വിജയന്‍ മാഷിനെക്കുറിച്ച് ഇവരും...

Posted on: 01 Oct 2010

കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ആശ്വാസവും സ്‌നേഹവുമായിരുന്നൂ എം.എന്‍.വിജയന്‍.വിജയന്‍ മാഷെ അവരില്‍ ചിലര്‍ ഓര്‍ത്തെടുക്കുന്നു.സമൂഹത്തിലെ പല തുറകളില്‍ ഉള്ള പലര്‍ ആരായിരുന്നൂ തങ്ങള്‍ക്ക് വിജയന്‍ മാഷെന്ന് ഇവിടെ പറയുന്നു.


മനസുകൊണ്ടും എഴുത്തുകൊണ്ടും മാഷ് യുവാവായിരുന്നു

1993ലാണ് വിജയന്‍മാഷെ ഞാന്‍ പരിചയപ്പെടുന്നത്. എം മുകുന്ദനെ കാണാനും പരിചയപ്പെടാനും മാഹിയില്‍ പോയതായിരുന്നു. അന്ന് മുകുന്ദനെ കാണാനാവാതെ മടങ്ങുമ്പോള്‍ സുഹൃത്ത് മുസ്തഫയാണ് വിജയന്‍ മാഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.അതുവരെ വായിച്ചറിഞ്ഞ പരിചയം മാത്രമായിരുന്നു വിജയന്‍മാഷ്. സാധാരണക്കാരായ ഞങ്ങളെ അദ്ദേഹം എങ്ങനെ കാണുമെന്ന പേടിയായിരുന്നു മനസ്സുനിറയെ. എന്നാല്‍ ഞങ്ങളെയും അദ്ദേഹം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. വായനാമുറിയില്‍ കൊണ്ടുപോയി രണ്ടു മണിക്കൂര്‍ നേരം സംസാരിച്ചു. അതില്‍ ഖുര്‍ആനും ബൈബിളും കാള്‍ മാക്‌സും എം കൃഷ്ണന്‍നായരുമൊക്കെ നിറഞ്ഞുനിന്നു. ചായ തന്നു സല്‍ക്കരിച്ചു. സ്‌നേഹം കൊണ്ടും അറിവുകൊണ്ടും മാഷ് ഞങ്ങളെ കീഴ്‌പ്പെടുത്തുകയായിരുന്നു.പിന്നീട് ഇടക്കിടെ ഞാന്‍ മാഷിന്റെ വീട്ടില്‍ പോകും. മാഷിന്റെ പ്രസംഗമുള്ള സ്ഥലത്തെല്ലാം ഞാന്‍ പോകും. ചിലപ്പോള്‍ കൂട്ടുകാരെയും കൂടെ കൂട്ടും.

കോഴിക്കോട് പരിപാടിക്കു വന്നാല്‍ തിരിച്ചു പോകുമ്പോള്‍ മാഷ് കാറില്‍ എന്നെക്കൂടി കയറ്റും. 'കാറുള്ളപ്പോള്‍ ബസ്സിലെന്തിനാണ് യാത്ര ചെയ്യുന്നതെ'ന്ന് മാഷ് ചോദിക്കും. പോകുംവഴി കാട്ടിലപ്പീടികയില്‍ ഇറക്കും. കൊടുങ്ങല്ലൂരിലേക്ക് താമസം മാറിയ ശേഷം വീട്ടില്‍ അധികമൊന്നും പോയിട്ടില്ലെങ്കിലും ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. പലപ്പോഴും 15 മിനിറ്റിലേറെ സംസാരിക്കും. മാഷിന്റെ ആരോഗ്യത്തിനത് ബുദ്ധിമുട്ടുണ്ടാക്കില്ലേ എന്നു ചോദിച്ചാല്‍ പറയും: നിങ്ങളെപ്പോലുള്ളവരോട് സംസാരിച്ചാല്‍ ക്ഷീണിക്കുകയില്ല. എനിക്കത് ടോണിക്കാണ് എന്ന്.
മരിക്കുന്നതിന് ഒരാഴ്ച മുമ്പും ഫോണ്‍ ചെയ്തിരുന്നു. ഇടത്- വലത് അതിര്‍ത്തി മാഞ്ഞുപോകുന്നതിനെക്കുറിച്ചാണ് അന്ന് മാഷ് സംസാരിച്ചത്. വി എസിനോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, സംഘടന മറുവിഭാഗത്തിന്റെ പിടിയിലായതിലായിരുന്നു മാഷിന് പ്രയാസം. സാധാരണക്കാരെ ഇത്രത്തോളം സ്‌നേഹിക്കുകയും അവരോട് സൗഹൃദം നിലനിറുത്തുകയും ചെയ്ത രണ്ടു പേരായിരുന്നു ബഷീറും വിജയന്മാഷും.
പുസ്തകത്തില്‍ നിന്ന് കിട്ടാത്ത അറിവാണ് മാഷില്‍ നിന്ന് കിട്ടുക. അദ്ദേഹത്തിന് ഉള്ളില്‍ നിന്നുള്ള വെളിച്ചം കൂടിയുണ്ടായിരുന്നു. പഠിച്ചാല്‍ പലര്‍ക്കും എഴുത്തുകാരനാവാന്‍ കഴിയുമായിരിക്കും. എന്നാല്‍ മാഷെപ്പോലെ മൗലിക പ്രതിഭയാകാന്‍ പറ്റില്ല
മാഷിന്റെ എല്ലാ പുസ്തകങ്ങളും തേടിപ്പിടിച്ച് പലതവണ വായിച്ചിട്ടുണ്ട് ഞാന്‍.ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ മുഴുവനും വായിച്ചിട്ടുണ്ട്.
മനസുകൊണ്ടും എഴുത്തുകൊണ്ടും മാഷ് യുവാവായിരുന്നു. അതുകൊണ്ട് മാഷിന്റെ മരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഹൃദയത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെ. നികത്താനാവാത്ത വിടവ് എന്ന വാക്ക് ഉപയോഗിച്ച് കെട്ട് പോയിട്ടുണ്ട്.

തെക്കെയില്‍ സുബൈര്‍,മാവൂര്‍ റോഡിലെ നൂര്‍കോംപ്ലക്‌സില്‍ പെട്ടിക്കട നടത്തുന്നു. കാട്ടിലപ്പീടിക സ്വദേശി.
(കടപ്പാട്:സക്കീര്‍ ഹുസൈന്‍ )


സ്‌നേഹമെന്ന ശല്യക്കാരന്‍

എല്ലാവര്‍ക്കുമെന്നപോലെ കവിതയും പാട്ടും കേള്‍ക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. കവിത പോലെ സുന്ദരവും കഥ പോലെ സംഭവ ബഹുലവും ലേഖനം പോലെ ദീപ്തവുമായ സംഭവങ്ങളെ കോര്‍ത്തിണക്കി മുതലാളിത്തവും, ഫാഷിഷസവും , തീവ്ര ഹിന്ദുത്വ നിലപാടുകളും സാധാരണ ജനങ്ങളെ വലയില്‍ വീഴ്ത്തുന്നതെങ്ങിനെയെന്ന് വാക്കുകള്‍കൊണ്ട് പറഞ്ഞു തുടങ്ങി മലരായി വിരിഞ്ഞ് ബോംബ് വര്‍ഷിക്കുന്ന വിജയന്‍ മാഷുടെ പ്രസംഗം ആദ്യമായി കേള്‍ക്കുന്നത് ചെറുകുന്ന് ദേശപ്രീയ വാനശാലയുടെ വാര്‍ഷികത്തിനായിരുന്നു. പലപ്പോഴായി അദ്ദേഹത്തെ വായിക്കാന്‍ ശ്രമിച്ചിട്ടും അന്നൊന്നും നടന്നില്ലെങ്കിലും അദ്ദേഹത്തിന് എന്തോ ഒരു ആകര്‍ഷണശക്തിയുണ്ടെന്ന് ഏറെയൊന്നും ആലോചിക്കാതെ എനിക്ക് മനസ്സിലായിരുന്നു. ആദ്യമൊന്നും വിജയന്‍ മാഷെ ഞാന്‍ വായിച്ചിരുന്നില്ല. കേട്ടനാള്‍ മുതല്‍ തന്നെ 'ബുദ്ധിജീവി' എഴുത്തല്ലേന്ന് ഒരു തരം അകല്‍ച്ച (അന്ന് പലരും എഴുതിയിരുന്നത് കടു കട്ടി ഭാഷയിലായതിനാലാവണം!!!) ഉണ്ടായിരുന്നു. എന്നിട്ടും ഏതോ ഒരു പുരോഗമന കലാ സാഹിത്യ സംഘത്തിന്‍ റെ ചെറുകഥാക്യാമ്പില്‍ (അത് എവിടെയാണെന്ന് ഇപ്പോഴും ഓര്‍മ്മയില്ല) വിതരണം ചെയ്ത പത്ത് പേജോളം വരുന്ന എം എന്‍ വിജയന്‍ മാഷിന്‍ റെ പ്രസംഗം പലകുറി വായിക്കാതെ മറിച്ചു നോക്കി. അന്നൊരു ഞായറാഴ്ച ആയിരിക്കണം. ഈ പുസ്തകം വീണ്ടും വായിക്കാനെടുത്തു. മുതലാളിത്തത്തിന്‍റെയും ഹിന്ദുത്വത്തിന്‍റേയും പുതിയ ബിംബങ്ങളിലേക്ക് വിജയന്‍ മാഷ് പുസ്തകത്തില്‍ പ്രസംഗം തുടങ്ങുമ്പോള്‍ എന്‍റെ ഓര്‍മ്മകള്‍ നാട്ടില്‍ ആകെ ഉണ്ടായിരുന്ന വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിലായിരുന്നു. അന്ന് അമ്പലക്കമ്മിറ്റികളില്‍ മിക്കവാറും ആളുകള്‍ സി പി ഐ (എം) ന്‍റെ പ്രവര്‍ത്തകരായിരുന്നു. അതും വിജയന്‍ മാഷിന്‍റെ ആഹ്വാനം പോലെ. എനിക്ക് തോന്നി. തീവ്രഹിന്ദുത്വം ആദ്യം അടയാളങ്ങളെ പിടിച്ചെടുക്കുമെന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ അന്നവിടെ ആര്‍ എസ്സ് എസ്സ് ശാഖയ്ക്ക് വരുമായിരുന്നവരുടെയൊക്കെ നെറ്റിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ചുവന്ന കുറികളും കാവി മുണ്ടുകളും
എന്നെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുക തന്നെ ചെയ്തു. ആചാരമായിരുന്ന അടയാളങ്ങളെ പിടിച്ചെടുക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിലേക്ക് തീവ്രഹിന്ദുത്വവാദികള്‍ ഒരു പാലം നിര്‍മ്മിക്കുകയാണെന്ന ബോധം അന്നത്തെ സി പി ഐ (എം) കാരെ വിജയന്‍ മാഷ് പഠിപ്പിച്ചതു കൊണ്ടും പാര്‍ട്ടി ക്ലാസുകളില്‍ ഇത് ചര്‍ച്ച ചെയ്തതു കൊണ്ടും ആയിരിക്കണം അക്കൊല്ലത്തെ ധനു പത്ത് ഉത്സവത്തിന് മുഴുവന്‍ സി പി ഐ (എം) കാരും ചുവന്ന കുറി നെറ്റിയില്‍ ചേര്‍ത്ത് വരച്ച് തീവ്ര ഹിന്ദുത്വ വാദികള്‍ക്കുള്ള നിശ്ശംബദമായ മറുപടിയായിരുന്നു. ഒരു പക്ഷെ അത്തരം ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചതു കൊണ്ടാവണം ഉണ്ടായിരുന്ന പത്ത് പേരായ ആര്‍ എസ് എസ്സുകാര്‍ എന്‍റെനാട്ടില്‍ ഇന്നും പേരിനു പോലും ഒന്നില്ലാതെ പോയത്.
വിജയന്‍ മാഷിന്‍റെ വാക്കുകളിലെ തീ എന്‍റെ മനസ്സിലേക്ക് കുടിയേറിയതിനാലാവണം ആ ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള കൊതി എന്നെ ആവാഹിച്ചത്. അന്നൊന്നും ഞങ്ങളുടെ അടുത്ത സിറ്റിയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ചെറിയ ടാപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടായിരുന്നെങ്കില്‍ തന്നെ ഒരു റെക്കോര്‍ഡ് സ്വന്തമായി വാങ്ങിച്ച് തരണമെന്ന് അച്ഛനോട് പറയാനും വയ്യ. അതു കൊണ്ട് തന്നെ ഗള്‍ഫിലുള്ള അളിയനോട് വാശി പിടിച്ച് ഒരു പോര്‍ട്ടബിള്‍ ടാപ്പ് റെക്കോര്‍ഡര്‍ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടു (ആരോടെങ്കിലും എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്നത് അന്നും ഇന്നും എന്തോ കുറച്ചിലായി തോന്നും!) ആയിടയ്ക്കാണ് കടന്നപ്പള്ളിയില്‍ ചന്തപ്പുരയില്‍ വച്ച് പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ കവിതാ ക്യാമ്പ് സംഘടിപ്പിക്കുന്നത് അറിയുവാ!ാന്‍ കഴിഞ്ഞത്. ഉത്ഘാടകനായി വിജയന്‍ മാഷ്. സത്യത്തില്‍ വിജയന്‍ മാഷിനെ കൂടുതല്‍ അടുത്ത് കാണുക എന്നത് മാത്രമായിരുന്നു എനിക്ക് ആ കവിതാ ക്യാമ്പിലേക്ക് പോകാന്‍ പ്രേരിപ്പിച്ച ഘടകം അന്നാണ് വിജയന്‍ മാഷേ നേരിട്ട് ഒന്ന് തൊടാനും സംസാരിക്കാനും സാധിച്ചത് എന്ന് പറയാം. ആ ചിരിയില്‍ സ്‌നേഹത്തിന്‍റെ അമൃത ഭാഷണമുണ്ടായിരുന്നു. എത്ര കേട്ടാലും എനിക്ക് വിജയന്‍ മാഷിന്‍ റെ സംഗീതം പൊഴിക്കുന്ന ഭാഷ മതിയാകുമായിരുന്നില്ല. പിന്നെ പിന്നെ വിജയന്‍ മാഷിന്‍ റെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് എടുത്ത് ആ താളത്തിലും ശൈലിയിലും ഉറക്കെ രാത്രി മുറിയടച്ച് വായിക്കുന്നത് ശ്രീകോവിലില്‍ മന്ത്രജപം ചെയ്യുമ്പോലെ ഒരു സുഖവും കുളിര്‍മ്മയുമായിരുന്നു.

ഒരു പക്ഷെ ഏതൊരു വിപ്ലവകാരിക്കും സംഭവിക്കുമ്പോലെ മുതലാളിത്തത്തെ എതിര്‍ത്ത് സംസാരിച്ച, ഫാഷിസത്തിന്‍ രെ വേരുകളെ കുറിച്ച് സംസാരിച്ച സത്യം വിളിച്ച് പറഞ്ഞ പ്രീയപ്പെട്ട വിജയന്‍ മാഷിനെ കൂട്ടത്തിലുള്ളവര്‍ യുദാസിനെ പോലെ ഒറ്റി, പുറം കാലു കൊണ്ട് ചവുട്ടി പുറത്താക്കി. എങ്കിലും വിജയന്‍ മാഷിന്‍ റെ ശബ്ദവും ഭാഷയും എഴുത്തും മുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരെ 'അപ്പോള്‍ കണ്ടവനെ അച്ഛാ' ന്ന് വിളിക്കുന്നവര്‍ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. അത് ഒരു കാലത്തിനും മറച്ചു വയ്ക്കാനിടം നല്‍കാതെ പുസ്തകമായും പ്രസംഗങ്ങളായി തലമുറകള്‍ ഏറ്റെടുക്കുക തന്നെ ചെയ്യൂം.

'കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അതു കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു, എനിക്ക് കിടപ്പാടം എവിടെയെന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരാനുള്ള ആകാശം എവിടെ എന്ന് ചോദിക്കുന്നു. കുട്ടി അങ്ങിനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കി കിടത്താം.' സമൂഹത്തെ വശീകരിക്കാനുള്ള ഒരു മാര്‍ഗം സമൂഹത്തെ ഉറക്കി കിടത്തുകയാണ്. ഇത് കലകൊണ്ടാകും, പലതരത്തിലുള്ള കലകളും ലോകത്തിലെ മനുഷ്യരെ ഉറക്കാന്‍ ഉപയോഗിച്ചിട്ടുള്ള സാധനങ്ങളാണ്. ഉറക്കാന്‍ നേരിട്ടുള്ള സാധനങ്ങള്‍ ഉപയോഗിക്കാം. സമൂഹത്തെ ഉറക്കുമ്പോള്‍ അതു കൊണ്ട് നമുക്ക് നേട്ടമുണ്ടാകണമെങ്കില്‍ ഉറങ്ങുന്ന സമുദായത്തില്‍ നാം ഉണര്‍ന്നിരിക്കണം. അതുകൊണ്ട് മദ്യപാനത്തെ കുറിച്ച് യഥാര്‍ത്ഥത്തില്‍ വല്ല വിവരവുമുള്ളവര്‍ മറ്റുള്ളവരെ മദ്യപിക്കാന്‍ അനുവിക്കുകയും താന്‍ മാത്രം മദ്യപിക്കാതെ കാത്തിരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ മാത്രമേ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ കഴിയൂ. അതുകൊണ്ട് യോഗം കൊണ്ടോ കലകൊണ്ടോ മന്ത്രം കൊണ്ടോ മനുഷ്യനെ മയക്കിക്കിടത്താം. എല്ലാ തരത്തിലുള്ള കലയിലും താരാട്ട് എന്നത് വളരെ പ്രാഥമികമായ ഒരംശമാണ്. ഒരര്‍ത്ഥത്തില്‍
ഇതൊരു സാമൂഹ്യതന്ത്രമാണ് എന്ന് പറയാം.'

നന്മയിലേക്കുള്ള സാമൂഹിക തന്ത്രങ്ങള്‍ നമുക്ക് ഉപയോഗിച്ച് കൊണ്ടേയിരിക്കാം. കുട്ടികള്‍ ഉണരുമ്പോള്‍ ഉറക്കി കൊണ്ടേയിരിക്കാം. കാരണം അവര്‍ ശല്യക്കാരാണ്. അതെ തിന്മയ്ക്ക് വിജയന്‍ മാഷ് എന്നും ഒരു ശല്യക്കാരന്‍ തന്നെയായിരുന്നു.'

രാജു ഇരിങ്ങല്‍,ബഹറൈന്‍ ,(സ്വദേശം കണ്ണൂര്‍),+973 33892037


വഴി തെറ്റിയാണ് നാം പോകുന്നത്

മലയാളിയുടെ മനസാക്ഷിയോട് സംസാരിക്കാന്‍ കഴിഞ്ഞ ചിന്തകനായിരുന്നൂ എം.എന്‍.വിജയന്‍.മാഷോട് യോജിക്കുകയും വിയോജിക്കുകയും ചെയ്ത ഓരോ മനുഷ്യനും അവന്റെ മന:സാക്ഷിയില്‍ തൊട്ട് തന്നെയായിരുന്നൂ അത് ചെയ്തത്.പക്ഷേ മാഷെ തോല്പ്പിക്കാനിറങ്ങിയവര്‍ക്ക് അല്പനേരത്തേക്കെങ്കിലും സ്വന്തം മന:സാക്ഷിയോട് സലാം പറയേണ്ടി വന്നിരുന്നൂ എന്നതും സത്യം.സ്വയം ചോദ്യങ്ങള്‍ ചോദിച്ച് നമുക്ക് വേണ്ടി ഉത്തരങ്ങള്‍ കണ്ടെത്തുകയായിരുന്നൂ മാഷ്. അതുകൊണ്ട് ആ ഉത്തരങ്ങള്‍ ഒട്ടൊരു കുറ്റബോധത്തോടെയല്ലാതെ കേള്‍ക്കാന്‍ മലയാളികള്‍ക്കായിരുന്നില്ല.മാഷ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പതുക്കെ പോലും ഉയര്‍ത്താന്‍ കഴിയാതെ അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങള്‍ക്ക മുകളില്‍ അടയിരുക്കുന്നതിലുള്ള സുഖം കണ്ടെത്തുകയല്ലേ നാം ചെയ്യുന്നത്.മാഷ് ഇത്രയേ പറയുന്നുള്ളൂ:'വഴി തെറ്റിയാണ് നാം പോകുന്നത്' അത് സത്യമാണ്.മരണം പോലെ സത്യം.

അനില്‍കുമാര്‍ മുന്തിക്കോട്,(മുന്‍ ജനറല്‍ സെക്രട്ടറി,കണ്ണൂര്‍ യൂണിവാഴ്‌സിറ്റി യൂണിയന്‍ )



 

ga