരവിമര്‍ശനങ്ങളിലുമെല്ലാം പൂരിപ്പിക്കപ്പെടേണ്ട എത്രയോ ഇടങ്ങള്‍ ഉണ്ടെന്നും ആ വിമര്‍ശനങ്ങളുടെ സൈദ്ധാന്തികതലം പലപ്പോഴും വേണ്ടത്ര ഭദ്രമോ പുതിയ ഭൌതികസാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ പൂര്‍ണമായും കണക്കിലെടുത്തുകൊണ്ടുള്ളതോ ആയിരുന്നില്ല എന്നു നാം തിരിച്ചറിയുകയും വേണം.എങ്കില്‍ മാത്രമേ ഫലപ്രദമായ പുതിയ അന്വേഷണങ്ങള്‍ സാധ്യമാവുകയുള്ളൂ.


ഇന്ത്യയുടെ രാഷ്ട്രീയഭാവി

ഇന്ത്യയുടെ രാഷ്ട്രീയഭാവിയെപ്പറ്റി അടിയന്തിരാവസ്ഥാപ്രഖ്യാപനത്തിന് രണ്ടുവര്‍ഷം മുമ്പാണ് എം.എന്‍.വിജയന്‍ പ്രവചനാത്മകമായ ഒരു വിലയിരുത്തല്‍ നടത്തിയത്.അന്ന് അദ്ദേഹം എഴുതി 'പുതിയ ഭാരതത്തില്‍ മാതൃദേവതയുടെ അനാദിരൂപം കൂടുതല്‍ ശക്തവും സര്‍വംഗ്രാഹകവും ആയിത്തീരാന്‍ കൂടുതല്‍ സാധ്യതകളുണ്ട്.....ഇന്ത്യയില്‍ മുതിര്‍ന്ന മക്കള്‍ അധികം പേരുടെയും പ്രതീകാത്മകമായ ലിംഗച്ഛേദം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.'(പഴയ സത്യവും പുതിയ മിഥ്യയും)പിന്നീട് കാലികരാഷ്ട്രീയത്തെ കുറിച്ച് ആ മട്ടില്‍ ഒരു പ്രവചനത്തിന് അദ്ദേഹം മുതിര്‍ന്നില്ല.അതിന്റെ പ്രധാനകാരണം ആ പ്രവചനത്തിന് പ്രചോദകമായി വര്‍ത്തിച്ച ഫ്രോയിഡിയന്‍ പരികല്പനകള്‍ സാമൂഹ്യരാഷ്ട്രീയവിശകലനങ്ങളില്‍ അദ്ദേഹം പില്‍ക്കാലത്ത് പിന്‍തുടര്‍ന്നില്ല എന്നതാണ്.പകരം മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് മേല്‍ക്കൈ ലഭിക്കും വിധത്തില്‍ അദ്ദേഹം തന്റെ സാമൂഹ്യനിരീക്ഷണത്തിന്റെ രീതിശാസ്ത്രത്തെ പുന:സംഘാടനം ചെയ്യുകയാണുണ്ടായത്.ഒരു ജനതയുടെ രാഷ്ട്രീയഭാവിയുടെ നിര്‍ണയനത്തില്‍ സാമൂഹ്യമനസ്സിലെ അബോധയാഥാര്‍ത്ഥ്യങ്ങളെയും പ്രേരണകളെയും കവിഞ്ഞു നില്‍ക്കുന്ന പ്രത്യക്ഷരാഷ്ട്രീയസാമ്പത്തികഘടകങ്ങളാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രായോഗികരാഷ്ട്രീയവുമായി അടുത്തിടപഴകിയതോടെ അദ്ദേഹം കൂടുതല്‍ വ്യക്തമായി തിരിച്ചറിഞ്ഞതുമാവാം. എന്തായാലും സി.പി.ഐ(എം)ന്റെ പ്രത്യയശാസ്ത്രവ്യതിയാനങ്ങളെ വിമര്‍ശിക്കുന്നതിലും പാര്‍ട്ടിയുടെ ഭാവിയിലുള്ള തന്റെ ആശങ്ക ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നതിലും ഒരു ബദല്‍ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനശൈലി ആരായുന്നതിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്നതിലുമൊമൊക്കെയാണ് ഒടുവിലൊടുവില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിതശൈലിയില്‍ വരുന്ന മാറ്റം,പാര്‍ട്ടി അതിന്റെ സംഘടനാതത്വങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിലുള്ള പ്രതിഷേധം,പ്രത്യയശാസ്ത്രത്തെ പുറന്തള്ളിയുള്ള ആസൂത്രണത്തിലും വികസനപ്രവര്‍ത്തങ്ങളിലുമുള്ള അവിശ്വാസം ,പാര്‍ട്ടിക്കുള്ളില്‍ വിദേശമൂലധനശക്തികളുടെ പ്രതിനിധികള്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നതിലുള്ള ആശങ്ക ഇവയൊക്കെയാണ് അദ്ദേഹം ഈ ഘട്ടത്തില്‍ തുടര്‍ച്ചയായി ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നത്.ഈ കാര്യങ്ങളെല്ലാം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തോട് കഠിനമായ ശത്രുത പുലര്‍ത്തിയെങ്കിലും അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ അതേ കാര്യങ്ങളെല്ലാം കുറേക്കൂടി മയപ്പെടുത്തിയ ഭാഷയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. അധികം താമസിയാതെ കൂടുതല്‍ തെളിമയുറ്റ ഒരു തുറന്ന കുറ്റസമ്മതത്തിനും തുടര്‍നടപടികള്‍ക്കും പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്ന കാര്യം ഉറപ്പാണ്.പക്ഷേ,ദൈനംദിനരാഷ്ടീയപ്രവര്‍ത്തനം,ആഗോളീകരണത്തോടുള്ള സമീപനം,ചെറുതും വലുതുമായ വിദേശഏജന്‍സികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതു സംബന്ധിച്ച നിലപാട്,സാംസ്‌കാരികനയം,വികസനസങ്കല്പം എന്നീ കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള പുന:പരിശോധനയ്ക്ക് തയ്യാറാവാത്തിടത്തോളം പാര്‍ട്ടിക്ക് എങ്ങനെ സ്വയം രക്ഷിച്ചെടുക്കാനാവും എന്നത് കണ്ടു തന്നെ അറിയണം. രാഷ്ട്രീയവിദ്യാഭ്യാസത്തോട് കടുത്ത പുച്ഛം ശീലിച്ചു കഴിഞ്ഞ , കരിയറിസത്തില്‍ ഒട്ടും അസാഭാവികതയോ അധാര്‍മികതയോ ദര്‍ശിക്കാത്ത ഒരു യുവനേതൃത്വനിരയുടെ കീഴില്‍ പാര്‍ട്ടിക്ക് അതിന്റെ പ്രത്യയശാസ്ത്രപരമായ സ്വയംരക്ഷ എന്തായാലും വളരെ വിഷമകരം തന്നെയായിരിക്കും. മാര്‍ക്‌സിസ്‌റ്പാര്‍ട്ടിയുടെ എല്ലാ തരത്തിലുമുള്ള തകര്‍ച്ച ഏറ്റവുമധികം വിപരീതമായി ബാധിക്കുക ഏറ്റവും അടിത്തട്ടിലെ മനുഷ്യരെയാണ്.തങ്ങളുടെ താല്പര്യങ്ങള്‍ സത്യസന്ധമായി സംരക്ഷിക്കാന്‍ ആരുമില്ലെന്ന പ്രതീതി ഇപ്പോള്‍ തന്നെ അവര്‍ക്കിടയില്‍ വ്യാപകമായിക്കഴിഞ്ഞു.അതേ കുറിച്ച് കാര്യമായ വേവലാതികളൊന്നുമില്ലാതെ പലതരം അധികാരക്കളികളില്‍ വ്യാപൃതരായും സ്വന്തം അധീനതയിലുള്ള സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനും വമ്പിച്ച മുതല്‍മുടക്ക് ആവശ്യമുള്ള പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും ഉള്ള ധനസമാര്‍ജ്ജനത്തിന് ഓടിച്ചാടി നടന്നും കാലം കഴിക്കുകയാണ് പാര്‍ട്ടിനേതൃത്വം. ഈയൊരവസ്ഥ മുന്‍കൂട്ടി കണ്ട് ഇതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ഓര്‍മപ്പെടുത്തലുകളും തുറന്നുകാട്ടലുകളുമാണ് എം.എന്‍.വിജയന്‍ നടത്തിയത്.പാര്‍ട്ടിയ്ക്കുള്ളിലെ ഒരു ഗ്രൂപ്പിന് ,കൂടുതല്‍ പ്രത്യയശാസ്ത്രാഭിമുഖ്യമുണ്ടെന്ന് താന്‍ കരുതുന്ന ഗ്രൂപ്പിന് മറ്റേതിനുമേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞാല്‍ താന്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിവരുമെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നു .കേരളത്തില്‍ മാര്‍ക്‌സിസ്‌റ് പാര്‍ട്ടി നേരിടുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ പക്ഷേ നേതൃനിരയിലെ വ്യക്തികളുടെ സ്ഥാനചലനങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല.ദശകങ്ങളായി ആഗോളതലത്തില്‍ തന്നെ കമ്യൂണിസം നേരിട്ടുകൊണ്ടിരിക്കുന്ന ദാര്‍ശനികമുരടിപ്പിന്റെയും ജീര്‍ണതയുടെയും പ്രതിഫലനവും തുടര്‍ച്ചയും തന്നെയേ കേരളത്തിലും ബംഗാളിലുമാക്കെ കാണാനുള്ളൂ.അതില്‍ നിന്നൊക്കെ പുറത്തുകടക്കാനുള്ള വഴികള്‍ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള ആര്‍ജവമോ താല്പര്യം തന്നെയുമോ ഉള്ള ഒരു കേന്ദ്രനേതൃത്വമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളതെന്ന് ആരെങ്കിലും കരുതുന്നുണ്ടെന്ന് തോന്നുന്നില്ല.ഉപരിമധ്യവര്‍ഗത്തിന്റെ ചിന്താജീവിതത്തില്‍ പൊതുവേ കാണാവുന്ന ആലസ്യവും ലാഘവവും ആഴക്കുറവുമുള്ള ഒരു നേതൃത്വത്തിന് അക്കാദമിക് രീതിയില്‍ ലോകരാഷ്ട്രീയവും ഇന്ത്യന്‍രാഷ്ട്രീയവുമൊക്കെ വിലയിരുത്തി സംസാരിക്കുന്നതിനപ്പുറം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രതലത്തിലും സംഘടനാതലത്തിലുമുള്ള വളര്‍ച്ചക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യാനാവില്ല.ഇക്കാര്യം പാര്‍ട്ടിയുടെ സാധാരണപ്രവര്‍ത്തകര്‍ക്കുപോലും നാള്‍ക്കുനാള്‍ കൂടുതല്‍കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കയാണ്.

ഈ അവസ്ഥയില്‍ പുതിയ ഒരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണം വഴി മാര്‍ക്‌സിസ്‌റ് പാര്‍ട്ടിക്ക് ഒരു ബദല്‍ ഉണ്ടാക്കുക എന്ന ആശയം സ്വാഭാവികമായും ഉയര്‍ന്നുവരും.പക്ഷേ,അത് പ്രാവര്‍ത്തികമാക്കുക തല്‍ക്കാല സാഹചര്യത്തിലെങ്കിലും പല കാരണങ്ങളാല്‍ ഏറെക്കുറെ അസാധ്യമാണ്.എന്നുവെച്ച് യഥാര്‍ത്ഥ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നിശ്ശബ്ദത പാലിക്കാനോ ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ വളര്‍ച്ചയും വ്യാപനവും അപ്രതിരോധ്യമാണെന്നതുകൊണ്ട് അവയെ അനുകലിക്കുകയേ നിവൃത്തിയുള്ളൂ എന്നു പറഞ്ഞ് മാറിനില്‍ക്കാനോ സാധിക്കില്ല.ജനകീയ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഒരു പുത്തന്‍ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കാലം അവരെ നിര്‍ബന്ധിതരാക്കുക തന്നെ ചെയ്യും.അതിന് ആവശ്യമായ സൈദ്ധാന്തിക പഠനങ്ങളിലും പ്രായോഗികപ്രവര്‍ത്തനങ്ങളിലും എം.എന്‍.വിജയനില്‍ നിന്നു ലഭിക്കുന്ന പ്രചോദനം തീര്‍ച്ചയായും വളരെ വലുതായിരിക്കും.നേരത്തേ അദ്ദേഹത്തിന്റെ പരസ്യമായ പിന്തുണയോടെ, ചില തലങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ മാര്‍ക് സിസ്‌റ് പാര്‍ട്ടിക്ക് പുറത്തു നടന്നഅത്തരത്തിലുള്ള ശ്രമങ്ങളുടെ കൂടി ഫലമായിട്ടാണ് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ചില ഏറ്റുപറച്ചിലുകള്‍ക്ക് ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുന്നത്.കടുത്ത ചില തിരുത്തല്‍ നടപടികളിലൂടെ പാര്‍ട്ടിക്ക് സ്വയം രക്ഷിച്ചെടുക്കാന്‍ കഴിയുമോ എന്ന് ഉറ്റുനോക്കി ദീര്‍ഘകാലം കാത്തിരിക്കാനൊന്നും ജനങ്ങള്‍ക്ക് കഴിയില്ല.അവര്‍ക്ക് അവരുടെ ജീവിതപ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം,അവരുടെ നിലനില്പിനെ അപകടപ്പെടുത്തുന്ന ശക്തികളെയെല്ലാം അപ്പപ്പോള്‍ നേരിടണം,മുന്നോട്ടുപോവണം.പാര്‍ട്ടി അതിനൊന്നും തുണനില്‍ക്കില്ലെങ്കില്‍ അവര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശ്രമിക്കും.അവര്‍ ചിലപ്പോള്‍ പൂര്‍ണമായും അരാഷ്ട്രീയരായി അവരവരുടെ കാര്യം നോക്കി അടങ്ങിയിരിക്കും,പല കാര്യങ്ങളിലും സര്‍ക്കാരിതര ഏജന്‍സികളുടെയും ഗ്രൂപ്പുകളുടെയും സഹായം തേടും.ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ ചെറുതും വലുതുമായ ഏജന്റുമാരാവും.ഇങ്ങനെ പലതരത്തില്‍ വ്യതിചലിച്ച് ജനങ്ങള്‍ അവരുടെ ശത്രുക്കളുടെ തന്നെ കയ്യിലെ ആയുധങ്ങളായി മാറാതിരിക്കുന്നതിനുള്ള ജാഗ്രത അവര്‍ക്കുതന്നെ ഉണ്ടാക്കിക്കൊടുക്കാനാണ് എം.എന്‍.വിജയന്റെ ഓര്‍മയുടെ പാതയിലൂടെയുള്ള പുതിയ ധൈഷണികപ്രവര്‍ത്തനങ്ങള്‍ സഹായകമാവേണ്ടത്.


സാഹിത്യത്തിലെ തുടര്‍ച്ചകള്‍

മലയാളത്തിലെ സാഹിത്യനിരൂപണത്തിന്റെ ചരിത്രത്തില്‍ എം.എന്‍.വിജയനുള്ള സമുന്നതമായ സ്ഥാനം സംശയാതീതമാണ്.സാഹിത്യവും ഇതരകലകളും മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം എത്ര വലിയ മാനസികാവശ്യങ്ങളുടെ നിര്‍വഹണമാണ് സാധിക്കുന്നതെന്നും ചരിത്രത്തില്‍ അവയുടെ സ്ഥാനം എത്ര മര്‍മപ്രധാനമാണെന്നും ബോധ്യപ്പെടുത്തുന്നതില്‍ കേസരിബാലകൃഷ്ണപിള്ള കഴിഞ്ഞാല്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് എം.എന്‍.വിജയനാണ്.ഭാഷയുടെ ലാവണ്യത്തിനപ്പുറം അറിവിന്റെ വൈപുല്യവും ചിന്തയുടെ ഗഹനതയും ചേര്‍ന്നുണ്ടാവുന്ന അസാധാരണമായ ഓജസ്സും പ്രസാദവുമാണ് എം.എന്‍.വിജയന്റെ എഴുത്തിലും പ്രഭാഷണങ്ങളിലുമുള്ളത്.സാഹിത്യത്തെ പ്രതിഭയുടെയും ഭാവനയുടെയും അത്ഭുതലോകമായി കണ്ട് ആദരിക്കുകയോ സാധാരണസാഹിത്യനിരൂപകരുടെ ശൈലിയില്‍ എഴുത്തുകാരുടെ മൂല്യനിര്‍ണയം നടത്തുകയോ അല്ല അദ്ദേഹം ചെയ്തത്.കവിതയില്‍ അബോധപ്രേരണകളുടെ പ്രവര്‍ത്തനം വിശദമാക്കുന്നതിലും അത് ഒതുങ്ങിനിന്നില്ല.കലാസൃഷ്ടികളെയും സാഹിത്യരചനകളെയും മനുഷ്യപ്രജ്ഞയുടെ ഇതരവ്യാപാരങ്ങളുമായി,ചരിത്രവുമായി ബന്ധിപ്പിച്ച് സൂക്ഷ്മമായി അവലോകനം ചെയ്യുന്നതിന്റെ ഗംഭീരമായ അനേകം മാതൃകകള്‍ അദ്ദേഹം നമുക്ക് തന്നിട്ടുണ്ട്.

പക്ഷേ,ചിതയിലെ വെളിച്ചം,കവിതയും മന:ശാസ്ത്രവും ശീര്‍ഷാസനം,കാഴ്ചപ്പാട് എന്നീ പുസ്തകങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നവ ഒഴിച്ചുള്ള ലേഖനങ്ങളില്‍ മഹാഭൂരിപക്ഷവും വിജയന്‍മാഷുടെ പ്രസംഗങ്ങള്‍ ലേഖനരൂപത്തിലാക്കിയിട്ടുള്ളവയാണ്.പ്രസംഗങ്ങള്‍ എന്ന നിലയ്ക്ക് അവ താരതമ്യം സാധ്യമല്ലാത്ത ഉയരത്തിലാണെങ്കിലും സാഹിത്യസിദ്ധാന്തങ്ങളുടെ തലത്തില്‍ ഗവേഷണപഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള മുന്നേറ്റങ്ങള്‍ അവയില്‍ ഉണ്ടെന്നു പറയാനാവില്ല.തന്റെ സര്‍ഗാത്മകതയുടെ വൈഭവം കൊണ്ട് ചില നിരീക്ഷണങ്ങളെ അവിസ്മരണീയമായ പ്രസ്താവങ്ങളാക്കി മാറ്റിയിട്ടുണ്ട് അദ്ദേഹം എന്നത് ശരി തന്നെ.അതിനപ്പുറം കടക്കുന്ന വലിയ ചില അന്വേഷണങ്ങള്‍ ഒരു ഘട്ടത്തില്‍ അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു.'സൌന്ദര്യശാസ്ത്രപരീക്ഷണങ്ങള്‍' പോലുള്ള പ്രഭാഷണങ്ങളില്‍ അതിന്റെ സൂചനകള്‍ വ്യക്തമായി കാണാം.പക്ഷേ,അത്തരമൊരു അന്വേഷണത്തിന്റെ വഴിയില്‍ മുന്നേറുന്നതിന് തന്റെ ശാരീരികാവശതകള്‍ അനുവദിക്കാത്തതുകൊണ്ടുകൂടിയാകാം മാര്‍ക്‌സിയന്‍സൌന്ദര്യശാസ്ത്രത്തിന്റ ജനകീയമായ പ്രയോഗങ്ങള്‍ ബഹുജനസമക്ഷം അവതരിപ്പിക്കുക എന്നതില്‍ അദ്ദേഹം തന്റെ ആഗ്രഹത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.അതും അനുവദിക്കാനാവില്ല എന്ന് മാര്‍ക്‌സിസ്‌റ്പാര്‍ട്ടിയുടെ ഔദ്യോഗികസാംസ്‌കാരിക നടത്തിപ്പുകാര്‍ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കൃത്യമായി ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് എം.എന്‍.വിജയന്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.അതോടെ കടുത്ത വലതുപക്ഷനിലപാടുകളുള്ള ചില സാംസ്‌കാരികനായകരെ സ്വപക്ഷത്താക്കി ഊറ്റം കൊള്ളാനും അന്തരാ ശൂന്യമാവാനും ആ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് കീഴടങ്ങി രേഖയുണ്ടാക്കി കലാസാംസ്‌കാരികപ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടന സാംസ്‌കാരികരംഗത്ത് ഇനി ആവശ്യമില്ല.പകരം മനുഷ്യരാശിയുടെ ഭൂതകാലത്തെ കൃത്യമായി മനസ്സിലാക്കാനും തങ്ങള്‍ ജീവിക്കുന്ന ചരിത്രഘട്ടത്തോട് തികഞ്ഞ ഉള്ളുണര്‍വോടെ പ്രതികരിക്കാനും കഴിയുന്ന എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും ഒരു കൂട്ടായ്മയാണാവശ്യം.അത്തരത്തിലുള്ള ഒന്ന് ആകാവുന്നത്ര അനൌപചാരികമായ രൂപഘടനയോടെ നിലവില്‍ വരികയും നമ്മുടെ സാംസ്‌കാരികരംഗത്ത് വളരെ അടിയന്തിരമായിത്തന്നെ ശക്തമായ ചില ഇടപെടലുകള്‍ സാധിക്കുകയും ചെയ്യേണ്ടതുണ്ട്.കടുത്ത കമ്യൂണിസ്‌റ് വിരോധികളായ കലാകാരന്‍മാരും എഴുത്തുകാരും ചിലപ്പോള്‍ അവരുടെ ചില രചനകളില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചേക്കാം.എഴുതുന്നവരുടെ പ്രത്യക്ഷരാഷ്ട്രീയത്തെ അതിലംഘിച്ച് കൃതി മറ്റൊരു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാം.ഒന്നിലധികം നിലപാടുകള്‍ ഒരു കൃതിക്കുള്ളില്‍ മേല്‍ക്കൈ നേടാനായി മത്സരിച്ചുകൊണ്ടേയിരിക്കാം.പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായ ഒരു ഉള്ളടക്കവും ഇല്ലാത്ത കൃതികളും വായനാസമൂഹത്തിന് ജീവിതപ്രചോദകമായ അനുഭൂതികള്‍ പകര്‍ന്നേക്കാം.അതെല്ലാം പണ്ടെന്ന പോലെ ഇന്നും വാസ്തവം തന്നെ.പക്ഷേ കലാകാരന്‍മാരുടെ ഒരു കൂട്ടായ്മക്ക് അര്‍ത്ഥവത്തായ നിലനില്പ് സാധ്യമാവണമെങ്കില്‍ അതിന് കലയെയും ജീവിതത്തെയും കുറിച്ചുള്ള നിയതമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലം ലഭിക്കുക തന്നെ വേണം.ദര്‍ശനമെന്നത് സ്ഥിത്യാത്മകമായ ചില നിലപാടുകളുടെ കേവലക്രോഡീകരണമല്ല. മനുഷ്യജീവിതത്തിന്റെ വ്യത്യസ്തമേഖലകളിലെ വളര്‍ച്ചയുടെയും പരിണാമങ്ങളുടെയും അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഭൂതഭാവിവര്‍ത്തമാനങ്ങളുടെ അവധാരണം നിരന്തരം നവീകരിച്ചുകൊണ്ടിരിക്കാനുള്ള ശേഷിതന്നെയാണത്.അത് കൈവരിക്കുക എന്നത് എഴുത്തുകാരുടെ ലക്ഷ്യമേ അല്ലാതായിത്തീരുമ്പോഴാണ് സാഹിത്യത്തിന്റെയും സാഹിത്യചര്‍ച്ചകളുടെയും ഉള്ളടക്കം ഒരു ജനതക്ക് സ്വാഭാവികമായി കൈവരിക്കാവുന്ന ഉയരത്തില്‍ നിന്ന് എത്രയോ താഴെയാവുന്നത്.മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നത് അതാണ്.കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ ആയിത്തീരണമെങ്കില്‍ ഒരു പുതിയ കൂട്ടായ്മയുടെ ഇടപെടല്‍ സംഭവിക്കുക തന്നെവേണം. അത്തരമൊരു കൂട്ടായ്മയുടെ രൂപീകരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും വലിയ പ്രചോദനം എം.എന്‍.വിജയന്റെ ആശയലോകം തന്നെയായിരിക്കും.


ഓര്‍മയിലൊതുങ്ങാത്ത ഊര്‍ജം

എം.എന്‍.വിജയന്‍ കേസരിബാലകൃഷ്ണപിള്ളയുടെ വംശത്തില്‍ പെടുന്ന ബുദ്ധിജീവിയാണ്.ആ വംശത്തില്‍ ഒരുപക്ഷേ നാളിതുവരെയായി അവര്‍ രണ്ടുപേരെ ഉണ്ടായിട്ടുള്ളൂ എന്നു പറയാം.ആധുനികകേരളത്തിലെ മറ്റു ബുദ്ധിജീവികളില്‍ നിന്ന് അവര്‍ വ്യത്യസ്തരാവുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലാണ്.മനുഷ്യസംസ്‌കാരത്തെ ഒരേ സമയം അതിന്റെ എല്ലാ ലാളിത്യത്തിലും സങ്കീര്‍ണതയിലും മനസ്സിലാക്കാനും അംഗീകരിക്കാനും അപഗ്രഥിക്കാനുമുള്ള സന്നദ്ധതയാണ് അവയില്‍ ആദ്യത്തേത്.കേസരിയുടെ 'നവീനചിത്രകല'യ്ക്ക് എഴുതിയ അവതാരികയില്‍ എം.എന്‍.വിജയന്‍ എഴുതി'ലോകത്തിലെയും കാലത്തിലെയും ചെറുതും വലുതുമായ സംഭവങ്ങളെ സമന്വയിക്കുവാനും അവയില്‍ നിന്ന് ചരിത്രത്തിന്റെ സ്വരൂപം നിര്‍മിക്കുവാനും കേസരി നിരന്തരമായി പണിപ്പെട്ടിരുന്നു.സംഭവങ്ങളില്‍ ചെറുതും വലുതും ഇല്ല എന്ന ബോധവും കേസരിക്കുണ്ടായിരുന്നു എന്നു നാം മറന്നുപോകാനിടയുണ്ട്.സാധാരണമായ ഒരു ഇഷ്ടികയുടെ നിര്‍മാണത്തിലും ഒരു മഹാസൌധത്തിന്റെ വാസ്തുശില്പത്തിലും ഒരു ജനതയുടെ മുദ്ര പതിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.''കേസരിയുടെ ഈ നിലപാട് തന്നെയാണ് സ്വീയമായ ആവിഷ്‌ക്കാരസവിശേഷതകളോടെ എം.എന്‍.വിജയന്‍ തന്റെ ധൈഷണികജീവിതത്തില്‍ ഉടനീളം നിലനിര്‍ത്തിയത്.
രാഷ്ട്രീയവുമായുള്ള ബന്ധം ഇതിന്റെ മറ്റൊരു മുഖമാണ്.ബുദ്ധിജീവികള്‍ തങ്ങളുടെ കവി ഞ്ഞ അഹന്ത കൊണ്ടും ആത്മാനുരാഗം കൊണ്ടും പരിവേഷനഷ്ടത്തെ കുറിച്ചുള്ള ഭയം കൊണ്ടും അസ്പൃശ്യത കല്പിച്ച് മാറ്റി നിര്‍ത്തുന്ന രാഷ്ട്രീയത്തെ സാമൂഹ്യജീവിതത്തിലെ നിര്‍ണായകപ്രാധാന്യമുള്ള അനുഭവമേഖലയായി അംഗീകരിച്ച് സധൈര്യം അതിന്റെ ഭാഗമായിത്തീരാന്‍ ഇറങ്ങിത്തിരിച്ച ആളാണ് കേസരി.ഒരു ഘട്ടം കഴിഞ്ഞതിനുശേഷം അദ്ദേഹം ആ ബന്ധത്തിന് അയവ് വരുത്തി.പിന്നെപ്പിന്നെ അദ്ദേഹം ചരിത്രഗവേഷണത്തിലും സാഹിത്യനിരൂപണത്തിലുമായി ഒതുങ്ങി.കലയിലും സാഹിത്യത്തിലും അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്ന രാഷ്ട്രീയവും നിരൂപണത്തില്‍ അദ്ദേഹം പ്രയോഗിച്ചുകൊണ്ടിരുന്ന രാഷ്ട്രീയവും അക്കാലത്ത് രാഷ്ട്രീയം എന്നതിന് കേരളത്തിലെ രാഷ്ട്രീയക്കാര്‍ കല്പിച്ചിരുന്ന അര്‍ത്ഥത്തെ എത്രയോ മടങ്ങ് കവിഞ്ഞുനില്‍ക്കുന്ന ഒന്നായിരുന്നു.കേരളത്തിന്റെ പൊതുബോധവും കേസരിയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി മനസ്സിലാക്കാന്‍ മാത്രം പ്രബുദ്ധത കൈവരിച്ച ഒന്നായിരുന്നില്ല.

എം.എന്‍.വിജയന്‍ തന്റെ ധൈഷണികജീവിതം ആരംഭിക്കുന്നതു തന്നെ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പിന്തുണച്ചുകൊണ്ടാണ്.രാഷ്ട്രീയവുമായുള്ള ഈ നേര്‍ബന്ധം രാജ്യം സ്വതന്ത്രമായി രണ്ടുമൂന്നു വര്‍ഷം കഴിയുന്നതോടെ അദ്ദേഹം ഉപേക്ഷിക്കുന്നുണ്ട്.പിന്നീട് ഏതാണ്ട് മൂന്നര പതിറ്റാണ്ടിനുശേഷമാണ് എം.എന്‍ വിജയന്‍ രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ചു തുടങ്ങുന്നത്.ഭാരതീയ ദര്‍ശനത്തിന്റെയും ഇന്ത്യന്‍ മനസ്സിന്റെയും അപഗ്രഥനം,ഹൈന്ദവഫാസിസത്തിന്റെ മനശാസ്ത്രവും രാഷ്ട്രീയവും വിശദീകരിച്ചുള്ള സാമാന്യം വിസ്തൃതമായ പഠനം,മാധ്യമവിമര്‍ശനം എന്നിവയിലൂടെയൊക്കെ കരുത്തും വൈപുല്യവും ആര്‍ജിച്ച രാഷ്ട്രീയ ധൈഷണികത സ്‌ഫോടനാത്മകമായ നിരീക്ഷണങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും വന്നെത്തുന്നത് ആഗോളീകരണം,ഫണ്ടിംഗ്,സന്നദ്ധസംഘടനാരാഷ്ട്രീയം,പരിഷത്തിന്റെ രാഷ്ട്രീയം,ജനകീയാസത്രണം തുടങ്ങിയ പ്രശ്‌നങ്ങളെ സ്പര്‍ശിച്ചുതുടങ്ങിയതോടെയാണ്.അതോടെ അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷരാഷ്ട്രീയകക്ഷിയുടെ കണ്ണിലെ കരടായി.ഇബ്‌സന്റെ പ്രശസ്തമായ നാടകത്തെ ഓര്‍മിപ്പിക്കും വിധം അദ്ദേഹം 'ജനശത്രു'വായി.പക്ഷേ എം.എന്‍.വിജയന്‍ തനിക്ക് ശരിയെന്നു തോന്നിയ രാഷ്ട്രീയത്തില്‍ നിന്ന് കടുകിട വ്യതിചലിച്ചില്ല.താന്‍ നടത്തിയ ധര്‍മസമരത്തില്‍ അദ്ദേഹം പരാജയപ്പെട്ടുമില്ല. ഇങ്ങനെ പല നിലയ്ക്കും താരതമ്യം സാധ്യമല്ലാത്ത ഉയരത്തില്‍ നില്‍ക്കുന്ന ഒരു ബുദ്ധിജീവിക്ക് സാംസ്‌കാരികകേരളം അതിന്റെ ഓര്‍മയില്‍ നല്‍കുന്ന ഇടം വളരെ ചെറുതാണെന്ന പ്രതീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.ഔദ്യോഗിക ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുള്ള ബോധപൂര്‍വമായ തമസ്‌ക്കരണം,സാംസ്‌കാരികകാര്യങ്ങളില്‍ തീര്‍ത്തും ഉദാസീനരായ വലതുപക്ഷത്തിന്റെ ഭാഗത്തു നിന്നുള്ള കടുത്ത അവഗണന,അക്കാദമിക്‌സമൂഹത്തിന്റെ നിര്‍വികാരത,സാംസ്‌കാരികപഠനങ്ങളിലും രാഷ്ട്രീയത്തിലും വലിയൊരു വിഭാഗം യുവജനങ്ങള്‍ക്കുള്ള കടുത്ത വിമുഖത ഇവയൊക്കെ അതിന് കാരണമാണ്.പക്ഷേ,ആരെല്ലാം എങ്ങനെയെല്ലാം തടയാന്‍ ശ്രമിച്ചാലും മലയാളത്തില്‍ സംസ്‌കാരപഠനവും സാഹിത്യനിരൂപണവും രാഷ്ട്രീയപഠനവുമെല്ലാം നിലനില്‍ക്കുന്നിടത്തോളം അവയ്‌ക്കെല്ലാം പല ആവര്‍ത്തി എം.എന്‍.വിജയനെ സ്പര്‍ശിക്കാതിരിക്കാനാവില്ല.ഈ മേഖലകളിലെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവസരവാദികളും ഭീരുക്കളും അധികാരമോഹികളുമായ ശരാശരി ബുദ്ധിജീവികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ ഉയരെയാണ്.എം.എന്‍.വിജയന്റെ ഓര്‍മകള്‍ക്ക് അദ്ദേഹം നടത്തിപ്പോന്ന സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തനങ്ങളൂടെ തുടര്‍ച്ചയിലൂടെ തന്നെ നിലനില്പ് വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക് പക്ഷേ ഈയൊരു സംതൃപ്തിയില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനാവില്ല.പഠനമനനങ്ങളുടെയും പ്രായോഗികരാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെയും വഴിയില്‍ അവരുടെ സഞ്ചാരം കൂടുതല്‍ ഊര്‍ജ്വസ്വലമായി തുടരുക തന്നെ വേണം.അവര്‍ അലസരോ നിശ്ശബ്ദരോ ആത്മവിശ്വാസമറ്റവരോ ആവുമ്പോള്‍ ഇരുള്‍ പടരുന്നത് എം.എന്‍.വിജയന്റെ ഓര്‍മകള്‍ക്കുമുകളിലല്ല,മുഴുവന്‍ മലയാളികളുടെയും ബൌദ്ധികജീവിതത്തിന് മുകളിലാണ്.



 

ga