
എന്റെ അച്ഛന്‍ നാരായണമേനോന്‍ കൊടുങ്ങല്ലൂര്‍ ടൗണ്‍ പ്രൈമറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ കൊച്ചമ്മു എടവിലങ്ങ് പ്രൈമറി സ്‌കൂളില്‍ അധ്യാപിക. ഈ അധ്യാപകദമ്പതികളുടെ ഇളയമകനായിട്ടാണ് 1930 ജൂണ്‍ 8ന് ഞാന്‍ പിറന്നത്. 'മൂളിയില്‍ വീട്' എന്നായിരുന്നു അമ്മയുടെ തറവാട്ടുപേര്. പണ്ട് രാജാവിന്റെ പല്ലക്ക് ചുമക്കുന്നവരൊക്കെ രാജാവിന്റെ വരവറിയിച്ചുകൊണ്ട് മൂളും. മൂളിയില്‍ വീട് എന്നു പറയുമ്പോഴൊക്കെ രാജാവിന്റെ പല്ലക്ക് ചുമന്നിരുന്നവരാണ് എന്ന സംജ്ഞ വരുന്നതായി കാരണവന്മാര്‍ക്ക് തോന്നി. അങ്ങനെ തറവാട്ടുപേരിന് 'തേക്കുംപറമ്പില്‍' എന്നൊരു മാറ്റം നിര്‍ദേശിക്കപ്പെട്ടു. പതുക്കെ പതുക്കെ 'മൂളിയില്‍ വീട്' എന്ന തറവാട്ടുപേര് വിസ്മൃതിയിലേക്ക് മറഞ്ഞു.
എന്റെ കാരണവന്മാര്‍ വടക്കുനിന്ന് ജോലിതേടി കൊടുങ്ങല്ലൂര്‍ വന്നതാണെന്നാണ് കരുതപ്പെടുന്നത്. 'മൂളിയില്‍ വീട്' എന്നുപറഞ്ഞാല്‍ തരിശായ പറമ്പ് എന്ന് ഒരു വടക്കന്‍ അര്‍ത്ഥം വരുന്നു. എന്റെ അമ്മമ്മ കല്യാണിയും അവരുടെ അമ്മയും ഇവിടെയായിരുന്നു. തറവാടിനെക്കുറിച്ചുള്ള പൗരാണിക സ്മൃതികള്‍ ഇവിടെ വെച്ച് മങ്ങുന്നു. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അറക്കത്താഴത്ത് എന്റെ ഓര്‍മ്മയുടെ പച്ചപ്പ് തുടങ്ങുന്നു. ചെരിവുകളും കീഴ്ക്കാംതൂക്കുകളുമില്ലാതെ അകലങ്ങളിലേക്ക് പരക്കുന്ന ഈ മണ്ണ് പ്രവാസത്തിന്റെയും യാത്രയുടെയും മണിക്കൂറുകളില്‍ എന്നെ വിളിക്കുന്നു.
എല്ലാ വര്‍ഷവും കെട്ടിമേയാറുള്ള ഓലപ്പുരയായിരുന്നു തറവാട്. പുരകെട്ടി മേയുമ്പോഴൊക്കെ പായസം വെക്കും. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് അത് മാധുര്യം മുറ്റിയ ഓരോര്‍മ്മകൂടിയാണ്. കുട്ടികളെന്നു പറഞ്ഞാല്‍ ചേച്ചി ശാരദ, ജ്യേഷ്ഠന്‍ ഹരി, പിന്നെ ഇളയവനായ ഞാന്‍. ജ്യേഷ്ഠന് എന്നേക്കാള്‍ മൂന്ന് വയസ്സ് മൂപ്പുണ്ട്. ചേച്ചിക്ക് നാലും.
അച്ഛന്‍ എന്നും ചില ആദര്‍ശങ്ങളുടെ പുറകെയായിരുന്നു. അരിഷ്ടിച്ചും കഷ്ടിച്ചും ഉള്ള ജീവിതത്തിന് അച്ഛനെപ്പോഴും ആദര്‍ശത്തിന്റെയും തത്വശാസ്ത്രത്തിന്റെയും നിറക്കൂട്ട് ചാര്‍ത്തി. എല്ലാ കാര്യങ്ങള്‍ക്കും അച്ഛന് അച്ഛന്റേതായ ചില വരമ്പുകളും അതിര്‍ത്തികളും ഉണ്ടായിരുന്നു. ജീവിതത്തെ അച്ഛന്‍ നോക്കിക്കണ്ടതും അറിഞ്ഞതും ഈ വരമ്പുകളില്‍ നിന്നായിരുന്നു. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം അഗാധവും ഹൃദ്യവുമായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും അവര്‍ ഒരുമിച്ചു നിന്നു. ഒരുമിച്ച്, ഒരേ വഴിയിലൂടെ സ്‌കൂളുകളിലേക്ക് യാത്ര ചെയ്തു.
അച്ഛന്റെ അമ്മാവന്റെ മകളായിരുന്നു അമ്മ. വിവാഹത്തിനു മുമ്പ് തറവാട്ട് പറമ്പിലുള്ള മറ്റൊരു പുരയില്‍ അച്ഛന്‍ താമസിച്ചു. അച്ഛന്റെ ബാല്യവും വിദ്യാഭ്യാസകാലവും ഏറെ ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു.
അമ്മയെ വിവാഹം കഴിച്ച് ഞങ്ങള്‍ കുട്ടികളുമായി ജീവിച്ചു തുടങ്ങിയപ്പോള്‍ വീട്ടുചിലവ് ഏതാണ്ട് മാസം 30 രൂപയോളം വരും. അച്ഛനും അമ്മയ്ക്കും കൂടി ഏതാണ്ട് 25 രൂപയോളം ശമ്പളമായി ലഭിക്കും. മാസം 5 രൂപയുടെ കുറവ്. ജീവിതമെന്ന നൂല്‍പാലം താണ്ടുന്നതിനിടയില്‍ ഈ ഒരു കുറവ് ആരെയും അറിയിക്കാതിരിക്കാന്‍ അച്ഛന്‍ നിരന്തരം ബുദ്ധിമുട്ടി. അദ്ദേഹത്തിന്റെ മുഖം പലപ്പോഴും വ്യാകുലമായി കാണപ്പെട്ടു. പക്ഷേ, സങ്കടങ്ങള്‍ അച്ഛന്‍ ആരോടും പറഞ്ഞില്ല. നീണ്ടു മെലിഞ്ഞ ആ ചടച്ച ശരീരത്തിലും ഹൃദയത്തിലുമായി അച്ഛന്‍ വേദനകളൊതുക്കി.
ചേച്ചി ശാരദ പഠിക്കാന്‍ മിടുക്കിയായിരുന്നു. 1945 ല്‍ ചേച്ചി 'ഹിന്ദി വിശാരദ്' പരീക്ഷ പാസ്സായി. ഹിന്ദി വിശാരദ് എന്നാല്‍ എം.എ. നിലവാരത്തിലുള്ള പരീക്ഷയാണ്. 'രാജഗോപാലാചാര്യ'യാണ് അന്ന് ഹിന്ദിബോര്‍ഡിന്റെ പ്രസിഡന്റ്. കോണ്‍വക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അക്കൊല്ലം വിതരണം ചെയ്യുന്നത് ഗാന്ധിജിയായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മദ്രാസില്‍ പോകണം. പോയാല്‍ ഗാന്ധിജിയുടെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
ചേച്ചി പറഞ്ഞു. 'എനിക്ക് പോകണം'
എങ്ങനെ പോകുമെന്നറിയാതെ അച്ഛന്‍ വിഷമിച്ചു. അദ്ദേഹം തെക്കോട്ടും വടക്കോട്ടും നടന്നു. സ്‌കൂള്‍ വിട്ട് തിരിച്ചു വരുന്നതിനിടയില്‍ അച്ഛന്‍ കൂടുതല്‍ മൗനിയായി. മ്ദ്രാസില്‍ പോയാല്‍ ഗാന്ധിജിയുടെ കൈയില്‍ നി്ന്ന് 'ഹിന്ദി വിശാരദ്' പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാം. പെണ്‍കുട്ടിയാണ്, തനിച്ച് വിടാന്‍ വയ്യ. വണ്ടിക്കൂലിക്കും താമസത്തിനും പണം വേണം.
യാത്രയ്ക്കുള്ള ദിവസം അടുത്തു. ആ ദിവസം പോയില്ലെങ്കില്‍ പിന്നെ പോയിട്ട് കാര്യമില്ല.
അച്ഛന്‍ പറഞ്ഞു: 'നീ പോകേണ്ട'
മുറിയുടെ അകത്തളത്തിലെ ഇരുട്ടിലിരുന്ന് ചേച്ചി ഏങ്ങലടിച്ചു കരഞ്ഞു. അച്ഛന്‍ അന്ന് സ്‌കൂളില്‍ പോയില്ല. വീട്ടു വരാന്തയില്‍ ചാരുകസേരയില്‍ കിഴക്കോട്ട് പരക്കുന്ന വയലുകളിലേക്ക് കണ്ണുംനട്ട് അച്ഛന്‍ ഇരുന്നു.
''പണം ഇല്ലെങ്കില്‍ അതിന്റെ ബുദ്ധിമുട്ട് കുട്ടികള്‍ മനസ്സിലാക്കേണ്ടേ?' അച്ഛന്‍ ചോദിച്ചു. പിന്നെ, ഇടയ്‌ക്കെപ്പോഴോ അച്ഛന്‍ വേറെന്തോ പറഞ്ഞു. ഒടുവില്‍ നെഞ്ചില്‍നിന്ന് പിടിവിട്ടുപോയ ഒരു നിമിഷത്തില്‍ നാട്ടുകാരുടെ നാരായണമേനോന്‍ മാഷ് കരഞ്ഞു. കണ്ണീരിന്റെ രണ്ട് കുഞ്ഞരുവികള്‍ അദ്ദേഹത്തിന്റെ ചടച്ച കവിളുകളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. വീട്ടിലന്ന് കണ്ണീരിന്റെയും സങ്കടത്തിന്റെയും ദിനമായിരുന്നു. ഞാനും അമ്മയും ജ്യേഷ്ഠനും കരഞ്ഞു. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും അതിര്‍ത്തി നിശ്ചയിക്കുന്ന ഒരു കണക്കില്‍ കണ്ണീരിന്റെ ഈ ഒരു ദിനം ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട്.
ആദര്‍ശങ്ങളുടെ ഒരു ചുമട് അച്ഛനെപ്പോഴും തലയിലേറ്റിയിരുന്നു. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനെന്ന നിലയ്ക്ക് അച്ഛന്‍ സ്വന്തം മക്കളെപ്പോലെ സ്‌കൂളിലെ കുട്ടികളെയും സ്‌നേഹിച്ചു. അദ്ദേഹം ഒരിക്കലും ഞങ്ങളെ അടിച്ചില്ല. ശാസനപോലും കുറവ്. നിയതമായ ഒരു വഴിയിലൂടെ ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നുവലുതാകുമെന്ന് അച്ഛന്‍ വിശ്വസിച്ചു. അച്ഛന്‍ ക്ഷേത്രങ്ങളില്‍ പോകുമായിരുന്നില്ല. അദ്ദേഹം ഈശ്വരനില്‍ വിശ്വസിച്ചിട്ടുണ്ടായിരിക്കണം. പക്ഷേ, അനാചാരത്തോളമോ അന്ധവിശ്വാസത്തോളമോ എത്തുന്ന എന്തിനെയും അച്ഛന്‍ എതിര്‍ത്തു. എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അച്ഛനത് അവഗണിച്ചു. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോഴിയെ മുറിക്കാത്ത ഏക വീട് ഞങ്ങളുടേതായിരുന്നു. അച്ഛന്‍ ആലത്തൂര്‍ ബ്രഹ്്മാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു.
1949 ല്‍ എന്റെ ബി.എ. പരീക്ഷയുടെ റിസല്‍റ്റ് അറിയുന്നതിനുമുമ്പ്, സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന കൊല്ലം അച്ഛന്‍ മരിച്ചു. അച്ഛന് ക്യാന്‍സറായിരുന്നു. ഒരേയൊരു വര്‍ഷം കൊണ്ട് ഒരായുസിന്റെ മുഴുവന്‍ വേദനയും അച്ഛന്‍ നിശ്ശബ്ദം ഏറ്റുവാങ്ങി.
വേദനിക്കുന്നുവെന്ന് അച്ഛന്‍ ഒരിക്കലും പരാതിപറഞ്ഞില്ല. ഞങ്ങള്‍ കുട്ടികള്‍ സങ്കടപ്പെടരുതെന്ന് അച്ഛന് വല്ലാത്ത നിര്‍ബന്ധമുണ്ടായിരുന്നു. എന്തുചോദിച്ചാലും 'എനിക്ക് ഒന്നുമില്ല' എന്ന് അച്ഛന്‍ വാത്സല്യത്തോടെ പറയും. വല്ലപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ ഇടയും. നിശബ്ദവും അഗാധവുമായ ഒരു ചലനത്തില്‍ മനസ്സില്‍ കരുതിവെച്ചതൊക്കെ അച്ഛന്റെ കണ്ണുകളില്‍ വന്ന് നിറയും. സങ്കടത്തിന്റെ ഒരു പാടയില്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകും.
'അച്ഛാ' എന്ന് ഞാന്‍ ഉച്ചത്തില്‍ വിളിക്കും. എന്റെ വാക്കുകളില്‍ നിന്നും ശബ്ദം പോയി മറഞ്ഞിട്ടുണ്ടാകും. വാക്കുകളില്ലാത്ത എന്റെ സങ്കടങ്ങളും ആവലാതികളും നെഞ്ചു തകര്‍ക്കുന്ന വേദനക്കിടയിലും അച്ഛന്‍ ഏറ്റുവാങ്ങും.
ഒരു പുലര്‍ച്ചെ എന്റെ മടിയില്‍ തലവെച്ച് കിടന്ന് അച്ഛന്‍ മരിച്ചു. പൂമുഖത്തെ ചാരുകസേരയില്‍ നിന്ന് അച്ഛന്‍ അതീവശാന്തതയോടെ ഇറങ്ങിപ്പോയെന്ന് എനിക്ക് മനസ്സിലായി. പറമ്പുകള്‍ക്കപ്പുറത്തെ വയലുകളിലൂടെ അച്ഛന്‍ നടന്നുപോയ കറുകപ്പുല്ലുകള്‍ പടര്‍ന്ന വരമ്പുകള്‍ മാത്രം ആരുടേയോ കാല്‍പതനത്തിനായി നിശബ്ദം കാത്തുകിടന്നു.
(കാലിഡോസ്‌കോപ്പ് എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്)