
ധര്‍മ്മടത്ത് ഞാന്‍ താമസിച്ചിരുന്ന വാടകവീട് ഒരു കുന്നിന് മുകളിലായിരുന്നു. അഞ്ച് മീറ്റര്‍ താഴെ റെയില്‍പാത. വീട്ടിലിരുന്നാല്‍ റെയില്‍പാളങ്ങള്‍ വെയിലില്‍ തിളങ്ങുന്നതു കാണാം. ഓല മേഞ്ഞ വീടിന്റെ അകത്തളങ്ങള്‍ കരിയും ചാണകവും തേച്ച് നിറം പിടിപ്പിച്ചിരുന്നു. എന്റെ മക്കള്‍ അനിലും സുജാതയും ഈ വീടിന്റെ മുറികളില്‍ മത്സരിച്ച് വീണുരുണ്ട് പുതിയ നിറം സമ്പാദിച്ചു.
വീടിനോട് ചേര്‍ന്ന് ചെറിയ ഒരു ഇടവഴി. വശങ്ങളില് പച്ചത്തലപ്പുകള്‍. ഈ ഇടവഴിയിലെ ഒരു മാളത്തില്‍ ഒരു കുറുക്കനും രണ്ടു കുട്ടികളും താമസിച്ചിരുന്നു. ഈ അയല്ക്കാരന് ഇടവിട്ട് എന്റെ വീടും പറമ്പും സന്ദര്‍ശിച്ചു. മറ്റുള്ള വീടുകളിലേയും പറമ്പുകളിലേയും ജന്മശത്രുക്കളായ കോഴികളെ അദ്ദേഹം നോട്ടമിട്ടു. ബ്രണ്ണന്‍കോളേജ് ഇരുന്ന ഇടത്തെ കുറുക്കന്‍കുന്ന് എന്നാണ് വിളിച്ചിരുന്നത്. രാത്രികളില്‍ കുറുക്കന്മാര് കൂട്ടായി ഓളിയിട്ടു. ഓരോ തീവണ്ടി ചൂളംവിളിച്ച് കടന്നുപോകുമ്പോഴും അകമ്പടിയായി അവരുടെ ജാഥയും മുദ്രാവാക്യവും മുറ തെറ്റാതെ നടന്നു.
ഒരു കുറുക്കന്‍നായ (Hybrid) വൈകുന്നേരങ്ങളില്‍ പതിവായി എന്റെ വീട്ടുസന്ദര്‍ശനം നടത്തി. ഭാര്യ ഭക്ഷണം നല്‍കുന്നതുവരെ അത് ഒരു തെങ്ങിനുപുറകില്‍ മറഞ്ഞുനില്ക്കും. ഭക്ഷണം നല്കിക്കഴിഞ്ഞാല് ലജ്ജയോടെ വന്ന് കഴിക്കും. കുറുക്കന്റെ സൂത്രവും നായയുടെ വിശ്വസ്തതയും ഈ ജീവി തുടര്‍ച്ചയായി പ്രകടിപ്പിച്ചു.
കൃത്യം പകല്‍ പതിനൊന്ന് മണിക്ക് ചില കുറുക്കന്മാര് നായാട്ടിനിറങ്ങി. പലരും ജോലിക്കും പുറത്തേക്കും പോയശേഷം പകല്‍ മോഷണത്തിനിറങ്ങുന്ന ചില മോഷ്ടാക്കളെ ഇവര്‍ അനുസ്മരിപ്പിച്ചു. പല വീടുകള്‍ക്കും പകല്‍ സമയത്ത് കോഴികളെ നഷ്ടമായി.
ബ്രണ്ണന്‍ കോളേജില്‍ ഞങ്ങള്‍ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു. അനശ്വരനായ ചിത്രകാരന് എ.എസ്.ആയിരുന്നു ഡയറക്ടര്‍. അദ്ദേഹം ഒരു ഭിക്ഷക്കാരനെ തെരുവില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് മോഡലാക്കി ചിത്രം വരച്ചു. ഭിക്ഷക്കാരന് പണം നല്കി. ഉച്ചസമയത്ത് ഭക്ഷണം കഴിക്കാനായി എ.എസ്. എന്റെ കൂടെയിറങ്ങി. വീടിനോട് ചേര്‍ന്ന ഇടവഴിയിലൂടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നടന്നു. പെട്ടെന്ന് എ.എസിനെ സ്വീകരിക്കാനായി ഒരു കുറുക്കന് ഇടവഴിയില്‍ ഇറങ്ങിനിന്നു. കുറുക്കന്റെ വാല് അങ്ങോട്ടുമിങ്ങോട്ടും ഇളകിക്കൊണ്ടിരുന്നു.
എ.എസ്. ഒരു നിമിഷം ജാഗ്രതാവസ്ഥയിലെത്തുന്നതു ഞാന്‍ കണ്ടു. പിന്നെ സൗന്ദര്യത്തിന്റെ കാണാക്കാഴ്ചകള്‍ ആ മനസ്സ് പ്രശാന്തമാക്കുന്നതും മുഖത്ത് കൗതുകം നിറഞ്ഞൊരു ചിരി പരക്കുന്നതും ഞാന്‍ കണ്ടു. വന്യമായ ആ കാഴ്ചയില്‍ അദ്ദേഹം ഒട്ടും പരിഭ്രമിച്ചില്ല. എ.എസ്. പെട്ടെന്നൊരു പൊട്ടിച്ചിരിയായി.
''മാഷേ ഇത് നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഇവിടംതന്നെയാണ് മാഷിന് ഏറ്റവും യോജിച്ചത്...''
എ.എസിനോടൊപ്പം ഞാനും ചിരിച്ചു. അന്നന്നെ ഭക്ഷണവേളയില്‍ ഞങ്ങള്‍ കുറുക്കന്മാരെപ്പറ്റി ഏറെ സംസാരിച്ചു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. പ്രൊഫസര്‍ എം.കെ. സാനു ഞങ്ങളുടെ കോളേജില്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി എത്തി. അദ്ദേഹം ഒരു ദിവസം എന്റെ കൂടെ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് ഇറങ്ങി. പതിവ് ഇടവഴിയില്‍ സാനുമാഷെ സ്വീകരിക്കാന്‍ മുറതെറ്റാതെ കുറുക്കന് എത്തി. സന്തോഷം കൊണ്ട് അത് വാല് ഇളക്കിക്കൊണ്ടിരുന്നു.
സാനു മാഷ് വല്ലാതെ പരിഭ്രമിച്ചു. തെക്കന്‍ പ്രദേശത്തുകാരനായ അദ്ദേഹം മ്യൂസിയത്തിലല്ലാതെ കുറുക്കനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖം ചുവന്നു. ഭയപ്പെട്ടപോലെ അദ്ദേഹം എന്നോടു ചോദിച്ചു.
''ഇങ്ങനെയുള്ള സ്ഥലത്ത് മാഷ് എങ്ങനെയാണ് കഴിയുന്നത്?''
ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന 'കേരളത്തിലെ പക്ഷികള്‍' എഴുതിയ ഇന്ദുചൂഢന് കുറുക്കന്മാരെപ്പറ്റി പഠിക്കാന്‍ ആഗ്രഹിച്ചു. കുറുക്കനെപ്പറ്റിയുള്ള പഠനം ലോകത്തെവിടെയും നടന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എവിടെ നിന്നെങ്കിലും കുറച്ചു ഫണ്ട് കിട്ടിയാല്‍ താന്‍ കുറുക്കനെപ്പറ്റി പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
എന്റെ വീടിന്റെ അയല്പക്കത്ത് ഒരിരുമ്പു പണിക്കാരനുണ്ടായിരുന്നു. സ്വന്തമായി ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കൊണ്ട് അദ്ദേഹം ഒരു കട നടത്തി. സഖാവ് ആയിരുന്ന അദ്ദേഹം പാര്‍ട്ടി ജാഥകളിലും മറ്റും നിരന്തരം പങ്കുകൊണ്ടു. വിചിത്രമായ സ്വഭാവരീതികള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. പശുവിനെ കറന്ന് തൊഴുത്തില്‍വെച്ച് തന്നെ പാല് നേരിട്ടു കഴിക്കുന്ന സ്വഭാവമായിരുന്നു. എല്ലാ മൃഗങ്ങളെയും അദ്ദേഹം പോറ്റി വളര്‍ത്തി. മറ്റു മനുഷ്യര്‍ വളര്‍ത്താത്ത മൃഗങ്ങളെ ആയിരുന്നു ഇദ്ദേഹത്തിന് പ്രിയം.
ഒരു ദിവസം ഇദ്ദേഹം ഒരു കുറുക്കനെ കെണിവെച്ച് പിടിച്ചു. കുറുക്കനെ അദ്ദേഹം വളര്‍ത്താന്‍ തീരുമാനിച്ചില്ല. മറിച്ച് ഒരിക്കലും ഊരിപ്പോകാത്ത രീതിയില്‍ കമ്പിവളച്ച് അദ്ദേഹം കുറുക്കന്റെ കഴുത്തിലിട്ടു. ഈ കമ്പിയില്‍ മധുരമായ സംഗീതം പൊഴിക്കുന്ന ഒരു മണിയും. അദ്ദേഹം കുറുക്കനെ സ്വതന്ത്രനാക്കി.
മണിയും സംഗീതവുമായി കുറുക്കന് സൈ്വര്യവിഹാരം ആരംഭിച്ചു. പക്ഷേ മണി കുറുക്കനെ ചതിക്കാന്‍ തുടങ്ങി. കുറുക്കന്റെ രഹസ്യരീതികളും ചലനങ്ങളും മണിയുടെ ശബ്ദത്താല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. തങ്ങളുടെ പ്രസ്ഥാനത്തിന്റെ രഹസ്യത്തെ പരസ്യമാക്കുന്നു എന്ന കാരണത്താല്‍ കുറുക്കനെ മറ്റു കുറുക്കന്മാര് സംഘത്തില്‍ നിന്നും പുറത്താക്കി. കാടിന്റെയും പറമ്പിന്റെയും വന്യതയില്‍ കുറുക്കന് ഏകാന്തനായി. പാതിരാത്രിയില്‍ ഉറക്കത്തിന്റെ ഏതോ നിമിഷത്തില്‍ ഞാന്‍ കുറുക്കന്റെ കഴുത്തിലെ മണിയൊച്ചകള്‍ കേട്ടു. കുറുക്കന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് അപ്രതീക്ഷിതമായ നിമിഷത്തില്‍ ഇരകള്‍ കണ്‍വെട്ടത്ത് നിന്ന് ഓടിപ്പോയി.
പതുക്കെ പതുക്കെ മണിയൊച്ചകളുടെ മുഴക്കം കുറഞ്ഞു. ഇര കിട്ടാത്തതുകൊണ്ട് കുറുക്കന്റെ ചലനം മന്ദഗതിയിലായി. ക്രൂരവും നിന്ദ്യവുമായ മനുഷ്യന്റെ ഈ ചതിയില്‍ വിശപ്പില്‍ പിടഞ്ഞ് പലപ്പോഴും നിസ്സഹായതകൊണ്ട് കുറുക്കന് ഓളിയിട്ടു. ഒറ്റപ്പെട്ട ഈ ഓളിയിടല്‍ ധര്‍മ്മടത്തിന്റെ രാത്രികളിലേക്ക് തെന്നിവീണു.
മാസങ്ങള്‍ക്കുശേഷം വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ കുറുക്കന്റെ മൃതശരീരം വീണുകിടന്നു. മുറുകിയ കമ്പിയിലെ മണി ഒരു സംഗീതവും പൊഴിക്കാതെ കഴുത്തിനോട് ചേര്‍ന്നുകിടപ്പുണ്ടായിരുന്നു. ലോകത്തിന്റെ ഒരു കാഴ്ചയും കാണാനില്ലെന്നപോലെ കുറുക്കന് കണ്ണുകള്‍ മുറുക്കെ പൂട്ടിയിരുന്നു.
(എം.എന്‍ .വിജയന്റെ കാലിഡോസ്കോപ്പ് എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്)